ചവച്ചു തുപ്പിക്കോ...

നമ്മുടെ കറികൾക്ക് നല്ല രുചി ലഭിക്കാൻ കറിവേപ്പിലയുടെ സാന്നിധ്യം  കൂടിയേ  മതിയാകൂ. വീട്ടു മുറ്റത്തെ/ പറമ്പിലെ ഏതെങ്കിലും ഒഴിഞ്ഞ കോണിൽ വളരുന്ന ചെടിയാണ് കറിവേപ്പു. നമ്മൾ ശ്രദ്ധ കൊടുത്താലും, ഇല്ലെങ്കിലും കറിവേപ്പ് തഴച്ചുവളരും. 

നിങ്ങൾ കറിവേപ്പില ചവച്ചുതുപ്പുന്ന ആളാണോ? വീട്ടിലെ  കറിവേപ്പിലയ്ക്ക് വളം കൊടുക്കുന്നവർ ആരൊക്കെയുണ്ട്? 

വേപ്പ് മരത്തിന്റെ തൈയാണ് വീട്ടിൽ നട്ടിരിക്കുന്നതെങ്കിലോ? ചിലപ്പോൾ ആളുകൾ വേപ്പിന് കൂടുതൽ ശ്രദ്ധ കൊടുത്തെന്നിരിക്കും. കാരണം, വേപ്പിന്റെ ഔഷധമൂല്യം വളരെ പ്രസിദ്ധമാണല്ലോ. വീട്ടിൽ നിന്നാൽ ഒരു ഭംഗിയാണ്. അതുകൊണ്ട്  വേപ്പിനെ പരിപാലിക്കാൻ പലർക്കും മടി കാണില്ല. 

നമ്മൾ കറിവേപ്പിലച്ചെടിയെ ചിലപ്പോൾ അവഗണിച്ചെന്നു വന്നേക്കാം. കറിവേപ്പിലയ്ക്ക് വളമിട്ടാൽ അതൊരു പാഴ്ചിലവാണെന്ന് പറഞ്ഞെന്ന് വരാം. അതിന്റെ ചെറുതും, പരുക്കനുമായ തോൽ ഭാഗവും, കയ്പ്പുരുചിയും ആളുകൾക്ക് ഇഷ്ടപ്പെടാൻ അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ രുചികരമായ ഭക്ഷ്യവിഭവങ്ങൾ ഒരുക്കേണ്ട നാൾ നമ്മൾ കറിവേപ്പിന്റെ ചുവട്ടിൽ ചെല്ലും. ഇലത്തണ്ടുകൾ മുറിച്ചെടുക്കും. 

അല്ലെങ്കിൽ അയലത്തോ, കടയിലോ ചെന്ന് കറികളിൽ ചേർക്കാൻ ആവശ്യത്തിന് മാത്രം വാങ്ങും. ഭക്ഷണം തയ്യാറാകും. ആളുകൾ ആസ്വദിച്ചു കഴിക്കും. എന്നാൽ കറിവേപ്പിലയെ ചവച്ചുതുപ്പും. പാത്രത്തിൽ നിന്ന് എടുത്തുമാറ്റും. പക്ഷെ, നമ്മൾ നിരുപാധികം തുപ്പിക്കളയുമ്പോഴും, കറിയുടെ സ്വാദിനുപിന്നിലെ കാരണക്കാരൻ ആരാണെന്ന വസ്തുത അതുപോലെ നിലനിൽക്കും. 

ചില മനുഷ്യർ കറിവേപ്പില പോലെയാണ്! ആളുകൾ നമ്മളെ ഉപയോഗിച്ച് കാര്യങ്ങൾ നേടിയെടുക്കും. അതിൽ പ്രത്യേകിച്ച് കുഴപ്പം ഉണ്ടെന്നു പറയാനാകില്ല. കാരണം എന്തെന്ന് പറയാം.. നമ്മൾ ഉപകാരിയായിരിക്കുന്നത് എല്ലാവർക്കും ഒരു പ്രയോജനമാണ്. 

എന്നാൽ എല്ലാത്തിനും ഒരു പരിധിയുണ്ട്! ആവശ്യത്തിലധികം പറിച്ചെടുത്താൽ  കറിവേപ്പിലച്ചെടി ഉണങ്ങുന്നതുപോലെ മനുഷ്യർ വാടിത്തുടങ്ങും. ചിലപ്പോൾ, അവരുടെ മുഖത്തെ പുഞ്ചിരി വിഷാദത്തിലേക്ക് വഴി മാറും. 

തങ്ങൾ മനസ്സിലുദ്ദേശിച്ച കാര്യം നേടിക്കഴിഞ്ഞാൽ ആളുകൾ ചിലപ്പോൾ കറിവേപ്പിലയെ മറന്നെന്ന് വരാം. മാലിന്യക്കൂനയിൽ തള്ളിയിട്ടെന്ന് വരാം. പുതിയ പുതിയ കാര്യങ്ങൾ നേടാനും, പഴയതിനെ നിരുപാധികം പിഴുതുകളയാനും നമുക്ക് മടിയില്ലല്ലോ.

മറ്റുള്ളവർ തന്നെ ചവച്ചുതുപ്പിയാലും, ഇല്ലെങ്കിലും കറിക്കൂട്ടിൽ താൻ ഇല്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും എന്ന വസ്തുതയെ ഓർത്തു കറിവേപ്പില ആശ്വാസം കൊള്ളുക. കറിവേപ്പിലയില്ലെങ്കിൽ ചില കാര്യങ്ങൾ ഉറപ്പായും കുഴപ്പമാകും. അതോർത്തു അഹന്ത തോന്നണമെന്ന് ഒരിക്കലും പറയില്ല. നിലത്തുനിൽക്കുന്ന, ഉയരം കുറഞ്ഞ ചെടിയാണ് താനെന്ന വസ്തുത മറ്റുള്ളവർ മറന്നാലും കറിവേപ്പില മറക്കരുത്.  

തൻ്റെ ചെറിയ ശിഖരങ്ങളും, നാമ്പുകളും നുള്ളിക്കളയുന്നവരെ ചിലന്തിയും, മറ്റു ജീവജാലങ്ങളും കൈകാര്യം ചെയ്താലും, ചെയ്തില്ലെങ്കിലും കറിവേപ്പിലയ്ക്ക് ഒന്നും തോന്നാൻ പാടില്ല. 

ആളുകൾക്ക് കറിവേപ്പിലയോട് ഇഷ്ടക്കുറവ് തോന്നിയാലും കറിവേപ്പിലയില്ലാതെ കറിയുടെ രുചി പൂർണ്ണമാവില്ല എന്നും, വേപ്പ് പോലെ തന്നെ ആരോഗ്യപ്രദാനിയാണ് താനും എന്ന കാര്യം മറക്കാതെയിരിക്കുക. 


കറിവേപ്പിലയെ നുള്ളിനോവിക്കാൻ വരുന്നവരോട്

ഒരാവശ്യം വരുമ്പോൾ അതിനൊത്ത് നിറം മാറാൻ നിങ്ങൾക്ക് സാമർഥ്യമുണ്ടെന്ന് 'പാഴ്ചെടികളായ' ഞങ്ങൾക്ക് നന്നായി അറിയുന്ന കാര്യമാണ്. ഞങ്ങൾ കറിവേപ്പിലയില്ലാതെ ഒരു കറിക്കും സ്വാദുള്ള രുചി നിലനിൽക്കില്ലെന്ന കാര്യം നിങ്ങൾ മനസ്സിലാക്കിയാലും ഇല്ലെങ്കിലും നിങ്ങൾ രസിച്ചുകഴിക്കുന്ന ഭക്ഷണത്തിന്റെ സ്വാദ് ഞങ്ങളുടെ വളർച്ചയുടെ കൂടെ പരിണിതഫലമാണ്.  

ഞങ്ങളെ ഇനിയും ചവച്ചുതുപ്പുമോ? ഇടയ്ക്ക് വെള്ളമൊഴിക്കാൻ കൂടുമോ? നിങ്ങളുടെ തീരുമാനം എന്തായാലും കറിവേപ്പില തളർന്നുനിൽക്കില്ല...  


 

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ