പ്രവാസിയുടെ ലോകം


ജോലിസംബന്ധമായോ, പഠനാവശ്യങ്ങൾക്കോ ജന്മനാട് വിട്ടുനിൽക്കേണ്ടി വരുന്നത് പല ആളുകളെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. നാട്ടിലെ സംഭവവികാസങ്ങൾ അകലങ്ങളിൽ നിന്ന് വീക്ഷിക്കുമ്പോൾ പലരുടെയും ഉള്ളുകൾ ഒന്നുരുകിയെന്നു വരാം. നമുക്ക് 
പങ്കെടുക്കാൻ കഴിയാതെ പോയ വിശിഷ്ട ചടങ്ങുകളും, സൗഹൃദക്കൂട്ടായ്മകളും നമ്മുടെ മുന്നിൽ ചിത്രങ്ങളുടെ രൂപത്തിൽ 
എത്തുമ്പോൾ അറിയാതെ ഒന്ന് നെടുവീർപ്പിടും.  പിന്നെ നഗരത്തിലെ തിരക്കുകളിൽ മുഖംപൊത്തും. ചിലരെ സംബന്ധിച്ച് പ്രവാസം ഒരു തരം 
ഒളിച്ചോട്ടമാണ്.  നാട്ടിലെ അസുഖകരമായ ഓർമ്മകൾ മറന്നുകളയാൻ അന്യനാട്ടിലെ വാസം അവരെ അൽപ്പം സഹായിച്ചെന്ന് വരും.  

പ്രവാസജീവിതത്തിൽ മധുരവും, കയ്പ്പും ഒരുപോലെ നിറഞ്ഞുനിൽക്കുന്നു. പുതിയ  നാട്ടിൽ പുത്തൻജീവിതം കെട്ടിപ്പടുക്കാൻ ചിലർ ഉത്സാഹം കാട്ടാറുണ്ട്. ചിലർക്ക് വീട്ടിലെ ബാധ്യതകൾ തീരുന്നത് വരെ താങ്ങാനുള്ള ഇടത്താവളമാണ് പ്രവാസിനാട്. 
കേരളത്തിനകത്തെ പോലെ വെളിനാട്ടിലും 
സജീവമായി പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ നമ്മുടെ നാടും, സംസ്‌കാരവുമായി അകന്നുപോകാതിരിക്കാൻ മലയാളിയെ സഹായിക്കുന്നു.
 
കേരളത്തിന്‌ പുറത്ത്
തെലങ്കാനയുടെ തലസ്ഥാനമായ 
ഹൈദരാബാദിൽ ജോലി ചെയ്ത് ജീവിക്കുന്ന ഒരു പ്രവാസിയാണ് ഞാൻ.  ആണ്ടിനും, സംക്രാന്തിക്കും നാട്ടിലെത്തുന്ന അനേകായിരം മലയാളികളെപ്പോലെയൊരാളാണ് എന്ന് പ്രത്യേകം വിശദീകരിക്കേണ്ട കാര്യമില്ലല്ലോ.
നാട്ടിലെ സാധാരണ കാര്യങ്ങൾ പോലും പ്രവാസികൾക്ക് ചിലപ്പോൾ വലിയ വർത്തമാനങ്ങളാണ്. മനസ്സിൽ നഷ്ടബോധം പേറുന്ന കുറെയധികം പ്രവാസികളെ ഹൈദരാബാദിൽ കാണാൻ പറ്റിയിട്ടുണ്ട്. 

അയാൾ 
ബഞ്ചാര ഹിൽസ് കാൻസർ ഹോസ്പിറ്റലിന് സമീപം ബസ് കാത്തുനിൽക്കുമ്പോഴാണ് അയാൾ എന്റെ  മലയാളത്തിലുള്ള ഫോൺ സംഭാഷണം ശ്രദ്ധിച്ചത്. അന്ന് ഞങ്ങൾ പരിചയപ്പെട്ടു. 
"പാലക്കാട് ഭാഗത്തായിട്ടാ എന്റെ വീട്. മുൻപ് ഓണത്തിനൊക്കെ വീട്ടിൽ പോകുമായിരുന്നു. ഇപ്പോൾ വീട് കണ്ടിട്ട് വർഷം അഞ്ചാകുന്നു. കുടുംബത്തിൽ  കുറച്ചു സ്വത്തുപ്രശ്നങ്ങൾ. വീട്ടിൽ പോകാൻ മടിയാണ്, "അയാൾ മനസ്സ് തുറന്നു. 
 
ഞങ്ങൾ കുറച്ചുസമയം സംസാരിച്ചിരുന്നു. 1984ൽ എൻ ടി ആർ ആന്ധ്രാ മുഖ്യമന്ത്രിയായി വാഴുന്ന, കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായിരുന്ന കാലത്താണ് അദ്ദേഹം ആന്ധ്രാനാട്ടിൽ അഭയം തേടിയെത്തുന്നത്. പിന്നീടുള്ള മൂന്നരപതിറ്റാണ്ടു കാലം അയാൾ അന്യനാട്ടിൽ, അന്യതാബോധം പേറി, അന്യനാട്ടുകാരനായി ജീവിച്ചുപോരുന്നു. അയാൾക്ക് ഹിന്ദിയും, തെലുങ്കും നന്നായി സംസാരിക്കാൻ അറിയാം. നാട്ടിൽ തിരിച്ചുപോകാൻ കൊതിക്കുന്ന അയാളുടെ മനസ്സ് എനിക്ക് അയാൾ പറയാതെ തന്നെ മനസ്സിലാകുമായിരുന്നു.  

പ്രവാസിജീവിതം 

പളപളപ്പൻ ജീവിതശൈലി പിന്തുടരുന്ന പ്രവാസികൾ ഒരു ചെറിയ ആൾക്കൂട്ടം മാത്രമാണ്. ഇവിടെ കഴിയുന്നവരിൽ വലിയ ശതമാനവും സാധാരണ ആഗ്രഹങ്ങളും, കൈ നിറയെ ബാധ്യതകളുമുള്ള മനുഷ്യരാണ്. കോവിഡ് കാലത്ത്,  പ്രവാസികളുടെ നാട്ടിലേക്കുള്ള  കൂട്ടപ്പലായനം നാം വീക്ഷിച്ചു. പല വീടുകളുടെയും അത്താണിയായ അവരെ ചില വീട്ടുകാർ നന്നായി പരിചരിച്ചു. മറ്റു ചില ഹതഭാഗ്യർ വീടുകൾ ലഭിക്കാതെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ അഭയം തേടി. ചില ആളുകളെ കോവിഡ് പരത്തുമെന്ന ഭീതിയിൽ നമ്മൾ ആട്ടിപ്പായിച്ചു. അവരുടെ മനോവേദന നമ്മളിൽ എത്ര പേർ ശ്രദ്ധിച്ചുകാണും? 

പ്രവാസം ഒരു കാത്തിരിപ്പാണ്. ഒരു പിടി സ്വപ്നങ്ങൾ ചുമലിലേറി ഓരോ പ്രവാസിയും ഓരോരോ നാടുകളിൽ എത്തിച്ചേരുന്നു. അവിടുത്തെ രീതികളുമായി പൊരുത്തപ്പെടാനോ, അകന്നുനിൽക്കാനോ തുനിയുന്നു. അവിടെ ഒരു ജീവിതം കെട്ടിപ്പടുക്കുന്നു. ഒടുവിൽ, ജീവിതത്തിന്റെ നല്ലൊരു ശതമാനം സമയം അന്യനാട്ടിൽ വിയർപ്പൊഴുക്കിയ ദുഃഖത്തിൽ നാട്ടിൽ തിരികെയെത്തുമ്പോൾ അയാളുടെ ജീവിതത്തിലെ സുവർണ്ണകാലം ഏതാണ്ട് കഴിഞ്ഞിട്ടുണ്ടാകും. 

പ്രവാസജീവിതം സുന്ദരമല്ല. വെല്ലുവിളികളുടെ കേന്ദ്രമാണ്. അവിടെ പിടിച്ചുനിൽക്കാൻ നമുക്ക് വേണ്ടത് യാഥാർഥ്യബോധവും, ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള മനസ്സാന്നിധ്യവുമാണ്. നമുക്ക് നേരിടേണ്ടി വരാവുന്ന പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു അതിന് പരിഹാരം കാണാൻ നാം പഠിക്കണം. എങ്ങനെ പഠിക്കണം എന്ന ചോദ്യത്തിന് 'അനുഭവങ്ങളിൽ നിന്ന്' എന്നതാണ് മറുപടി. 


Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ