വെള്ളം കയറുന്ന നെൽപ്പാടങ്ങൾ

കൃഷിയെ ജീവനോപാധിയായി കൊണ്ടുനടക്കുന്ന ആളുകളെ സംബന്ധിച്ചു  നമ്മൾ ഇപ്പോൾ കടന്നുപോവുന്ന നാളുകൾ കഷ്ടപ്പാടിന്റെയും, ഇല്ലായ്മയുടെയും, ദുരിതത്തിന്റെയും അടയാളപ്പെടുത്തലുകളാണ്. പല മാസങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലം ഇങ്ങനെ വെള്ളത്തിൽ മുങ്ങിപ്പോവുന്ന  ദുരവസ്ഥ ആർക്കാണ് സഹിക്കാൻ പറ്റുക? തങ്ങൾ നട്ടുനനച്ച വിളകൾ ചീയുന്നതു കാണുന്ന കാഴ്ച്ച ഏതൊരാളെയും ദുഖത്തിലാക്കും. ഈ കൊല്ലവും വളരെ വ്യാപകമായ കൃഷിനാശമാണ് കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. 

പ്രളയനാളിലെ നെട്ടോട്ടം 

നമ്മുടെ നാട്ടിൽ സാമാന്യത്തിലധികമായി പെയ്ത മഴ മൂലം ഡാമുകൾ നിറഞ്ഞുകവിയാതെ പോവാൻ അവയുടെ ഷട്ടറുകൾ തുറന്നുവിടുകയും, അങ്ങനെ തുറന്നുവിട്ട വെള്ളം വിവിധ ജലാശയങ്ങളിൽ എത്തുകയും, അങ്ങനെ എത്തിയ ജലം സമീപപ്രദേശങ്ങളിൽ കയറുകയും അവിടെ നിന്ന് കൂടുതൽ പ്രദേശങ്ങളിലേക്ക് ഒഴുകുകയും ചെയ്‌തു. ഈ വെള്ളപ്പാച്ചിലിൽ പിടിച്ചുനിൽക്കാൻ നമ്മുടെ പാവം വിളകൾക്ക് എങ്ങനെ സാധിക്കും? ഇനിയെന്ത്? ഇൻഷുറൻസ് തുക ലഭിക്കാനുള്ള നെട്ടോട്ടത്തിൽ  കർഷകന്റെ  വലിയൊരു സമയം നഷ്ടപ്പെടാനാണ് സാധ്യത കാണുന്നത്. അങ്ങനെയാണ് ഇതുവരെയുള്ള അനുഭവം പഠിപ്പിക്കുന്നത്. 

നെൽകൃഷിയും വെള്ളപ്പൊക്കവും 

നാട്ടിലെ വെള്ളപ്പൊക്കം ഒരു പരിധിവരെ തടഞ്ഞുനിർത്തുന്നത് നെൽക്കൃഷിയാണ്. എങ്ങനെ എന്നാണോ? പാടങ്ങൾ കൃഷി ഒന്നുമില്ലാതെ വെള്ളം കയറിക്കിടക്കുകയാണ് എന്ന് സങ്കൽപ്പിക്കുക. കൃഷി ഇല്ലാത്ത പാടങ്ങളിൽ  അത്യാവശ്യം വെള്ളം കയറ്റാറാണ് പതിവ്. ഇത് കർഷകരാണ് ചെയ്യുന്നത്. മണ്ണ് വെറുതെ തരിശായി കിടന്നാൽ കൃഷിക്ക് ഒട്ടും  അനുയോജ്യമാവില്ല. അതാണ് വെള്ളം കയറ്റിയിടാൻ കാരണം. അങ്ങനെ നിറച്ചിടുന്ന വെള്ളത്തിനൊപ്പം വെള്ളപ്പൊക്കത്തിന്റെ വെള്ളവും, മഴവെള്ളവും കൂടെ ചേർന്നാൽ  സമീപപ്രദേശത്തെ വീടുകൾ ഭൂരിഭാഗവും  വെള്ളത്തിലാകും. റോഡുകൾ കുളങ്ങളാവും. നീന്താതെ മുറിച്ചുകടക്കാൻ കഴിയില്ല. എന്നാൽ  കൃഷി നടന്നാൽ കുറച്ചു വെള്ളം പിടിച്ചുനിർത്തും. നാശനഷ്ടത്തിന്റെ അളവ് അൽപ്പമൊന്നു കുറയുകയും ചെയ്യും.  

 കർഷകർ: ഈ നാടിന്റെ രക്ഷകർ  

കേരളത്തിന്റെ നെല്ലറയായ കുട്ടനാട് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നാളുകളാണ്. മറ്റെല്ലാത്തിലും അധികം വില  നമ്മൾ കൽപ്പിക്കുന്നത് ജീവനാണ്. 2018ലെ പ്രളയത്തിന്റെ ഓർമ്മകൾ പല ആളുകളെയും ഇപ്പോഴും  വേട്ടയാടുന്നു. നമ്മൾ കഷ്ടപ്പെട്ട് സ്വരുക്കൂട്ടുന്നത് പലതും പ്രകൃതി ബലത്തോടെ എടുക്കുമ്പോൾ പകച്ചുനിൽക്കാതെ നമ്മൾ എന്തുചെയ്യും? പക്ഷെ നാടിനുവേണ്ടി കർഷകർ സഹിക്കുന്ന ചില ത്യാഗങ്ങളുണ്ട്. അവ എന്താണെന്നോ?  പാടത്തെ ബണ്ടുകൾ ശക്തിപ്പെടുത്താനും, മടവീഴ്ച തടയാനും അവർ മുന്നിട്ടിറങ്ങുന്നു. സ്വന്തം ജീവരക്ഷയെക്കാൾ നാടിന്റെ രക്ഷയ്ക്ക് അവർ പ്രാധാന്യം കൊടുക്കുന്നു. പ്രളയനാളുകളിൽ നാട്ടിലെ സൈനികർ മറ്റാരുമല്ല. ബണ്ടു ശക്തിപ്പെടുത്താൻ സർക്കാർ സഹായം കിട്ടുന്നത് വിരളമാണ്. പലപ്പോഴും സ്വന്തം കീശയിൽ നിന്ന് പണമിറക്കിയാണ് അവർ നാടിനെ സംരക്ഷിക്കുന്നത്. അതിൽ അവർക്ക് പ്രത്യേകിച്ച് ലാഭമെന്ന് പറയാൻ ഒന്നുമില്ല. കാലങ്ങളായി കർഷകർ ചെയ്യുന്ന കാര്യം അവർ തുടർന്നുപോരുന്നുവെന്ന് മാത്രം.  

വീടിനു മുൻവശത്തെ കടവ് പാടശേഖരത്തെ കൃഷി  ഇൻഷുറൻസെടുക്കാതെയാണ് പാടസമിതിക്കാർ ചെയ്‌തത്‌. കഴിഞ്ഞകൊല്ലത്തെപോലെ ഇപ്രാവശ്യവും വെള്ളം കയറി. കൃഷി നശിച്ചു. എന്നാൽ നഷ്ടപരിഹാരമായി എന്ത് ലഭിക്കുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുന്നു. 

കുട്ടനാട്ടിലെ കർഷകരെയും, കൃഷിസംവിധാനത്തെയും ഉണർത്തുകയെന്ന ലക്ഷ്യത്തോടെ സർക്കാർ അവതരിപ്പിക്കുന്ന കുട്ടനാട് കാർഷിക സോൺ പദ്ധതിയിലാണ് ഇനി പ്രതീക്ഷയുള്ളത്. കൂട്ടുത്തരവാദിത്തത്തോടെ കൃഷി ചെയ്യാനും, നെല്ല് സംഭരണം വൈകിപ്പിക്കാതിരിക്കാനും, വിളഞ്ഞ നെല്ല് കാലതാമസം കൂടാതെ കൊയ്തെടുക്കാനും, സംഭരിച്ച നെല്ല് കാര്യക്ഷമമായി മാർക്കറ്റ് ചെയ്ത് വിപണിയിലിറക്കാനുമുള്ള കുട്ടനാട്ടിലെ കർഷകരുടെ കാത്തിരിപ്പിന് ഒരറുതി ഉണ്ടാവണം.  കർഷകർക്ക് സുഗതമായി കൃഷി ചെയ്യാനുള്ള സൗകര്യമെങ്കിലും നമ്മൾ ഒരുക്കിക്കൊടുക്കണം. അല്ലാത്ത പക്ഷം അവരോട് ചെയ്യുന്ന അവഗണനകൾക്ക് കാലത്തിന്റെ മറുപടി നമ്മെത്തേടിയെത്തും.  

      



Comments

  1. എങ്ങനെ ഇതിനെയൊക്കെ അതിജീവിക്കാം എന്നാണ് നാം ആദ്യം പഠിക്കേണ്ടത്

    ReplyDelete

Post a Comment

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ