വഴികൾ
അൽപ്പം വിവരക്കേടും, അറിവില്ലായ്മയും, എന്തും വിചാരിച്ചാൽ നടക്കുമെന്ന ആത്മവിശ്വാസവും കൂടിച്ചേർന്നതാണ് നമ്മുടെ ജീവിതത്തിലെ ഒരു പ്രത്യേക കാലം. ആ നാളുകളിൽ നമ്മൾ കിനാവ് കാണുന്ന പല കാര്യങ്ങൾക്കും അൽപ്പായുസ്സാണ്. എന്നാൽ, ചില ആളുകളുണ്ട്. ജീവിച്ചുതുടങ്ങും മുതൽ അച്ചിലിട്ട യന്ത്രം പോലെ ക്ഷീണമില്ലാതെ പ്രവർത്തിച്ചു വിജയവഴിയിൽ എത്തിച്ചേരുന്നവർ. അവർക്ക് വിദ്യാഭ്യാസം അറിവിലേക്കുള്ള സ്ഥിരനിക്ഷേപവും,തൊഴിൽ സ്വയംവിമോചനത്തിലേക്കുള്ള പോരാട്ടവും ആകുന്നു.
ജീവിതത്തിൽ ഒരു വലിയ നേട്ടം കൈവരിക്കുമ്പോൾ അവർ പിന്നിട്ട വഴികളെക്കുറിച്ച് നമ്മൾ ഓർക്കും. ചിലർക്ക് ആ ഓർമ്മകൾ കോമ്പസ്സിന്റെ കുത്ത് പോലെയാണ്. ചെറുതായി ഒന്ന് വേദനിപ്പിക്കും. തനിക്കൊന്നും ആവാൻ ആയില്ലല്ലോ എന്ന് ചിലപ്പോൾ നെടുവീർപ്പിടും. ജയറാമിന്റെ ലോനപ്പന്റെ മാമോദീസ എന്ന സിനിമയിലെ കഥാപാത്രത്തെപ്പോലെ ഇഷ്ട്ടപ്പെടാത്ത ഒരു ജീവിതം കഷ്ട്ടപ്പെട്ട് ജീവിക്കും.
പിന്നെ ചിലരുണ്ട്. കഠിനാധ്വാനികൾ. ഒരു തീരുമാനം തെറ്റിയതിന്റെ പേരിൽ ഒരു വ്യാഴവട്ടം മുഴുവൻ വേദന തിന്ന് നടക്കുന്നവർ. അവർക്ക് വലിയ ആഗ്രഹങ്ങൾ ഉണ്ടാവും. പക്ഷെ, ഇടയ്ക്കെപ്പോഴോ അവരുടെ യാത്ര അവരുടെ ആഗ്രഹങ്ങളെ തേടിനടക്കുന്നതിൽ നിന്ന് വഴി മാറുന്നു. പോയ വഴി വെട്ടിത്തെളിച്ചു മിനുസപ്പെടുത്തുമ്പോഴേക്കും പോവാൻ ഉദ്ദേശിച്ച വഴി അടഞ്ഞുപോയെന്നിരിക്കും. പിന്നെ ചിലർക്ക് ഇതെല്ലാം ഒരു കളിയാണ്. വരുന്നതിനെ വരുന്നിടത്ത് വരുംവരായ്മകൾ നോക്കാതെ നേരിടാം എന്ന ലൈൻ. മറ്റുചിലർ കിട്ടിയത് കൊണ്ട് തൃപ്തരായി, പരാതിയില്ലാതെ ജീവിക്കുന്നു. ചില സമയങ്ങളിൽ ഇവരെല്ലാം പതറിപ്പോവാറുണ്ട്. നമ്മുടെ ജീവിതതീരുമാനങ്ങൾ ശെരിയോ തെറ്റോ എന്ന് ആവർത്തിച്ചാലോചിച്ചു സ്വയം-വിചാരണ നടത്താറുണ്ട്.
തിരഞ്ഞടുപ്പുകളുടെ, തിരസ്ക്കാരത്തിന്റെ, ഒഴിഞ്ഞുമാറലിന്റെ, ഒഴിവാക്കപ്പെടലിന്റെ വലിയ കളിയാണ് ഓരോ ജീവിതയാത്രികനെയും കാത്തിരിക്കുന്നത്. നമുക്ക് യോജിച്ചതെന്ന് നമുക്ക് ബോധ്യമാവുന്ന കാര്യങ്ങൾ തിരുത്തിത്തരാൻ പലരും കാണും. അത് ചിലപ്പോഴൊക്കെ നല്ലത് ചെയ്യും. പക്ഷെ, ചില തീരുമാനങ്ങളിൽ നമ്മൾ എത്തിച്ചേരുന്നത് ഒട്ടേറെ
ശ്രമകരമായ ആലോചനകൾക്കും, പ്രശ്നകരമായ പല സന്ദര്ഭങ്ങളും തരണം ചെയ്തു മുന്നോട്ട് പോയതിനു ശേഷമാവും. അവിടെ നിന്ന് വീണ്ടും തിരിച്ചുനടന്നു ഒരു പുതിയ പാത വെട്ടുന്നത് അവരെ സംബന്ധിച്ചു ഒരു പാഴ്ശ്രമമായി ചിലപ്പോൾ തോന്നാം.
ഓരോ ആളുകൾക്കും ഓരോ ജീവിതമാണ്. അവരെ അവരുടെ യുക്തിയും, ഉറച്ച ബോധ്യങ്ങളുമാണ് (അല്ലേ?) മുന്നോട്ട് നയിക്കേണ്ടത്. അവിടെ അയാൾക്ക് കിട്ടുന്ന കൈയ്യടികൾക്കും, കുത്തുവാക്കുകൾക്കും, മുള്ളുകൾക്കും കാരണം അയാൾ തന്നെയാവണം. ഒറ്റയ്ക്ക് വഴി വെട്ടണം എന്നല്ല പറഞ്ഞുവരുന്നത്. എല്ലാവരെയും കേൾക്കണം. തനിക്ക് പറഞ്ഞ വഴി ഏതെന്ന് മനസ്സിലാക്കിയെടുക്കണം. എല്ലാ കാര്യങ്ങളും, എല്ലാ ആളുകളും ഒരേ രീതിയിൽ ആവില്ല സ്വീകരിക്കുന്നത്. അത്കൊണ്ട് എല്ലാവരുടെയും സമ്മതം പ്രതീക്ഷിച്ചൊരു മുന്നോട്ട്പോക്ക് എന്നത് പൊതുവെ അസാധ്യം എന്ന് പറയപ്പെടുന്നു.
നമ്മുടെ വഴിയിൽ പതിയിരിക്കുന്ന സർപ്പക്കൂട്ടത്തെ വലുതായി പേടിക്കാതെ, ഒഴിഞ്ഞുനടക്കാൻ ധൈര്യമുണ്ടാവണം. ഒറ്റയ്ക്ക് നടന്നാലും, ഒരുമിച്ചു നടന്നാലും എല്ലാവരും എപ്പോഴും ഒപ്പം കാണില്ലെന്ന് നന്നായി ഓർക്കണം. ചിലർക്ക് ചെറിയ ചെറിയ ആഗ്രഹങ്ങൾ വിജയിച്ചുകാണുന്നതാണ് താൽപ്പര്യം. ലോകത്തിന്റെ നെറുകയിൽ വട്ടമിട്ട് പറക്കാനല്ല, ആകാശത്തോട് ചേർന്ന്, കാറ്റേറ്റ് പതിയെ പറക്കാനാണ് ഇഷ്ടം. അവർക്ക് ഉയരങ്ങളോടുള്ള ഭയമാണെന്ന വാദത്തിൽ വലിയ കഴമ്പില്ല. അവരുടെ വഴി എന്താണെന്നും, എങ്ങനെ പോയാൽ മതിയെന്നും ഒരു പക്ഷെ അവർക്കും ബോധ്യമുണ്ടായിരിക്കാം. അപ്രതീക്ഷിതമായ കാര്യങ്ങൾ വന്നുചേർന്നാലും, അവയെ ധൈര്യപരമായി തരണം ചെയ്യാൻ ചിലപ്പോൾ അവർക്ക് ശേഷി ഉണ്ടായിരിക്കാം. അവരുടെ താഴ്ന്നുപറക്കൽ അവരെ ചുറ്റും നടക്കുന്ന കാര്യങ്ങളെ മനസ്സിലാക്കാൻ സഹായിക്കുമായിരിക്കാം.
പക്ഷെ, ഉയരത്തിൽ നിൽക്കുന്നവർക്ക് തൻ്റെ പ്രിയ ആളുകളെ ഉയരത്തിലേക്ക് പിടിച്ചുകയറ്റാൻ ആണ് താൽപ്പര്യം. അയാൾ അവിടെ അനുഭവിക്കുന്ന സുഖം മറ്റേയാൾക്കും കിട്ടട്ടെ എന്ന സ്നേഹപരമായ കരുതലാണ് അയാളെ അതിനു പ്രേരിപ്പിക്കുന്നത്. പക്ഷെ, മറ്റേയാളാകട്ടെ, ചിലപ്പോൾ ഒരുപാട് വീണ്ടുവിചാരങ്ങൾക്ക് ശേഷമാവും താഴ്ന്നു പറന്നാൽ മതിയെന്ന തീരുമാനത്തിൽ എത്തിച്ചേരുന്നത്. അയാൾ മുകളിലേക്ക് പോയെന്നും, പോയില്ലെന്നും വരാം. വിജയിച്ചെന്നും, ഇല്ലെന്നും വരാം. അതൊന്നും നേരത്തെ പറയാൻ സാധിക്കുന്ന കാര്യമല്ല. ഓരോന്നും അറിയാൻ അതിന്റേതായ സമയവും, കാലവും പിടിക്കും. എല്ലാം നേരത്തേയറിയാൻ നമ്മൾ വാശി പിടിച്ചിട്ട് വലിയ കാര്യമില്ല.
ഒരാളുടെ ആഗ്രഹങ്ങൾ വലിയ ആളുകൾക്ക് ചെറുതായി തോന്നിയാലും, അയാളുടെ ഉള്ളിൽ അവയ്ക്ക് വലിയ വലിപ്പമാണെങ്കിൽ, അയാൾക്ക് ആ ആഗ്രഹങ്ങളുടെ കൂടെ നടന്നാലാണ് കൂടുതൽ വ്യക്തത ലഭിക്കുന്നതെങ്കിൽ, അയാൾ അയാളുടെ വഴിയിൽ, അയാൾക്ക് ഇഷ്ടപ്പെടുന്നപോലെ നടക്കുന്നതാണ് അഭികാമ്യം. ഒരൊറ്റ ജീവിതമാണുള്ളത്. ആ ജീവിതം നമുക്ക് സ്വന്തമാണ്. നമ്മൾ നമ്മുടെ ജീവിതമാണ് ജീവിച്ചുതീർക്കേണ്ടത്. നമ്മുടെ ശരിദിശയിലാണ് യാത്ര ചെയ്യേണ്ടത്. അതുകൊണ്ട്, നമ്മുടെ സന്തോഷം നമ്മുടെ സ്വകാര്യമായ സന്തോഷം മാത്രമായി ഒതുങ്ങിപ്പോയാലും, അത് നമ്മളെ സന്തോഷിപ്പിക്കുന്നുണ്ട് എങ്കിൽ, നമ്മുടെ അടുത്തുള്ളവരും ഒരു നാൾ സന്തോഷിക്കും എന്ന വിശ്വാസത്തിൽ നടന്നുകൊള്ളൂ! കാരണം, കഠിനാധ്വാനികളെ കാലം കൈവെടിഞ്ഞ ചരിത്രമില്ല എന്ന് നിങ്ങൾക്കും അറിയുമല്ലോ.

അൽപ്പം വിവരക്കേടും, അറിവില്ലായ്മയും, എന്തും വിചാരിച്ചാൽ നടക്കുമെന്ന ആത്മവിശ്വാസവും കൂടിച്ചേർന്നതാണ് നമ്മുടെ ജീവിതത്തിലെ ഒരു പ്രത്യേക കാലം..
ReplyDeleteതീർത്തും ശരി ...!