ലാപ്ടോപ്പ്
അനഘയും, ആർദ്രയും.
ലാപ്ടോപ്പിന് അപേക്ഷ സമർപ്പിച്ചു രണ്ടു വർഷം കാത്തിരുന്നു. എന്നിട്ടും കാര്യമായ നടപടികളില്ലാതെ പോയി. അവരുടെ പഠനം മുടങ്ങുന്ന അവസ്ഥ വരെയെത്തി. ദിശ എന്ന സംഘടനാ മുഖാന്തിരം അഡ്വക്കേറ്റ് പികെ ശാന്തമ്മ സൗജന്യമായി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാൻ സഹായിച്ചു. അഞ്ചാഴ്ചയ്ക്കകം ലാപ്ടോപ്പ് നല്കാൻ ജഡ്ജി ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പുമായി അനിയത്തിയും, അമ്മയും പഞ്ചായത്തിലെത്തിയപ്പോൾ കേട്ട വാക്കുകൾ പങ്കുവെയ്ക്കാം.
"നിങ്ങൾക്ക് ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാൻ പൈസയുണ്ടെങ്കിൽ പൈസ കൊടുത്തു ലാപ്ടോപ്പ് വാങ്ങിച്ചാൽ പോരേ? പഞ്ചായത്തിൻ്റെ കാലുപിടിക്കാൻ പിന്നെയും വരണോ? ഹൈക്കോടതി ഞാൻ പറയുന്നതാണ് കേൾക്കുക. കെൽട്രോൺ എപ്പോൾ തരുന്നോ അപ്പോഴേ നിങ്ങൾക്ക് ലാപ്ടോപ്പ് ലഭിക്കുകയുള്ളൂ," ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തു ഇരിക്കുന്ന സെക്രട്ടറിയുടെയും, മെമ്പറുടെയും പ്രതികരണമാണ്. ഓൺലൈൻ പഠനം സുഗമമായി നടത്താൻ സർക്കാർ ഇടപെടലുകൾ ഉണ്ടാവുന്ന ഈ കാലത്തു പോലും ആളുകൾ അവരുടെ അവകാശത്തിന് വേണ്ടി സർക്കാർ ഭാഷയിൽ പറഞ്ഞാൽ അൽപ്പം 'അക്ഷമരാവുന്നതും' നീതിപീഠം കയറിയിറങ്ങുന്നതും ഒരു പ്രശ്നമായി തോന്നുന്നില്ല. അച്ഛനും, അമ്മയ്ക്കും ശാരീരിക വിഷമതകൾ ഉള്ള, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരു കുടുംബത്തിലെ ഒരംഗം തനിക്ക് അവകാശപ്പെട്ടത് ചോദിച്ചപ്പോൾ അധികൃതർ കാട്ടിയ ഉദാസീനതയാണ് വാസ്തവത്തിൽ ചോദ്യം ചെയ്യപ്പെടേണ്ടത്. എന്നാൽ ഒരു ലാപ്ടോപ്പ് വിഷയത്തിൽ ഇത്രയധികം സംസാരം ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. സ്വന്തം നിലയ്ക്ക് സഹായം നീട്ടുന്നവരും ഉണ്ട്. സർക്കാർ തലത്തിൽ സമയബന്ധിതമായി സഹായം കൊടുക്കാത്തതിൽ വരുന്ന പ്രശ്നം-- അതാണ് ചർച്ച ചെയ്യപ്പെടേണ്ടത്.
റേഷൻകടകളിൽ സാധനം തീർന്നുപോയാൽ, അടുത്ത ആഴ്ച്ച വന്നാൽ എടുത്തുവെയ്ക്കാം എന്ന് പറഞ്ഞു മടക്കിവിടുമ്പോൾ, ചില സംസ്ഥാനങ്ങളിൽ കൈമടക്ക് ആവശ്യപ്പെടുമ്പോൾ ആ വീട്ടിലുള്ളവരും, അവരുടെ പ്രശ്നങ്ങളും അക്കങ്ങളായി, സ്ഥിതിവിവരക്കണക്ക് പോലെ ഒതുങ്ങിപ്പോവുന്നു.
എല്ലാ നടപടികൾക്കും സമയം ആവശ്യമുണ്ട് എന്ന് പറഞ്ഞാണ് പല ആളുകൾക്കും ആവശ്യസമയത്ത് സഹായം കിട്ടാതെ പോകുന്നത്. സർക്കാർ കാര്യങ്ങൾ മുറയ്ക്ക് നടക്കും എന്ന പതിവ്പല്ലവിയിൽ ആളുകളുടെ പ്രശ്നങ്ങൾ മൂടിവെയ്ക്കപ്പെടുന്നു. ഓരോ ഫയലിലും ജനങ്ങളുടെ ജീവിതം ഉണ്ടെന്ന് ഉദ്യോഗസ്ഥരെ ഓർമ്മപ്പെടുത്തിയ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഈ വാർത്ത ശ്രദ്ധിച്ചോ എന്നറിയില്ല. പട്ടികജാതി/ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് കൊടുത്തതിൽ നീതിപരമായ പ്രശ്നങ്ങൾ തോന്നിയ ആൾക്കാർ ഇത് കണ്ടോ എന്നുമറിയില്ല.
എന്തായാലും, അനഘയുടെ വിഷയം പല പത്രങ്ങളിലും വാർത്തയായി. ദേവികുളം സബ് കളക്ടറുടെ വ്യക്തിപരമായ ഇടപെടൽ നിമിത്തം സഹോദരിമാരുടെ കഷ്ടതകൾക്ക് അവസാനമായി എന്നാണ്
ഉള്ളടക്കം. അനഘയും, സഹോദരിയും നേരിട്ട ബുദ്ധിമുട്ടുകളോ, "ഞങ്ങളുടെ അവകാശമാണ്. അത് കിട്ടാൻ എവിടെ വരെയും പോകും ," എന്ന് പറഞ്ഞതോ അതിൽ ഉൾപ്പെട്ടില്ല. പഞ്ചായത്ത് നേതാക്കളുടെയും, ഉദ്യോഗസ്ഥരുടെയും പ്രതികരണം ചേർക്കാൻ മറന്നിട്ടില്ല. കുടുംബത്തിൻ്റെ പ്രതികരണം ചോദിക്കാൻ വിട്ടുപോയതാണ്. വാർത്തയെ സമീപിച്ച രീതി 'കൃത്യമാണ്'. 'കഷ്ടതകളൊപ്പിയ' ആളുടെ പുറകെയാണ് വാർത്ത പോയത്. അനഘയും, ആർദ്രയും അവരുടെ പഠനാവകാശങ്ങൾക്ക് വേണ്ടി അനുഭവിച്ച യാതനകൾ
പരാമർശിക്കാൻ ഇടകൊടുക്കാതെ ഉദ്യോഗസ്ഥരുടെ പ്രവൃത്തിയിൽ 'നീതി' ലഭിച്ചെന്ന മട്ടിൽ പ്രശ്നത്തെ നിസ്സാരവൽക്കരിച്ചുകളയുന്നതിൽ മാധ്യമങ്ങളും കൂട്ടം ചേർന്നു.
"ഒരു ലാപ്ടോപ്പ് അല്ലേ, അവർക്ക് കിട്ടിയില്ലേ, ഇതിൽ എന്താണിത്ര പ്രശ്നം,?" ഇങ്ങനെയാണോ ചിന്തിക്കുന്നത്? ജീവിതത്തിൽ പ്രശ്നങ്ങളുടെ പടുകുഴിയിൽ വീണുപോകുന്നവർക്ക് സർക്കാർ സഹായം ഒരു കൈത്താങ്ങാണ്. മറ്റാളുകളുടെ ആശ്രയമില്ലാതെ മുന്നോട്ടുവരാനുള്ള പ്രചോദനമാണ്. നിവർന്നുനിൽക്കാനുള്ള പ്രേരണയാണ്.
അത്തരം സേവനങ്ങൾ ഒരു വ്യക്തിയുടെ അവകാശമാണ്. അതിൽ ഒരാളും പരാതിപറഞ്ഞിട്ടോ, മുട്ടാപ്പോക്ക് ന്യായങ്ങൾ മൊഴിഞ്ഞിട്ടോ കാര്യമൊന്നുമില്ല. ആവശ്യമായ സഹായങ്ങൾ കൃത്യസമയത്തു ലഭിക്കാതെ പോയാൽ നഷ്ടമാവുന്നത് ചിലരുടെ അവസരങ്ങളാണ്, പ്രതീക്ഷകളാണ്. അവ
തിരിച്ചുകിട്ടണം എന്ന് ഉറപ്പൊന്നുമില്ല. ഇനിയും എത്രയെത്ര അനഘമാർ നീതി തേടിയലയാനാണ് നമ്മൾ ഇങ്ങനെ കാത്തിരിക്കുന്നത്?

സഹായങ്ങൾ കൃത്യസമയത്തു ലഭിക്കാതെ പോയാൽ നഷ്ടമാവുന്നത് ചിലരുടെ അവസരങ്ങളാണ്, പ്രതീക്ഷകളാണ്
ReplyDelete