മതത്തെ മുറുകെപ്പിടിക്കുന്നവർ

Photo: Spreadshirt  
മതം എന്ന ആശയത്തെ ഒരു വിശ്വാസത്തിനുള്ളിൽ നിന്ന് നോക്കിക്കാണാൻ പറ്റുന്നതിലും സങ്കീർണ്ണമായിരിക്കുന്നു. ഒരു വ്യക്തിയുടെ മുന്നോട്ടുള്ള യാത്രയിൽ പല ഘട്ടങ്ങളിലും മതം  ഇടപെടുന്നു.ചില കാര്യങ്ങളിൽ അയാളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ശക്തി മറ്റൊന്നല്ല. 2014ൽ പുതിയ കേന്ദ്ര സർക്കാർ ഇന്ത്യയിൽ ഭരണം സ്വന്തമാക്കിയ ശേഷം ഇവിടെ മതചിന്തകൾക്ക് വലിയ മാർക്കറ്റാണ്. ആളുകളിൽ എങ്ങനെയാണ് മതചിന്ത വളരുന്നത്? നമുക്ക് പരിശോധിക്കാം. 

മതനേതാക്കൾ: ബാബാ രാംദേവ്, ജഗ്ഗി വാസുദേവ് എന്ന സദ്ഗുരു, രവിശങ്കർ, അമൃതാനന്ദമയി, പേരറിയാത്ത ഇസ്ലാം, ക്രിസ്റ്റ്യൻ മത പ്രഭാഷകർ ഇവരുടെയെല്ലാം പ്രഭാഷണങ്ങൾക്ക് ആളുകളുടെയിടയിൽ വലിയ സ്വാധീനമാണ്. ഇവരുടെ വാക്കുകൾക്ക് എന്തോ വലിയ ശക്തിയുള്ളതായി അവർ ധരിക്കുന്നു. 

സാംസ്ക്കാരിക സംഘടനകൾ: വലതുപക്ഷ സംഘടനയായ RSS, VHP, ഇസ്ലാമിക പ്രസ്ഥാനമായ ജമായത്ത് പോലെയുള്ളവ അവരുടെ മതചിന്തകൾ ആളുകൾക്ക് പകർന്നുകൊടുക്കുന്നു. പല പരിപാടികൾ  സംഘടിപ്പിച്ചു അവരുടെ സംഘബലം തുറന്നുകാട്ടുന്നു. 
     
രാഷ്രീയം: CAA വിരുദ്ധ പോരാട്ടം, ബാബ്‌റി മസ്ജിദ്-അയോദ്ധ്യ തർക്കം, വർഗ്ഗീയ കലാപങ്ങൾ -- മതത്തിൻ്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം അടുത്ത കാലത്ത് തുടങ്ങിയ ഒരു പ്രവണതയല്ല. പക്ഷെ, സാമൂഹിക മാധ്യമങ്ങളുടെ വരവോടെ അഭിപ്രായങ്ങൾ മുഴങ്ങിക്കേൾക്കുന്നു. 

മതത്തിൻ്റെ  സ്വാധീനം എങ്ങനെയാണ് നമ്മുടെ സാമൂഹിക നിലപാടുകളെ ബാധിക്കുന്നത് എന്ന് പരിശോധിക്കാം. 

വ്യക്തിയിലേക്കുള്ള കടന്നുചെല്ലൽ: ഒരാളുടെ ഭക്ഷണം, പ്രണയം, അഭിപ്രായ സ്വാത്രന്ത്ര്യം പോലെയുള്ള സ്വകാര്യ വിഷയങ്ങളിൽ മതത്തിൻ്റെ, വിശ്വാസരീതിയുടെ ഇടപെടൽ വളരെ പ്രകടമായി കാണാൻ സാധിക്കുന്നു. അയാളുടെ ഇഷ്ടങ്ങളെ പരിമിതപ്പെടുത്തുന്ന ഒരു തരം  സമീപനം.
മതവിശ്വാസികളെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത് അവരുടെ ആളുകൾ - നമ്മളുടെ ആളുകൾ എന്ന തരം ചിന്തയാണ്. മറ്റ് മതവിഭാഗക്കാർ ചൊരിയുന്ന 
വിമർശനം അവരെ അസഹിഷ്ണരാക്കുന്നു. "എൻ്റെ മതത്തിൽ ഇടപെടാൻ അയാളാര്," എന്ന് തിരിച്ചുചോദിക്കുന്നു. മതത്തിൻ്റെ അതിപ്രസരം നമ്മളെ എങ്ങനെയെല്ലാം ബാധിക്കുന്നു?  

ഇടുങ്ങിയ ചിന്തകൾ: മതത്തിൻ്റെ കണ്ണിൽക്കൂടി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും നല്ലതോ, മോശമോ എന്ന് കാര്യമായി ചിന്തിക്കാറില്ല. "മതം പറയുന്നു, നമ്മൾ ചെയ്യുന്നു" എന്ന ആലോചന കൂടാതെയുള്ള സമീപനം പല കാര്യങ്ങളിലും പ്രതിഫലിക്കുന്ന ഒരു സമൂഹമാണ് കേരളത്തിൽ ജീവിക്കുന്നത്. മതം പറയുന്നത് മാത്രം കേൾക്കാതെ ഒരു പ്രശ്നത്തിൻ്റെ എല്ലാ വാദങ്ങളും സത്യത്തിൻ്റെ ഭാഗത്തു നിന്ന് മനസ്സിലാക്കാൻ നാം ഇനിയും പഠിച്ചിട്ടില്ല. 

പുതിയ കാലത്തെ മനസ്സിലാക്കൽ: പല മതങ്ങളും പഴയതിനെ പുണരുന്നതല്ലാതെ ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ തൊലിപ്പുറത്തു മാത്രം അഡ്രസ്സ് ചെയ്തു പോകുകയാണ്. ആളുകളുടെ പ്രശ്‌നങ്ങൾ മുൻപത്തേതിലും സങ്കീർണ്ണമാണ്. പ്രാർത്ഥിച്ചാലോ, പൂജ ചെയ്തോ മാറുമെന്ന് പറയുന്നത് നമ്മുടെ ഒരു തരം ഒളിച്ചോട്ടമാണ്. നമ്മുടെ പ്രശ്നങ്ങൾക്ക് നമ്മൾ തന്നെ പരിഹാരം കണ്ടെത്തുന്നതാണ് ജീവിതത്തിൽ ഉപകരിക്കുന്നത്. 

തൻ്റെ മതം vs അന്യമതം: ഒരു മതം മറ്റേതിലും വലുതാണെന്ന ധാരണ പുലർത്തുന്നുണ്ടോ? നിങ്ങളുടെ മതത്തിൽ പെട്ടവർ മറ്റു മതക്കാരെ വിവാഹം ചെയ്താൽ നിങ്ങളെ അമർഷം കൊള്ളിക്കുമോ? ഒരു മതത്തിനുള്ളിലെ ചില നീതിപരമായ പ്രശ്നങ്ങൾ (മൂത്തലാഖ്, ശബരിമല സുപ്രീം കോടതി വിധി ) ഭരണകൂടമോ, കോടതിയോ ഇടപെടുന്നത് നിങ്ങളെ ആശങ്കപ്പെടുത്തുമോ? അന്യത എന്ന ചിന്ത ഒരു അപകടസൂചനയാണ്. അതിലാണ് തുടക്കം. അത് നമ്മെ എവിടെവരെ കൊണ്ടുചെന്നെത്തിക്കും എന്ന് പറയാനാവില്ല.   


ഈ എതിരഭിപ്രായങ്ങൾ നിലനിൽക്കെ മതനവീകരണത്തിന്, അഥവാ പുതിയ വെല്ലുവിളികളെ മതത്തിനുള്ളിൽ നിന്ന് ചെറുത്തുനിൽക്കാൻ സാധിക്കും എന്ന അഭിപ്രായക്കാരനാണോ നിങ്ങൾ? ശരിയെന്ന് തോന്നിയ ചില നിർദ്ദേശങ്ങൾ ചേർക്കുന്നു.    

വിമർശങ്ങളെ ഉൾക്കൊള്ളുക: ഒരു മതവും പൂർണ്ണമല്ല എന്ന സത്യം മനസിലാക്കുക. നിങ്ങളുടെ മതത്തിന് കേൾക്കേണ്ടി വന്ന ആരോപണങ്ങളിലെ സത്യാവസ്ഥ എന്തെന്ന് വിശ്വാസി എന്ന നിലയിൽ അറിയേണ്ടത് നിങ്ങളുടെ കൂടെ കടമ അല്ലേ? അത് ഓർക്കുക. സ്വന്തം മതത്തിൻ്റെ ഉള്ളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നത് മതവിരുദ്ധ പ്രവർത്തനമല്ല. ആ പ്രശ്നങ്ങളോട് സമരസപ്പെടുന്നത് ഒരു മതവിശ്വാസിയായ നിങ്ങൾ ചെയ്യരുതാത്ത കാര്യമാണ്.  

അന്യമതം എന്ന ചിന്ത മാറ്റിവെയ്ക്കുക: പല വിശ്വാസങ്ങൾ പിന്തുടരുന്ന, സമാന ലക്‌ഷ്യം (ശാന്തി, സമാധാനം, മോക്ഷം) തേടുന്നവരാണ് നമ്മൾ. മറ്റു മതസ്ഥരെ പിണക്കി നിർത്തിയിട്ട് പുതുതായി എന്താണ് നേടുന്നത്? ആരും അന്യരല്ല എന്നതാണ് എല്ലാ മതവും ഒരുപോലെ പഠിപ്പിക്കുന്നത്. അത് മനസ്സിലാക്കാൻ ശ്രമിക്കുക. ഒരു മതം മറ്റൊരു മതത്തെ തളർത്തുന്നതിന്  ഉപയോഗിക്കാനുള്ളതല്ല. ഇത് സാംസ്ക്കാരിക സംഘടനകൾ തിരിച്ചറിയുക.

നമ്മൾ ഒന്നാണ്: ഒരു ഭൂമിയിൽ കഴിയുന്ന നമുക്ക് ജീവിതയാത്രയിൽ പലയാളുകളുമായി സംവദിക്കേണ്ടി വരാം. അവിടെ നമ്മളെ കടിഞ്ഞാണിടാൻ മതചിന്തകൾക്ക് അനുവാദം കൊടുത്താൽ നമുക്ക് നഷ്ടപ്പെടുന്നത് മാനുഷിക മൂല്യങ്ങളാണ്.   

മതത്തിൻ്റെ  സ്വാധീനം നിങ്ങളെ വല്ലാതെ പിടികൂടിയോയെന്നതിന് ഉത്തരം പറയേണ്ടത് നിങ്ങളാണ്. മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കുന്ന വിശ്വാസം ലോകസമാധാനം ഊട്ടുറപ്പിക്കാൻ സഹായകമാകും. നിങ്ങളുടെ വ്യക്തിത്വത്തെ അടിയറ വെയ്ക്കാൻ ഒരു മതത്തിനും അവസരം  കൊടുക്കുന്നത് ഭൂഷണമല്ല. ആളുകളെ അവരായി നിലനിൽക്കാൻ അനുവദിക്കുന്ന ഒരു ലോകക്രമത്തിനായി നമുക്ക് ഒത്തുചേരാം.    
   
 


 




  
  

  



 

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ