കോലുമിട്ടായിക്കാലം
തൊണ്ണൂറുകളിൽ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ വളർന്ന കുട്ടികൾക്ക് കോലുമിട്ടായിയോട് ഒരു പ്രത്യേക രീതിയിലുള്ള അടുപ്പമാണ്. കോലുമിട്ടായി നുണയാൻ പ്രായം ഒരു തടസ്സമാണോ? സിഗരറ്റ് വലി പോലെ, ബീഡി വലി പോലെ ഒരു സാധാരണ കാര്യമല്ലേ ഈ കോലുമിട്ടായിത്തീറ്റ? ഒന്ന് നമ്മുടെ പ്രായവളർച്ചയുടെയും, മറ്റൊന്ന് പ്രായക്കുറവിന്റെയും അളവുകോലാണെന്ന് നമ്മൾ എന്തിനു കരുതണം?
നമ്മുടെ രണ്ടു കൈവിരൽ മിട്ടായിക്കോലിൽ ചേർത്തുവെച്ചു നാവിൽ നുണയാൻ എന്ത് രസമാണ്! മറ്റു പല മിട്ടായികളും കഴിച്ചുതീർക്കാൻ നമ്മൾ കാട്ടുന്ന പരാക്രമം കോലുമിട്ടായിയോട് നമ്മൾ കാട്ടിയെന്ന് വരില്ല. നാവിൽ നുണഞ്ഞു ആ മിട്ടായിയുടെ സത്ത മുഴുവനായി കിട്ടും വരെ അത് ചിലപ്പോൾ വായിൽ കിടക്കും.
മിട്ടായി തിന്നുനടന്ന കാലത്തു പങ്കുവെച്ചുതിന്നൽ മുഖ്യമായിരുന്നു. പല ദിവസം പലരാണ് മിട്ടായിയുമായി എത്തുക. സ്‌കൂൾ നാളുകളിൽ മിട്ടായി പങ്കുവെച്ചുതിന്നപ്പോൾ കിട്ടേണ്ട പങ്ക് നഷ്ടമായതിൽ 'മനം നൊന്ത' ഒരു വിരുതനാണ് കോലുമിട്ടായി വാങ്ങാൻ ആദ്യമായി ആവേശം കാട്ടിയത്. വാങ്ങിക്കഴിഞ്ഞപ്പോഴല്ലേ അതിൻ്റെ ഗുട്ടൻസ് പിടികിട്ടിയത്.
ഒരാൾ മുഴുവനായി വായിലിട്ടു നുണഞ്ഞ മിട്ടായി കഴിക്കാൻ എല്ലാവരും കൂട്ടമായി മുന്നോട്ടുവരില്ല. ഒന്നോ രണ്ടോ പേർ മാത്രമാണ് അന്ന് പങ്ക് ചോദിച്ചത്. അവരെ ആ വിരുതൻ നൈസായി ഒതുക്കിക്കളഞ്ഞു .
വലുതായ ശേഷം നാട്ടിലെ കടയിൽ ഗ്ലാസ് ജാറിൽ കൂട്ടമായിരുന്ന കോലുമിട്ടായി എന്നെ പഴയൊരു കാലത്തേക്ക് കൊണ്ടുപോയി. പക്ഷെ കോലുമിട്ടായി എന്ന് കടയിൽ എല്ലാവരും കേൾക്കെ പറയാൻ എന്തോ മടി തോന്നി. ആ പഴയ പത്തുവയസ്സുകാരനിൽ നിന്ന് മനസ്സും, ശരീരവും മുന്നോട്ട്പോയിരിക്കുന്നതാണോ അതിനു കാരണം?
"ചേട്ടാ, ബാക്കി പൈസയ്ക്ക് നാല് ലോലിപ്പോപ്പ് എടുത്തോ," അങ്ങനെ പറഞ്ഞു.
ചേട്ടൻ എന്നെ നോക്കി. വൃത്തിയായി പൊതിഞ്ഞ കോലുമിട്ടായിപൊതി എനിക്ക് തന്നു. പണ്ട് പൈസ കൊടുക്കാതെ മിട്ടായി അടിച്ചുമാറ്റാൻ നടത്തിയ പാഴ്ശ്രമം ഭംഗിയായി പൊളിച്ചത് ഇതുപോലെ ഒരു ചേട്ടനാണ്. ചേട്ടൻ പോയ ശേഷം ചേട്ടന്റെ ഭാര്യ ആ കട നടത്തുന്നു. ഇടയ്ക്ക് അവിടെ പോകുമ്പോൾ എന്തെങ്കിലും വാങ്ങിക്കാറുണ്ട്.
കോലുമിട്ടായി സ്വന്തം വായിലിടാൻ വീട്ടിലെത്തുന്നതു വരെ കാത്തില്ല. വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ അച്ഛനും, അമ്മയ്ക്കും, അനിയത്തിക്കും ഓരോന്ന് വീതം പങ്കുവെച്ചു. അനിയത്തിയുടെ പക്കൽ അൽപ്പം ചോക്ലേറ്റ് ഉണ്ടായിരുന്നത് എൻ്റെ ഭാഗ്യം. അതാണല്ലോ ഈ കോലുമിട്ടായി ഇപ്പോൾ എനിക്ക് വെച്ചുനീട്ടാനും കോലുമിട്ടായിക്കുറിപ്പ് ഇവിടെ കുറിക്കാനും കാരണം. കോലുമിട്ടായി ഇഷ്ടപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്! പ്രായം നോക്കാതെ ഒരെണ്ണം വാങ്ങിക്കഴിച്ചില്ലെങ്കിൽ അവസാനം പരസ്യത്തിൽ പറയുന്നതുപോലെ ചിലപ്പോൾ "എനിക്കും വീടിനും (മനസ്സിന്?) വയസ്സായി" എന്ന് വ്യസനിച്ചിരിക്കേണ്ടി വരും. അന്നേരം "അറിഞ്ഞില്ല, പറഞ്ഞില്ല" എന്നൊന്നും പറയരുത്!

Comments
Post a Comment