'എയ്ഞ്ചൽ' നാളുകൾ
ടോട്ടോച്ചാൻ എന്ന വിശ്വപ്രസിദ്ധമായ രചന ആദ്യമായി വായിച്ചപ്പോൾ എന്റെ മാതൃവിദ്യാലയത്തെയും, ഞങ്ങളുടെ സ്വന്തം കൊബായാഷി മാസ്റ്ററെയും സ്വാഭാവികമായും ഓർത്തുപോയി.
ലീലാമണി ടീച്ചറും, ലീലസാറും പഠിപ്പിച്ചു തന്ന ആശാൻകളരിയിലെ ബാല്യപാഠങ്ങൾ മനസ്സിലോർത്താണ് ആദ്യമായി സ്‌കൂൾപടികൾ ചവിട്ടിയത്. പഴയ എൻ എസ് കരയോഗമന്ദിരം വാടകയ്‌ക്കെടുത്തു അവിടെ ഒരു വിദ്യാലയം നടത്തിയത് നാട്ടിലെ പ്രമുഖ എഴുത്തുകാരനായ രാജു കഞ്ഞിപ്പാടം എന്ന ഞങ്ങളുടെ രാജു സാറും, പ്രിയപത്നി ബിന്ദു ടീച്ചറും ചേർന്നാണ്. ഞാൻ പഠിച്ചത് എയ്ഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്.
ആറ്റുതീരത്താണ് ഞങ്ങളുടെ സ്കൂൾ
സ്ഥിതി ചെയ്യുന്നത്. ഗേറ്റിനരികെ നിന്നാൽ പുറംകാഴ്ചകൾ ഭംഗിയായി കാണാം. സ്കൂളിൽ ഒരു കാര്യത്തിനും അമിതമായ കടുംപിടിത്തങ്ങൾ ഇല്ലായിരുന്നു. ഒരു വലിയ ഹാൾമുറി ചെറിയ ബോർഡുകൾ കൊണ്ടു മറച്ചാണ് ക്‌ളാസുകൾ നടത്തിയിരുന്നത്. ഉച്ചഭക്ഷണം എല്ലാ കുട്ടികളും നിലത്തു ഒരുമിച്ചിരുന്നു കഴിക്കും. ഞാനും, ഗോകുൽ ജിയും, സുബിതയും, അഖിലും, ദേവികയും, അഞ്ജിതും, അനുപമയും ഞങ്ങളുടെ
കറികൾ പങ്കുവെക്കും. ഊണ് കഴിഞ്ഞാൽ സ്കൂൾ മുറ്റത്തു ഞങ്ങൾ അര മണിക്കൂർ കളിക്കും. പ്രധാനമായും കളിച്ചത് കള്ളനും പോലീസും കളിയാണ്. ചിലപ്പോഴൊക്കെ കുട്ടിയും കോലും കളിക്കും. അടുത്ത വീട്ടിലെ ചാമ്പമരത്തിലെ കായകൾ പറിച്ചുതിന്നും.
സ്കൂളിലെ ആനുവൽ ഡെയ്ക്ക് എല്ലാ കുട്ടികളും ഏതെങ്കിലും പരിപാടിക്ക് സ്റ്റേജിൽ കയറണമെന്ന് രാജു സാറിനു നിർബന്ധമാണ്. സാറിന്റേത് വളരെ സൗമ്യമായ പ്രകൃതമാണ്. ഒരു കാര്യം നമ്മളോട് ചെയ്യാൻ പറഞ്ഞുകഴിഞ്ഞാൽ അത് ചെയ്യാമല്ലോ സാർ എന്ന് നമ്മൾ അറിയാതെ പറഞ്ഞുപോകും. അങ്ങനെയാണ് സാർ ഞങ്ങളുടെ സ്ഥാപനം വിജയകരമായി നടത്തിയിരുന്നത്.
ഞങ്ങൾ പഠിക്കുമ്പോൾ ക്ലാസ്സ് 1 മുതൽ 4 വരെ ആകെ 28 കുട്ടികളാണ് പഠിക്കാൻ ഉണ്ടായിരുന്നത്. ഗ്രാമപ്രദേശമായത് കൊണ്ട് വളരെ തുച്ഛമായ ഫീസാണ് (Rs 100) ഞങ്ങളിൽ നിന്ന് വാങ്ങിയിരുന്നത്. ഞങ്ങളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന ഷൈനി ടീച്ചറും, ഷേർളി ടീച്ചറും, ബിന്ദു ടീച്ചറും, മലയാളം പഠിപ്പിച്ചിരുന്ന രാജു സാറും ചേർന്നപ്പോൾ വളരെ ആസ്വാദ്യകരമായ നാല് വർഷങ്ങളാണ് ഞങ്ങൾക്ക് പകർന്നുകിട്ടിയത്.
നാട്ടിലെ പ്രമുഖ ഗവൺമെന്റ് വിദ്യാലയമായ കൂറ്റുവേലി സ്‌കൂളിലാണ് ഞങ്ങളുടെ ആനിവേഴ്‌സറി പ്രോഗ്രാം നടന്നിരുന്നത്. ലൗഡ്‌സ്പീക്കറിൽ അനൗൺസ്‌മെന്റ് ഉയരുമ്പോഴും, അന്നത്തെ ഹിറ്റ് ഗാനങ്ങൾ കേൾക്കുമ്പോഴും ഞങ്ങൾ വളരെ ആവേശഭരിതരാവും.
ആനിവേഴ്‌സറി ഒരു പൊതുചടങ്ങാണ്. നാട്ടിലെ എല്ലാവർക്കും അവിടെ പങ്കെടുക്കാൻ സാധിക്കും. അതുകൊണ്ട് കാഴ്ചക്കാർ കുറവായിരുന്നില്ല. നല്ല പ്രോത്സാഹനവും ലഭിച്ചു.
അവിടെ ബെഞ്ചുകൾ അടുക്കിയിട്ട് ഞങ്ങൾ കെട്ടിയ സ്റ്റേജിലാണ് ഇപ്പോൾ സംഗീതാധ്യാപികയായ ദേവികയെപ്പോലെ പലരും പാടിത്തെളിഞ്ഞത്.
സ്കൂളിൽ എല്ലാ കാര്യങ്ങൾക്കും ഒരു ചിട്ടയും, കൃത്യതയുമുണ്ടായിരുന്നു. എയ്ഞ്ചലിലെ കുട്ടികളെപ്പറ്റി ആരും പരാതികൾ പറഞ്ഞുകേട്ടിട്ടില്ല. നാട്ടിലെ വിശേഷപ്പെട്ട കായ്കനികൾ
വീട്ടുകാരോട് ചോദിച്ചു പറിച്ചെടുക്കുമെന്നല്ലാതെ ഞങ്ങളെക്കൊണ്ട് ആർക്കും വലിയ ഉപദ്രവങ്ങളുണ്ടായിരുന്നതായി ആരും പറഞ്ഞുകേട്ടിട്ടില്ല.
സ്കൂൾ വിട്ടുപോവുന്ന ബാച്ചുകൾക്ക് പതിവായി സോഷ്യൽ നടത്തിയിരുന്നു. അക്കാലത്തു ഞങ്ങളുടെ നാട്ടിൽ അങ്ങനെയൊരു പതിവുള്ളതല്ല.
ഞങ്ങളുടെ സീനിയർ ബാച്ചിന് ഞങ്ങൾ നടത്തിയ സോഷ്യൽ ദിനവും അന്നത്തെ സ്കൂൾ ലീഡറായ വിഷ്ണു ചേട്ടന്റെ ചടുലമായ പ്രസംഗവും വീണ്ടും ഒന്ന് കാണുവാൻ ഞങ്ങൾക്ക് നിർവ്വാഹമില്ല. അന്ന് ക്യാമറ ഒരാഡംബരമായിരുന്ന കാലമാണ്. ആകെ കൈവശം ഉള്ളത് ഇങ്ങനെ ചില ചിതറിയ ഓർമ്മകളാണ്. വിഷ്ണു ചേട്ടനും, മാനസ ചേച്ചിയും, സഞ്ജുച്ചേച്ചിയും, പ്രവീൺ ചേട്ടനും സ്കൂൾ വിട്ടപ്പോൾ ഞങ്ങൾക്ക് സ്വാഭാവികമായും വിഷമം തോന്നി. എന്നാൽ അടുത്ത വർഷം സ്കൂൾ സീനിയറായി വിലസിയപ്പോൾ ആ വിഷമം പതിയെ പോയിക്കിട്ടി!
എയ്ഞ്ചൽ സ്കൂൾ ഒരു സുഖമുള്ള ഓർമ്മയാണ്. ഇവിടെയാണ്
ഇപ്പോൾ നാട്ടിലെ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത്. രാജു സാർ സജീവമായി എഴുതുന്നു. ചില പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ബിന്ദു ടീച്ചർ സുഖമായിരിക്കുന്നു. ദേവി സംഗീതാധ്യാപികയായി. ഒരു വലിയ സ്വപ്നത്തിനു പുറകെയാണ് ഗോകുൽ. സുബിതയും, അനുപമയും സന്തോഷമായിരിക്കുന്നു. അഞ്ജിതും, അഖിലും, വിഷ്ണു ചേട്ടനും, ഞാനും ഞങ്ങളുടെ ജോലികൾ ചെയ്ത് കഴിഞ്ഞുപോകുന്നു. സ്കൂൾ ഓർമ്മകൾ രസകരമാക്കിയ എല്ലാവർക്കും നിറയെ സ്നേഹം :)..
Comments
Post a Comment