പുസ്തകക്കൊതി

ഇഷ്ടഭക്ഷണം മുൻപിൽ കാണുമ്പോൾ നാവിൽ വെള്ളമൂറുന്ന ഭക്ഷണപ്രേമിയെപ്പോലെയാണ് പ്രിയപുസ്തകം മുന്നിൽ കിട്ടുമ്പോൾ എന്റെ മനസ്സ്.  കവർ ചിത്രവും, തലക്കെട്ടും കൊതിയോടെ നോക്കി, അകം പേജിലെ വില ഒത്തുനോക്കി കൂട്ടലും, കിഴിക്കലും കഴിഞ്ഞ് ചില പുസ്തകങ്ങൾ ഞാൻ സ്വന്തമാക്കുന്നു.  അവയെ പരിചരിക്കുന്നു.  വാങ്ങിയ പുസ്തകം തിരികെനല്കാത്തവരെ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

പുസ്തകങ്ങളെ ഒരു സമ്പാദ്യം പോലെ കാണാൻ പഠിപ്പിച്ചത് വീട്ടിലെ വായനാന്തരീക്ഷമാണ്. ഒരു സാധാരണ തടി ഷെൽഫിനെയാണ് ആദ്യം പുസ്തകങ്ങൾ അടുക്കി വെയ്ക്കാൻ ഒരുക്കിനിർത്തിയത്. 
അവിടെ ചെറുകഥയും, നോവലും, പഠനങ്ങളും, അനുഭവങ്ങളും, ആത്മകഥയും, ആത്മീയ ഗ്രന്ഥങ്ങളും ചേക്കേറി. ആ ശേഖരമാണ് വീട്ടിലെ വായനാമൂലയായി വളർന്നുവന്നത്. 

സ്വന്തമായി ഒരു പുസ്തകശേഖരം ഒരുക്കാൻ എനിക്ക് പ്രചോദനമായത് വീട്ടിലെ കാഴ്ചകളാണ് എന്ന് വിശ്വസിക്കുന്നു. കുട്ടിക്കാലത്ത് പുസ്തകങ്ങളെത്തിച്ചു തന്ന അച്ഛനും, കഥകൾ വായിച്ചുതന്ന അമ്മയും എന്റെ വായനയെ വളർത്തി. വായിച്ച പുസ്തകങ്ങൾ എന്നെ വീണ്ടും വായിക്കാൻ പ്രേരിപ്പിച്ചു. സമ്മാനമായി പുസ്തകങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ പുസ്തകങ്ങൾ കിട്ടാൻ മത്സരങ്ങൾക്ക് പേര് കൊടുക്കാൻ തുടങ്ങി. അങ്ങനെ വായനയുടെ ഹരമേറി. ഭക്ഷണത്തേക്കാൾ പുസ്തകത്തോട് താൽപ്പര്യം വന്നു. വായനയുടെ രുചിക്ക് സർബത്തു കുടിക്കുന്ന സുഖം ലഭിച്ചുതുടങ്ങി. ഞാനൊരു സർബത്ത്പ്രേമിയാണ് :) 

വീട്ടിൽ രുചിച്ച പുസ്തകങ്ങൾ ഒരു  സ്വകാര്യശേഖരം പോലെ ഒരുക്കിയതിന് പിന്നിലെ പ്രചോദനം ഞാൻ പുസ്തകങ്ങൾ  വായിച്ച വായനശാലകളാണ്. വായനശാലയിലെ പുസ്തകശേഖരങ്ങൾ അരിച്ചുപെറുക്കി എനിക്ക് ആവശ്യമായ പുസ്തകങ്ങൾ തപ്പിയെടുക്കാൻ പണ്ടേ ഇഷ്ടമാണ്. അവ കിട്ടിക്കഴിയുമ്പോൾ യുദ്ധം ജയിക്കുന്ന സന്തോഷമാണ് മനസ്സിൽ തോന്നാറുള്ളത്. 
വായിച്ചുകഴിഞ്ഞും കൂടെ നിർത്താൻ തോന്നുന്ന പുസ്തകങ്ങളും, വായനശാലയിൽ കിട്ടാതെ പോവുന്നതുമായ പുസ്തകങ്ങളുമാണ് ഞാൻ ഇതുവരെ വാങ്ങിക്കൂട്ടിയത്. 

ഹയർ സെക്കണ്ടറി, കോളേജ്,  പിജി പഠന കാലത്ത് കിട്ടിയ സ്കോളര്ഷിപ്പുകളിൽ പഠനച്ചിലവ് കഴിഞ്ഞുള്ള തുകയുടെ വലിയൊരു ശതമാനം പുസ്തകങ്ങൾ വാങ്ങാൻ എടുക്കുമായിരുന്നു. അവധിക്കാലത്ത് വീട്ടിലെത്തുമ്പോൾ എന്റെ ബാഗിലെ കനം അതിശയപ്പെടുത്തിയ പലർക്കും അതിനുള്ളിൽ എന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ തിങ്ങിക്കിടന്ന കാര്യം അറിയില്ല. 

എന്നാൽ ജോലിക്കാരനായപ്പോൾ എന്റെ  പണച്ചിലവുകൾ കൂടി. ഇഷ്ടപുസ്തകങ്ങൾ സ്വന്തമാക്കാൻ പുസ്തകവിലയും, എന്റെ പിശുക്കും, മാറിയ ചിന്താരീതികളും തടസ്സമായി.  

നാട്ടിലെ വായനശാലയിൽ നിന്ന് വ്യത്യസ്തമാണ് ഞാൻ ജോലി ചെയ്യുന്ന ഇടത്തെ ലൈബ്രറി. അവിടെ നിന്ന് പുസ്തകങ്ങൾ എടുത്തുകൊണ്ടുപോയി വായിക്കാൻ വലിയ ബുദ്ധിമുട്ടാണ്. അതോടെ പുസ്തകവായന കുറയാനും തുടങ്ങി. ഒരിക്കൽ ഹോസ്റ്റൽ മുറിയിൽ പുസ്തകമന്വേഷിച്ചു വന്ന സുഹൃത്തിനു അത്‌ കിട്ടാതെ വന്നപ്പോൾ ആദ്യം ചോദിച്ചത് ഇപ്പോൾ പുസ്തകം വായിക്കാറില്ലേ എന്നാണ്. 

ആ ചോദ്യം ഇപ്പോൾ ഞാനും ആവർത്തിക്കുന്നു. വായിക്കുന്നില്ലേ?  
എന്റെ വായന നിലച്ചിട്ടൊന്നുമില്ല! വായനാരീതി അൽപ്പമൊന്ന് മാറി എന്നല്ലാതെ പുസ്തകഭ്രമത്തിന് ഒരു കുറവുമില്ല എന്നാണ് തോന്നുന്നത്. പക്ഷെ പേജുകൾ മറിച്ചു നീക്കാൻ നേരത്തേതിലും അൽപ്പം ബുദ്ധിമുട്ടുന്നുണ്ട്. പുതിയതായി വായിച്ചവ നന്നായി  മനസ്സിലാക്കിയോ എന്ന് ഇടയ്ക്കിടെ സംശയം തോന്നുന്നു. 

എന്റെ വായന മരിച്ചിട്ടില്ല! കാരണം വായിക്കാതെ വളരാൻ എനിക്കറിയില്ല.  

 

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ