ഉൾക്കരുത്ത്
നമ്മളെ വളർത്താനും, തളർത്താനും ഉതകുന്ന, സുഹൃത്തും, വില്ലനുമാവാൻ കെൽപ്പുള്ള ഒരാൾ എല്ലാ സമയവും നമ്മളുടെ കൂടെത്തന്നെയുണ്ട്. എന്താണെന്നാണോ ചോദ്യം? ഉത്തരം നമ്മുടെ മനസ്സാണ്. നമ്മുടെ ഉള്ള് ചില കാര്യങ്ങൾ ഇച്ഛിക്കുന്നു. നമ്മൾ അതിനുവേണ്ടി കൈ മെയ് മറന്ന് പ്രവർത്തിക്കുന്നു. ചിലപ്പോൾ മടിപിടിച്ചിരിക്കുന്നു. രണ്ടായാലും, കൈക്കരുത്ത് മാത്രമുണ്ടായാൽ കാര്യമില്ല. നമ്മുടെ ശാരീരികബലത്തിന് പരിമിതികളുണ്ട്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശരീരം കരുത്താർജിച്ചാൽ മാത്രം മതിയാവില്ല. എന്നാൽ കൈക്കരുത്തും, മനക്കരുത്തും ഒത്തുചേർന്നാലോ? കാര്യങ്ങൾ വ്യത്യസ്തമാവും. ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്നെന്ന ബഷീറിയൻ കണ്ടുപിടിത്തം പോലെ വലിയ പ്രശ്നങ്ങളെ കരുത്തോടെ നേരിടാൻ നമ്മൾ സജ്ജരാകുന്നു.
പതർച്ച
തളർന്നുപോവുന്ന നാളുകൾ ഏറെയുണ്ടെന്നും, അവയെ കാണാതെ നടിക്കാൻ നമുക്കാർക്കും കഴിവില്ലെന്നും ഒരു പൊതുസത്യമാണ്. നമ്മൾ വാടിപ്പോകുന്നത് നമ്മുടെ ഇഷ്ടപ്രകാരമല്ല. ജീവിതത്തിലെ ചില സന്ദർഭങ്ങൾ നമ്മുടെ ഇഷ്ടത്തിന് കാത്തുനിൽക്കില്ല. അവ സംഭവിക്കുന്നു. നമ്മൾ ചിലപ്പോൾ പകച്ചുനിന്നേക്കാം. തളർന്നുപോയെന്നും വരാം. അങ്ങനെയുള്ള വിഷമഘട്ടങ്ങളിൽ നമുക്ക് തുണയാവേണ്ടത് നമ്മുടെ മനസ്സാണ്.
നമ്മുടെ ഒരു വിശ്വസ്തനായ സുഹൃത്തിനെപ്പോലെ നിന്ന് സഹായിക്കാൻ മനസ്സിനെ പ്രാപ്തമാക്കാൻ നമ്മൾ കൂടുതൽ കഷ്ടപ്പെടേണ്ടതില്ല. മനസ്സിന്റെ വിളി എന്ന് കേട്ടിട്ടുണ്ടോ? ചില കാര്യങ്ങൾ ചെയ്യാനും, ചെയ്യാതിരിക്കാനും നമ്മളോട് പറയുന്ന, നമ്മുടെ ഉള്ളുകളിൽ പ്രകമ്പനം കൊള്ളുന്ന ആ ശബ്ദത്തെ നമ്മൾ അവഗണിക്കാതിരിക്കുക. അല്പമൊക്കെ ശ്രദ്ധ കൊടുത്തുതുടങ്ങുക. ഒരു സംഭാഷണം സ്വാഭാവികമായും ഉടലെടുക്കും. ഒരു വലിയ ചങ്ങാത്തതിനുള്ള തുടക്കം അവിടെയാണ് തുടങ്ങുന്നത്. മനസ്സിലുയരുന്ന ചിന്തകളിലൂടെയാണ് നാം നമ്മളെ കണ്ടെത്തുന്നതും, കാര്യങ്ങൾ മനസ്സിലാക്കുന്നതും.
തീരുമാനങ്ങൾ
ഒരാളുടെ ജീവിതത്തിൻ്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾക്ക് വലിയ പങ്കുണ്ട്. ഒരു കാര്യത്തിന്റെ പല വശങ്ങൾ ആലോചിച്ചശേഷം നമ്മൾ 'ഇങ്ങനെ ചെയ്യുന്നു' എന്ന് സങ്കൽപ്പിക്കുക. അപ്പോൾ ആ കാര്യത്തിന്റെ പല സാധ്യതകളെപ്പറ്റിയും, വരുംവരായ്കകളെക്കുറിച്ചും നാം ചിന്തിച്ചിട്ടുണ്ടാവും. ആ വിഷയത്തിൽ കൂടുതൽ വ്യക്തത കൈവരിക്കാൻ അത് നമ്മളെ സഹായിക്കും.
നമുക്ക് ഗുണകരമായ ഒരു തീരുമാനമെടുക്കാൻ പലപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ടോ? ഇല്ലാത്തവരായി അങ്ങനെ ആരും തന്നെ ഉണ്ടാകില്ല. മനസ്സിൽ പ്രശ്നങ്ങളുടെ ഒരു ആഴക്കടൽ പണിയാൻ നമുക്ക് വല്ലാത്ത മിടുക്കാണെന്ന് ചില അനുഭവസ്ഥർ പറയും. അതെന്തു തന്നെയായാലും നമ്മുടെ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ബാധ്യത നമ്മുടെ ചുമലുകളിൽ നിന്ന് വിട്ടുമാറുകയില്ല എന്ന സത്യം എപ്പോഴും ഓർമ്മയിലിരിക്കുന്നത് നല്ലതാണ്.
കാര്യങ്ങൾ വിപരീതദിശയിൽ പോയാൽ
നമ്മൾ ആലോചിക്കുന്നതുപോലെ എല്ലാ കാര്യങ്ങളും സംഭവിക്കാനിടയില്ല എന്ന യാഥാർഥ്യബോധ്യം എപ്പോഴും ഉണ്ടായിരിക്കുന്നത് മനസ്സ് അൽപ്പം തണുക്കാൻ ഉപകാരപ്പെടും എന്നാണ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയാനുള്ളത്. നമ്മുടെ പ്രശ്നങ്ങൾക്ക് ഉത്തരം തേടി ഒരുപാട് ആളുകളുടെയടുത്തു ഓടിച്ചെല്ലുന്നവരും, അവയെ മനസ്സിൽ സൂക്ഷിച്ചുവെച്ച് അതിനെ പെരുപ്പിക്കുന്നവരും ഇവിടെ കഴിഞ്ഞുകൂടുന്നു. എല്ലാവരും ഒരേതരത്തിലാവില്ല കാര്യങ്ങളെ സമീപിക്കുന്നത്. പൊതുജനം പലവിധം എന്ന ചൊല്ല് മനുഷ്യമനസ്സുകളുടെ കാര്യത്തിലും ഏതാണ്ട് ശരിയാണ്.
ചില പ്രശ്നങ്ങളെ അൽപ്പം ആഴത്തിൽ പഠിക്കാൻ അന്യതാബോധം (നമ്മളെ മറ്റൊരാളായി സങ്കൽപ്പിച്ചു തീരുമാനങ്ങൾ എടുക്കുന്ന സമീപനം)നമ്മളെ സഹായിക്കും. ഉദാഹരണത്തിന്, നമ്മളോട് മറ്റൊരാൾ അവരുടെ പ്രശ്നങ്ങൾ പറയുന്നു എന്ന് വിചാരിക്കുക. അങ്ങനെ സ്വന്തം ജീവിതത്തിൽ ഉണ്ടായ സമാനമായ സന്ദർഭങ്ങൾ ഓർത്തുനോക്കൂ. അധികം ആലോചനയിൽ മുഴുകാതെ എളുപ്പത്തിൽ ഒരു മാർഗ്ഗം നിർദേശിക്കാൻ സാധിക്കാറുണ്ടോ? ഉണ്ട് എന്നാണു ഉത്തരമെങ്കിൽ മറ്റൊരു ചോദ്യം ചോദിക്കട്ടെ...
ഇങ്ങനെ ഒരു പ്രശ്നം സ്വന്തം ജീവിതത്തിൽ സംഭവിച്ചിരുന്നു എങ്കിൽ ഉചിതമായ മറുപടി കണ്ടെത്താനും, ആ തീരുമാനത്തിൽ തൃപ്തിപ്പെടാനും നിങ്ങൾക്ക് കഴിയാറുണ്ടോ? അങ്ങനെ കഴിയുന്നവർക്ക് ജീവിതത്തിൽ അത്യാവശ്യം വേണ്ട ചില കഴിവുകൾ സമ്പാദിച്ചതിൽ അഭിമാനിക്കാം. അല്ലാതെയുള്ളവർ ഉത്തരം കണ്ടെത്താനുള്ള നമ്മുടെ കഴിവ് നമ്മെ വിട്ടെങ്ങും പോയിട്ടില്ലെന്നും, അതിനെ ഉപയോഗപ്പെടുത്തിയാൽ കാര്യങ്ങൾ ശരിദിശയിൽ പോകും എന്ന് വിശ്വസിക്കുകയുമാണ് വേണ്ടത്.
സന്തോഷം തേടുന്ന നമ്മൾ
നമുക്ക് നമ്മൾ വളരെ പ്രിയപ്പെട്ടവരാകുന്നു. നമ്മുടെ സന്തോഷം മുടക്കുന്ന ഒന്നിനോടും നമുക്ക് താല്പര്യപ്പെടാൻ സാധിക്കില്ല. പലപ്പോഴും മറ്റാളുകളെ അൽപ്പം ആശങ്കയോടെയാണ് നമ്മൾ സമീപിക്കാറുള്ളത്. അവർ മുഖേന നമുക്ക് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുമോ എന്ന ചോദ്യം നമ്മുടെ മനസ്സുകളിൽ പലപ്പോഴും ഉയർന്നുവരുന്നുണ്ട്. വ്യാപാരിയുടെ, പോലീസിന്റെ, അധ്യാപകന്റെ, ഉന്നതഉദ്യോഗസ്ഥന്റെ, വീട്ടുകാരുടെ, സുഹൃത്തിന്റെ ചില ചോദ്യങ്ങൾ നമ്മളെ അസ്വസ്ഥരാക്കുന്നുണ്ടോ?
അവരോട് വിശ്വാസക്കുറവ് തോന്നാൻ എന്താണ് കാരണം? നമുക്ക് വേണ്ടത് എന്തെന്നും, വേണ്ടാത്തത് എന്താണെന്നും നിർണ്ണയിക്കാൻ പോലും സാധിക്കാത്ത കുറെയേറെ ജീവിതസന്ദർഭങ്ങളുണ്ട്. നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണച്ചരട് മറ്റൊരാളുടെ/ ഒരു സംവിധാനത്തിന്റെ കൈപ്പടിയിൽ വന്നുചേർന്നാൽ നമുക്ക് വല്ലാത്ത അസ്വസ്ഥത തോന്നും. അതിൽ അസ്വാഭാവികത ഒന്നും തന്നെയില്ല. നമ്മൾ എല്ലാവരും സ്വാതന്ത്ര്യ ദാഹികളാണ്. നമുക്ക് നമ്മളാണ് ശരി. അതുകൊണ്ട് നാം നമ്മളുടെ ഭാഗത്തു നിന്നുകൊണ്ടാണ് പ്രധാനമായും ചിന്തിക്കുന്നത്. ഇങ്ങനെ ചിന്തിക്കുന്നതിന്റെ മറുവശം പറയാം. മറ്റെയാളിന് പറയാനുള്ളത് അറിഞ്ഞശേഷം പ്രതികരിക്കുമ്പോഴാകും ആ കാര്യം നമുക്ക് നല്ലതിനോ, ദോഷത്തിനോ എന്ന ചോദ്യത്തിൽ നമുക്ക് കൂടുതൽ വ്യക്തത വരിക. പക്ഷെ മറുപടികൾക്ക് കാത്തുനിൽക്കാനുള്ള ക്ഷമാശീലം ഇപ്പോൾ നമുക്കുണ്ടോ?
ക്ഷമ
ജീവിതത്തിൽ ക്ഷമ പോലെ ഉത്തമമായ മറ്റൊരു ഗുണവിശേഷം ഉണ്ടോയെന്ന് എനിക്കറിയില്ല. ചില കാര്യങ്ങളുടെ ഉള്ളറിയാൻ നമ്മൾ ആശിക്കുന്നെങ്കിൽ നമുക്ക് വേണ്ടത് അതിൻ്റെ വിവിധ വിശേഷതകൾ മനസ്സിലാക്കാൻ പാകമായ സ്വയം സന്നദ്ധതാശേഷിയും, അർപ്പണബോധവുമാണ്. ക്ഷമ ഒരു മൂർച്ചയേറിയ ആയുധവും, സാധനയുമാണ്. ജീവിതത്തിൽ പല ഘട്ടങ്ങളിൽ വിവേകപൂർവ്വം പ്രവർത്തിക്കാൻ നമ്മെ സഹായിക്കുന്ന ഗുണവിശേഷമാണ്. ജീവിതയാത്രയിൽ സ്വന്തമായി എന്തെങ്കിലും നേടണം എന്നാണ് ആഗ്രഹമെങ്കിൽ അതിനു പ്രാപ്തമാക്കുന്ന ചില ഗുണഗണങ്ങൾ നമുക്കുള്ളത് എപ്പോഴും ഒരു ബലമാണ്.
ഏതൊരു പ്രയാസത്തെയും മറികടക്കാനുള്ള കരുത്തും, ശേഷിയും, ആർജ്ജവും, മനോബലവും നമ്മുടെ ഉള്ളുകളിൽ തന്നെയുണ്ട്. അതിനെ ചിതലരിക്കാതെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ആവശ്യവും, ഉത്തരവാദിത്തവും ആകുന്നു. നമ്മളാരും കരുത്തു കുറഞ്ഞവരല്ല. ജീവിതപോരാട്ടത്തിൽ ആയുധം പണയം വെച്ച് സന്ധി ചെയ്യേണ്ടവരുമല്ല. നമ്മുടെ ലക്ഷ്യങ്ങൾക്ക് മുൻപിൽ എത്തിച്ചേരേണ്ടവരാണ്. അതുകൊണ്ട് പതറാതെ മുന്നോട്ട്നടക്കുക. പോകാനുള്ള വഴി എത്ര ഇടുങ്ങിയതായാലും നമുക്ക് വഴികാട്ടിയായി നമ്മുടെ മനസ്സ് ഉണ്ടാകുമെന്ന ഉറപ്പിൽ ധൈര്യം ചോരാതെ നമുക്ക് സഞ്ചരിക്കാം.

Comments
Post a Comment