വീടോർമ്മ
ഒരു നൂറ്റാണ്ടിലേറെക്കാലം പഴക്കമുള്ള ഒരു പുരയിൽ ജനിച്ചുവളരാൻ അവസരം ലഭിച്ച അപൂർവ്വഭാഗ്യവാനാണ് ഞാൻ. പുതിയവീട് എന്ന ഞങ്ങളുടെ കുടുംബവീട്ടിലെ ഓരോ ഓർമ്മയും എന്റെ ഉള്ളിനോട് വളരെ ചേർന്നുനിൽക്കുന്നതാണ്. അറയും, പുരയും, വരാന്തയും, തടിത്തൂണും, കുളവുമുള്ള തലയെടുപ്പുള്ള വീടിനെ ആരും ഒന്ന് നോക്കിനിന്നുപോവും.
ആ വീട്ടിൽ ജനിച്ചുവളർന്ന എന്റെ ബന്ധുമിത്രാദികൾ, ഭവനസന്ദർശനം നടത്തിയിട്ടുള്ള വിശിഷ്ടവ്യക്തിത്വങ്ങൾ- ഇവരുടെ പറഞ്ഞതും, കേട്ടതുമായ ഓർമ്മചീന്തുകൾ മനസ്സിൽ സൂക്ഷിക്കുന്നു.
പല തലമുറകളുടെ വളർച്ചയ്ക്കും, താഴ്ചയ്ക്കും മൂകസാക്ഷിയായ ആ വീട് ഒരോർമ്മയാവാൻ പോവുകയാണ് എന്നതും, അതിന് കാരണക്കാരൻ ഞാനുമാണ് എന്നതുമാണ് പുതിയ വർത്തമാനം. ഇനി അധികം നാളുകളില്ല.
പുതിയവീട് പൂർണ്ണമായും പൊളിച്ചു ആ സ്ഥാനത്തു പുതിയ ഒന്ന് നിർമ്മിക്കാൻ തീരുമാനിച്ചതാണ് അതിന് കാരണം.
പൊക്കത്താഴ്ചകൾ നിറഞ്ഞ, കുമ്മായക്കെട്ടിൽ പണിത ചരിത്രപ്രാധാന്യമുള്ള വീടാണ് പുതിയവീട്. സൗകര്യകുറവുകൾ നിലനിൽക്കുമ്പോഴും, വീടിന് പ്രൗഢഗംഭീരമായ ചന്തം ചാർത്താൻ നീണ്ട വരാന്തയിൽ തടിയിൽ നിർമ്മിച്ച തൂണും, മുൻവശത്തെ അറയും, കൊത്തുപണികളും സഹായിക്കുന്നു.
വടക്കേയറ്റത്തെ തടി കൊണ്ട് നിർമ്മിച്ച കതക് തുറന്നാൽ അപ്പൂപ്പനും, അമ്മൂമ്മയും ഉപയോഗിച്ചിരുന്ന മുറിയിൽ പ്രവേശിക്കാം. താഴത്തു നിന്ന് വളരെ ഉയർന്നാണ് ആ മുറി സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന് ഊണുമുറിയിലേക്ക് ഇറങ്ങുമ്പോൾ തല താഴ്ത്തിപിടിച്ചില്ലെങ്കിൽ കതകിന്റെ പടിയിൽ തട്ടാൻ സാധ്യതയുണ്ട്. ആ മുറിക്ക് വലതുവശമാണ് കരിയും, പുകയും, മാറാലയും നിറഞ്ഞുനിൽക്കുന്ന പഴയ അടുക്കള. അടുക്കളയിൽ നിർമ്മിച്ച രണ്ട് ഇഷ്ടികത്തട്ടുകളിൽ സാധനങ്ങൾ സൂക്ഷിച്ചുവെയ്ക്കാൻ ഇടമുണ്ട്. അതിനു തൊട്ടരികെ പാത്രങ്ങളും, ടിന്നുകളും, ഗ്യാസ് സ്റ്റവ് ഒതുക്കിവെയ്ക്കുന്നതിന് സ്ഥലം മിച്ചമുണ്ട്. അടുക്കളയിൽ ഇരുന്ന് ജോലി ചെയ്യാനുള്ള ഇരുപ്പ്പടിയുമുണ്ട്. മുൻപത്തെ കൂട്ടുകുടുംബവ്യവസ്ഥിതിക്ക് യോജിച്ച രീതിയിലാണ് വീടിന്റെ രൂപകൽപ്പന. അടുക്കള കഴിഞ്ഞാൽ ഊണ്മുറിയാണ്. മുൻപ് ആ മുറിയുടെ ഒരു കോണിൽ ഇരുന്നുകൊണ്ട് മറുവശത്തെ ഭിത്തിയിൽ ക്രിക്കറ്റ് പന്തെറിഞ്ഞു കളിക്കുമായിരുന്നു. കുറച്ചു മുതിർന്നപ്പോൾ അതെന്റെ പഠനമുറിയായി മാറ്റിയെടുത്തു.
ഊണുമുറിയുടെ തെക്കായി 2009ൽ പുതുതായി പണി കഴിപ്പിച്ച രണ്ട് മുറികളുണ്ട്. അവയിൽ പഴയ സ്റ്റോർ റൂം കൂടെയായ വടക്കേമുറിയിൽ ഇരുന്നാണ് സ്കൂൾ വിട്ടുവന്നാൽ പത്രം വായിച്ചിരുന്നത്. അവിടെയാണ് ഞാൻ കിടക്കുന്ന കട്ടിലും ഒരുക്കിയിരുന്നത്. ഊണ് മുറിയെ പഠനമേശ കൊള്ളുന്ന ഇടമാക്കി മാറ്റിയെടുക്കുകയും, രാവിലെ അവിടെയിരുന്നു പഠനവൃത്തിയിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
2009ലോ മറ്റോ ആണ് വീട് പുതുക്കുന്നത്. കല്യാണത്തിന് മുൻപ് അച്ഛന്റെ പെങ്ങൾ കഴിഞ്ഞിരുന്ന മുറിയിലേക്ക് എനിക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. ആ മുറി പുതുക്കിപ്പണിഞ്ഞ ശേഷമാണ് വാടകക്കാർക്ക് താമസിക്കാൻ കൊടുത്തത്. അപ്പച്ചി ഉപയോഗിച്ചിരുന്ന കട്ടിൽ കൈമാറിക്കിട്ടിയത് അനിയത്തിക്കാണ്. ഒറ്റയ്ക്ക് ഒരു മുറി ഉപയോഗിച്ചത് അങ്ങനെ 3/4 വർഷമാണ്.
അതിനു ശേഷം ഇന്നേ നാൾ വരെ ആരെങ്കിലുമൊക്കെയായി റൂമുകൾ പങ്കിട്ടാണ് ഉപയോഗിച്ചുവരുന്നത്. ഞാൻ കിടന്ന മുറിയുടെ ഇടത്തു ഭാഗത്തായി പുസ്തകങ്ങൾ സൂക്ഷിക്കാൻ ഭിത്തിയിൽ ഘടിപ്പിച്ച തടിഅലമാര ഉണ്ടായിരുന്നു. പടിഞ്ഞാറൻ കാറ്റ് കൊള്ളാൻ തക്ക രൂപത്തിൽ ഒരു ഇളംതിണ്ണയും, അച്ഛനുമമ്മയും ഉപയോഗിച്ചിരുന്ന മുറിയും, അതിനോട് ചേർന്ന് ചെറിയ ഒരു ടിവി മുറിയും ഉണ്ടായിരുന്നത് പൊളിച്ചുകളഞ്ഞാണ് രണ്ട് മുറി എടുത്തത്. അച്ഛനും അമ്മയും ഉപയോഗിച്ചിരുന്ന മുറിയിൽ അനിയത്തിയെ ആട്ടാൻ കെട്ടിയിരുന്ന തോട്ടിൽ, ഇടത്തെ മൂലയിൽ സ്റ്റൂളിൽ ടേപ്പ് റിക്കോർഡർ, പഴയ അലമാര, വലത്തോട്ട് മാറി തടിഷെൽഫ്, കട്ടിൽ എന്നീ വസ്തുവകകൾ ഉണ്ടായിരുന്നു. അതിനോട് കിഴക്ക് മാറി ടിവി റൂം. വരാന്തയിൽ ഇരുന്നുകൊണ്ടും ടിവി കാണാൻ സാധിക്കുമായിരുന്നു. പരിമിതമായ സൗകര്യങ്ങൾക്കിടയിലും സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷം നിലനിന്ന വീട് ഇനി ഓർമ്മ മാത്രമാവാൻ പോവുകയാണല്ലോ.
കുറച്ചു നാൾ മുൻപ് 'നീനിധി' എന്നൊരു സ്വപ്നപദ്ധതിയും, അതിൽ കുടുംബവീട് ഭാഗമാക്കുന്നതിനെപ്പറ്റിയെല്ലാം വിശദമായി എഴുതിയിരുന്നു. പക്ഷെ അതെല്ലാം വിസ്മരിച്ചു പുതിയൊരു തീരുമാനത്തിന്
കൂട്ടുനിന്നത് എന്നോർക്കുമ്പോൾ മറ്റൊരിക്കലും തോന്നാത്തൊരു നഷ്ടബോധമാണ് മനസ്സിനെ അലട്ടുന്നത്.
'പുതിയവീട്' പൊളിക്കുക എന്ന പദ്ധതി മനസ്സിൽ ഉണ്ടായിരുന്ന കാര്യമല്ല. വളരെ പെട്ടെന്ന് സംഭവിച്ച കാര്യമാണ്. 2011ൽ ഞങ്ങൾ പണിയിച്ച ഷീറ്റിട്ട രണ്ടുമുറി വീടിനെ രണ്ടു നിലയാക്കാൻ പദ്ധതിയിട്ട് പേപ്പറുകളും മറ്റും നീക്കിയ സമയത്ത് വീട്ടിൽ അമ്മയുമായി ഞാൻ നടത്തിയ സംഭാഷണമാണ് പഴയ വീട് പൊളിക്കുന്നതിൽ കൊണ്ടെത്തിച്ചത്. പഴയ വീടിനെ പുതുക്കിപണിയുന്നത് ബുദ്ധിമോശമെന്ന് ആദ്യം മുതൽ തന്നെ അച്ഛനും, അമ്മയും പറഞ്ഞിരുന്നു. വീടിന്റെ നിലവിലെ ജീർണ്ണാവസ്ഥയും, വീട് വെയ്ക്കാൻ ഏറ്റവും സുന്ദരമായ സ്ഥാനം വേണം എന്ന ആഗ്രഹവും, വിശാലമായ മുറ്റം ആവശ്യമാണല്ലോ എന്ന ഘടകവുമൊക്കെ ആലോചിച്ചാണ് പഴയ വീട് നിൽക്കുന്നിടത്ത് പുതിയ വീട് വരട്ടെയെന്ന തീരുമാനത്തിൽ കലാശിച്ചത്. അച്ഛന്റെ പേരിലുള്ള വീടിന്റെ കാര്യത്തിൽ അനുവാദം ചോദിച്ചപ്പോൾ, വീട് പുതുക്കിപ്പണിയാൻ ഉദ്ദേശിച്ചതിലും ചിലവേറുമല്ലോയെന്ന ആശങ്ക മാത്രമാണ് പങ്കുവെച്ചത്. ഒരു എതിർപ്പുമില്ലാതെ ഞങ്ങളുടെ 'ആഗ്രഹത്തിന്' ഒപ്പം നിന്നു.
വീട് പൊളിക്കുന്ന കാര്യമറിയിച്ചപ്പോൾ അവിടെ ജീവിച്ചുവളർന്ന അച്ഛന്റെ സഹോദരിയും, മറ്റു പല ആളുകളും വളരെ പ്രോത്സാഹനപരമായ പ്രതികരണമാണ് നൽകിയത്. വാടകയ്ക്ക് കൊടുത്തിരുന്നു എങ്കിലും, ആ വീട്ടിലേക്ക് ഞങ്ങൾ താമസം മാറാൻ തീരുമാനിച്ചത് വളരെ നല്ല കാര്യമാണ് എന്നാണ് അച്ഛന്റെ പെങ്ങൾ അഭിപ്രായപ്പെട്ടത്. എല്ലാവരും സന്തോഷത്തോടെ ആ വാർത്തയെ വരവേറ്റപ്പോൾ മനസ്സിനുള്ളിൽ ഒരു നീറ്റൽ രൂപം കൊള്ളുന്നത് ഞാനറിഞ്ഞു.
ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് --പഴയ വീടിന്റെ അവസാനം ഇങ്ങനെ ആയിത്തീരണം എന്നാരോ നിശ്ചയിച്ച തിരക്കഥയാണോ ഞാൻ ആടിത്തീർക്കുന്നത്? അവസാനമില്ലാത്തത് എന്നൊന്ന് ഈ പ്രപഞ്ചത്തിൽ അന്യമാണ്. ഈ വീടിന്റെ സ്വാഭാവികമരണത്തിൽ എനിക്കും ഒരു പങ്കുണ്ടാവണം എന്നത് കാലത്തിന്റെ കണക്കുപുസ്തകത്തിൽ കുറിച്ചിരുന്ന കാര്യമാണോ? അതോ, അച്ഛനാവട്ടെ ആ വീടിന്റെ അവസാന സൂക്ഷിപ്പുകാരൻ എന്നും, പുതിയകാലത്തെ വരവേൽക്കാൻ പഴയ ചില ഇടങ്ങൾ, ഓർമ്മകൾ നശിച്ചുപോവണം എന്ന പ്രകൃതിയുടെ നീതിയാണോ നടപ്പായത് എന്നും എനിക്കറിയില്ല. സാധാരണ ഗതിയിൽ ഇങ്ങനെയൊരു തീരുമാനം എടുക്കാൻ സാധ്യതയില്ലാത്ത പ്രകൃതമാണ് എന്റേത്. ഇങ്ങനെയൊരു ആലോചന എന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിൽ അതിന് ബാഹ്യപരമായ ചില കാരണങ്ങൾ വന്നിരിക്കാമെന്ന് തോന്നുന്നു.
അങ്ങനെ ചിന്തിച്ചാൽ, കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി സൗകര്യം കുറഞ്ഞ രണ്ട് വീടുകളിൽ കഷ്ടതയും, ശാരീരികമായ കുറെ ബുദ്ധിമുട്ടുകളും സഹിച്ചു ജീവിച്ച അമ്മയുടെ ഒരു വലിയ ആഗ്രഹത്തിന് പ്രകൃതി കൂട്ട് നിന്നതാണോ? അറയും, പുരയും, മച്ചും നിറഞ്ഞ വീടുകൾ കാഴ്ചയ്ക്ക് ഭംഗിയാണെങ്കിലും അവ കുഴപ്പം വരാതെ സൂക്ഷിക്കുക എന്നത് വീട്ടിലെ പെണ്ണുങ്ങൾക്ക് വിധിക്കപ്പെട്ട ശ്രമകരമായ ജോലിയാണ്. പരമ്പരാഗതമായി സേവനലേച്ഛ ചെയ്തിരുന്ന ഇത്തരം ചില ജോലികൾക്ക് ഒരു വിരാമം ആവട്ടെ എന്ന ചരിത്രപരമായ നീതിനടപ്പാക്കലിന്റെ ഭാഗമായി ഈ മാറ്റത്തെ നോക്കിക്കാണാൻ പറ്റുമോ?
അതല്ലെങ്കിൽ, മനുഷ്യർ മരിക്കുന്നത് പോലെ വീടിനും യാത്ര പോവാൻ സമയമായതാണോ? വീട് പോവുമ്പോൾ മനസ്സിലുണ്ടാവാൻ പോവുന്ന ശൂന്യതയെ ഇപ്പോൾ തന്നെ മുന്നിൽ കാണുന്നുണ്ട്.
മറ്റുള്ളവർക്ക് ചിലപ്പോൾ യുക്തിരഹിതമായി തോന്നുന്ന ഇത്തരം ചില കാട് പിടിച്ചതായി തോന്നിപ്പിക്കുന്ന ചിന്തകളിലാണ് ഞാൻ എന്നെ അടക്കിനിർത്തുന്നത്.
പുതിയ വീട്ടിൽ ഞങ്ങളുടെ പഴയ വീടിന്റെ ഓർമ്മകൾക്ക് ഇടം കൊടുക്കാൻ വളരെ താൽപ്പര്യപൂർവ്വം പ്രവർത്തിക്കും. വരാന്തയിൽ ചാരുകസേരയും, നെൽക്കതിർമാടവും, വലിയ അപ്പൂപ്പൻ വരച്ച ചിത്രങ്ങളും, ഭിത്തിയിൽ പഴയ അറയുടെ ഒരു ഭാഗം പതിപ്പിക്കുകയും ചെയ്യും. വീടിനകത്തെ എന്റെ മുറിയിൽ എന്റെ പ്രിയകരമായ ഓർമ്മകൾക്ക് ഒരു പ്രത്യേക സ്ഥാനം കൊടുക്കും.
പുതിയ വീട് വെയ്ക്കുന്നതിനെ മനസ്സാൽ എതിർക്കാനോ, പഴയ വീടിനെ ഓർത്തു വിഷമിച്ചുകൊണ്ടേയിരിക്കാനോ പറ്റില്ല. പഴയ വീടിന്റെ ഓർമ്മചിത്രം മനസ്സിൽ വളരെ ആഴത്തിലാണ് തെളിഞ്ഞുനിൽക്കുന്നത് എന്ന് മനസ്സിലാക്കാൻ ഈ സംഭവം ഒരു നിമിത്തമാവുന്നു. മറന്നെന്ന് കരുതിയ പല ഓർമ്മകളും തിരിച്ചു എന്നെതേടിയെത്തുന്നു.
'പുതിയവീടിന്റെ' ഓർമ്മകൾക്ക് ക്ഷതമേൽക്കാതെ പുതിയവീട്ടിൽ താമസിക്കണം.
NB: വീടിനെക്കുറിച്ച് രാമാദേവി ദിലീപ് എഴുതിയ ഹൃദ്യമായ കുറിപ്പ്:
https://m.facebook.com/story.php?story_fbid=2843455985873346&id=100006269170664
വീടായാലും മറ്റെന്തായാലും നമ്മൾ ഇടപഴകിയ എന്തിനോടും ഇത്തരം ഇഴയടുപ്പങ്ങൾ ഉണ്ടാകുമെങ്കിലും എല്ലാം പുതിയതിനായി മാറിക്കൊടുക്കേണ്ടി വരും എന്നതാണല്ലോ ശരിയായ ജീവിത രീതി
ReplyDelete