കോവിഡ്: മദ്യശാലകൾ തുറക്കുമ്പോൾ

രാവിലെ മെസ്സിലേക്ക് നടക്കുമ്പോൾ ആളുകൾ കൂട്ടംകൂടി നിന്ന് കാര്യമായി എന്തോ വലിയ പദ്ധതിയിടുകയാണ്. തെലങ്കാനയിൽ ലോക്ക്ഡൗൺ മെയ് 28 വരെ നീട്ടുകയും, ആളുകൾ കൂട്ടംകൂടരുതെന്നും മുഖ്യമന്ത്രി പറഞ്ഞിട്ട് അധികസമയം കഴിഞ്ഞില്ല. പിന്നെതാണ് ഒരാൾക്കൂട്ടം? ഞാനാലോചിച്ചു. എന്നെ കണ്ടതും 200 രൂപ 'ടാക്‌സ്' ആവശ്യപ്പെട്ടു. അപ്പോഴാണ് മദ്യശാലകൾ തുറക്കാൻ കാബിനറ്റ് തീരുമാനിച്ച കാര്യം ഓർത്തത്. മദ്യം വാങ്ങാനുള്ള പിരിവാണ് നടക്കുന്നത്. വെറുതെ മുറിയിലിരിക്കുന്ന എനിക്ക് നിങ്ങൾ ടാക്സ് തരണമെന്ന് പറഞ്ഞിട്ട് നടന്നു.
മെസ്സിൽ ചെന്നപ്പോൾ മദ്യത്തിൻ്റെ ചർച്ച അവിടെയും കൊഴുക്കുന്നു. ഇവിടെ താമസിക്കുന്ന ഏറ്റവും പ്രായമായ വ്യക്തി ചെറുപ്പക്കാരുടെ കയ്യിൽ സാധനം  വാങ്ങാൻ പണമേൽപ്പിക്കുന്നു. പത്ത് മണിയാവാൻ വരെ കാത്തുനിൽക്കാതെ മുൻവരിയിൽ സ്ഥാനമുറപ്പിക്കാൻ നിർദ്ദേശം കൊടുക്കുന്നു. കഴിഞ്ഞ ദിവസം എല്ലാവരോടും മാസ്‌ക് ധരിക്കാൻ ഉപദേശിച്ച ആളാണ്.
സമയം പത്ത് കഴിഞ്ഞു. കടുത്ത ചൂടിനെ വകവെയ്ക്കാതെ ആളുകൾ മദ്യശാലകൾക്ക് മുൻപിൽ നിൽപ്പാണ്. ആളുകളെ നിയന്ത്രിക്കാൻ അധ്യാപകരെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. പക്ഷെ, ആരോട് പറയാൻ, ആര് കേൾക്കാൻ! റൂമിന് പുറത്ത് ഒഴിഞ്ഞ ബിയർക്കുപ്പികൾ കിടക്കുന്നു. രാത്രിയായപ്പോൾ ഹോസ്റ്റലിനു മുൻപിൽ ചെറുപ്പക്കാരുടെ ഒരു പട. മദ്യലഹരിയിൽ പാട്ടു പാടലും, ഡാൻസും കൊഴുക്കുന്നു.

സംസ്ഥാനത്തെ രോഗവ്യാപനം തടയാൻ ദേശീയ ലോക്ക്ഡൗൺ  രണ്ട് വട്ടം നീട്ടിയ സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുക്കുമ്പോൾ അതിൻ്റെ വരുംവരായ്കകളെപ്പറ്റി ആലോചിക്കാതിരുന്നത് വലിയ കഷ്ടമായിപ്പോയി. 
സാമൂഹികനിയന്ത്രണങ്ങൾ കാറ്റിൽ പറക്കുമോ? 

ലോകമാകെ ഒരു മഹാമാരിയെ എതിരിടുന്ന സമയം. കോവിഡ് വരാതെ സൂക്ഷിക്കാൻ സാമൂഹികനിയന്ത്രണമല്ലാതെ മറ്റൊരു മാർഗം തെളിഞ്ഞുവരുന്നില്ല. അങ്ങനെയൊരു സന്ദർഭത്തിൽ, ഇവ തുറക്കാൻ സർക്കാർ തീരുമാനിച്ചത് ബുദ്ധിമോശമായ തീരുമാനമായിപ്പോയി. മദ്യപാനികളുടെ മനോവിഷമം മനസ്സിലാകും. എന്നാൽ, ഈ സമയത്ത് ജനങ്ങളുടെ ജീവനും, സുരക്ഷയുമല്ലേ പ്രധാനം? ഒരു ആവശ്യസാധനം എന്ന നിലയ്ക്ക് ഇത് വിറ്റഴിക്കാൻ തീരുമാനിച്ചത് അപകടം ക്ഷണിച്ചുവരുത്തുന്നത് പോലെയല്ലേ? ഓൺലൈൻ സംവിധാനം വഴി മദ്യം വിറ്റിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രയും നീണ്ടനിര വരുമായിരുന്നില്ല. പക്ഷെ അപ്പോഴും, റിസ്ക്ക് കുറവല്ല. ഇവരിൽ ഒരാൾക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാൽ നാടിൻ്റെ അവസ്ഥ എന്താകും?
മദ്യനിർമ്മാണശാലകൾ കൂടുതൽ കാലം അടച്ചിടാൻ കഴിയില്ല എന്നാണ് സർക്കാർ വാദം. അവയുടെ ഉൽപ്പാദനക്ഷമതയെ അത് ബാധിക്കുമത്രേ!
കേരളം പോലെ, മദ്യവരുമാനത്തെ വളരെ ആശ്രയിക്കുന്ന സംസ്ഥാനമാണ് തെലങ്കാന. ഏതൊരു ചടങ്ങിലും മദ്യം നിർബന്ധമാണ്. ഇലക്ഷൻ സമയങ്ങളിൽ ആളുകളെ സ്വാധീനിക്കാൻ മദ്യക്കുപ്പികൾ വിതരണം ചെയ്യൽ ഇവിടെ ഗ്രാമങ്ങളിലെ പരസ്യമായ രഹസ്യമാണ്. ഇപ്പോൾ നിയന്ത്രണം നീക്കിയശേഷം, ഷോപ്പുകളിൽ മദ്യത്തിന് വലിയ ഡിമാൻഡാണ്. പക്ഷെ,  സംസ്ഥാനത്തെ രോഗവ്യാപനം തടയാൻ ദേശീയ ലോക്ക്ഡൗൺ  രണ്ട് വട്ടം നീട്ടിയ തെലങ്കാന സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുക്കുമ്പോൾ അതിൻ്റെ വരുംവരായ്കകളെപ്പറ്റി കാര്യമായി  ആലോചിക്കാതിരുന്നത് വലിയ കഷ്ടമായിപ്പോയി. വ്യാജമദ്യനിർമ്മാണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മദ്യഉപഭോഗം കുറയ്ക്കാൻ വേണ്ട നടപടികളാണ് വാസ്‌തവത്തിൽ എടുക്കേണ്ടിയിരുന്നത്. ഇപ്പോൾ ആഘോഷങ്ങൾക്കും, ഒത്തുചേരലുകൾക്കും പറ്റിയ നാളുകളാണോ?
മദ്യഷാപ്പുകളിൽ സാധനം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്. കോവിഡിന് നിങ്ങൾ വേണ്ടപ്പെട്ട ആളുകളല്ല. അത് സർക്കാരിനെപ്പോലെ നിങ്ങൾക്ക് പ്രത്യേക പരിഗണന നല്കുകയുമില്ല. പുറത്തിറങ്ങി മുട്ടൻ പണി വാങ്ങിയാൽ നിങ്ങൾക്ക് നിങ്ങൾ മാത്രമായിരിക്കും തുണ..



ക്രെഡിറ്റ്: ഇന്റർനെറ്റ് 








      

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ