സാമൂഹിക ജീവി
'മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്'. ചെറിയ ക്ലാസ്സ് മുതൽ കേൾക്കുന്ന ഒരു നിരീക്ഷണമാണ്. ഒറ്റപ്പെടുന്നത്/ കൂട്ടില്ലാത്ത ജീവിതം എന്തോ വലിയ കുഴപ്പമാണെന്ന ധാരണ നമ്മൾ കൂടുതൽ പേരും പുലർത്തുന്നു. സ്മാർട്ടായ ആളുകളെയാണ് നമുക്ക് ഇഷ്ടം. ഉൾവലിഞ്ഞ പ്രകൃതക്കാരെ നമ്മൾ അധികം ശ്രദ്ധിക്കാറില്ല. അവർക്ക് അവരുടെ ലോകം, നമുക്ക് നമ്മുടെ എന്ന മട്ടിൽ കൈയ്യൊഴിയുന്നു. "ഒന്നും മിണ്ടാനില്ലാത്തവരോട് എന്ത് പറയാനാണ്? അങ്ങനെയുള്ളവരെ നമ്മുടെ കളിചിരികളിൽ എങ്ങനെ കൂട്ടും?" ഇങ്ങനെയൊക്കെയാണ് ചിന്തിക്കുക. നമ്മുടെ ചുറ്റും കൂടിനിൽക്കുന്നവരോട് സംസാരിക്കാൻ തന്നെ മതിയായ സമയം കിട്ടുന്നില്ല. പിന്നെ ഇവരെ എങ്ങനെ ശ്രദ്ധിക്കും?
ഫോട്ടോ: Pinterest
ഇടയ്ക്കൊക്കെ ഇവരോട് സംസാരിക്കുമ്പോൾ "എല്ലാവരോടും സോഷ്യൽ ആയാലെന്താ" എന്ന ചോദ്യം കൂടുതൽ പേരും ചോദിക്കുമെന്ന് സംശയം കൂടാതെ പറയാം. ഇപ്പോഴത്തെ അവരുടെ രീതികളിൽ അസ്വാഭാവികമായ എന്തോ ഉണ്ടെന്ന ഒരു തോന്നലിൽ നമ്മൾ പറയുന്നതാവാം. അവരെ 'സംസാരിച്ചു നേരേയാക്കാൻ' ശ്രമിക്കുന്നതാവാം. പക്ഷെ, അവരെ മനസ്സിലാക്കാൻ പോവാതെ, നമ്മളായി തന്നെ നിന്നുകൊണ്ട്, അഥവാ നമ്മുടെ മാത്രം വീക്ഷണകോണിൽ കാര്യങ്ങൾ അവതരിപ്പിച്ചാൽ അതിന് സാധിക്കുമോ? അവരെ മാറ്റിയെടുക്കണം എന്ന് നമുക്ക് എന്തിന് തോന്നണം? നമ്മൾ ജീവിക്കുന്ന രീതി നാം തുടരുന്നത് നമുക്ക് അത് ഇഷ്ടമുള്ളത് കൊണ്ടോ, അതിൽ നിന്ന് വിട്ടുപോകാൻ താല്പര്യമില്ലാത്തത് കൊണ്ടോ ആവാമല്ലോ. അതേ പോലെ തന്നെയല്ലേ, അന്തർമുഖരായവർ അവരുടെ ചെറിയ ലോകത്തിൽ ഒതുങ്ങിക്കൂടുന്നത്?
സോഷ്യൽ സ്കിൽസിൽ അവരൽപ്പം പുറകിൽ പോയെന്ന് വന്നേക്കാം. അതിന് അവരെ തെറ്റ് പറയാൻ സാധിക്കില്ല. ഇതൊന്നും അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ അല്ലല്ലോ. ജീവിതത്തിൽ എങ്ങനെയാക്കെയോ അങ്ങനെയായിത്തീർന്നതല്ലേ? നമ്മുടെ ജീവിതം സമൂഹത്തെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ളതായി അഡ്ജസ്റ്റ് ചെയ്യൂന്നതിനോട് വലിയ താൽപ്പര്യമില്ല. "അവർ അങ്ങനെ ചെയ്യുന്നത് നമ്മൾ കാണുന്നു. എല്ലാവരും അങ്ങനെ തന്നെയല്ലേ? നമ്മൾ അങ്ങനെ ചെയ്താലേ ശരിയാകൂ " എന്ന് പറയുന്നത് ഒരു തരം പിടിവാശിയാണെന്ന് തോന്നുന്നില്ലേ?
അനാവശ്യമായ ഭാരങ്ങളില്ലാതെ, ആളുകളെ അവരായി അംഗീകരിക്കുന്ന മനുഷ്യരെയാണ് സമൂഹ ഒരുമയ്ക്ക് ആവശ്യം. അതിന് സ്ഥിരമായി പറയുന്ന ഒരു കാര്യമുണ്ട്. തുറന്ന മനസ്സോടെ ഇടപെടുക. ഒരാൾ പറയുന്ന കാര്യങ്ങളെ 'ഇത് ശരി, ഇത് തെറ്റ്' എന്ന ലെൻസിൽ കാണാതിരിക്കുക. ആളുകളെ മനസ്സിലാക്കിയ ശേഷം ആവശ്യമെങ്കിൽ മാത്രം 'ഉപദേശിക്കുക'. വ്യക്തിപരമായി ഉപദേശത്തെ ഇഷ്ടപ്പെടാത്ത ഒരാളാണ്. ഇങ്ങനെ ചെയ്താൽ നന്നാകും, എന്ന് നിർദേശിക്കാം. ഉപദേശം കൊടുക്കുമ്പോൾ, അത് ആ വഴി ചെയ്താലേ ശരിയാകൂ എന്നാണ് നമ്മൾ സൂചിപ്പിക്കുന്നത്. അത് അവരുടെ സ്വതന്ത്രമായ ചിന്തയ്ക്ക് ചിലപ്പോൾ തടസ്സം വരുത്തിയേക്കാം.
നമ്മുടെ ജീവിതരീതിയിലേക്ക് മറ്റാളുകൾ ഇറങ്ങിവരണം എന്ന് വാശി പിടിക്കുന്നിടത്തല്ല, എല്ലാ തരം മനുഷ്യരെയും ഉൾക്കൊള്ളാൻ പറ്റുന്ന വിധം നമ്മളെ വിശാലമാക്കുന്നയിടത്താണ് ജീവിക്കാൻ രസം. അവിടെ എല്ലാത്തരം ആളുകൾക്കും സമാധാനമായി ഇരിക്കാൻ സാധിക്കും.

അനാവശ്യമായ ഭാരങ്ങളില്ലാതെ, ആളുകളെ
ReplyDeleteഅവരായി അംഗീകരിക്കുന്ന മനുഷ്യരെയാണ് സമൂഹ
ഒരുമയ്ക്ക് ആവശ്യം...