കഞ്ഞിപ്പാടത്തെ മലനിരകൾ: സത്യവും, സംശയങ്ങളും
കൊറോണക്കാലത്ത് ഇതുവരെ കാണാതിരുന്ന ഒരു കാഴ്ചയ്ക്കാണ് ആലപ്പുഴയിലെ കഞ്ഞിപ്പാടം നിവാസികൾ സാക്ഷ്യം വഹിക്കുന്നത്. ആകാശം തെളിഞ്ഞ ചില ദിവസങ്ങളിൽ അതിരാവിലെ കഞ്ഞിപ്പാടം - വൈശ്യംഭാഗം പാലത്തും, അയ്യൻകാളി വളം ഡിപ്പോയുടെ വളവിലും നിന്നാൽ വിദൂരമായ മലനിരകൾ കാണാൻ (ക്യാമറയിൽ) സാധിക്കുന്നുണ്ട്. നെറ്റി ചുളിക്കാൻ വരട്ടെ? ഇതെങ്ങനെ സാധ്യമാവും എന്നാണോ? അന്തരീക്ഷമലിനീകരണം വലിയ തോതിൽ കുറയാൻ ലോക്ക്ഡൗൺ കാരണമായി. അങ്ങനെയാണ് ഈ മലനിരകൾ തെളിഞ്ഞുവന്നത് എന്നാണ് ഒരു വാദം. മലയും, കാടുമില്ലാത്ത (സാങ്കേതികമായി) ആലപ്പുഴയിൽ ഇല്ലാത്ത ഏത് മലകളാണ് ഇവിടെ കാണുന്നത്?
കഞ്ഞിപ്പാടം നിവാസിയായ വിഷ്ണുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കാം. "വെസ്റ്റേൺ ഹിൽ ആണ് നമ്മൾ കാണുന്നത് എന്ന് ഞാൻ കരുതുന്നു. നമ്മൾ (കുട്ടനാട് ) കടൽനിരയിലും താഴെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. ഇപ്പോൾ കാണുന്ന ദിക്ക് കണക്കാക്കിയാൽ മണിമല, കുട്ടിത്താനം, വാഗമൺ റേഞ്ചിന് ഏരിയയിലേക്കാണ് പോകുന്നത്. കേരളത്തിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകത നോക്കാം. തമിഴ്‌നാട് വരെ ഒരു കയറ്റമാണ്. സമുദ്രനിരപ്പിനു താഴെയായ കുട്ടനാട്ടിൽ നിന്നും പതിയെ പതിയെ ഉയർന്ന് വരും. ചങ്ങനാശ്ശേരിയിൽ 11 മീറ്റർ ഉയരുന്നു. അവിടെ 11 മീറ്ററിലാണ് മല. വാഗമൺ എന്ന സ്ഥലം സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ കാണുന്നു. "ലോങ്ങ് വ്യൂ" കാണുന്ന ഏരിയകളിലാണ് ഇങ്ങനെ കാണാൻ സാധിക്കുന്നത്. ഇത് മറ്റൊരു പ്രതിഭാസവുമല്ലെന്ന് ഉറപ്പാണ്. വാഗമൺ, അതിൻ്റെ അടുത്ത് ഉയർന്നു നിൽക്കുന്ന മറ്റേതെങ്കിലും മലനിരകളോ ആണെന്നാണ് വിശ്വാസം," വിഷ്ണു പറയുന്നു.
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയാണ് എന്ന് സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല. സോഷ്യൽ മീഡിയയിൽ സമീപകാലത്തു കഞ്ഞിപ്പാടം പാലത്തുനിന്നുള്ള മലയുടെ ചിത്രങ്ങൾ വൈറലായിരുന്നു. "നമ്മുടെ കഞ്ഞിപ്പാടം" എന്ന വാട്സ്ആപ് കൂട്ടായ്മയിൽ ജിഷ്ണു പി. എൻ പങ്കുവെച്ച ചിത്രങ്ങളിൽ മലനിരകൾ കൃത്യമായി കാണാൻ സാധിക്കുന്നുണ്ട്. "ലോക്ക്ഡൗൺ കാലത്തു താരതമ്യേന അന്തരീക്ഷമലിനീകരണം കുറഞ്ഞതിനാൽ തെളിഞ്ഞ, പൊടികൾ ഒഴിഞ്ഞ അന്തരീക്ഷം ആകാം ഇവ ഇത്രക്ക് വ്യക്തമായി ദൃശ്യമാവാൻ കാരണം. ഇത് കോവിഡ് കാലം അന്തരീക്ഷത്തെയും പ്രകൃതിയെയും എത്രകണ്ട് ശുദ്ധമാക്കി എന്നുള്ളതിന്റെ കൂടെ തെളിവാണ്. ഇതുപോലെ ഒരു കാഴ്ച മുൻപ് കണ്ടിട്ടുള്ളതായി ഓർമ്മയില്ല," ജിഷ്ണു കൂട്ടിച്ചേർത്തു.
കഞ്ഞിപ്പാടത്തു മാത്രമല്ല, പല പ്രദേശങ്ങളിലും ഇങ്ങനെ 'അപ്രത്യക്ഷമായിരുന്ന' മലനിരകൾ ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്. ഏകദേശം 30 വർഷത്തിന് ശേഷം കാഞ്ചൻജംഗ പർവ്വതം 111 കിലോമീറ്റർ അകലെയുള്ള സിലിഗുരിയിൽ ദൃശ്യമായി. കഞ്ഞിപ്പാടത്തു ഏത് മലനിരകളാണ് ദൃശ്യമാവുന്നത് എന്ന് കണ്ടെത്തുന്നതിന് നാട്ടുകാരുടെയും, വിദ്യാർത്ഥികളുടെയും അന്വേഷണങ്ങൾ ഉണ്ടാവുമല്ലോ!
Photo credits: Jishnu PN, Nizam Photography


Comments
Post a Comment