നാട്ടുനടത്തം

കോവിഡ് നാളുകൾ ആത്മസ്സംഘർഷത്തിന്റെയും, പിരിമുറുക്കത്തിന്റെയും ദിവസങ്ങൾ മാത്രമാവാതിരിക്കാനുള്ള  ബോധപൂർവ്വമായ ശ്രമങ്ങൾ വേണമെന്ന് മനസ്സ് ആവർത്തിച്ചുമൊഴിഞ്ഞ നാളുകളിൽ തുടങ്ങിയ ചെറുവിനോദമാണ് എന്നെ  തിരിച്ചറിവിലേക്ക് കൂട്ടിക്കൊണ്ടുപോയത്.  ഒരു കാലത്തു ഞാൻ ഉല്ലസിച്ചു നടന്ന വഴികളിലൂടെ കാലങ്ങൾക്ക് ശേഷം എൻ്റെ  കാൽ വീണ്ടും തൊട്ടപ്പോൾ എൻ്റെ  നാടിനുണ്ടായ ചെറുതും, വലുതുമായ  പല മാറ്റങ്ങളും ഞാൻ തിരിച്ചറിഞ്ഞു. അവയിൽ ചിലവ എനിക്ക് പുളകം നൽകി . മറ്റുചിലവ  എന്നെ ഒരൽപ്പം നിരാശപ്പെടുത്തി. 






അകലങ്ങളിൽ ഇരുന്നു നാടിന്റെ  സ്പന്ദനങ്ങൾ നിരീക്ഷിക്കുന്ന സാധാരണക്കാരനാണ് ഇതെഴുതുന്നയാൾ. ഞാൻ അങ്ങനെയാണ് വളർന്നുവന്നത്. വീട്ടുകാർക്ക് എന്നെ  ഫോൺ വിളിച്ചാൽ കൂടുതലും പറയാനുള്ളത് നാട്ടിലെ വിശേഷങ്ങളാണ് . എന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കിയ മാതാപിതാക്കൾ എനിക്കിഷ്ടപ്പെടാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. സാധാരണ ആളുകൾക്ക് വലിയ കാര്യമെന്ന് തോന്നാത്ത പല കാര്യങ്ങളും ഞങ്ങൾക്ക് വലിയ വിശേഷങ്ങളാണ്. 

നാലുപാടം, തുരുത്തിച്ചിറ, തൈക്കൂട്ടം, വൈപ്പുമൂട്ടിൽ, കൊപ്പാറക്കടവ്, വൈശ്യംഭാഗം, ചെമ്പുംപുറം --  പല ദിവസങ്ങളായി ഏകദേശം മുഴുവൻ നാടും ഞങ്ങൾ നടന്നുതീർത്തു. എല്ലാ ദിവസവും നടക്കുന്ന അച്ഛനും, ചില ദിവസം ഒപ്പം  കൂടുന്ന അനിയത്തിയുമാണ് 'നാട്ടുനടപ്പിന്' പങ്കാളികൾ.

 വെളുപ്പിന് സൂര്യന്റെ വരവിനു തൊട്ടുമുൻപ് കാര്യപരിപാടികൾ തുടങ്ങും. ചെറിയ ഇടവഴികളും,  നാട്ടിലെ തുരുത്തും, തോട്ടിലെ പാലവും, വിശാലമായ പാടശേഖരവും, കഞ്ഞിപ്പാടം- വൈശ്യംഭാഗം പാലവും നടന്നു തന്നെ കയറും. ഞാൻ നടക്കാനില്ലാത്ത ദിവസങ്ങളിൽ അച്ഛൻ യാത്രാദൂരം അൽപ്പമൊന്നുകുറയ്ക്കും. 

ഇന്ന്, നാലു ദിവസത്തെ  ഇടവേളയ്ക്ക് ശേഷം വീണ്ടും നടന്നു.  എൻ്റെ  നടപ്പുശീലത്തിന് ഇടയ്ക്കൊക്കെ മുടക്കം വരുത്തുന്നത് ചില ജോലിത്തിരക്കുകളാണ്. എനിക്ക് രാവിലെ കുളിച്ചാണ് ശീലം.  അത് കഴിഞ്ഞാണ് എൻ്റെ നടത്തം. വെറുതെയുള്ള നടപ്പാണെന്ന് പറയാനാവില്ല. ഞങ്ങൾ നടന്ന വഴികളിൽ മനസ്സിൽ പതിഞ്ഞ ചില ചെറിയ കാഴ്ചകളെ സ്വന്തം  ഫോൺക്യാമറയിൽ പകർത്തിവെച്ചു. അവയിലെ ചില ചിത്രങ്ങൾ ചില പ്രത്യേക കൂട്ടുകാർക്ക് മാത്രമായി  പങ്കിട്ടു. പിന്നെ ഞങ്ങൾ  ഒരുപാട്  വീടുകൾ കയറി, കുറെ പുതിയ മനുഷ്യരുമായി  മിണ്ടി, പല പഴയ മനുഷ്യരുമായി ഓർമ്മകൾ  പങ്കിട്ടു,  ചില മനുഷ്യജീവിതങ്ങളെ അൽപ്പം അടുത്തുകണ്ടു, അവയിൽ ചിലവ മനസ്സിൽ തറച്ചുകയറി. 

ഒടുവിൽ നടന്ന് നടന്ന് കഞ്ഞിപ്പാടം കണ്ടുതീർത്തു. സംഗതി അത്ര നിസ്സാരമല്ലെന്ന് അനുഭവസ്ഥർ  പറഞ്ഞുതരും. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള നാട്ടുവാസമാണ്  ജനിച്ച ദേശത്തെ ഒരിക്കൽ കൂടി മുഴുവനായി കാണാനുള്ള ആഗ്രഹം എന്നിൽ ജനിപ്പിച്ചത്.  ഈ നാടോ, ഈ നാട്ടുകാരോ എൻ്റെ ലോകം കാണുന്നുണ്ടോ? എനിക്ക് പറയാനുള്ളത് അവർ  കേൾക്കുന്നുണ്ടോ? എനിക്കെന്തെങ്കിലും പറയാനുണ്ടോ? എനിക്കെന്തെങ്കിലും ചെയ്യാനുണ്ടോ? അവർ പറഞ്ഞുതരുന്നത് ഞാൻ മനസ്സിലാക്കുന്നുണ്ടോ? എനിക്കറിയില്ല, പക്ഷെ ഒരു നാൾ ആ സത്യം ഞാൻ തിരിച്ചറിയും എന്ന് നിസ്സംശയം പറയാം.  

കഞ്ഞിപ്പാടം സംസ്ക്കാരസമ്പന്നമായ മനുഷ്യരുടെ ഭൂമിയാണ്. ഇവിടെ ജീവിച്ചിരുന്ന മനുഷ്യർ വളരെ പ്രത്യേകതകൾ  നിറഞ്ഞവരാണ്. ആരാലും അറിയപ്പെടാത്ത ചില വലിയ മനുഷ്യർ ഇവിടെ ഇപ്പോഴുമുണ്ട്. അവരിൽ ചിലരുമായുള്ള  സഹവാസവും, കൊടുക്കൽ വാങ്ങലും എന്നെ വളർത്തിവലുതാക്കിയത് ഞാൻ മറന്നിട്ടില്ല. കാലമേറെ കഴിഞ്ഞാലും, ലോകമേറെ കണ്ടാലും, നല്ല കഞ്ഞിപ്പാടത്തുകാരനായി നാട് എന്നെ അറിഞ്ഞിട്ട് കണ്ണടഞ്ഞാൽ മതി :)..   


 



   



   

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ