എൻ്റെ മരണം
മരണത്തെപ്പറ്റി ഓർക്കാത്ത ആളുകൾ ചുരുക്കമായിരിക്കും. നമ്മൾ ജീവിക്കുന്ന ലോകത്തോട് യാത്ര പറഞ്ഞുപോയവരെ ഇനിയൊന്ന് കാണാൻ ആശിക്കുന്നവരും ഉണ്ടായിരിക്കാം. ചില വേർപാടുകൾ നമ്മെ കൊത്തിവലിക്കുന്നു. കോവിഡ് കാലത്ത് ഗർഭിണിയായ ഭാര്യയെ തനിച്ചാക്കി യാത്ര പോയ സാമൂഹികപ്രവർത്തകൻ നിതിൻ്റെ വേർപാട് അങ്ങനെയൊന്നാണ്.
മരണം ഒരു അനിവാര്യതയാണ്. നമ്മുടെ ജന്മദിനത്തിൽ നിന്ന് മരണത്തിലേക്കുള്ള ദൂരമാണ് ജീവിതം. ചിലർക്ക് അകാലമരണമാണ്. ജീവിച്ചിരിക്കെ അവർ മരിക്കുന്നു. നമ്മുടെ ഇഷ്ടങ്ങളെ, സ്വപ്നങ്ങളെ പണയപ്പെടുത്തി ഓരോ ദിവസവും തള്ളിനീക്കുന്ന ചിലർക്ക് മരണം മരുന്ന് പോലെ ഒരു പ്രതിവിധിയായി തോന്നിയേക്കാം. നമ്മളെ ഏറ്റവും ചിരിപ്പിച്ച പലരും ഉള്ളിൽ സങ്കടക്കടൽ പേറിയവരാണ്. പ്രശസ്ത നടൻ റോബിൻ വില്യംസ് ഇതിനൊരുദാഹരണമാണ്. ചിലയാളുകൾക്ക് തങ്ങളുടെ മരണം മുൻകൂട്ടി മനസ്സിലാക്കാൻ സാധിച്ചിരുന്നതായി പറയപ്പെടുന്നു. തനിക്ക് പോവാൻ സമയമായി എന്ന് ഉറപ്പാകുമ്പോൾ അവർ കൂടെയുള്ള ചിലരോട് അത് പറഞ്ഞിരുന്നു.
ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ!ഇപ്പോൾ എന്തിനാണ് ഈ കുറിപ്പ് എന്ന് തോന്നുന്നോ? മറ്റൊന്നുമല്ല, ആർക്കും, എപ്പോഴും സംഭവിക്കാൻ സാധ്യതയുള്ള ഒന്നിനെ വാക്കുകളായി കുറിച്ചിടാൻ ഒരു മോഹം. ഞാൻ മരിച്ചതിന് ശേഷമുള്ള കാഴ്ചകൾ പല വട്ടം മനസ്സിൽ ഒരു ഡിവിഡി പോലെ ഓടിച്ചു നോക്കിയിട്ടുണ്ട്. ദുഃഖം തളം കെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ എനിക്ക് യാത്ര നൽകുന്നത് എന്തിനാണ്? ഞാൻ നിങ്ങളുടെ കൂടെയില്ല എന്ന യാഥാർത്ഥ്യമാണോ അതിന് കാരണം? ഇവിടെ എനിക്കനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. ഇതുവരെയുള്ള ഓർമ്മകളിൽ എനിക്ക് തൃപ്തിയാണ്. എൻ്റെ വേർപാട് നിങ്ങളെ തളർത്താനുള്ളതല്ല. ആരും എപ്പോഴും നമുക്കൊപ്പം ഉണ്ടാകില്ലെന്ന സത്യമാണ് എൻ്റെ യാത്രപോക്ക്.
ഇതെഴുതുമ്പോൾ നിപ്പ കാലത്ത് മരിച്ച നഴ്‌സ് ലിനിയുടെ കുറിപ്പ് ഓർമ്മവരുന്നു. "എനിക്ക് പോകാൻ സമയമായി. കുട്ടികളെ നന്നായി നോക്കണം. അവർക്ക് വേറാരുമില്ല. ഐ ആം സോറി," ലിനിയുടെ അവസാനവാക്കുകൾ. ലിനിയെപ്പോലെ സമൂഹത്തിന് എന്തെങ്കിലും ചെയ്‌തെന്ന് അവകാശവാദം ഉന്നയിക്കാൻ എനിക്കാവില്ല. ഞാൻ ജീവിച്ചിരുന്നാൽ വലിയ വ്യത്യാസങ്ങൾ വരുമെന്ന തോന്നലും തീരെയില്ല. എല്ലാ ആളുകളും പലതും ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ ഒരാൾ പോയാൽ പകരം മറ്റൊരാൾ എത്തും. നമ്മളെ അടുത്ത് കണ്ട ചിലയാളുകൾക്ക് ഒരു നഷ്ടബോധം വന്നേക്കാം.
നമ്മൾ നമ്മളെ സ്നേഹിക്കുന്നതിനുമപ്പുറം നമ്മളെ ഇഷ്ടപ്പെടുന്ന കുറേയാളുകൾ ഇവിടെ ഉണ്ട്. സ്നേഹം എന്നത് അളന്നുനോക്കാൻ സാധിക്കുന്നതല്ല. പിന്നെ ഇതെങ്ങനെ പറയാൻ സാധിക്കും? നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ചിലയാളുകൾ നമ്മളെ അവരേക്കാലധികം സ്നേഹിക്കുന്നുണ്ടാകും. അവരുടെ സ്നേഹം ചിലപ്പോളവർ പറയാത്തതായിരിക്കാം. അതല്ലെങ്കിൽ നമ്മൾ അറിയാതെ പോയതായിരിക്കാം. പക്ഷെ, നമ്മളും അങ്ങനെയാണ്. നമുക്ക് വേണ്ടപ്പെട്ട ചിലയാളുകളുടെ പിരിഞ്ഞുപോക്ക് നമ്മളെ തളർത്താനും അതായിരിക്കും കാരണം.ഒരു തുള്ളി കണ്ണീരിൻ്റെ അകമ്പടിയോടെയല്ലാതെ ഒരു മനുഷ്യനും ഈ ഭൂമി വിട്ടുപോയിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.
മരണമെത്തുന്ന നേരത്ത്
ആചാരങ്ങളോ, ദുഃഖപ്രകടനങ്ങളോ ഇല്ലാത്ത സാധാരണ മരണാനന്തര രീതികളാണ് എനിക്ക് താൽപ്പര്യം. എനിക്ക് ചിതയൊരുക്കാൻ മരം മുറിക്കുന്നതോ, ചിതാഭസ്മം ഒഴുക്കാൻ ദൂരെയുള്ള പുണ്യനദിയിൽ മുങ്ങുകയോ ചെയ്യുന്നത് എനിക്ക് സങ്കടമാണ്. അവയവങ്ങൾ എല്ലാം ദാനം ചെയ്യാനുള്ള സമ്മതപത്രം മുൻപ് ഒപ്പിട്ടുകൊടുത്തിട്ടുണ്ട്. ഡോണർ കാർഡ് ഇപ്പോഴും കൈവശമുണ്ട്. അതിന് വേണ്ട നടപടിക്രമങ്ങൾ നടത്തുന്നത് എൻ്റെ മരണകർമ്മം ചെയ്യുന്നതിന് തുല്യമാണ്. പറ്റുമെങ്കിൽ ജീവനില്ലാത്ത ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടുകൊടുക്കുക.
മരണത്തെ പേടിയോടെയല്ല നോക്കിക്കാണുന്നത്. ചിലപ്പോൾ ജീവിച്ചുതുടങ്ങിയിട്ടേ ഉള്ളു എന്നതിനാലും, ഇപ്പോൾ ചെയ്തുതീർക്കാൻ ഒരുപാടൊന്നും ഇല്ലാത്തത് കൊണ്ടുമായിരിക്കാം. എന്നായാലും യാത്ര പോയേ മതിയാകൂ. അതിന് ഡിമാൻഡുകൾ മുഴക്കാൻ നമ്മളെക്കൊണ്ട് സാധിക്കുന്ന കാര്യമല്ല. കാറ്റിൻ്റെ താളത്തിനൊത്ത് മെല്ലെ ഒഴുകുക. ആകെയുള്ള കാലം നല്ല കാര്യങ്ങളിൽ മുഴുകി ആഞ്ഞുനീങ്ങുക. സമയമടുക്കുമ്പോൾ നഷ്ടബോധം തോന്നരുതല്ലോ!
ഒരു ചെറിയ പുഞ്ചിരിയോടെ ആ ശൂന്യതയിലേക്ക് നടന്നുനീങ്ങാൻ ആഗ്രഹിക്കുന്നു. മരണശേഷം എന്നെ ഓർക്കുമ്പോൾ നിങ്ങളുടെ മനസ്സിലും ആ സന്തോഷം പൂക്കൾ പോലെ വിരിയട്ടെ. അത് കാണാനാണ് എനിക്കും ഇഷ്ടം.

Comments
Post a Comment