കൂലിപ്പണിക്കാരൻ
പതിവ് പോലെ പണിസ്ഥലത്തേക്കുള്ള നടത്തത്തിലായിരുന്നു അയാൾ. വീട്ടുടമയുടെ ഫോൺ വിളി കേട്ടുകൊണ്ടാണ് ഉറക്കമുണർന്നത്. അടിയന്തിരമായി ജോലിക്ക് കയറണമെന്നതായിരുന്നു സന്ദേശം. അന്ന് ഞായറാഴ്ചയായിരുന്നു. അയാൾക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. തലേ ദിവസം പണി ചെയ്തതിന്റെ ക്ഷീണം വേറെയും. അയാൾക്ക് പഴയ പോലെ ജോലി ചെയ്യാനുള്ള ആവതില്ല. കുറച്ചു പണി ചെയ്യുമ്പോൾ തന്നെ നല്ലപോലെ ക്ഷീണിക്കും. ഇപ്പോൾ മരുന്ന് കഴിക്കുന്നുണ്ട്. ഇടയ്ക്ക് നെഞ്ചുവേദന
തോന്നാറുണ്ടെങ്കിലും അതത്ര കാര്യമാക്കാറില്ല. പറ്റുന്നത്രയും കാലം പണിയെടുത്തു കുടുംബം പുലർത്തണം. രണ്ട് മക്കൾക്കും വിദ്യാഭ്യാസം കൊടുക്കണം. അയാളുടെ ആവശ്യങ്ങൾ പരിമിതമായിരുന്നു.
ഒൻപത് മണിയോടെ പണിസ്ഥലത്ത് എത്തി. ഇന്ന് കൂട്ടിന് ബിഹാർ സ്വദേശിയായ ജുനൈദ് ഖാനാണ്. നമ്മുടെ നാട്ടിൽ പണ്ടത്തെ പോലെ പണിക്കാരെ കിട്ടാനില്ല. അതുകൊണ്ട് അന്യദേശത്തെ തൊഴിലാളികൾക്ക് കൂടുതൽ പണിയുണ്ട്. ജുനൈദിന് മൂന്ന് മക്കളാണ്. ബിഹാറിൽ ദിവസക്കൂലി 500 രൂപയെങ്കിൽ കേരളത്തിൽ ഇപ്പോൾ 800 രൂപയാണ്. എല്ലാ മാസവും 9000 രൂപ അധികം കിട്ടും. ജുനൈദിന് മലയാളം വലിയ വശമില്ല. പക്ഷെ ആളൊരു ഉത്സാഹിയാണ്. നമ്മൾ കാണിച്ചുകൊടുക്കുന്നത് പെട്ടെന്ന് പഠിച്ചെടുക്കും. അതുകൊണ്ട് ഭാഷ ഒരു വലിയ വിഷയമായി തോന്നിയില്ല.
കൂലിപ്പണിക്കാരന്റെ മകൾ
ഈ വീട്ടിൽ ആദ്യമായി പണിക്ക് വന്നിട്ട് 20 വർഷമാവുന്നു. അന്നൊക്കെ 5 ദിവസം പണിഞ്ഞാൽ വീട്ടുചിലവ് നടക്കാനുള്ള പൈസ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ എല്ലാ ദിവസവും ജോലി ചെയ്‌താൽ
തന്നെയും കഷ്ടമാണ്. പിന്നെ എല്ലാം ഒരുതരത്തിൽ കൂട്ടിമുട്ടിക്കുന്നു.
"കൂലിപ്പണിക്കാരന്റെ മോൾ എന്ന് കേട്ടാൽ മക്കൾക്ക് കുറച്ചിൽ തോന്നുമോ,? "
അയാൾ ഓർത്തു. ഒരൽപ്പം കള്ള് മോന്തി വീട്ടിലെത്തുന്ന ദിവസങ്ങളിലാണ് അവളുടെ മുഖം കടന്നൽ കുത്തിയത് പോലെ ഇരിക്കുന്നത്. ശരീരക്ഷീണം കൊണ്ട് കുടിക്കുന്നതാണ്. എങ്കിലും കുടിച്ചു തുടങ്ങിയാൽ പിടുത്തം വിടും. പിന്നെ പാട്ടും, കൂത്തും, ബഹളവുമായി നാലുകാലിൽ നടന്നു വീട്ടിൽ കയറും. രാവിലെ എഴുന്നേൽക്കുമ്പോൾ മോളുടെ മുഖത്ത് നോക്കാൻ വിഷമമാണ്. പിന്നെ മൂന്ന്-നാല് ദിവസങ്ങൾ കഴിഞ്ഞാണ് അവൾ ഒന്ന് അയയുക. മോളുടെ വാടിയ മുഖം കാണുന്നത് വലിയ സങ്കടമാണ്. കുടി നിർത്തിയാലോ എന്ന ആലോചനയുണ്ട്.
പണ്ട് വീടിനടുത്ത് കൂലിവേല ചെയ്തിരുന്ന വിശ്വനാഥൻ ചേട്ടനെ ഓർമ്മവരുന്നു. ഇപ്പോൾ നിൽക്കുന്ന വീട്ടിലെ പഴയ സ്ഥിരം ജോലിക്കാരനായിരുന്ന ആ ചേട്ടന്റെ കുറിയ രൂപവും, മെലിഞ്ഞ ശരീരവും, കുരുവിക്കൂട് പോലെയുള്ള ഹെയർസ്റ്റൈലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചേട്ടനെ അവസാനകാലത്ത് ഭ്രാന്ത് മൂത്തു വീട്ടിനകത്തു ചങ്ങലയിൽ ഇടേണ്ടതായി വന്നു. ആ ചങ്ങലയിൽ കിടന്നാണ് ആ ചേട്ടൻ അന്ത്യശ്വാസം വലിച്ചത്.
വീട്ടുകാരൻ
അയാൾ ഓർമ്മകളിൽ നിന്ന് തിരിച്ചുവരാൻ ശ്രമിച്ചു. ജോലിയിൽ ശ്രദ്ധ കൊടുത്താൽ ഇത്തരം വലിയ തോന്നലുകൾ ഒഴിവാക്കാൻ പറ്റും. നല്ലൊരു പണിക്കാരൻ എന്ന പേരാണ് അയാൾക്ക് ഇക്കാലം കിട്ടിയ സമ്പാദ്യം. പതിനഞ്ചു വയസ്സിനു മുൻപ് പണിക്ക് ഇറങ്ങിയതുകൊണ്ട് അധികം വിദ്യാഭ്യാസം ചെയ്യാൻ പറ്റാതെ പോയി.
ഇവിടുത്തെ വീട്ടിലെ കുട്ടിയെ ഇപ്പോൾ അങ്ങനെ പുറത്തു കാണാൻ കിട്ടാറില്ല. എപ്പോഴും ജോലിയാണ്. കൊറോണക്കാലത്ത് വീട്ടിലിരുന്നു ജോലി ചെയ്യുന്നത് കൊണ്ട് ആ പയ്യന് വീട്ടുകാരെ കണ്ടുകൊണ്ട് ജോലി ചെയ്യാം. ആയ കാലത്ത് വിദ്യാഭ്യാസം ചെയ്തിരുന്നെങ്കിൽ തനിക്കും അങ്ങനെ വല്ലതും സാധിച്ചേനെ. പക്ഷെ വീട്ടിലെ അന്നത്തെ സ്ഥിതി അതിനു അനുവദിച്ചില്ല. ഇനി പറഞ്ഞിട്ടും വലിയ കാര്യമില്ല.
എന്തായാലും വീട്ടുകാര്യങ്ങൾക്ക് വലിയ മുടക്കം വരുത്തിയില്ല. അത്യാവശ്യം നല്ല രീതിയിലാണ് ഇതുവരെ കഴിഞ്ഞുപോയത്. ഇനിയും ചുമതലകൾ ഉണ്ട്. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം. അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കണം. തല്ക്കാലം അത്രയുമൊക്കെ മതി, അയാൾ മനസ്സിലോർത്തു.
Comments
Post a Comment