പ്രിയപ്പെട്ട കുട്ടി!
ഒരു കൊച്ചു ലോകത്ത് ഒറ്റയ്ക്ക് ജീവിച്ച കൊച്ചുകുട്ടിയുടെ ജീവിതമാണ് ഒരു രസത്തിന് കൊത്തിവെയ്ക്കുന്നത്! എല്ലാവർക്കും ഇഷ്ടം വരാത്ത, ചിലർക്ക് കുളിരേകുന്ന ആ പഴയ നാളുകളിലേക്ക് ഒന്ന് തിരിഞ്ഞുനിന്നാൽ വായന അൽപ്പം കൂടെ എളുപ്പമാകും.
പ്രപഞ്ചത്തെ തൊട്ടറിയാൻ തുനിഞ്ഞിറങ്ങിയ ആ കൊച്ചുകുട്ടിക്ക് സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള അന്തരം വളരെ വൈകിയാണ് മനസ്സിലായത്. ആ കുട്ടിയെ ആൾക്കാർ പരിഹസിച്ചതും, പിടിച്ചുവെച്ചതും, പൂട്ടിയിട്ടതും, പഴി പറഞ്ഞതും, തള്ളിക്കളഞ്ഞതും, മുതലെടുത്തതും, കൂട്ട് കൂടിയതും, മുറുമുറുത്തതും, കുട്ടിക്കിപ്പോൾ ഒരു പ്രശ്നമായി തോന്നുന്നതേയില്ല. കുട്ടിയുടെ വളർച്ചാനാളുകളിൽ ഒപ്പം നിന്നവരെ കുട്ടി എങ്ങനെയാണ് മറക്കുക?
കുട്ടിയിലെ കുട്ടിത്തം മറ്റുള്ളവർക്ക് വിഢിത്തം ആയി തോന്നിയാൽ കുട്ടി അതിനു എന്ത് പിഴച്ചു? പഴിചാരലും, പരിഭവവും പറഞ്ഞുനടന്ന കുട്ടിക്കിപ്പോൾ പറയേണ്ടതെന്ത്, പറയരുതാത്തത് എന്ത് എന്ന് കുറച്ചൊക്കെ മനസ്സിലായിവരുന്നു.
വളർന്നു വലുതായവരോട് കുട്ടിക്ക് പറയാനുള്ളത്
കുട്ടികളെ മേയാൻ വിടുക. കളിച്ചു വളർന്ന കുട്ടികൾക്ക് കിതയ്ക്കാതെ നടക്കാൻ ശരിക്കുമറിയാം.കളിക്കുന്ന കുട്ടികൾ പഠിക്കാൻ പുറകിലല്ല. അങ്ങനെ പറഞ്ഞു അവരെ അകറ്റിനിർത്തരുത്, ചോദ്യം ചെയ്യരുത്, വിധി കൽപ്പിക്കരുത്. കുട്ടികളെ കുട്ടികളായി മാത്രം കാണണം.
കുട്ടികളെ കുട്ടികളായി വളരാൻ അനുവദിക്കുന്നതിന് ഒരിക്കൽ കുട്ടികളായിരുന്ന നമുക്ക് എന്താണ് ഇപ്പോഴും പ്രയാസം? വലുതായാൽ നാം വന്ന വഴി മറക്കുമോ? മറന്ന വഴികൾ തിരിച്ചുനടക്കാൻ നമുക്ക് മടിയാണോ?
അതോ മറ്റെന്തെങ്കിലുമാണോ യഥാർത്ഥ പ്രശ്നം? വലുതായാൽ നമ്മുടെ കുട്ടിത്തം നമുക്ക് ഒരു കുഴപ്പമായിപ്പോകുമോ? നമ്മളെ മുതലെടുക്കാൻ മറ്റുള്ളവർ തുനിഞ്ഞിറങ്ങുമോ? ഒടുവിൽ നമ്മൾ പെട്ടുപോകുമോ?
പോയാൽ പോകട്ടെ
ഒറ്റപ്പെട്ട കുട്ടിക്ക് കൂട്ട് കൂടാൻ ആരുമില്ലാതെ പോയാൽ എന്ത് പറ്റും?
ഉത്തരം ലളിതം. കുട്ടിയുടെ കൂട്ട് കുട്ടി തന്നെയാണ്. കുട്ടിയുടെ കളിചിരികൾ നിറഞ്ഞ ബാല്യമാണ്.
മഞ്ചാടിമണികൾ പെറുക്കിയെടുത്ത, തലപ്പന്ത് കളിച്ച, തലനിറഞ്ഞ പുകയ്ക്കുന്ന ചോദ്യങ്ങൾ ചോദിച്ച കുട്ടിയുടെ കുട്ടിത്തം വിഢിത്തമായി ചിലർക്ക് തോന്നിയാലും കുട്ടിക്ക് പരാതി പറയാനാവില്ല. വളർന്നുവന്നപ്പോൾ കുട്ടിയെപ്പോലെ പെരുമാറിയ കുട്ടിയെ കൂടെ കൂട്ടാൻ കുട്ടികളോ മുതിർന്നവരോ തയ്യാറാകുമോ? സന്നദ്ധരാവുന്നവർ കുറവാണ് എന്നതാണ് യാഥാർഥ്യം.
കുട്ടി വെറും കുട്ടിയല്ല
കുട്ടിയിലെ കുട്ടിത്തം ഇഷ്ടപ്പെടുന്നവരോട് കുഞ്ഞുകഥകൾ പറഞ്ഞു, കാതിൽ നേര് ചൊല്ലി, മനസ്സിൽ നന്മ സൂക്ഷിച്ചു കുട്ടി നടന്നു.
കുട്ടിക്ക് കുട്ടിത്തം വലിച്ചെറിയാൻ സാധിക്കില്ല. വിഢിത്തത്തെ വാരിപ്പുണരാൻ
ആരെങ്കിലും പറഞ്ഞാൽ കുട്ടി അത് ചെയ്യുകയുമില്ല.
കുട്ടി ഒരിക്കൽ തീരുമാനിച്ചു. ഒന്ന് നന്നായികളയാം! പക്ഷെ അത് ലളിതമല്ലെന്ന് കുട്ടിക്ക് തന്നെ ബോധ്യപ്പെട്ടു.
കുട്ടിയിലെ കുട്ടിത്തം വിട്ടുപോയി വ്യക്തിത്വം തെളിയണം.പക്ഷെ കുട്ടിത്തത്തെ കളഞ്ഞാൽ കുട്ടി മറ്റാരോ ആയിത്തീരും.
അപ്പോൾ എന്ത് ചെയ്യും?
കുട്ടി ഉത്തരം കണ്ടെത്തി. കുട്ടിക്കാലത്തെപ്പോലെ ഓർമ്മകളെല്ലാം ഒരു ചെപ്പുപെട്ടിയിലടച്ചു സൂക്ഷിച്ചാൽ കുട്ടിക്കാവശ്യമുള്ള സന്ദർഭങ്ങളിൽ അവ തുറന്നുനോക്കാമല്ലോ...
വിഢിയായ കുട്ടി
കുട്ടിക്ക് കൂട്ടായിരുന്ന വിഢിത്തത്തിനു കാരണം കുട്ടിയിലെ കുട്ടിത്തമാണെന്ന് കുട്ടിയുടെ പ്രിയങ്കരനായ കുഞ്ഞുണ്ണിമാഷ് എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ കുട്ടിക്ക് ഉത്തരമൊന്നുമില്ല. കുട്ടിയോട് ഇനി ആരാണ് കൂട്ടുകൂടുക? കുട്ടിയുടെ കൂട്ടുകാരനായ വ്യക്തിത്വമാണ് ഇനി കുട്ടിക്ക് കൂട്ട് . കാരണം നമുക്കിനി കുട്ടിക്കളികൾക്കൊന്നും പഴയത്പോലെ സമയമില്ല :)

ഇത് എഴുതിയ കുട്ടിക്ക് മറ്റൊരു കുട്ടിയുടെ വക എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ReplyDeleteശരി കുട്ടീ!
ReplyDelete