കഞ്ഞിപ്പാടത്തെ പ്രളയനാളുകൾ

 വെള്ളപ്പൊക്കമെന്നു കേട്ടാൽ ഉള്ളൊന്നു കിടുങ്ങും. 2018 ലെ പ്രളയനാളുകളാണ് ആദ്യം ഓർമ്മവരുന്നത്. ഒരു നാട് ആകെ ജീവന് വേണ്ടി നാലുപാടും പരക്കം പാഞ്ഞ ആ ദുർഘടമായ നാളുകളെക്കുറിച്ചു പറഞ്ഞാൽ തീരില്ല! ഞങ്ങൾ വളരെയധികം അനുഭവിച്ചു. നാലുപാടം മട വീണപ്പോൾ വരാനിരിക്കുന്ന അപകടത്തിന്റെ തീവ്രത ബോധ്യമായിരുന്നു.  എല്ലാവരും അത്യാവശ്യസാധനങ്ങൾ മാത്രം എടുത്ത് വീടുകളിൽ നിന്നിറങ്ങി. എന്നാണ്  ഒരു തിരിച്ചുവരവ് എന്നറിയാതെ!  

2018 ഓഗസ്റ്റ് പകുതി ആയിക്കാണും. നാട്ടിൽ നിർത്താതെ മഴ പെയ്യുന്നുണ്ടായിരുന്നു. തീരെ രക്ഷയില്ല. എല്ലാവരും നിസ്സഹായരായി ആദ്യമൊന്ന് പകച്ചുനിന്നു. പക്ഷെ മനോധൈര്യം വീണ്ടെടുക്കാൻ അധികസമയം വേണ്ടിവന്നില്ല. ഇവിടെ  രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ നാടാകെ ഒപ്പമുണ്ടായിരുന്നു. വളഞ്ഞവഴിയിലും, പുറക്കാടുമുള്ള മത്സ്യത്തൊഴിലാളി സഹോദരങ്ങൾ ഞങ്ങളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് വകവെയ്ക്കാതെ ആളുകളെ ദുരന്തമുഖത്ത്‌ നിന്ന് മാറ്റാൻ വന്ന ആളുകൾക്ക് ഹൃദയത്തിൽ നിന്ന് നന്ദിയല്ലാതെ എന്താണ് പറയുക!  

"നമുക്ക് എല്ലാ വർഷവും വെള്ളപ്പൊക്കം പതിവാണ്. 2018 ലാണ് വിചാരിക്കാത്ത വിധം വെള്ളം പൊങ്ങിയത്. ഞങ്ങൾ ഒരു ബന്ധുവീട്ടിൽ അഭയം പ്രാപിച്ചു. നിരവധി സാധനങ്ങൾക്ക് കേട് പറ്റി. പക്ഷെ, ജീവനായിരുന്നു അപ്പോൾ ഏറ്റവും വലുത്. ഞങ്ങൾക്ക് മറ്റൊന്നും ആലോചിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. ബന്ധുവീട്ടിൽ ഇടയ്ക്ക് വെറുതെ ഇരിക്കുമ്പോൾ വീടിന് എന്ത് പറ്റിയിട്ടുണ്ടാകും എന്ന് ഓർക്കും. പിന്നെ, പലരുടെയും കാര്യം നമ്മളെക്കാൽ കഷ്ടമാണല്ലോ, നമ്മൾ അൽപ്പമെങ്കിലും ഭാഗ്യം ചെയ്തവരല്ലേ എന്നോർത്ത് സമാധാനിക്കും," കഞ്ഞിപ്പാടത്തുകാരി അനിത പറയുന്നു. 

ദുരിതാശ്വാസ ക്യാമ്പുകളിലും, ബന്ധുവീടുകളിലും രണ്ടു/മൂന്നു ആഴ്ച്ചകാലം നാട്ടുകാർ താമസിച്ചു. അവിടെ എത്തിച്ചേരാൻ പെട്ട പാട് വിവരണാതീതമാണ്. ഒഴുക്കിനെതിരെ എല്ലാ ശക്തിയുമെടുത്ത് ആളുകൾ തുഴയുന്നു, വാഹനം  ഓടിക്കുന്നു, തളർച്ച വക വെയ്ക്കാതെ, കാലുകൾ പുറകോട്ട് വെയ്ക്കാതെ വരുന്നത് വരട്ടെ എന്ന് പറഞ്ഞു രണ്ടും കല്പിച്ചുള്ള ഒരു പോരാട്ടമായിരുന്നു. അന്യപ്രദേശത്തെ വാസം കഴിഞ്ഞു  വീടുകളിൽ  തിരിച്ചെത്തിയപ്പോൾ കാണുന്ന കാഴ്ചകൾ പലരുടെയും ഹൃദയം തകർക്കുന്നതാണ്. കുറെ ആളുകൾക്ക് വീടുകളും, വളർത്തുമൃഗങ്ങളും നഷ്ടമായി. ഞങ്ങൾക്ക് സംഭവിച്ച  നഷ്ടങ്ങൾ മറ്റു പലരുമായി തട്ടിച്ചുനോക്കിയാൽ കുറവാണ്. തീരെയില്ല എന്നുമല്ല. കുറെ കഷ്ട്ടപ്പെടേണ്ടതായി വന്നു. വീടിനു പുറത്ത് വിഷപ്പാമ്പുകൾ ഒഴുകിനടന്നു. അകത്തു നിറയെ പോളയാണ്. കുറെ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രളയത്തിന്റെ ഓർമ്മപ്പെടുത്തൽ എന്നോണം ഭിത്തിയിൽ വെള്ളം പൊങ്ങിയ വര ഇപ്പോഴും കാണാനാവും. 

               Courtesy: Indian Express


പക്ഷെ ഞങ്ങൾ കഞ്ഞിപ്പാടത്തുകാർ (കുട്ടനാടുകാർ) തളർന്നില്ല... ജീവിച്ചു കാണിച്ചു! ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഓരോന്നായി വീണ്ടുപിടിച്ചു. എല്ലാവര്ക്കും അതിനു ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന യാഥാർഥ്യം നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ പറയട്ടെ..കരളുറപ്പുള്ള കുട്ടനാടുകാരാണ് ഞങ്ങൾ! സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്ന, കണ്ണെത്താദൂരം പരന്നു കിടക്കുന്ന പാടശേഖരങ്ങൾ നിറഞ്ഞ, ഇടിഞ്ഞു പൊളിഞ്ഞ റോഡുകളുള്ള, വെള്ളപ്പൊക്കഭീഷണി നിലനിൽക്കുന്ന ഭാഗ്യംകെട്ട നാട് എന്നാണോ ധരിച്ചുവെച്ചിരിക്കുന്നത്? 

ഒഴുക്കിനെതിരെ നീന്തുന്ന, അധ്വാനശാലികളായ, ഉള്ളതെന്തോ അത്  എല്ലാ ആളുകൾക്കും  വീതിച്ചുകൊടുക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരായ നാട്ടിന്പുറത്തുകാരാണ് ഞങ്ങൾ കഞ്ഞിപ്പാടത്തെ മനുഷ്യർ. ഇതെഴുതുമ്പോളും, അടുത്ത വെള്ളപ്പൊക്കം എപ്പോൾ വേണമെങ്കിലും ഞങ്ങളെ തേടിയെത്താം! പൂക്കൈതയാറിൽ ജലം കുത്തിയൊഴുകുന്നു, സമീപപ്രദേശങ്ങളിലെ തോടുകൾ നിറയെ വെള്ളമായി, പോരാത്തതിന് ഇടിച്ചുകുത്തുന്ന മഴ. കലി തുള്ളി പെയ്യുന്ന മഴ കണ്ടാൽ  വെള്ളപ്പൊക്കത്തിന്റെ കാര്യമാവും ഓർമ്മ വരിക. പക്ഷെ ഞങ്ങൾക്ക് തോൽക്കാൻ വയ്യ. തോറ്റുപോയവരായി ചരിത്രത്തിൽ ഞങ്ങളെ രേഖപ്പെടുത്താൻ കഴിയില്ല . ഞങ്ങൾ കൈ-മെയ്യ് മറന്നു പോരാടും. മണ്ണിനോട് മല്ലിടുന്ന ഞങ്ങൾ കുട്ടനാടുകാർക്ക് ഇത് മറ്റൊരു ഭീകരാനുഭവം മാത്രമായി പര്യവസാനിക്കും. അതാണ് യാഥാർഥ്യം!    





           

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ