റോഡ് ആക്ടിവിസം


ആമുഖം 

ഇതൊരു ക്രെഡിറ്റ്-മോഷണക്കുറിപ്പല്ല! കഞ്ഞിപ്പാടത്തു താറുമാറായിക്കിടന്ന ഒരു റോഡ്‌ ശരിയാക്കിയെടുക്കാൻ പ്രദേശവാസികളായ ഞങ്ങളിൽ ചിലയാളുകൾ നടത്തിയ ചില ചെറിയ ശ്രമങ്ങളുടെ വിവരണമാണ്.   

ഞങ്ങൾ എന്ന് പറയുമ്പോൾ, റോഡ് യാഥാർഥ്യമാവാൻ അകലെയിരുന്നു പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രവാസിയും, കൊറോണക്കാലത്ത് നാട്ടിൽ എത്തിയ ചെറുപ്പക്കാരും, നാട്ടിലെ സാമൂഹികവിഷയങ്ങളിൽ സജീവമായി ഇടപെടുന്ന പ്രതികരണശേഷിയുള്ള മനുഷ്യരും ഉൾപ്പെടും. 

കോവിഡ് കാലത്ത് നാട്ടിൽ കുറച്ചു നാൾ തങ്ങിയ നാളുകളിലാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കാണാൻ തന്നാൽ കഴിയുന്ന എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നത്. നെൽക്കർഷകരും, വിദ്യാർത്ഥികളും, വീട്ടമ്മമാരും, ഗർഭിണികളും, ഇരുചക്ര-നാലുചക്ര വാഹനയാത്രികരും, അംഗപരിമിതരും റോഡിൽ കഷ്ടപ്പെട്ട് സഞ്ചരിക്കുന്ന കാഴ്ച്ച ആരെയാണ് നിരാശപ്പെടുത്താത്തത്? 

ഇപ്പോൾ പ്രതീക്ഷിക്കാൻ വകയുണ്ട്!കഞ്ഞിപ്പാടം എകെജി-പോട്ടത്തറ റോഡ് ടെൻഡർ നടപടികൾ പൂർത്തിയായ വിവരം ഫേസ്ബുക്കിൽ അറിയിച്ച മെമ്പർ സി പ്രദീപിന്റെ പോസ്റ്റ് ഓർമ്മകളെ അൽപ്പം പിന്നോട്ട് നടത്തി.  



 

ആദ്യം ചെയ്‌തത്‌ റോഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരമാവധി വിവരം ശേഖരിക്കൽ ആയിരുന്നു. റോഡ് നിർമ്മിച്ച (1984) സമയത്തെ വാർഡ് മെമ്പർ മുതൽ ഇപ്പോഴത്തെ ജനപ്രതിനിധി വരെയുള്ളവരുമായി നേരിട്ടോ/ ഫോണിലോ സംസാരിച്ചു കാര്യങ്ങൾ വേഗത്തിലാക്കാൻ അൽപ്പം മെനക്കെട്ടു. 

അൽപ്പം ചരിത്രം 

1980കളിൽ സുരേന്ദ്രൻ ചേട്ടൻ മെമ്പർ ആയിരിക്കുമ്പോഴാണ് കൂറ്റുവേലി - പോട്ടത്തറ റോഡ് നിർമ്മാണം ആരംഭിക്കുന്നത്. റോഡിനു ഇപ്പോൾ കാണുന്ന പൊക്കം ലഭിക്കുന്നതിന് പാടത്തു നിന്ന് ചെളി കോരിയിടുകയായിരുന്നു. അന്ന് പഞ്ചായത്തിൽ നിന്ന് ലഭിച്ച ഗ്രാന്റ്  തുക ഉപയോഗിച്ചു ഗ്രാവൽ നികത്തി. അങ്ങനെ നാട്ടുകാരുടെ യാത്രാക്ലേശത്തിനു അല്പമൊരു ശമനം ലഭിച്ചു. പല സ്വകാര്യവ്യക്തികളുടെയും സ്ഥലമെടുക്കാൻ വളരെ കഷ്ടപ്പെടേണ്ടതായി വന്നുവെന്ന് ആ  വാർഡ്‌ മെമ്പർ സാക്ഷ്യപ്പെടുത്തുന്നു.


2003ൽ അന്നത്തെ വാർഡ്‌ മെമ്പറായ രുഗ്മിണി ദേവിയുടെ നേതൃത്വത്തിൽ എകെജി - അറയ്ക്കൽ വരെയുള്ള റോഡ് ടാർ ചെയ്തു. 2009ന് ശേഷം ദീപ പിഎം മെമ്പർ ആയിരിക്കുന്ന സമയത്താണ് എകെജി ജംഗ്‌ഷൻ മുതൽ വട്ടപ്പായിത്ര വരെയുള്ള ടാറിങ് നടക്കുന്നത്. സി പ്രദീപിന്റെ നേതൃത്വത്തിൽ വട്ടപ്പായിത്ര മുതൽ പോട്ടത്തറ വരെയുള്ള ടാറിങ് നടന്നു. എന്നാൽ, ജപ്പാൻ കുടിവെള്ളപദ്ധതിക്ക് പൈപ്പ്ലൈൻ  കുഴിക്കാൻ 2012ൽ റോഡ്‌ കുത്തിയിളക്കേണ്ടി വന്നു. പിന്നീട്, തുടർച്ചയായ വെള്ളപ്പൊക്കവും, 2018ലെ പ്രളയവും കഴിഞ്ഞതോടെ റോഡിന്റെ അവസ്ഥ ശോചനീയമായി. 

ഞങ്ങൾ ചെയ്തത്

ആദ്യം റോഡിലെ ദുരിതയാത്ര വിവരിക്കുന്ന ചിത്രങ്ങളുൾപ്പടെയുള്ള ഒരു ചെറിയ ഫേസ്‌ബുക്ക് കുറിപ്പു തയ്യാറാക്കി. നാട്ടുകാരിൽ ചിലർ വോട്ടു ബഹിഷ്ക്കരണഭീഷണി മുഴക്കി. എന്തായാലും, റോഡ്‌ വിഷയം നാട്ടിൽ സാമാന്യം വലിയ ചർച്ചയായി. അക്ഷമരായ നാട്ടുകാർ അവരുടെ നിരാശ ഫേസ്ബുക്കിലും, നേരിൽ കാണുമ്പോഴും പരസ്പരം പങ്കുവെച്ചു. 

രാഷ്ട്രീയനേതൃത്വം ഉണർന്നു. ഭരണപക്ഷവും, പ്രതിപക്ഷവും അവരുടെ വാദങ്ങൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു. ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ ഞങ്ങളും പറഞ്ഞു. രാഷ്ട്രീയപരമായ വ്യത്യാസങ്ങൾ മറന്ന് നാടിന്റെ ഒരു പൊതുആവശ്യമായി കണ്ട് എല്ലാവരും സഹകരിച്ചു. 

പരാതി, ചർച്ചകൾ  

റോഡ് പദ്ധതിയുടെ നിലവിലെ സ്ഥിതി എന്തെന്ന് മനസ്സിലാക്കാൻ സംസ്ഥാന പഞ്ചായത്ത് വകുപ്പിലും, അവരുടെ നിർദേശത്തെത്തുടർന്നു പൊതു മരാമത്തു വകുപ്പ് മന്ത്രിയുമായ ജി സുധാകരനോടും സംസാരിച്ചു. നമ്മൾ അയച്ച പരാതി ശ്രദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. റോഡുമായി ബന്ധപ്പെട്ട ഞങ്ങളുടെ ആശങ്ക ഒരു പരാതിരൂപത്തിൽ പഞ്ചായത്ത്‌-പൊതുമരാമത്തു വകുപ്പുകളിൽ അയച്ചിരുന്നു. പരാതിയുടെ നിജസ്ഥിതി അറിയാൻ ഉദ്യോഗസ്ഥരെ അയച്ചു സ്ഥലപരിശോധന നടത്തി. റോഡ് പദ്ധതിക്ക് പതിയെ ജീവൻവെച്ചു

മന്ത്രിയുടെ തന്നെ നിർദേശപ്രകാരം അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ശ്രീ അരുണിനെ അനിതാ രാധേഷും (അമ്മ), ശബരീഷ് ചേട്ടനും, ഈയുള്ളവനും സന്ദർശിച്ചു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. കഞ്ഞിപ്പാടത്ത്  ഒരുപാട് പ്രാവശ്യം വന്നിട്ടുള്ള ആളാണെന്നും, എത്രയും പെട്ടെന്ന് റോഡ് നടപടികൾ ആരംഭിക്കാൻ ശ്രമിക്കണമെന്നും 2 മണിക്കൂർ നീണ്ട സംഭാഷണത്തിനൊടുവിൽ അദ്ദേഹം ഉറപ്പ് നൽകി. 

സിപിഐ (എം) ലോക്കൽ ഘടകവും, ബിജെപി പ്രാദേശിക നേതൃത്വവും റോഡ് വരുന്നതിന് അനുകൂലനിലപാടെടുത്തത് ഞങ്ങൾക്ക് പ്രത്യാശ നൽകി.


             ഫോട്ടോ: ശബരീഷ്  

റോഡ് വിഷയത്തിൽ മാധ്യമശ്രദ്ധ ആവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നി. മാതൃഭൂമിയിൽ വാർത്ത എത്തിക്കാൻ വേണ്ട ശ്രമങ്ങൾ നാട്ടിലെ ഏജന്റായ രാജേഷ് ചേട്ടനും, അച്ഛനും (രാധേഷ്), ശബരീഷ് ചേട്ടനും ഏറ്റെടുത്തു. ഞങ്ങൾ പകർത്തിയ ചിത്രങ്ങളും, നാട്ടുകാരുടെ പ്രതികരണവും അയച്ചുകൊടുത്തു. 

മാതൃഭൂമിയിൽ വലിയ പ്രാധാന്യത്തോടെ ആ വാർത്തയും, മന്ത്രിയുടെ പ്രതികരണവും അച്ചടിച്ചുവന്നു. റോഡിന്റെ റീ ടെൻഡർ നടപടികൾ ആരംഭിച്ചതായും, ആറ് മാസത്തിൽ എ കെ ജി - പൊട്ടത്തറ, വട്ടപ്പായിത്ര - തുരുത്തിച്ചിറ റോഡ് പൂർത്തിയാക്കുമെന്നും ശ്രീ ജി സുധാകരൻ അറിയിച്ചു. 

ടെൻഡർ നടപടികളുടെ വിവരങ്ങൾ ലഭിക്കാൻ ശ്രീ അരുണിനെ കൃത്യമായ ഇടവേളകളിൽ ബന്ധപ്പെട്ടു. ടെൻഡർ നടപടികൾ പൂർത്തിയായ വിവരം അദ്ദേഹം ഞങ്ങളെ അറിയിച്ചു. പുന്നപ്ര സ്വദേശിയായ ശ്രീ മുജീബാണ് കോൺട്രാക്ട് ഏറ്റെടുത്തത്. എ കെ ജി ജംഗ്‌ഷൻ മുതൽ പൊട്ടത്തറ പാലം വരെയുള്ള റോഡിന് 72 ലക്ഷം രൂപയാണ് ഹാർബർ വകുപ്പ് അനുവദിച്ചത്. 

റോഡ് വരുമോ? 

ഇനി കഞ്ഞിപ്പാടം- പോട്ടത്തറ-തുരുത്തിച്ചിറ റോഡ് യാഥാർഥ്യമാകുമോ? ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുമോ? ഡിസംബറിൽ പ്രാദേശിക തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. കോൺട്രാക്ടറും, രാഷ്ട്രീയ നേതൃത്വവും, കാലാവസ്ഥയും ഉഷാറായാൽ തിരഞ്ഞെടുപ്പിന് മുൻപ് റോഡ്‌പണി പൂർത്തിയാക്കാൻ വിഷമമില്ല. 1.1 കിലോമീറ്ററാണ് എ കെ ജി - പോട്ടത്തറ റോഡിന്റെ നീളം. ഇതോടൊപ്പം, ഒന്ന്-രണ്ട് തൂമ്പുകൾ ശരിയാക്കാനും, കൽക്കെട്ട് നിർമ്മിച്ച് റോഡ് സംരക്ഷിക്കാനും കഴിഞ്ഞാൽ സഞ്ചാരയോഗ്യമായ റോഡ് എന്ന സ്വപ്നം വൈകാതെ പൂവണിയും. 

പാലത്ര ഗ്രൂപ്പാണ് വട്ടപ്പായിത്ര-തുരുത്തിച്ചിറ റോഡ്‌ കോൺട്രാക്ട് പിടിച്ചിരിക്കുന്നത്. സഞ്ചാരയോഗ്യമായ റോഡിന് ഇനി അധികം കാത്തിരിക്കേണ്ടെന്ന് നമുക്ക് പ്രതീക്ഷിക്കാം, അല്ലേ?  




   



   

Comments

  1. 25 വർഷങ്ങളായി കാത്തിരിപ്പ്! സാരമില്ല, രോട് സഫലമായാൽ മതി. Alapuzha byepass പോലെ ആകാതിരിക്കട്ടെ 😑

    ReplyDelete

Post a Comment

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ