പറയാതെ പോവുന്നത്!
ചില കാര്യങ്ങൾ ലളിതമെന്ന് ആദ്യം തോന്നും. കാര്യത്തോട് അടുക്കുമ്പോൾ ആവും അതിലെ സങ്കീർണ്ണത അനുഭവപ്പെടുന്നത്. നമ്മുടെ മനസ്സിൽ ഉടലെടുത്ത ഒരു സാധാരണ കാര്യം. നമുക്ക് പ്രിയപ്പെട്ടവരോട് അവതരിപ്പിക്കണം. എങ്ങനെ പറയും എന്നെല്ലാം ആലോചിച്ചുകൂട്ടുന്ന ഒരു പ്രകൃതമല്ല. പക്ഷെ, എന്ത് പറഞ്ഞാലും നിയന്ത്രണച്ചരട് കൈവിടാതെ നോക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എങ്കിലും ചിലപ്പോഴൊക്കെ പിടിവിട്ടുപോകും.
ഒരാളോട് പറയാൻ തോന്നുന്ന എല്ലാ കാര്യങ്ങളും പറയണോ? എനിക്കറിയില്ല. ചിലയാളുകൾക്ക് പറഞ്ഞില്ലെങ്കിൽ ഇരിക്കപ്പൊറുതി വരില്ല എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ പറയുന്നവരെ അറിയുകയും ചെയ്യാം. ചിലർക്ക് മനസ്സിൽ ഒരു താക്കോൽപ്പൂട്ടിട്ട് സൂക്ഷിക്കാൻ അറിയാം. അവർക്ക് അതാരും അറിഞ്ഞില്ല എന്ന് വെച്ച് കാര്യമായി ഒന്നും തോന്നിയെന്ന് വരില്ല. മറ്റുചിലരുണ്ട്. തുറന്നു പറയണോ , മനസ്സിൽ സൂക്ഷിക്കാമോ എന്ന് ഉത്തരം കിട്ടാതെ പോകുന്നവർ. ഈ അവസ്ഥകളിൽ നമ്മളെ എത്തിക്കുന്നത് ഓരോ സന്ദർഭങ്ങളാണ്. പറയാനും, പറയാൻ പറ്റാതെ പോകുന്നതുമായ ആ അവസ്‌ഥ വളരെ ബുദ്ധിമുട്ടിക്കുന്നതാണ്. കേൾക്കുന്നയാളെപ്പറ്റിയുള്ള നമ്മുടെ തോന്നലോ, പറയുന്ന വിഷയത്തിൻ്റെ പ്രത്യേകതയോ ആവാം നമ്മളെ വെല്ലുവിളിക്കുന്നത്. എന്താണ് ചെയ്യുക?
ചോദിക്കാതെ പോയ ചോദ്യങ്ങളാണ് നമ്മുടെ ഉള്ളുകളിൽ കൂടുതൽ. അവയെയോർത്ത് നേരം കളയാറുണ്ടോ? അപ്പുറത്തുള്ള ആൾ എങ്ങനെ പ്രതികരിച്ചേനെ എന്ന് ഓർത്തുപോകാറുണ്ടോ? ദിനചര്യകൾ താളം തെറ്റാറുണ്ടോ? അയാളോട് നേരാം വണ്ണം സംസാരിക്കാൻ പറ്റാതെ ഒരു മതിൽ ഉയർന്നുവരുന്ന പോലെ തോന്നാറുണ്ടോ? നിങ്ങൾ ഒറ്റയ്ക്കല്ല. ഒരു പക്ഷെ, അപ്പുറത്തുള്ള ആൾക്കും ഇതേ തോന്നൽ ആയെന്നും വരാം. കടൽ പോലെ സങ്കീർണ്ണമായ നമ്മുടെ മനസ്സിൽ എന്തൊക്കെ ആലോചനകളാണ് കടന്നുവരുന്നത്! അവയെല്ലാത്തിനേയും നിയന്ത്രിച്ചു ചൊൽപ്പടിയിൽ നിർത്തുക നമ്മൾ സാധാരണമനുഷ്യരെക്കൊണ്ട് സാധിക്കുന്ന കാര്യമാണോ?
ഇഷ്ടം, രാഷ്ട്രീയ സംവാദങ്ങൾ, ചില മനുഷ്യരെപ്പറ്റിയുള്ള സംസാരം പോലെയുള്ള വിഷയങ്ങൾ കടന്നുവരുമ്പോൾ ചിലപ്പോഴൊക്കെ നമ്മൾ പല കാര്യങ്ങളും മറച്ചുപിടിക്കുന്നു. കേൾക്കുന്നയാളുടെ താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള സംഭാഷണം ആവുമ്പോഴോ, പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പറഞ്ഞുകൊടുക്കാൻ പറ്റില്ല എന്ന് തോന്നുമ്പോഴോ ആകാം നമ്മൾ പിന്തിരിയുന്നത്. ഇങ്ങനെ പറയാതെ പോകുന്ന എത്രയെത്ര പ്രണയങ്ങൾ, ആശയങ്ങൾ, തോന്നലുകൾ.
എല്ലാം പറയുന്നതും, ഒന്നും പറയാതെയിരിക്കുന്നതും ഒരുപോലെ കുഴപ്പമാണ്. എല്ലാം പറഞ്ഞാൽ ഒന്നും പറയാനുണ്ടാവില്ല! ഒന്നും പറയാതിരുന്നാൽ എല്ലാം പറയാനുമാവില്ല. ബന്ധങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്നവർ ഇതൊന്ന് ശ്രദ്ധിച്ചാൽ നന്നാവും.
പറയാതെ പോവുന്നത് ശരിയാവില്ല എന്നാണോ? ഒരു മാർഗം ഉണ്ട്. പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കുക. കേൾക്കുന്നയാളെ കുറച്ചുനേരത്തേക്ക് മറന്നുകളയുക. അൽപ്പം ബുദ്ധിമുട്ട് തോന്നാം. പക്ഷെ, പറയുന്ന കാര്യത്തിൽ വ്യക്തത, തെളിമ വരാൻ ഇത് നിങ്ങളെ സഹായിക്കും. അല്ലെങ്കിൽ പരീക്ഷിച്ചുനോക്കിയിട്ട് പറയൂ!
നമ്മളൊക്കെ എത്ര ബഹളക്കാരാണെങ്കിലും, മിണ്ടാപ്പൂച്ചകളാണെങ്കിലും ഇങ്ങനെ ചില ചാഞ്ചല്യങ്ങൾ നമ്മൾ എല്ലാവർക്കുമുണ്ട്. അത് അവഗണിക്കാനോ, വലുതാക്കാനോ തോന്നിയില്ല. അതിൻ്റെ പ്രതിഫലനമാണ് ഈ കുഞ്ഞെഴുത്ത്.
.

Comments
Post a Comment