കത്ത്
നമുക്ക് ഇഷ്ടമുള്ളവർക്ക് എന്തെങ്കിലും ഒരു കാര്യം എഴുതി അയച്ചാൽ അതിന് മറുപടി ലഭിക്കുന്നത് വരെ ഇരിക്കപ്പൊറുതി കിട്ടാത്തവർ എത്ര പേരുണ്ട്? ഓരോ കത്തും ഒരായിരം കഥകളിലേക്കുള്ള ചൂണ്ടുപലകകളാണ്. ഹൃദയത്തിന്റെ ഭാഷയാണ് കത്തുകൾക്കുള്ളത്. വായിക്കുന്നയാളും, എഴുതിയ ആളും തമ്മിലുള്ള അകലം അറിയാതെ ഉരുകുന്നതായി നമുക്ക് അനുഭവപ്പെടുന്ന ഒരു സവിശേഷത കത്തുകൾക്കുണ്ട്.
പഴയ കാലത്ത് നമ്മൾ പലരും കത്തുക്കളെഴുതിയിരുന്നു. ദൂരേയിരുന്ന് നമ്മുടെ വിശേഷങ്ങൾ മറ്റൊരാളെ അറിയിക്കാനും, അവരുടെ ക്ഷേമവിവരങ്ങൾ തിരക്കാനും നമ്മൾ എഴുതിയിരുന്നു. തന്റെ വീട്ടിലെ അച്ഛനോ, അമ്മയ്ക്കോ, അല്ലെങ്കിൽ ഒരു സുഹൃത്തിനോ എഴുതിയിരുന്ന 80കളിലെ തലമുറയ്ക്ക് കത്തെഴുത്തിനോട് ഒരു വൈകാരിക അടുപ്പം കണ്ടെന്നു വരാം. അവയിൽ പ്രത്യേകം തോന്നിയ ഒരു സവിശേഷത, ആ കത്തുകളിലെ ചില വരികൾക്ക് കറപുരളാത്ത സത്യസന്ധത ഉണ്ടെന്നതാണ്.
കലർപ്പ് കലരാത്ത സ്നേഹത്തിന്റെ പരിഭാഷ്യമാണ് ചില കത്തുകൾ.
മുൻപൊരിക്കൽ, ബംഗാളി ചലച്ചിത്രം ' ദി ജാപ്പനീസ് വൈഫ്' കണ്ടപ്പോൾ ദേശത്തിന്റെ അതിർവരമ്പുകൾ കടന്ന് കത്തുകളിലൂടെ പ്രണയം കൈമാറിയ രണ്ട് മനുഷ്യരെ പരിചയപ്പെടാൻ എനിക്ക് സാധിച്ചു.
നന്നായി ചിന്തിക്കുമ്പോഴാണ് നമ്മൾ നമ്മളോട് ഏറ്റവും സത്യസന്ധരാവുന്നത്.
നമുക്കപ്പോൾ നമ്മളോട് തന്നെ സ്വകാര്യമായി സംവദിക്കുന്നതായി അനുഭവപ്പെടും. ഒരു കത്തെഴുതുമ്പോൾ നമ്മൾ നമ്മളോട് വളരെ സത്യസന്ധരായിരിക്കാൻ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്.
കത്തെഴുത്തിന് പല മാനങ്ങളുണ്ട്. പ്രണയലേഖനങ്ങൾ, ക്ഷേമാന്വേഷണങ്ങൾ, വിശേഷങ്ങൾ പങ്കിടൽ എന്നിങ്ങനെ പല ആവശ്യങ്ങൾക്കായി നമ്മൾ കത്തുക്കളെഴുതുന്നു. ഒരു സ്വകാര്യം തുറന്നുപറയുമ്പോൾ നമുക്ക് തോന്നാവുന്ന ഒരുതരം ജാള്യത മറികടക്കാൻ കത്തുക്കളെ കൂട്ടുപിടിച്ചവർ നമുക്ക് ചുറ്റുമുണ്ട്.
അതുപോലെ, സാഹിത്യകാരന്മാരും, സാംസ്കാരികപ്രമുഖരും, അവരുടെ
ചില സഹപ്രവർത്തകർക്ക് എഴുതിയ കത്തുകൾ അവരുടെ കാലശേഷം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ, പ്രസംഗകലാകാരനും, എഴുത്തുകാരനുമായ സുകുമാർ അഴീക്കോടിനെഴുതിയ കത്ത് ഇതുവരെ വായിക്കാത്തവർ ഉണ്ടെങ്കിൽ അത് വായിക്കാൻ ശ്രമിക്കണം.
മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരഗാന്ധിയും, പിതാവായ നെഹ്‌റുവുമായുള്ള കത്തുകൾ വായിക്കുമ്പോൾ ഒരു അച്ഛൻ-മകൾ ബന്ധത്തിന്റെ ദൃഡതയാണ് ഉള്ളിൽ പതിയുന്നത്.
എനിക്ക് കിട്ടിയ കത്തുകൾ
ഒരിക്കൽ, ഒരു പിറന്നാൾ ദിനത്തിൽ, ഇതാ ഞാൻ കത്തെഴുത്ത് തുടങ്ങുന്നു എന്ന ഒരു വിശേഷം മുഖപുസ്തകത്തിൽ കുറിച്ചിട്ടു. വിരസത നിറഞ്ഞ നാളുകൾക്ക് ഒരറുതി ഉണ്ടാവട്ടെ എന്നതായിരുന്നു ഉദ്ദേശം. അത് വായിച്ച ചില മിത്രങ്ങൾ എനിക്ക് വിശദമായി എഴുതി അവരുടെ വിശേഷങ്ങൾ പങ്കിട്ടു. അവയിൽ പലതിനും മറുപടി അയക്കാൻ എനിക്കായില്ലെങ്കിലും
ആ കത്തുക്കളെല്ലാം എന്റെ സ്വകാര്യ ആൽബത്തിൽ, പല താളുകളിലായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
എന്തുകൊണ്ടെന്നറിയില്ല! ആദ്യമായി കിട്ടിയ കത്ത് ഏതാണെന്ന് കൃത്യമായി ഓർമ്മിക്കാൻ എനിക്കിപ്പോൾ കഴിയുന്നില്ല. ജർമ്മനിയിൽ വൈദിക സേവനം അനുഷ്ഠിച്ച ആൻസമ്മ സിസ്റ്റർ എനിക്ക് എട്ടോ-ഒൻപതോ വയസ്സുള്ളപ്പോൾ അയച്ച ഒരു കത്തിന്റെ നേരിയ ഓർമ്മ മനസ്സിൽ പതിഞ്ഞുകിടക്കുന്നു. അന്ന്, വീട്ടിൽ കത്ത് എത്തിച്ച പോസ്റ്റ്മാന്റെ കൈകളിൽ നിന്ന് ഒപ്പിട്ട് കൈപ്പറ്റുമ്പോൾ കണ്ണുകളിൽ ആകാംഷ നിറഞ്ഞിരുന്നു.നിനക്കും കത്തെഴുതാൻ ആളോ എന്ന അത്ഭുതഭാവത്തിൽ എന്നെ പോസ്റ്റ്മാൻ സൂക്ഷിച്ചുനോക്കുന്നതായി എനിക്ക് തോന്നി.
കത്തുകളിൽ പ്രയോഗിക്കുന്ന പോലെയുള്ള വാക്കുകൾ എനിക്ക് വാട്സാപ്പ് ഇടങ്ങളിൽ ഉപയോഗിക്കാൻ സാധിക്കാറില്ല. എന്റെ സ്വകാര്യത വളരെ പ്രധാനമായി കരുതുന്നത് കൊണ്ടാവും അങ്ങനെയെന്ന് ഞാൻ വെറുതെയോർത്തു.
ചില കത്തെഴുത്തുകൾ നമ്മളെത്തന്നെ കണ്ടെത്തലാണ്. നമ്മൾ പറയാതിരുന്ന ചില കാര്യങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് , അല്ലെങ്കിൽ
നമ്മുടെ ചില തിരഞ്ഞെടുപ്പുകളിലേക്കുള്ള എത്തിനോട്ടമാണ്, അതുമല്ലെങ്കിൽ നമ്മുടെയുള്ളിലെ നമ്മളോടുള്ള ആത്മഭാഷണമാണ്. ഇങ്ങനെയെല്ലാം ഓർക്കാൻ പ്രേരകമായ ഒരു കത്തയച്ച ആ സുഹൃത്തിനു വീണ്ടും നന്ദി പറയുന്നു. 💜
Comments
Post a Comment