എഴുത്തിൽ പിടിച്ച കുരുക്ക്, ഉള്ളടക്കത്തിൽ വന്ന തുറന്നെഴുത്ത്




ആദ്യകേഴ്‌വിയിൽ സമാനമെന്ന് തോന്നിക്കുന്ന വ്യത്യസ്തമായ രണ്ട് ആവിഷ്കാരരീതികളാണ് കണ്ടന്റും എഴുത്തും. ഉള്ളടക്കം എന്നാണ് കണ്ടന്റിന്റെ മലയാളപദം. ലേഖനത്തിൽ  ഇനിയുള്ള ഭാഗങ്ങളിൽ മലയാളപദമാണ്  ഉപയോഗിക്കുന്നത് എന്ന മുൻകൂർജാമ്യത്തോടെ തുടങ്ങട്ടെ.

ഐടി യുഗത്തിന്റെ കടന്നുവരവോടെ ലോകമെങ്ങും പ്രചാരത്തിലായ എഴുത്തുരീതിയാണ് ഉള്ളടക്കയെഴുത്ത്. സേർച്ച് എൻജിൻ ഒപ്ടിമൈസേഷൻ (എസ്ഇഒ) എന്ന സാങ്കേതികവിദ്യയുടെ സകലസാധ്യതകളും ഉപയോഗിച്ച് തയ്യാറാക്കുന്ന എഴുത്തുരീതിയാണത്. നമ്മൾ തിരഞ്ഞെടുത്ത വിഷയം ഇന്റർനെറ്റിൽ ഹിറ്റാവുമോ, സെർച് എഞ്ചിനുകൾ ലിസ്റ്റ് ചെയ്യുമോ, കീവേർഡുകൾ ആവശ്യത്തിന് അടങ്ങിയിട്ടുണ്ടോ, തലക്കെട്ടും ഉപഘടകങ്ങളും എസ്ഇഒ മാതൃക  കൃത്യമായി പാലിച്ചോയെന്നതൊക്കെ  കണക്കാക്കിയാണ് ഉള്ളടക്കത്തെ പൊതുവെ വിലയിരുത്തുക. 

മാധ്യമപ്രവർത്തനത്തിൽ നിന്ന് മാറിയശേഷം ഉള്ളടക്കയെഴുത്തിൽ കുറച്ചുനാൾ ജോലി ചെയ്തിരുന്നു. അപ്പോഴാണ് മാധ്യമരചനയും ഉള്ളടക്കയെഴുത്തും ക്രിയാത്മകരചനയും തമ്മിൽ അകന്നബന്ധത്തിലുള്ള അമ്മാവന്റെ  അടുപ്പം പോലുമില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. 

മറ്റുള്ള എഴുത്തുകളെപ്പോലെ തല പുകപ്പിക്കുന്നതും അധ്വാനഭാരം ഏറെയുള്ളതുമായ രചനാരീതിയാണ്   ഉള്ളടക്കയെഴുത്തിനുണ്ടാവേണ്ടത്. പക്ഷെ  അതൊന്നുമില്ലാതെയും ലേഖനങ്ങൾ, വാർത്തകൾ എന്നിവ  ജനക്കൂട്ടത്തിനെക്കൊണ്ട് വായിപ്പിക്കാം. കണ്ടെത്തുന്ന വിഷയം എത്ര ട്രെൻഡിങ് ആകുമോ അത്രയും ക്ലിക്കുകൾ ഉറപ്പ്. തലക്കെട്ടുകൾക്ക് മസാലച്ചുവ നൽകിയും വാർത്തകൾക്ക് ചൂട് പിടിപ്പിക്കുന്ന ചിത്രങ്ങൾ കൊടുത്തും ട്രാഫിക്ക് ഉയർത്തുന്ന മാധ്യമങ്ങൾ ഇന്നൊരു യാഥാർഥ്യമാണ്. 

പക്ഷെ എന്നെ മുഖ്യമായി അലട്ടിയ ഉള്ളടക്കപ്രശ്‌നം ഇവയെല്ലാമാണെന്ന് തെറ്റിദ്ധരിക്കില്ലെങ്കിൽ തുറന്നെഴുതാം. എഴുത്തിലെ നമ്മുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് ഉള്ളടക്കയെഴുത്ത് വിലങ്ങുതടിയായി നിൽക്കുന്നതാണ് എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്. ഡേറ്റകളും സംഖ്യകളും ഉപയോഗിച്ചുള്ള എണ്ണക്കണക്കിൽ എഴുത്ത് എന്നത് കടകളിൽ വിൽക്കാൻ വെയ്ക്കുന്ന ഉൽപ്പന്നം പോലെയായി മാറുന്നു. ഓരോ വിഷയങ്ങൾക്കും വില നിശ്ചയിക്കുന്നു. ഓരോ ഉള്ളടക്കത്തിനും മുന്നിൽ വായനക്കാർ വരികളിൽ നിൽക്കുന്നു. എഴുത്തിനെ കച്ചവടവസ്തുവായി വിലയിരുത്തുന്നു. ഓഫീസിലെ വിലയിരുത്തൽ അതിനേക്കാൾ രസകരമാണ്. 

 നമ്മൾ തയ്യാറാക്കുന്ന തലക്കെട്ടുകളും ലേഖനങ്ങളും ഈ മേഖലയെക്കുറിച്ച് കാര്യമായ പരിചയം ഇല്ലാത്തയാളുകൾ സൂക്ഷ്മപരിശോധന നടത്തി വായനമൂല്യം പരിശോധിക്കാതെ എസ്ഇഒ കണക്കുകൾ   നിരത്തി വാദഗതികൾ ഉന്നയിക്കുന്നു. ഇതിൽ  നമുക്ക് അൽപ്പം മടുപ്പ് തോന്നും. അത്രയേറെ അദ്ധ്വാനിച്ച് തയ്യാറാക്കുന്ന എഴുത്തുകൾ ആളുകൾക്ക് കണക്കുകൾ മാത്രമായി തോന്നുകയും എഴുതിയ വാചകങ്ങൾക്ക് വില കിട്ടാതെ പോവുകയും ചെയ്യുന്നത് എഴുത്തിനെ സ്നേഹിക്കുന്ന ആളുകൾക്ക് മാനസികബുദ്ധിമുട്ട് വരുത്താവുന്ന കാര്യമാണ്. എല്ലാ തരം എഴുത്തിനും അതിന്റെതായ മൂല്യവും പ്രസക്തിയും ഉണ്ടെന്നിരിക്കെ എഴുത്തിനെ 'ഡേറ്റ' ആയി കണക്കാക്കി അളവുകോൽ നിർവചിക്കുകയും വാർപ്പ്മാതൃകകൾ ഉണ്ടാക്കാൻ പറയുകയും എഴുതി സമയം കളയേണ്ടെന്ന് ഉപദേശിക്കുകയും ചെയ്യുന്നതോടെ എന്തിനാണ് ഇങ്ങനെ എഴുതുന്നത് എന്ന ചോദ്യം പലരുടേയുമെന്ന പോലെ എന്റെയുള്ളിലും ആഞ്ഞടിച്ചു. 

എഴുത്തിന് കേവലമായ ശരികളും തെറ്റുകളുമില്ല. എഴുത്തുകാരന്റെ ബോധ്യങ്ങളും എഡിറ്ററുടെ വീക്ഷണങ്ങളുമാണ് എഴുത്തിനെ എഴുത്താക്കിനിർത്തുന്നത് എന്നാണ് ഞാൻ പഠിച്ചുവളർന്നത്. അങ്ങനെയുള്ള എഴുത്തിന് സൈബറിടത്തിലും തെളിഞ്ഞുനിൽക്കാനാവും എന്നാണ് ഞാൻ ഈ നിമിഷം വരെയും വിശ്വസിക്കുന്നത്. പക്ഷെ ഇത്തരം വിഷയങ്ങളെ 'ശാസ്ത്രീയവും' ഡേറ്റകൾ കൊണ്ടും നിർവചിക്കുന്ന സ്ഥാപനങ്ങളോട് എങ്ങനെ അവതരിപ്പിക്കും? നെറ്റ്ഫ്ലിക്സ് പോലെ ചില സ്ഥാപനങ്ങളാണ് സര്ഗാത്മകരചനയുടെ സാദ്ധ്യതകൾ സൈബറിടങ്ങളിൽ പരീക്ഷിച്ചുകണ്ടത്. ഐടി സ്ഥാപനങ്ങളിൽ ആളുകൾ ചിന്തിക്കുന്നത് മറ്റൊരു തലത്തിലാണ്. ഹൃദയത്തിന്റെ ഭാഷയെ പ്രോഗ്രാമിങ് പോലെ വിശദമാക്കാൻ അറിയാതിരുന്നത്കൊണ്ട് ഞാനാ സാഹസത്തിന് മുതിർന്നില്ല.     

ഐടി മേഖലയിൽ കൃത്യം ഒരു വർഷമാണ് എനിക്ക് ജോലിയിൽ  തുടരാൻ സാധിച്ചത്. സ്പോർട്സ് ഉള്ളടക്കയെഴുത്ത് വിട്ടതിന് ശേഷം എന്റെ പഠനരംഗമായ മാധ്യമപ്രവർത്തനത്തിലേക്ക് സ്വന്തം ഭാഷയായ മലയാളത്തിന്റെ പിൻബലത്തോടെ കടന്നുവരാൻ സാധിച്ചു. എഴുത്തിൽ പല പുതിയ കാര്യങ്ങളും പയറ്റിനോക്കുന്നു. 

ഉള്ളടക്കസംബന്ധിയായ എഴുത്തിൽ എങ്ങനെ വായനാക്ഷമതയും സാഹിത്യഭംഗിയും ആശയക്കൈമാറ്റവും സംയോജിപ്പിച്ചെഴുതാം എന്ന ശ്രമമാണ് ഓൺലൈനിൽ അച്ചടിച്ചുവരുന്ന ഓരോ ലേഖനങ്ങളിലും ഞാൻ പരീക്ഷിക്കുന്നത്. രചനാച്ചോറിന്റെ വേവ് കൂടിയും കൂടാതെയും പാതി വെന്തുമൊക്കെ പുറത്തിറക്കുന്നു. അവ ആവർത്തിച്ചുവായിച്ചാണ്  മുഴച്ചുനിൽക്കുന്ന കുറ്റങ്ങളും കുറവുകളും അൽപ്പമെങ്കിലും ചെത്തിമിനുക്കുന്നത്.   

എഴുതുന്ന എല്ലാവരെയും പൊതുവേ എഴുത്തുകാരെന്ന് വിളിക്കാമെന്നാണ് സാമാന്യനിർവചനം. എഴുത്തുകൂട്ടായ്മകൾ അകലെ നിന്നാസ്വദിക്കാൻ വലിയ ഇഷ്ടവും താല്പര്യവുമാണ്.  അടുത്തിടെ സാഹിത്യക്യാമ്പിൽ മുഖ്യാതിഥിയായി വന്ന വ്യക്തി ഞാൻ മാധ്യമമേഖലയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ 'അതൊക്കെ സാഹിത്യവുമായി ബന്ധമില്ലാത്ത സാധനമാണെന്ന്' അഭിപ്രായപ്പെട്ടു. ആ ചിന്തയോട് എനിക്ക് യോജിക്കാൻ കഴിഞ്ഞില്ല. എസ്കെ പൊറ്റെക്കാട്, എംടി വാസുദേവൻ നായർ, ഗബ്രിയേൽ ഗാർസിയ മാർക്വേസ്, ഏർണസ്റ്റ് ഹെമിങ്ഗ്വേ, പിജി, എസ് ജയചന്ദ്രൻ നായർ, ചിന്താ രവി -  പ്രിയപ്പെട്ട എഴുത്തുകാർ പലരും മാധ്യമപ്രവർത്തനം നടത്തിയിട്ടുള്ളവരാണ്. ആഴത്തിൽ  എഴുതിയവരാണ്. മാർക്ക് ട്വൈൻ, ചാൾസ് ഡിക്കൻസ് പോലെ പല പ്രഗത്ഭരായ എഴുത്തുകാരുടെയും രചനകളിൽ ജേർണലിസം ഉണ്ടെന്ന് പ്രഗത്ഭരായ നിരൂപകരാണ് അഭിപ്രായപ്പെട്ടത്. ഇതെല്ലാം കൊണ്ടാണ് സാഹിത്യരചനകളിൽ നിന്ന് പൂർണ്ണമായും മാറ്റിനിർത്തേണ്ട വിഭാഗമാണ് മാധ്യമരചനകളെന്ന് തോന്നാത്തത്. 

പക്ഷെ ഒരാൾ എഴുതുന്നതും വാർത്ത തയ്യാറാക്കുന്നതും രണ്ട് തരം രചനാവിദ്യകളാണെന്ന കാര്യത്തിൽ എനിക്ക് എതിരഭിപ്രായമില്ല. ഉദാഹരണത്തിന്, വാർത്തയിൽ വസ്തുതകൾക്കും വേഗതയ്ക്കുമാണ് മുൻ‌തൂക്കം. നമ്മൾ അറിഞ്ഞതും കണ്ടെത്തിയതുമായ വസ്തുതകൾ വായനക്കാരന് എളുപ്പം പിടികിട്ടുന്ന വിധം പങ്കുവെയ്ക്കുന്നതാണ് വാർത്ത. വായനക്കാരന് ആദ്യവായനയിൽ ആശയക്കുഴപ്പമില്ലാതെ വസ്തുതകൾ വേഗത്തിൽ ഗ്രഹിച്ചെടുക്കാൻ സാധിക്കണം. സാഹിത്യത്തിന്റെ കാര്യത്തിൽ ഉള്ളടക്കത്തിന്റെ വ്യാപ്‌തിയെക്കാൾ മുന്നിട്ട് നിൽക്കേണ്ടതാണ് കഥപറച്ചിലിലെ മിടുക്ക്. വായനക്കാരന്റെ മനസ്സിൽ ഭാവനാചിത്രങ്ങൾ വിരിയിക്കാൻ എഴുത്തുകാരന് കഴിയണം. പശ്ചാത്തലവിവരണം നടത്താൻ എത്ര പേജുകൾ വേണമെങ്കിലും എടുക്കാം. ഒരധ്യായത്തിൽ നിന്ന് മറ്റൊരധ്യായത്തിലേക്ക് നീങ്ങുമ്പോൾ കഥാഗതിയിൽ ധാരാളം പുരോഗതി വേണമെന്ന് നിർബന്ധമില്ല. 

വായനക്കാരന്റെ കണ്ണുകളിലൂടെ  സാധാരണ എഴുത്തിനെയും ഉള്ളടക്കയെഴുത്തിനേയും മാധ്യമരചനയെയും നോക്കിയാൽ ചില പ്രത്യേകതകൾ പ്രകടമാകും. മൂന്ന് രചനകളും  മൂന്ന് വിധേനയാണ് നമ്മോട് സംവദിക്കുന്നത്. ഏറ്റക്കുറച്ചിലുകൾ വളരെ പ്രകടമാണ്. ഉദാഹരണത്തിന് സാഹിത്യരചനകൾ സ്ഥിരമായി വായിക്കുന്ന ചിലയാളുകളെ പത്രവാർത്തകൾ തൃപ്തിപ്പെടുത്താതെ പോകുന്നത് അവയുടെ ഉള്ളടക്കത്തിലെ വലിപ്പക്കുറവും ഭാഷയിലെ സങ്കീർണ്ണതയും നോവലുകളെ അപേക്ഷിച്ച് ചെറുതായ ആഖ്യാനരീതികളും ആണെന്നാണ് എന്റെ എളിയ വിലയിരുത്തൽ. ഇതിൽ നിന്ന് വ്യത്യസ്തമാണ് വാർത്താസമൂഹം. സ്ഥിരമായി വാർത്താപരമായ ഉള്ളടക്കങ്ങൾ വായിക്കുന്നവർക്ക് നോവലുകളിലെ നെടുനീളൻ ആഖ്യാനങ്ങളും മന്ദഗതിയിൽ ചലിക്കുന്ന കഥാഗതിയും പേജുകളുടെ എണ്ണക്കൂടുതലുമെല്ലാം വായന കഠിനാനുഭവമാക്കി തീർത്തേക്കാം. സൈബർ എഴുത്തുകളുടെ പ്രേക്ഷകർക്ക് ഇതൊന്നുമല്ല ആവശ്യം. പത്രത്തിന്റെ വസ്തുതാപരമായ രചനാശൈലിയും നോവലുകളുടെ സുദീർഘമായ ആവിഷ്കാരരീതിയും അവരെ ഒരുപോലെ മടുപ്പിക്കാം. വായനക്കാരനെ രസിപ്പിക്കുന്ന, റിലേറ്റ് ചെയ്യിക്കുന്ന (ബന്ധപ്പെടുത്തുന്ന) ഉള്ളടക്കത്തിനാണ് അവിടെ വിലയേറുന്നത്. 

എന്റെ എഴുത്തിടങ്ങളിൽ ഈ മൂന്ന് രീതികൾക്കും സ്ഥാനമുണ്ട്. ഏകദേശം അഞ്ചുവർഷമായി യാത്രതുടരുന്ന ജോലിജീവിതത്തിൽ എഴുത്തിന്റെ വിഭിന്നമായ മേഖലകളിൽ മല്ലയുദ്ധം നടത്താൻ അവസരം ലഭിച്ചത് അംഗീകാരവും വെല്ലുവിളിയും കടമയുമാണ്. എഴുത്തുകളിൽ മൂന്നിന്റേയും ഗുണ-ദോഷങ്ങൾ പ്രതിഫലിക്കുന്നതായി എനിക്ക് പുനർവായനകളിൽ അനുഭവപ്പെടാറുണ്ട്. നമ്മുടെ ശക്തി തന്നെയാണ് പലപ്പോഴും നമ്മുടെ ദൗർബല്യമായി മാറുന്നത്  എന്നത് എഴുത്തുപാഠങ്ങളിൽ ഞാൻ തിരിച്ചറിഞ്ഞ യാഥാർഥ്യമാണ്. ഞാൻ എഴുത്തുകുത്തുകൾ കുറിച്ചിടുന്ന മൂന്നിടങ്ങളിലും എനിക്കെന്നെ കസേരയിലോ ബെഞ്ചിലോ ഇപ്പോൾ ഇരുത്താൻ കഴിയുകയില്ല എന്നാണ് എനിക്ക് ബോധ്യപ്പെടുന്നത്. എനിക്ക് എഴുത്തുകാരന്റെ ആത്മാവിഷ്‌കാരഭംഗിയോ പത്രപ്രവർത്തകന്റെ രചനാകൗശലമോ ഉള്ളടക്കയെഴുത്തുകാരന്റെ അനായാസയെഴുത്തോ സ്വന്തമല്ല. എനിക്ക് അന്യവുമല്ല എന്ന് കരുതാനാണ് ഇഷ്ടം. ഇഷ്ടവും യാഥാർഥ്യവും തമ്മിലുള്ള അന്തരം മനസ്സിൽ സൂക്ഷിക്കുമ്പോൾ തന്നെ എന്തൊക്കെയോ ചിലതറിയാം,  അറിയാത്തതാണ് കൂടുതലും കാര്യങ്ങൾ. 

പക്ഷെ നമ്മുടേത് വിശ്വരചനകളോ വായിക്കപ്പെടുന്ന കൃതികളോ ആവില്ലെങ്കിൽ പോലും എല്ലാ കാലവും അതിന് മൂല്യവും പ്രസക്തിയുമുണ്ട്. നമ്മൾ എഴുതാനിരിക്കുന്നു എന്ന തീരുമാനം ഒരുതരത്തിൽ ചെറിയൊരു വിപ്ലവമാണ്.  ഭാഷയോടും വ്യാകരണത്തോടും സാമാന്യമായ എഴുത്തുരീതികളോടും പൊതുധാരണകളോടും അതികായരോടും നമ്മൾ വാൾപ്പയറ്റിലേർപ്പെടുന്നു. പലതിനോട് കലഹിച്ച് നമ്മൾ നേടുന്ന അവകാശമാണ് എഴുത്ത്. ആയുധം രാകിമിനുക്കിക്കൊണ്ടിരുന്നാലേ പലതിനോടും പയറ്റിനോക്കാൻ കരുത്ത് കിട്ടൂ. എല്ലാ എഴുത്തുകളിലും ഒരു കലാകാരനുമുണ്ട്. മനസ്സിൽ അങ്ങിങ്ങായി കുഴഞ്ഞുകിടക്കുന്ന കുറെ കാര്യങ്ങളെ കൂട്ടിക്കെട്ടിയൊരു കഥയായി അവതരിപ്പിക്കുന്നത് ചെറിയ കലയല്ല. 

മനസ്സിലുള്ളത് ലോകത്തെ അറിയിച്ചുകൊണ്ടും അതേസമയം  മുഖങ്ങൾ ഒളിപ്പിച്ചും  നമ്മളെഴുതുന്നു.  നമ്മുടെ എഴുത്തുകൾ നാലാൾക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നത് എല്ലാവരെക്കൊണ്ടും സാധിക്കുന്ന കാര്യമല്ല. സ്വന്തം ഉദാഹരണമെടുത്താൽ എനിക്ക് അന്തർമുഖതയുടെ  രൂപഭാവമാണ്. എന്റെ ചിന്തകൾ, ജൽപ്പനങ്ങൾ, ഓർമ്മ --  അവയിൽ ചിലതൊക്കെ ഒരിടത്ത്  വെറുതെ കുറിച്ചുവെയ്ക്കുന്നു. പക്ഷെ അതെനിക്ക് പൊതുമദ്ധ്യേ പ്രദർശനത്തിന് വെയ്ക്കാൻ സാധിക്കാറില്ല. എനിക്കൊരു ബ്ലോഗ് ഉണ്ടെങ്കിലും അതിന്റെ ഭൂരിഭാഗം കുറിപ്പുകൾ  സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാതെ ബ്ലോഗിടത്തിൽ സൂക്ഷിച്ചുവെയ്ക്കുകയാണ് പതിവ്. പക്ഷെ പങ്കുവെയ്ക്കാത്ത എഴുത്ത് സ്വാർത്ഥസുന്ദരമെന്ന് വിമർശകർ പറയും. 


എന്റെ സ്വകാര്യത പോലെ പ്രധാനമാണ് എനിക്കെന്റെ ഓർമ്മകൾ.  പൊതുയിടങ്ങളിൽ ബ്ലോഗിന് നടന്നുകയറാൻ വഴിവെട്ടാതെ ഓരോ ചില്ലറനാണയങ്ങളും സ്വരുക്കൂട്ടി കുടുക്കയിലിടുന്ന എന്നെ നിങ്ങൾക്ക് ചിലപ്പോൾ അംഗീകരിക്കാൻ സാധിക്കില്ല. പക്ഷെ ബ്ലോഗുണ്ടെന്ന കാര്യം രഹസ്യമായി സൂക്ഷിക്കുന്നയാളുകൾ അപൂർവ്വകാഴ്ചയൊന്നുമല്ല എന്ന് ഞാനുറപ്പ് തരാം. എന്റെ എഴുത്തുകൾ വായിക്കപ്പെടണം എന്ന് ആഗ്രഹം തോന്നാറുണ്ട്. എന്നാൽ എന്റെ എഴുത്തിന് വിളവായോ എന്ന് ഇനിയും ബോധ്യം വന്നിട്ടില്ല. എന്റെയുള്ളിലെ എഡിറ്ററുമായി എന്റെ  സംവാദം തുടരുന്നു.

എന്നെപ്പോലെ ചിന്തിക്കുന്ന അനേകായിരം ആളുകൾ എഴുത്ത് തുടങ്ങാതെ ഒളിച്ചിരിക്കുന്ന വിവരം എനിക്കറിയാം.  എന്നാൽ ബ്ലോഗ് കുറിപ്പുകൾ അനേകായിരങ്ങളിലേക്ക് പങ്കുവെച്ച് അഭിപ്രായങ്ങൾ ആർത്തിയോടെ വായിക്കുന്നവരുമുണ്ട്. സ്വന്തം രചനകൾ മറ്റാളുകൾ വായിക്കുമ്പോൾ ചിലർക്കൊക്കെ സന്തോഷം ഉച്ചസ്ഥായിയിലെത്തും. അത്തരം പങ്കുവെക്കലുകൾ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമാണ്.  ഉണ്ണിമാങ്ങാക്കഥകളും ഉട്ടോപ്പ്യന്റെ ലോകവുമെല്ലാം പരിചിതമായത് അതിന്റെ രചയിതാക്കൾ അത് പങ്കുവെയ്ക്കാൻ തയ്യാറായത് കൊണ്ടാണ്. 

ഇതാണ് എന്റെ രചന എന്ന് പറഞ്ഞു പൊതുമധ്യത്തിലേക്ക് ഇറങ്ങിവരാൻ വിഷമിക്കുന്ന എനിക്ക് ഇത് സാധിക്കുന്ന കാര്യമല്ല എന്ന് പലപ്പോഴും തോന്നും. അതെന്റെ ധീരതയോ കുറവോ ആവുന്നില്ല. ഓരോ ആളുകളുടെയും എഴുത്തുരീതികൾ വ്യത്യസ്തവും വിചിത്രവുമാണ്. എഴുത്തിനോടുള്ള ഇഷ്ടമാണ് അവരെയെല്ലാം ഒന്നിച്ചുനിർത്തുന്ന ഘടകം. അതിനുള്ളിൽ കയറാതെ പുറത്ത്നിൽക്കുന്നത് എഴുത്തുലോകത്ത് എത്ര അഭിലഷണീയമെന്ന ചോദ്യമുയരാം. പക്ഷെ നമ്മുടെയെല്ലാം ഇഷ്ടങ്ങൾ പലതാണ്, നമ്മുടെയെല്ലാം താൽപ്പര്യങ്ങൾ ശരിയാണ്. 

എല്ലാവരും എഴുത്തുകാരാണ്. ഞാനും, നിങ്ങളും, എല്ലാവരും. എല്ലാത്തരം എഴുത്തുകൾക്കും ഇടമുണ്ട്.  എല്ലാ തരം എഴുത്തുകാരും തഴച്ചുവളരണം. അങ്ങനെ ഭാഷ ഉദിക്കണം. ഭാഷയാണ് വലുത്, വ്യക്തിയല്ല.        


  


Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ