"കേൾക്കുന്നുണ്ടോ"


പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല! ജീവിതം മുഴുവൻ കുഴപ്പങ്ങളോ, വിഷമതകളോ ഇല്ലാതെ മുന്നോട്ട് പോവാൻ ആർക്കും സാധിച്ചെന്നു വരില്ല. എന്നാൽ അതോർത്തിരുന്നു സ്വന്തം കാര്യങ്ങൾ  ചെയ്യാതെ പോയാൽ നിരാശയാവും ഫലം. ചില കാര്യങ്ങൾ ചെയ്യാൻ വല്ലാത്ത ആഗ്രഹം മനസ്സിലുണ്ട്. പക്ഷെ സാധിക്കുന്നില്ല. ചെയ്യാൻ തുടങ്ങുമ്പോൾ ഒരായിരം ആശയക്കുഴപ്പമാണ്. പല ആളുകളും നേരിടുന്ന അവസ്ഥയാണ്. 
അതിൽ തട്ടി വഴി മുട്ടി എന്നിരിക്കട്ടെ. മനസ്സിൽ ഒരു വെപ്രാളമാണ്. ആരോട് എന്ത് പറയണം എന്ന് അറിയാൻ പറ്റാത്ത ഒരു കുഴപ്പം പിടിച്ച അവസ്ഥ. കൊറോണക്കാലത്തു പുറത്തെങ്ങും പോകാൻ പറ്റാതെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടുന്ന ചിലരുടെ വിഷമതകളാണ്. ചിലയാളുകളെ സംബന്ധിച്ച് ഒറ്റപ്പെടൽ ഒരു വീർപ്പുമുട്ടലാണ്. ആളുകൾക്കിടയിൽ എന്തെങ്കിലും പ്രവൃത്തിയിൽ മുഴുകുമ്പോൾ അവരുടെ പ്രശ്നങ്ങൾ അല്പസമയത്തേക്ക് അവരെ വിട്ടുനിൽക്കുന്നു. പക്ഷെ, ഒറ്റയ്ക്ക് എന്ന തോന്നൽ പിടിമുറുക്കുമ്പോൾ എന്തുചെയ്യണം എന്നറിയാത്ത ഒരവസ്ഥയിൽ അവർ എത്തിപ്പെടുന്നു. 
ഇതിനുള്ള മരുന്നോ, മറുപടിയോ പറഞ്ഞുതരാൻ അറിയുന്ന ആളല്ല ഇതെഴുതുന്നത്. മനസ്സ് വിഷമിച്ചു കുറേയാളുകൾ 
എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്നത് കാണുമ്പോൾ പറയാതെ ഇരിക്കാൻ വയ്യ.  പഠനം, ജോലി, പ്രണയം, വ്യക്തിത്വം, സാമ്പത്തികം, വീട്, ബന്ധങ്ങൾ, ഭാവി - പ്രശ്നങ്ങൾ പലതാകാം. അവർ വല്ലാതെ കഷ്ടപ്പെടുകയാണ്. 
അവർക്ക് കേൾക്കാൻ, കാര്യങ്ങൾ തുറന്നു സംസാരിക്കാൻ കുറെ ആളുകളെ ആവശ്യമുണ്ട്! നമുക്കതിനു കഴിയുമോ എന്നാണോ ചോദ്യം? കഴിയും!  
അതിന് ആകെ വേണ്ടത് ഒരാളെ സമാധാനപൂർവ്വം കേൾക്കുക എന്നതാണ്. നമുക്ക് എളുപ്പമെന്ന് തോന്നുന്ന ചില കാര്യങ്ങളിൽ തീരുമാനമെടുക്കാൻ  ചിലർ വിഷമിക്കുന്നതായി കണ്ടിട്ടില്ലേ? എന്താണ് അങ്ങനെ സംഭവിക്കുന്നത്? അവരുടെ മനസ്സ് എങ്ങോട്ടെന്നില്ലാതെ പരക്കം പായുകയാണ്. അതൊരു അസുഖമല്ല. ഒരു തരം മാനസിക അവസ്ഥയെന്ന് പറയാം. നമുക്ക് ചെയ്യാവുന്നത്, ക്ഷമയോടെ അവരുടെ കൂടെ നിൽക്കുകയാണ്. നമ്മുടെ മുൻവിധികളെ ഒതുക്കി നിർത്തി അവരോട് സ്നേഹത്തോടെ സംസാരിക്കുക. ഓട്ടമത്സരത്തിൽ കൂടെയോടുന്നയാൾ വീണുപോയാൽ കൈ പിടിച്ചു എഴുന്നേൽപ്പിക്കില്ലേ? അതുപോലെയാണിത്. 
ഒറ്റപ്പെടൽ ഒരു ജീവിതയാഥാർഥ്യമാണ്. എന്നും, എപ്പോഴും എല്ലാവരും അടുത്തുണ്ടായി എന്ന് വരില്ല. പക്ഷെ, ചില സമയങ്ങളിൽ ജീവിതം അവസാനിപ്പിക്കാൻ, തനിക്ക് ആരുമില്ല എന്ന ഒറ്റ തോന്നൽ മതി. അതുകൊണ്ടാണ് ഇടയ്ക്കിടെ എഴുതുന്ന വിഷയമായിട്ടും, ആശയങ്ങൾ അധികം ഇല്ലാതിരുന്നിട്ടും എഴുതിക്കൊണ്ടേയിരിക്കുന്നത്...      
നമുക്ക് നല്ല കേഴ്വിക്കാരാവാം. ചുറ്റുമുള്ളവരെ നന്നായി അറിയുമോ? അവരുടെ ഇഷ്ടങ്ങൾ, താല്പര്യങ്ങൾ ചോദിച്ചറിയാറുണ്ടോ? അവരുടെ രീതികൾ ശ്രദ്ധിക്കാറുണ്ടോ? അവരോട് നന്നായി ഇടപെടാറുണ്ടോ? നമ്മുടെ ജീവിതം ഒറ്റയ്ക്കുള്ള യാത്രയാണ് എന്നത് ശരി തന്നെ. പക്ഷെ, സഹയാത്രികരെ നോക്കാതെ, ഒന്നിനെയും ഗൗനിക്കാതെ എത്ര ദൂരം താണ്ടാൻ നമുക്ക് സാധിക്കും? ഒരിക്കൽ നമ്മൾ ഒറ്റപ്പെട്ടുപോയാൽ എന്തുചെയ്യും? കൂടുതലൊന്നും ആവശ്യപ്പെടുകയല്ല. സ്നേഹമുള്ള ഒരു വാക്ക്, നോട്ടം, കരുതൽ. അത്രയും മതി. അതാണ് ആവശ്യപ്പെടുന്നത്. ഒരു കേഴ്വിക്കാരനിൽ നിന്ന് ഒരു നല്ല മനുഷ്യനിലേക്ക് വലിയ ദൂരമില്ല! അത് വഴിയേ മനസ്സിലാകും.               
തലക്കെട്ടിന് കടപ്പാട്: ഗീതുമോഹൻദാസ് ഷോർട്ട് ഫിലിം.   


  

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ