ഏകാന്തം
ഒറ്റയ്ക്കിരിക്കുന്നത് ഇഷ്ടമാണോ? ജീവിതത്തിൽ നമ്മൾ ഒറ്റയ്ക്കാണ്. പല ഘട്ടങ്ങളിലായി തണലേകാൻ പലരും വരും. ഒരു സമയം കഴിയുമ്പോൾ അവർ നമ്മിൽ നിന്നകന്നു പോകും. എല്ലാവരുടെയും കാര്യമാണ് പറഞ്ഞത്. നമ്മെ വിട്ടുപോകാത്തത് ഒന്നുമാത്രമാണ്. നമ്മുടെ മനസ്സ്. കണ്ണാടിയിൽ നോക്കാതെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.
മറ്റാരെക്കാലും നമ്മളെ അറിയുക നമ്മൾ തന്നെയാണ്. ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി ഒരുപാട് അലയേണ്ട കാര്യമില്ല. നമ്മളെ മനസ്സിലാക്കിയാൽ മറ്റെന്തും തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടില്ല. എങ്ങനെയാണ് സ്വയം അറിയുക? സംഗതി ലളിതമാണ്. നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ ചെയ്തുതുടങ്ങുക. നമ്മളെ സംബന്ധിച്ച പ്രധാനകാര്യങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായം മാത്രം നോക്കാതെ നമ്മുടെ വീക്ഷണത്തിന് കൂടെ വില കൊടുക്കുക. മറ്റുള്ളവർ പറയുന്നത് നമ്മുടെ നല്ലതിന് വേണ്ടിയാവാം. പക്ഷെ, നമുക്ക് എന്താണ് ആവശ്യമെന്നത് നമുക്ക് തന്നെയാണ് മനസ്സിലാക്കാൻ കഴിയുക. മറ്റൊരു വ്യക്തിക്ക് അതറിയാൻ പരിമിതികളുണ്ട്. പല അഭിപ്രായങ്ങൾ കേട്ടതിന് ശേഷം മനസ്സിന് യുക്തിപരമായി ശരിയെന്ന് തോന്നുന്നത് ചെയ്യുക. അതിന് ആദ്യം ചെയ്യേണ്ടത് ആലോചിക്കാൻ അൽപ്പം സമയം മനസ്സിന് കൊടുക്കുകയാണ്. ഒരു തീരുമാനവും ധൃതി പിടിച്ചു നടപ്പാക്കേണ്ട കാര്യമില്ല.
കടൽ പോലെ സങ്കീർണ്ണമാണ് മനസ്സ്. ഓരോ തിരയും നമ്മോട് പലതും സംവദിക്കാൻ ശ്രമിക്കുന്നു. ചിലതിനെ നാം അറിയുന്നു. മറ്റുള്ളവയെ കാണാതെ പോകുന്നു. കൂട്ടം കൂടുന്നത് നമ്മുടെ സാമൂഹിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. അപ്പോൾ മനസ്സിന്റെ ആവശ്യങ്ങളോ? കുറച്ചുസമയം മനസ്സിനെ വെറുതെ അലയാൻ വിടുക!
ചിലപ്പോൾ നിങ്ങൾ കേട്ടിരിക്കാം. "അയാൾ എപ്പോഴും ചിന്തിച്ചിരിക്കുന്ന പ്രകൃതമാണ്. ഈ ലോകത്തൊന്നുമല്ല അയാളുടെ ശ്രദ്ധ." ഒരു കാര്യം ഉറപ്പ് പറയാം. നമ്മുടെ പ്രശ്നങ്ങൾ, സംശയങ്ങൾ - ഇതിന് ഉത്തരം കണ്ടെത്താൻ നമുക്ക് പറ്റായ്കയില്ല. പക്ഷെ അത് മറ്റൊരാൾ പറഞ്ഞു കേൾക്കുന്നതാണ് നമുക്ക് വിശ്വാസയോഗ്യമായി തോന്നുന്നത്. അതിനർത്ഥം നമുക്ക് നമ്മളെ വിശ്വാസക്കുറവുണ്ട് എന്നതാണോ? ഒരു പക്ഷെ, മറ്റൊരാളുടെ വാക്കിനെ നമ്മൾ തെളിവായി കാണുന്നതും, സ്വന്തം വീക്ഷണത്തെ എങ്ങനെ കാണണം എന്നറിയാതെ പോകുന്നതുമാവാം.
ഒറ്റയ്ക്കിരിക്കുമ്പോൾ നമ്മുടെ മനസ്സ് തെളിഞ്ഞ വെള്ളം പോലെ ശാന്തമാകും. നമ്മൾ ചെയ്ത പല കാര്യങ്ങളും ഓർമ്മയിൽ വരും. അവയെ വിമർശനബുദ്ധിയോടെ നോക്കിക്കണ്ടെന്നും വരും. അത് നമ്മുടെ നല്ലതിനാണ്. മറ്റുള്ളവർ നമ്മളോട് സംവദിക്കുന്നത് പോലെ നമ്മുടെ മനസ്സും നമ്മളോട് എന്തൊക്കെയോ മൊഴിയാൻ ശ്രമിക്കുന്നുണ്ട്. ഏറ്റവും അടുത്തിരുന്ന്, നമ്മളെ ഏറ്റവും നന്നായി അറിയുന്ന ആൾ പറയുന്ന വാക്കിനു നമ്മൾ കാത് കൊടുക്കുകയല്ലേ ചെയ്യേണ്ടത്?
മനസ്സ് ചൊല്ലിയത് കേൾക്കാതെ പല തീരുമാനങ്ങളും എടുത്തുചാടി നടപ്പാക്കിയെന്ന് കരുതുക. ഒരു കാര്യം നടപ്പായി കാണാനുള്ള നമ്മുടെ വ്യഗ്രത ആണ് നമ്മളെ ഇങ്ങനെ ചെയ്യിക്കുന്നത്. അവിടെ വിചാരത്തേക്കാൾ വികാരമാണ് മുന്നിൽ നിൽക്കുന്നത്. അപ്പോൾ നമ്മളെടുക്കുന്ന പല തീരുമാനങ്ങളും പിന്നെ നോക്കുമ്പോൾ നമുക്ക് തൃപ്തി തന്നെന്ന് വരില്ല.
ജീവിതത്തിന്റെ എല്ലാ തിരക്കുകൾക്കിടയിലും സ്വന്തം മനസ്സിന് അൽപ്പസമയം കൊടുക്കാൻ നമ്മൾ തയ്യാറാവണം. നമ്മുടെ നിയന്ത്രണം നമ്മുടെ കൈകളിൽ ആണോയെന്ന് പരിശോധിക്കണം. നമ്മളെ അൽപ്പം കൂടെ വിശ്വസിക്കാൻ പഠിക്കണം. നമ്മുടെ ഉള്ളിൽ നിന്ന് വരുന്ന ആത്മാർഥമായ ശബ്ദത്തെ അറിയാൻ നമുക്ക് പറ്റണം.

ഒറ്റയ്ക്കിരിക്കുമ്പോൾ നമ്മുടെ മനസ്സ് തെളിഞ്ഞ വെള്ളം പോലെ ശാന്തമാകും. നമ്മൾ ചെയ്ത പല കാര്യങ്ങളും ഓർമ്മയിൽ വരും. അവയെ വിമർശനബുദ്ധിയോടെ നോക്കിക്കണ്ടെന്നും വരും. അത് നമ്മുടെ നല്ലതിനാണ്.
ReplyDelete