എഴുത്തിൻ്റെ വഴികൾ

google image

ആത്മസംതൃപ്തി നേടാനാണ് എഴുതുന്നത് എന്ന് നമ്മൾ കരുതും. പക്ഷെ, വളരെ പ്രയത്നം എടുത്ത് കുറിച്ചിടുന്ന പല ശ്രമങ്ങളും ആളുകളിൽ എത്താതെ പോയാൽ കൂടുതൽ പേരും നിരാശരാകാനാണ് സാധ്യത. വളരെ ഭംഗിയായി ആശയങ്ങൾ പകർത്തുന്ന കൂട്ടുകാരിയോട് ഇപ്പോൾ എന്താണ് എഴുതാത്തത് എന്ന് ചോദിച്ചു. അവർ പറഞ്ഞു, "Genuine അഥവാ കലർപ്പ് കലരാത്ത എഴുത്തിനെ ആരാണ് വായിക്കുന്നത്? എന്നെ പൊള്ളിക്കുന്ന പല കാര്യങ്ങളെയും സംബന്ധിച്ച് രണ്ടു വാക്ക് എഴുതാൻ എനിക്കിപ്പോൾ കഴിയുന്നില്ല. ആളുകളുടെ വിഷമങ്ങളെ ലൈക്കുകൾ കിട്ടാൻ ഞാൻ ഉപയോഗിക്കുകയാണോ എന്ന കുറ്റബോധമാണ് മനസ്സിൽ." 
കൂട്ടുകാരിക്ക് മറുപടി കൊടുക്കാൻ അൽപ്പം ബുദ്ധിമുട്ടി. സത്യസന്ധമായ എഴുത്തിനെ ഇഷ്ടപ്പെടുന്നവരും കുറവല്ലെന്ന് പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അവർ എഴുത്ത് നിർത്തില്ല എന്ന് നന്നായി അറിയാം. വാക്കുകളോട് സത്യസന്ധത പുലർത്തുന്നവർക്ക് അധിക നാൾ നിശ്ശബ്ദരാവാൻ സാധിക്കില്ല. പക്ഷെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. നമ്മൾ എഴുതുന്നത് വായിക്കപ്പെടാതെ പോയാൽ അത് നമുക്ക് വിഷമം നൽകും.
അന്തർമുഖരായവർക്ക് അവർ ചെയ്യുന്ന കാര്യങ്ങൾ വെളിച്ചം കാണുന്നതിൽ വലിയ ആവേശം തോന്നിയെന്ന് വരില്ല. പക്ഷെ, എഴുത്തിൻ്റെ കാര്യത്തിൽ ഇതല്പം വ്യത്യസ്തമാണ്. നമ്മുടെ ആത്മാർഥമായ ശ്രമങ്ങൾ വായിച്ചു ഒരാൾ ഒരു 
നല്ല വാക്ക് പറഞ്ഞാൽ ഉള്ളിൻ്റെ ഉള്ളിൽ സ്വകാര്യമായ ഒരു സന്തോഷം ഉടലെടുക്കും. ആ അഭിനന്ദനം ഒരാൾ മെസ്സേജ് ചെയ്താണ് പറയുന്നത് എങ്കിൽ കുറച്ചുനേരം അത് നോക്കിയിരിക്കും. 
ഒരിക്കൽ വ്യക്തിപരമായി ഒരു വിഷമഘട്ടത്തിലൂടെ കടന്നുപോയ സമയത്തു വളരെ ആലോചിച്ച ശേഷം ഒരു കുറിപ്പ് തയ്യാറാക്കി ഫേസ്‌ബുക്കിൽ പബ്ലിഷ് ചെയ്തു. അത് വായിച്ച ഒരാൾ അതിൽ അയാളെയാണ് കണ്ടത് എന്ന് അയച്ചുതന്ന മെസേജ് വായിച്ചപ്പോൾ വല്ലാത്ത തിളക്കം കണ്ണുകളിൽ വന്നു. നമ്മൾ എഴുതുന്നത് വലിയ വലിയ കാര്യങ്ങൾ ഒന്നുമല്ലെന്ന് തീർച്ചയായും അറിയാം. എന്നാൽ അതിൽ ചിലത് വായിക്കുമ്പോൾ ചിലർക്ക് നമ്മൾ പറഞ്ഞതിനോട് കണക്റ്റ് ചെയ്യാൻ പറ്റുന്നുണ്ടല്ലോ! 
മുൻപൊരിക്കൽ ഇത് സൂചിപ്പിച്ചതാണ്. മറ്റു പലരെയും പോലെ നൈസർഗികമായ കലയല്ല എനിക്ക് എഴുത്ത്. എൻ്റെ പരിമിതികൾ, കുറവുകൾ, പിഴവുകൾ എല്ലാം മനസ്സിൽ ഓടിവരാറുണ്ട്. ഭാഷാപരിമിതി നല്ലപോലെ അറിയുന്നു. ചില വാക്കുകൾ തെളിഞ്ഞു വരാൻ ഒരുപാട് നേരത്തെ കാത്തിരിപ്പ് ആവശ്യമാണ്. ചിലപ്പോൾ പ്രാധാന്യമുള്ള 
ഭാഗങ്ങൾ  വികസിപ്പിക്കാതെ വിട്ടുകളയുന്നു.   
ആശയസംവാദം, മനസ്സിലെ ആശയങ്ങൾ വികസിപ്പിക്കൽ, വികാരം ചോരാതെ പകർത്തൽ (മിക്കപ്പോഴും സാധിക്കുന്നോ എന്നറിയില്ല)  - ഇതെല്ലാമാണ് എഴുത്ത് എന്ന പ്രക്രിയയിൽ ഏർപ്പെടുമ്പോൾ ഞാൻ കടന്നുപോവുന്ന വിഷമം പിടിച്ച ചില  ഘട്ടങ്ങൾ. 
അവയെല്ലാം താണ്ടി വായിക്കുന്നയാളിൻ്റെ അടുത്ത് നമ്മുടെ എഴുത്തുകുത്ത് ചെല്ലുന്നതിന് മുൻപ് പല ആവർത്തി എങ്കിലും വായിച്ചിരിക്കും. നമ്മുടെ കുറിപ്പ് വായിച്ചു വെറുതെ സമയം കളഞ്ഞെന്ന് അവർ പരാതിപ്പെടരുതല്ലോ!  
അവർക്ക് മനസ്സിലാവാതെ പോകുന്ന ഒരു കാര്യവും നമ്മുടെ എഴുത്തിൽ കടന്നുവരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ഏത് വിഷയവും ഒരുപാട് പരത്തിനീട്ടാതെ കാതലായ കാര്യത്തിലേക്ക് കടന്നുചെല്ലാൻ ശ്രമിക്കും. ഇതെല്ലാം എത്രത്തോളം ഫലം കാണുന്നു എന്ന് പറയേണ്ടത് വായനക്കാരാണ്.  മാധ്യമമേഖലയിൽ നിന്നായത് കൊണ്ടാവാം വായനക്കാരനെ കൂടുതൽ പരിഗണിക്കുന്നത്. അതല്ലെങ്കിൽ സ്വന്തം മനസ്സിലെ വായനക്കാരൻ അങ്ങനെ മൊഴിയുന്നതാകാം.
ഇത്രയും പറഞ്ഞെങ്കിലും ഒരു കാര്യം ചേർക്കാതെ ഇത് നിർത്താൻ പറ്റില്ല. സാമൂഹിക മാധ്യമങ്ങളിലോ, മറ്റ് വിധേനയോ വായനക്കാരെ തേടിച്ചെല്ലുന്ന രീതി എഴുത്തുപെട്ടി സ്വീകരിക്കുന്നില്ല. ഇടയ്ക്കിടെ മാത്രം അവിടെ പോയി സാന്നിധ്യം അറിയിച്ചു തിരിച്ചുവരുന്നു. 'എഴുത്തുകാരനെപ്പോലെ' എഴുത്തുപെട്ടിയും ഉൾവലിയുന്ന ഗണത്തിൽപെടുന്നയാളാണ്. എഴുത്തുപെട്ടിയെ കാണാൻ വലിയ ജനക്കൂട്ടം ഒരിക്കലും വരാൻ ഇടയില്ല. എഴുത്തുപെട്ടിയുടെ വായനക്കാരനായ എഴുത്തുകാരൻ അത് ചിലർക്ക് മാത്രം പങ്കുവെയ്ക്കുന്നതിൽ താല്പര്യപ്പെടുന്നു. ചിലവയെ മാത്രം കുപ്പി തുറന്നു പുറത്തുവിടുന്നു. ഇത് വായിച്ചില്ലെങ്കിലും ആർക്കും, ഒന്നും വരാനില്ലെന്ന് അയാൾക്കും നന്നായി അറിയാം. അയാൾ പൂർണ്ണ നിശ്ശബ്ദനാണോ? ഒരിക്കലുമല്ല. നമ്മളെയെല്ലാം പോലെ സങ്കീർണ്ണമായ ഒരു മനസ്സുമായി കഴിയുന്ന ഒരാൾ. അയാളുടെ മനസ്സിൻ്റെ പ്രതിഫലനം! അതാണ് എഴുത്തുപെട്ടി. സങ്കീർണ്ണതയെ സ്നേഹിക്കുന്നവർ അതാവും എഴുത്തുപെട്ടിയോട് അല്പമൊക്കെ അടുപ്പം തോന്നുന്നെന്ന് ഇടയ്ക്ക് പറയാറുള്ളത്...  



 


 

 






     

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ