ചിത്രാമ്മ: പാട്ടിലെ മാതൃത്വം

ഈ കുറിപ്പെഴുതുന്നതിനു മുൻപ് നിറയെ ആലോചിച്ചു. പാട്ടിനെ 'ആഴത്തിൽ സ്നേഹിക്കുന്ന' ഒരാൾക്ക് ഒരു പാട്ടുകാരിയോട് മാത്രം കൂടുതൽ ഇഷ്ടം തോന്നുമോ? പക്ഷെ, ചില ഇഷ്ടങ്ങൾക്ക് ഒരു കാരണം ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ. കെ എസ് ചിത്രയെ ആരാധിക്കാൻ കാരണം കണ്ടെത്തേണ്ടതുണ്ടോ? അവരുടെ ഒരു ഗാനം കേൾക്കാത്ത ദിവസങ്ങൾ നമ്മൾ പലരുടെയും ജീവിതത്തിൽ വളരെ ചുരുക്കമാണ്.


നാല് പതിറ്റാണ്ടിലേറെയായി പല ഭാഷകളിൽ മുഴങ്ങിക്കേൾക്കുന്ന ആ ഭാവഗായികയുടെ പതിനായിരക്കണക്കിന്  ആസ്വാദകരിലൊരാളാണ് ഇതെഴുതുന്നത്. 

ചിത്രാമ്മയുടെ പാട്ടുകൾ എനിക്ക് നന്മയിലേക്കുള്ള തിരിച്ചുപോക്കാണ്. മനസ്സിലെ എല്ലാ വിഷമങ്ങളും അലിഞ്ഞിറങ്ങുന്ന പ്രതീതിയാണ് ചില ഗാനങ്ങൾ കേൾക്കുമ്പോൾ തോന്നുന്നത്. ഈയ്യടുത്തു 'കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ' വീണ്ടും കേൾക്കാനിടയായി. ഹൃദയം കൊണ്ട് പാടിയിരിക്കുന്ന ആ ഗാനം എന്നെ കുറച്ചുനേരം മൗനവാനാക്കി. 

"വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ പുൽകിയുണർത്താൻ മറന്നു കണ്ണൻ"

കാവ്യസുന്ദരമായ വരികൾക്ക് ചിത്രാമ്മയുടെ പൂങ്കുയിൽനാദം ചേരുമ്പോൾ എന്തൊരു മനോഹാരിതയാണ്. അമ്പലനടയിൽ ഈശ്വരനെ തൊഴുതുനിൽക്കുമ്പോൾ മനസ്സിന് തോന്നുന്ന കുളിർമ്മയും, അനുഭൂതിയുമാണ് ചിത്രാമ്മയുടെ ചില ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ എനിക്ക് ലഭിക്കുന്നത്. 

അവരുടെ ശബ്ദത്തിന് മാതൃത്വത്തിന്റെ മാധുര്യം തോന്നിയ സന്ദർഭങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്. 

"ഓമൽകണ്മണി ഇതിലെ വാ, കനവിൻ തിരകളിൽ ഒഴുകി വാ,

നാടിൻ നായകനാകുവാൻ എന്നോമലേ ഉണരൂ നീ"

മകനെ തന്റെയരികിലേക്ക് മാടി വിളിക്കുന്ന അമ്മപ്പുഴയെ, പ്രകൃതിയെ ഇതിലും ഭാവാത്മകമായി എങ്ങനെയാണ് ഒരാൾക്ക് പാടി ഫലിപ്പിക്കാൻ പറ്റുക?


ചിലർക്ക് പകരക്കാരില്ലെന്ന പൊതുതത്വം അടിവരയിടുന്ന നിരവധി ഗാനങ്ങൾക്ക് ശബ്ദം കൊടുത്ത വ്യക്തിയാണ് കെ എസ് ചിത്ര.അവരുടെ പല ഗാനങ്ങൾക്കും റെക്കോർഡിങ് സ്റ്റുഡിയോയിലെ  അഞ്ചോ-പത്തോ മിനിറ്റിന്റെ  സമയമാവും കാണുക. എന്നാൽ ചില ഗാനങ്ങൾ നമ്മളോടൊപ്പം വളർന്നുകൊണ്ടേയിരിക്കുന്നു. അങ്ങനെ വളർന്ന എത്രയെത്ര പാട്ടുകളാണ് നമ്മുടെ സ്വകാര്യശേഖരങ്ങളിൽ ഉള്ളത്?    

ഭാവഗായിക 

ചിത്രാമ്മയുടെ പ്രണയഗാനങ്ങൾക്ക് പ്രത്യേക മൊഞ്ചാണ്. അവരുടെ ശബ്ദത്തിൽ കേൾക്കുന്ന നായികമാരോട് ഒരു മാനസിക അടുപ്പം തോന്നും. പകരം വെക്കാനില്ലാത്ത ആലാപനമികവ് നമ്മളെ ചേർത്തുവയ്ക്കുന്നു. 

 "ഒരു രാത്രി കൂടി വിട വാങ്ങവേ, ഒരു പാട്ടു മൂളി വെയിൽ വീഴവേ, 

പതിയെ പറന്നെൻ അരികിൽ വരും,

അഴകിന്റെ തൂവലാണ് നീ"  

ശിശുസഹജമായ നിഷ്ക്കളങ്കത കൊണ്ട് വിസ്മയിപ്പിച്ച ഗാനങ്ങളുമുണ്ട്.  അവർ പാടുന്ന പാട്ടുകൾ വ്യത്യസ്തമാകാൻ എന്താണ് കാരണം? ഓരോ പാട്ടിനും അവർ കൊടുക്കുന്ന പ്രത്യേക ശ്രദ്ധയും, പരിചരണവുമാണ് ആ ശബ്ദത്തിൽ കേൾക്കുന്നതെന്ന്  ഞങ്ങൾ ആരാധകർ വിശ്വസിക്കുന്നു. 

ചിത്രാമ്മ 

ചിത്രാമ്മ എന്ന് വിളിക്കാൻ രണ്ടാണ് കാരണം. സ്നേഹപൂരിതമായ സുന്ദര വ്യക്തിത്വത്തിന് ഉടമയാണ് അവർ. വളരെ സ്നേഹത്തോടെയുള്ള അവരുടെ ഇടപെടലുകൾ ആരെയും ആകർഷിക്കാൻ പോന്നതാണ്. അത് അവർ ആരെയും ബോധിപ്പിക്കാൻ ചെയ്യുന്നതുമല്ല. മറിച്ചു അവരിലെ വ്യക്തിപ്രഭാവം സ്വാഭാവികമായി പുറത്തുവരുന്നതാണ്. ഒരു പക്ഷെ, മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ത്രീ ആരെന്ന ചോദ്യത്തിന് ഉത്തരം മറ്റാരാവാനാണ്? മലയാളിക്ക് കിട്ടിയ അമൂല്യവരമാണ് ഈ അതുല്യഗായിക. 





Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ