ഓർമ്മയിലെ അവധിക്കാലത്തിന് എന്തൊരു മധുരം..

കളിക്കാനും, കൂട്ടുകൂടാനും, യാത്ര പോവാനുമുള്ള നാളുകളാണ് അവധിക്കാലം . മറ്റെല്ലാ കുട്ടികളെയും പോലെ വേനലവധി വരാൻ ദിവസങ്ങൾ എണ്ണിയിരുന്ന ഒരു ബാല്യമായിരുന്നു. അഞ്ച്/ ആറ് വയസ്സുള്ളപ്പോൾ  വേനലവധിക്ക് അമ്മവീട്ടിൽ തങ്ങുകയും, കളിക്കൂട്ടുകാരിയോടൊപ്പം അന്നത്തെ  പ്രധാന വിനോദമായ കഞ്ഞിയും, പയറും ഉണ്ടാക്കുകയും ചെയ്യുമായിരുന്നു. ചില കാട്ടുചെടികളുടെ മെലിഞ്ഞ തണ്ട് ഓടിച്ചാണ് പയർ തയ്യാറാക്കിയിരുന്നത്. കഞ്ഞി തയ്യാറാക്കാൻ ചിരട്ടക്കഷ്ണങ്ങൾ മാത്രം മതി. അത് കഴിഞ്ഞാൽ രണ്ട് പേരും ആസ്വദിച്ചു കഴിക്കുന്നതായി അഭിനയിക്കും. വീട് നിർമ്മാണമായിരുന്നു മറ്റൊരു വിനോദം. നാട്ടിലെ ശീമക്കൊന്നയുടെയും, പത്തലിൻ്റെയും കമ്പുകൾ ഒടിച്ചു കൊണ്ട് വരും. അൽപ്പം ഇല്ലിക്കമ്പും, മേൽക്കൂര മേയാൻ കുറച്ചു ഓലയും സംഘടിപ്പിക്കും. വീട്ടിലിരിക്കുന്ന കയർ കൊണ്ട് ഇതെല്ലാം കൂട്ടിക്കെട്ടും. വലിയ കമ്പിപ്പാര കൊണ്ട് കുഴിയെടുത്ത്‌ അതിൽ ബലമുള്ള ആറ് കമ്പുകൾ നാട്ടും. പിന്നെ ഇടയ്ക്ക് ചേർക്കാൻ കുറച്ചു കമ്പുകളും കൂട്ടും. വീടുപണി രണ്ട്-മൂന്ന് ദിവസത്തിനപ്പുറം പോകില്ല. അയൽപക്കത്തെ കൂട്ടുകാരനും, അപ്പച്ചിയുടെ മകനുമാണ് പ്രധാന പണിക്കാർ.

മറ്റു വിനോദങ്ങൾ 
ഇഷ്ടികകൾ കൊണ്ട് ചെറിയ അമ്പലം പണിയുകയും, അവിടെ ദൈവങ്ങളുടെ ഫോട്ടോ വെയ്ക്കുകയും ചെയ്യും. മറ്റൊരിക്കൽ ഒരു പുസ്തകശാല പോലൊന്ന് തയ്യാറാക്കി, അവിടെ വരുന്നവർക്ക് രണ്ട് രൂപാ മെമ്പർഷിപ്പ് ഫീ വാങ്ങി പുസ്തകങ്ങൾ നൽകിയിരുന്നു. പിന്നൊരു കൊല്ലം, മിട്ടായിക്കട തുടങ്ങി. ഞാനും, കൂട്ടുകാരൻ ജിത്തുവും കൂടുതൽ തിന്നുതീർക്കുന്ന സ്ഥിതി  വന്നപ്പോൾ അത് അടച്ചുപൂട്ടാൻ ചേട്ടന്മാർ ഓർഡറിട്ടു. അവർക്ക് ഫ്രീയായി മിട്ടായി കൊടുത്താണ് പ്രശ്നം ഒതുക്കിയത്. 
അന്നാളുകളിലെ മറ്റു പ്രധാന വിനോദങ്ങൾ- കള്ളനും പോലീസും, സാറ്റ്കളി, കുളം കര, കുട്ടിയും കോലും, തലപ്പന്ത് പോലെയുള്ള കളികളായിരുന്നു. ഒരിക്കൽ ഞങ്ങളുടെ കൂടെ സാറ്റ് കളിച്ച കുട്ടിയെ കാണാതായി. എല്ലാവരും ആളെ തപ്പിയിറങ്ങി. പിന്നെയാണ് അടുത്ത വീട്ടിലെ ഉപയോഗശൂന്യമായ ബാത്റൂമിൽ ഒളിച്ചിരുന്നയാളെ കണ്ടുകിട്ടിയത്. ഞങ്ങൾ തോൽവി സമ്മതിച്ചു എന്ന് പറഞ്ഞപ്പോളാണ് അഭിമാനഭാവത്തിൽ ഇറങ്ങിവന്നത്. കളിക്കിടെ വിശന്നാൽ പറമ്പിലെ പേരയ്ക്കയും, മാങ്ങയും, കശുമാങ്ങയും എറിഞ്ഞിടും. ചിലപ്പോൾ പച്ചമാങ്ങ ഉപ്പും, മുളക്പൊടിയും ചേർത്ത് ശാപ്പിടും. ഉച്ചയായി എല്ലാവരും ക്ഷീണിച്ചാൽ പേരമരത്തിന് മുകളിലോ, വേനൽക്കാല വീട്ടിലോ പോയിരിക്കും. ചിലപ്പോൾ ഞങ്ങളെക്കാൾ മുൻപ് പെൺകുട്ടികൾ മുഴുവൻ സ്ഥലവും കയ്യടക്കിയിരിക്കും. അവരോട് കാര്യമില്ലാതെ തർക്കിച്ചു തോറ്റമ്പി തിരികെവരും. കരച്ചിലാണ് അവരുടെ ആയുധം. വീട്ടുകാർ വല്ലതും പറഞ്ഞാലോ എന്നോർത്തു ഞങ്ങൾ തിരിച്ചുപോരും. മഞ്ചാടിക്കുരു പെറുക്കുന്നത് മറ്റൊരു പ്രിയവിനോദം ആയിരുന്നു. 

യാത്രകൾ  
അന്ന് യാത്ര എന്നതിന് തിരുവനന്തപുരം എന്നായിരുന്നു അർഥം. 2001ലാണ് ആദ്യമായി അപ്പച്ചിയുടെ വീട്ടിൽ താമസിക്കുന്നത്. അടുത്തുള്ള വീട്ടിൽ കൂട്ടുകാരുണ്ടായിരുന്നു. ഞങ്ങൾ കളിച്ചുനടന്നു. അപ്പച്ചൻ ഞങ്ങളെ തിരുവനന്തപുരം zoo, പ്ലാനറ്റോറിയം, ശംഖുമുഖം എന്നിവിടങ്ങളിൽ കൊണ്ടുപോയി. ഞങ്ങളുടെ നിർബന്ധം കൊണ്ട് പ്ലാനറ്റോറിയത്തിൽ രണ്ട് തവണ പോയി. സൗരയൂഥവും, ദിനോസറുകളുടെ ലോകവുമായിരുന്നു  
ഷോയുടെ തീമുകൾ. അത് കഴിഞ്ഞാൽ, ബാലരമ വായിച്ചു, കപ്പലണ്ടി കൊറിച്ചു നടക്കും. ശംഖുമുഖത്തു  പോയപ്പോളാണ് ആദ്യമായി ഡബിൾ ഡെക്കർ ബസ് കാണുന്നത്. അതിന് മുകളിലിരുന്ന് നഗരത്തിൻ്റെ രാത്രികാഴ്ചകൾ രസിച്ചു. കനകക്കുന്നിന് സമീപം വ്യോമസേനയുടെ ഒരു വിമാനത്തിൻ്റെ മോഡൽ നിർമിച്ചിട്ടുണ്ട്. അത് പോലൊരു വിമാനം ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു ഞാനും, കസിൻ ചേട്ടനും വഴക്കിടുമായിരുന്നു. അപ്പച്ചിയുടെ വീട്ടിൽ നിന്നാൽ താഴ്ന്നു പറക്കുന്ന വിമാനങ്ങൾ കാണാം. അവയ്ക്ക് നേരെ കൈവീശും. അന്നത്തെ കുട്ടികളുടെ ഹരമായ മാഗി ന്യൂഡിൽസ് തയ്യാറാക്കി അപ്പച്ചി ഞങ്ങളെ വിളിക്കും. കാർട്ടൂൺ നെറ്റ്‌വർക്ക് ചാനൽ കണ്ടുകൊണ്ട് ഞങ്ങൾ കഴിക്കും. 
തിരികെപ്പോകാൻ സമയമാവുമ്പോൾ ആദ്യമൊക്കെ വിഷമം തോന്നും. സ്‌കൂൾ ഷോപ്പിംഗ് നടത്താമല്ലോയെന്ന് പറഞ്ഞാണ് വീട്ടുകാർ കൂട്ടിക്കൊണ്ട് പോകുന്നത്. ട്രെയിൻ യാത്ര വലിയ ഇഷ്ടമാണ്. ട്രെയിനിൽ കിട്ടുന്ന ബ്രഡ്- ഓമ്ലെറ്റ് വാങ്ങിത്തരാൻ അച്ഛനോട് പറയും. പാവം അച്ഛന് അല്പംപോലും കൊടുക്കാതെ ഒറ്റയ്ക്ക് തീർക്കും. 2006ൽ അച്ഛൻ പഠിപ്പിക്കുന്ന ഐടിഐയിൽ നിന്ന് പാലക്കാട്, തൃശൂർ, ഊട്ടി, കോയമ്പത്തൂർ, ആതിരപ്പള്ളി എന്നിവയെ ബന്ധിപ്പിച്ചൊരു ടൂറിൻ്റെ ഭാഗമായി. പാലക്കാട് കോട്ടയും, മലമ്പുഴ ഡാമും, കോയമ്പത്തൂരിലെ പൊറോട്ടയും ചിക്കനും, ഊട്ടിയിലെ പൂന്തോട്ടവും, ആതിരപ്പള്ളി വെള്ളച്ചാട്ടവും, മിൽമ ഫാക്ടറിയിൽ ബ്രെഡ് ഉണ്ടാക്കുന്ന വിധം കാട്ടിയതും, ബസ്സിൽ ഉദയനാണ് താരം, ബെൻ ജോൺസൺ എന്നീ സിനികൾ കണ്ടതും ഓർക്കുന്നു.    
അതെ കൊല്ലം തിരുവനന്തപുരത്തു അപ്പച്ചിയുടെ വീട്ടിൽ കുറെ ദിവസം ചിലവഴിച്ചു. ചേട്ടന് tuition പോകുന്ന തക്കം നോക്കി അപ്പച്ചി ഒരു പാത്രത്തിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന പുളി മുഴുവൻ ഞാനും, കസിൻ അനിയത്തിയും കട്ടുതിന്നും. പക്ഷെ വഴക്ക് കിട്ടുക ചേട്ടനാണ്. നിഷ്ക്കളങ്കമായ ഞങ്ങളുടെ മുഖം നോക്കി അവർ അങ്ങനെ ചെയ്യുമെന്ന് പറയാൻ തോന്നുമോ!

കണ്ടം ക്രിക്കറ്റ് ലീഗ് 
അൽപ്പം വലുതായെന്ന് നമുക്ക് തോന്നിയതോടെ പഴയ കളികൾ വിട്ടു ബാറ്റും ബോളുമെടുത്തു. ദിവസവും ഇടതടവില്ലാതെ കളിയാണ്. കൊയ്ത് കഴിഞ്ഞ പാടത്താണ് കളി. വെയിലും, മഴയുമൊന്നും ഒരു പ്രശ്നമല്ല. ഒടുവിൽ കളി നിർത്തണമെങ്കിൽ സന്ധ്യയായി, വെളിച്ചം കിട്ടാതെ വരണം. അമ്മവീട്ടിൽ പോയാലും അത് തന്നെ അവസ്ഥ. വീട്ടിൽ വെറുതെയിരിക്കാൻ കൂട്ടുകാർ സമ്മതിക്കില്ല. കളി തുടങ്ങാൻ നേരം കുട്ടികളെ വിടും. അവർക്കൊപ്പം കുപ്പികളിൽ വെള്ളം നിറച്ചു സ്‌കൂൾ ഗ്രൗണ്ടിൽ കളിയ്ക്കാൻ തുടങ്ങും. 
കറുത്ത് കരുവാളിച്ചുപോയല്ലോയെന്നു അയൽക്കാർ വിഷമം പറയും. ആര് കേൾക്കാൻ? 
ഇപ്പോൾ കൊറോണക്കാലമാണ്. ഒരു വേനൽക്കാലത്തു പോലും ഇത്രയും കാലം വീട്ടിലിരുന്നതായി ഓർക്കുന്നില്ല. ഒറ്റയ്ക്കിരിക്കുമ്പോൾ പഴയ കാര്യങ്ങൾ പലതും ഓർമ്മയിൽ വരും. അപ്പോൾ ഒരു സന്തോഷമൊക്കെ മനസ്സിന് കിട്ടും. കാലം മാറിയാലും ഓർമ്മകൾ മാറുന്നില്ലല്ലോ..
ക്രെഡിറ്റ്: അയോതി  
     
   

     


      





     








  



   




  

 


               

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ