ചിന്തിച്ചുകൂട്ടൽ

എനിക്ക് വളരെ കുഴപ്പം പിടിച്ച ഒരു പ്രകൃതമുണ്ട്. ആദ്യമെടുത്ത തീരുമാനം എത്ര മികച്ചതായാലും അതിനെ ചില പുനരാലോചനകൾക്ക് ശേഷം തിരുത്തി മറ്റൊരു തീരുമാനമെടുക്കുന്ന ശീലത്തെപ്പറ്റിയാണ് ഞാൻ പറഞ്ഞത്.  എന്നാൽ, പുതിയ തീരുമാനമെടുത്ത് ദിവസങ്ങൾക്കകം പഴയ തീരുമാനമായിരുന്നു ശരിയെന്നു ബോധ്യപ്പെടും. പിന്നെ മനസ്സിനുള്ളിൽ കൂട്ടലും, കിഴിക്കലും തുടരുമെങ്കിലും നടക്കേണ്ട കാര്യം നടന്നിട്ടുണ്ടാകും. എന്റെ ചഞ്ചലതകൾ എനിക്ക് വലിയൊരു വിനയാണ്.  ഒന്നിലും ഉറച്ചു നിൽക്കാൻ പറ്റാത്ത പ്രകൃതം എന്നിൽ എങ്ങനെയാണ് ഉടലെടുത്തത്? 


കുട്ടിക്കാലം മുതൽ ഒരുപാട് കാര്യങ്ങൾ  ചിന്തിച്ചു കൂട്ടുന്ന പ്രകൃതം എന്റെ കൂടെയുണ്ട്.  കുറച്ചു സംസാരവും കൂടുതൽ ചിന്തയും എന്നതാണ് എന്റെ മുഖമുദ്ര. 
എന്നാൽ ചില കാര്യങ്ങളിൽ ഞാൻ  അനായാസേന തീരുമാനമെടുക്കുന്നതായി മറ്റൊരാൾക്ക് തോന്നും. പക്ഷെ,  അപ്പോഴും എന്റെ അമിതാലോചനാരീതിക്ക് കുറവൊന്നും കാണില്ല. എല്ലാ സംഘർഷങ്ങളും ആദ്യം അവതരിക്കുക 
നമ്മുടെ മനസ്സുകളിലാണ് എന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു.

മുഖംമൂടി 
മനസ്സിലെ വിഷമതകൾ ഒരു മുഖംമൂടിയിട്ട് മറയ്ക്കാൻ ഇഷ്ടപ്പെടുന്ന ആളുകളാണ് നമ്മൾ പലരും. പക്ഷെ എനിക്ക് മുഖംമൂടികൾ അണിയാൻ അത്ര വശമില്ല. അണിയാൻ തയ്യാറായ നാളുകളിലെല്ലാം ഞാൻ ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. മുഖംമൂടികൾ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് എല്ലാം തുറന്നുപറയുന്ന പ്രകൃതം വിനയാണെന്നും, ആളെ അറിഞ്ഞു വർത്തമാനം പറയുന്ന രീതിയാണ് എനിക്ക് താൽപ്പര്യം എന്നുമാണ് പറയാനുള്ളത്.
ചില കാര്യങ്ങൾ അടക്കിപ്പിടിക്കാൻ എനിക്ക് മിടുക്കുണ്ടെങ്കിലും പല കാര്യങ്ങളും മറ്റൊരാളോട് അവതരിപ്പിക്കുന്നതിൽ ഞാൻ  പിന്നിലാണ്. എനിക്ക് വാചകസിദ്ധി തീരെയില്ല. സാധാരണയാളുകളെ പോലെ വർത്തമാനം പറയാനും വശമില്ല. ഒരു കേൾവിക്കാരന്  അവർ പറഞ്ഞതിലെ വസ്തുത എനിക്ക് കൃത്യമായി പിടികിട്ടിയോ എന്ന കാര്യത്തിൽ 
ചിലപ്പോൾ സംശയം തോന്നാം. കാരണം ഞാൻ സംസാരിക്കുമ്പോൾ സ്വാഭാവികമായ ഒരു ഒഴുക്കോ, താളമോ ഉണ്ടാവാറില്ല. നാലാൾ കൂടുമ്പോൾ നാവ് വറ്റാറാണ് പതിവ്. അതുകൊണ്ട്, പറയാനുള്ള കാര്യം ധൃതിയിൽ ഒപ്പിച്ചു പറയുന്ന ശീലം എനിക്കുണ്ട്. സ്വാഭാവികമായി അങ്ങനെ സംഭവിക്കുന്നതാണ്. എന്ന് തൊട്ടാണ് കൂടെക്കൂടിയത് എന്ന് ഓർമ്മയില്ല. നല്ല 
സംഭാഷണങ്ങൾക്ക് ഞാൻ ഇപ്പോഴും കൊള്ളില്ല എന്ന് എനിക്ക് തോന്നാറുണ്ട്. ആ തോന്നൽ തെറ്റല്ലെന്ന് ദൈനംദിനാനുഭവങ്ങൾ എന്നെക്കൊണ്ട് ചിന്തിപ്പിക്കാറുണ്ട്. 

ചിലപ്പോഴൊക്കെ എന്റെ വീഴ്ചകൾ എനിക്ക് വലിയ പാഠങ്ങളാകാറുണ്ട്. പക്ഷെ, തെറ്റുകളിൽ നിന്ന് ശരിയിലേക്ക് തെന്നിനീങ്ങാൻ എനിക്ക് സാധിക്കാതെ പോകുന്നതിന് മുഖ്യകാരണം എന്റെ നിസ്സംഗതാമനോഭാവം ആണോയെന്ന് സംശയിക്കുന്നു. 

മാറേണ്ട ശീലങ്ങൾ 

ഇതെല്ലാം എന്റെ ശീലങ്ങളോ, പെരുമാറ്റരീതികളോ ആണ്. അവ അപ്പാടെ തുടച്ചെറിയാൻ എനിക്ക് കഴിയില്ലെന്ന് മാത്രമല്ല അതത്ര ഭൂഷണമാണെന്നും  പറയില്ല. എന്റെ പെരുമാറ്റത്തിലെ പന്തികേടുകൾ അപ്പാടെ ഉൾക്കൊള്ളാൻ എനിക്ക് ഉദ്ദേശമില്ല. വലിയ ആശയക്കുഴപ്പങ്ങൾക്ക് വക വെയ്ക്കാതെ എനിക്ക് എന്റെ കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. അതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ ഞാൻ തയ്യാറാവണം. ഒരു തുറന്ന മനസ്സോടെയാണ് കാര്യങ്ങൾ സമീപിക്കുന്നതെന്ന് എല്ലാവർക്കും ബോധ്യമാവേണമെങ്കിൽ ആശയവിനിമയശേഷി മെച്ചപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. മനസ്സിലെ മൂടലുകൾ ഒന്നൊന്നായി അഴിച്ചുകളയണം. യാഥാർഥ്യബോധം കൈവിടാതെ പെരുമാറാൻ സാധിക്കണം. അതിനു വേണ്ടിയാണ് ഇത്‌ ഇവിടെ കുറിച്ചുവെയ്ക്കുന്നത്. സ്വന്തം കാര്യത്തിൽ ആശങ്കാകുലനായ ഒരാളുടെ തോന്നലുകളാണ് ഇവിടെ കുറിച്ചിട്ടതെന്ന് വ്യക്തമല്ലേ? ഇനിയെല്ലാം ജീവിതത്തിരശീലയിൽ കാണാം.



 


Comments

  1. Might be you are very confused soul to make decisions within yourself...i think almost everyone goes through the same process...but I must tell you that your perception on yourself as not being good at conversations is not correct...In fact I enjoyed all our random conversations :)

    ReplyDelete
  2. Nice to hear this :)..Might be true :)..I'd like to know your name because I couldn't find it even though I went through your blog :)

    ReplyDelete

Post a Comment

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ