എഴുത്തുപെട്ടിയെന്ന സന്തതി ഉണ്ടായതെങ്ങനെ...
ഇത് എഴുത്തുപെട്ടിയുടെ കഥയാണ്. എഴുതാനറിയാത്ത ഒരാളുടെ എഴുത്തുശ്രമങ്ങളുടെ കഥ.
ഉള്ള് തുറന്ന് എഴുതുമ്പോൾ എന്റെ മനസ്സിലെ മാറാലകൾ ഒന്നൊന്നായി അഴിഞ്ഞുനീങ്ങുന്നു. അവയിലെ വിയർപ്പുതുള്ളി തുടച്ചുനീക്കി വായനക്കാർക്ക് സമർപ്പിക്കുന്നു. ഓരോ എഴുത്തിലും എന്റെയുള്ളിലെ എന്നെ അൽപ്പംകൂടെ നന്നായി അറിയാൻപറ്റുന്നു. വായനയോട് തുടങ്ങിയ പ്രേമമാണ് എഴുത്തിലേക്ക് പ്രവഹിച്ചത്.
കഞ്ഞിപ്പാടം എന്ന കുട്ടനാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന സാധാരണക്കാരനാണ് എഴുത്തുപെട്ടിയുടെ പുറകിലുള്ള ബുദ്ധികേന്ദ്രം. ചെറിയ പ്രായത്തിൽ ധാരാളം പുസ്തകങ്ങളും മാസികകളും വായിച്ചു. വായിക്കുന്ന കഥയോടൊപ്പം അതിന്റെ പിന്നിലെ കൈകളേയും മനസ്സിൽ സൂക്ഷിച്ചു. അഞ്ച് വയസ്സുള്ളപ്പോൾ ക്ലാസ്സിലെ മലയാളം അധ്യാപകനായ രാജു സാർ ആവശ്യപ്പെട്ടതു പ്രകാരം എഴുതിയ വാക്ശകലങ്ങളാണ് എന്റെ ഓർമ്മയിലെ ആദ്യ രചന. അതിനെ കവിത എന്ന് വിളിക്കാമോയെന്ന് ഇന്നും പിടിയില്ല!
'മഴ നല്ല മഴ, എന്തു നല്ല മഴ,
മഴ വരുമ്പോൾ കുടയെടുക്കാൻ മറന്ന കോലപ്പൻ,
മഴയും നനഞ്ഞു ഓടി വരുന്നത് കണ്ടില്ലേ'
പെൻസിലിൽ ഭാവന വിരിഞ്ഞ നിമിഷം ആദ്യമായി കുറിച്ച ആ വരികളെ കുട്ടിക്കവിതയെന്നോ പൊട്ടക്കവിതയെന്നോ വിളിക്കാം. ആദ്യകുട്ടിയോട് ആർക്കും ഉണ്ടാവുന്ന വാത്സല്യം ആ വരികളോട് എനിക്ക് തോന്നാറുണ്ട്. അഞ്ചാം ക്ലാസ് വരെ വായന കാര്യക്ഷമമായി നടന്നു. വായനയുടെ രസമുകുളങ്ങൾ നുണയാൻ എഴുത്തനുഭവം തുണയായി. വിവിധ വിഷയങ്ങൾ തേടിയുള്ള വായന വിഭവസമൃദ്ധമായ സദ്യ പോലെ സ്വാദിഷ്ടമാണ്.
വായനയുടെ ഒപ്പം പുസ്തകാസ്വാദനം എന്ന ലഹരി കൂടിയ 2003ൽ സ്കൂൾ പ്രിൻസിപ്പാളായ ശരദാമ്മ ടീച്ചർ നിർദേശിച്ച പ്രകാരം പുതിയ പുസ്തകങ്ങൾ വായിച്ചു അവയുടെ വായനാനുഭവകുറിപ്പുകൾ ടീച്ചറുടെ ഓഫീസ്മേശയിൽ കൊണ്ടുവെച്ചു. ആ വർഷം 37 പുസ്തകങ്ങളുടെ ആസ്വാദനമെഴുതിയ എനിക്ക് ടീച്ചറുടെ വക പ്രത്യേക സമ്മാനം ലഭിച്ചു. അതിലുപരിയായി ഞാനിന്നും മനസ്സിൽ കൊണ്ടുനടക്കുന്നത് എന്റെ കുറിപ്പിൽ ടീച്ചറുടെ ചുവപ്പുമഷി വീണ ആ സുന്ദരനിമിഷമാണ്. കെപി കേശവമേനോന്റെ 'കഴിഞ്ഞ കാലം' എന്ന രചനയ്ക്ക് ഞാനെഴുതിയ ആസ്വാദനം വായിച്ച ടീച്ചർ നോട്ട്ബുക്കിൽ ഇങ്ങനെ കുറിച്ചു.
'പ്രിയപ്പെട്ട നിധീഷ്, അഭിനന്ദനങ്ങൾ. ഇനിയും നല്ല നല്ല പുസ്തകങ്ങൾ വായിക്കണം. കെപി കേശവമേനോന്റെ നാം മുന്നോട്ട് എന്ന കൃതി വായിക്കുക. നിധീഷിന് നല്ലൊരു ഭാവിയുണ്ട്'. ടീച്ചറുടെ വാക്കുകൾ, പിന്തുണ, സംസാരം, സ്നേഹം, ശ്രീവിദ്യാപീഠം എന്ന സ്നേഹവിദ്യാലയത്തിലെ 2 വർഷങ്ങൾ! ഇതാണ് വായനയെ വളർത്തിയത്.
എഴുത്തിന്റെ ആദ്യചുവടുകൾ ചൊല്ലിപ്പഠിപ്പിച്ച ലീലസാറും സാറമ്മയും ലീലാമണി ടീച്ചറും രാജു സാറും ബിന്ദു ടീച്ചറും വായനയിൽ സന്തോഷം കണ്ടെത്തിയെന്ന് അവരോട് സംസാരിക്കുമ്പോൾ തോന്നുമായിരുന്നു. മലയാള ഭാഷയോട് അസ്ഥിക്ക് പിടിച്ചപോലെ പ്രേമമായിരുന്നു. ജെസിയമ്മ ടീച്ചറും സെബാസ്റ്റ്യൻ സാറും പ്രഭാകരൻ സാറും ബാബു സാറും യേശുദാസ് സാറും ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത ക്ളീറ്റസ് സാറും വിദ്യാരംഗം കലാസാഹിത്യവേദിയും രചനാമത്സരങ്ങളും ആ സ്‌കൂൾവിദ്യാർഥിയെ എഴുത്തിനോട് ചേർത്തുനിർത്തി. ഇംഗ്ലീഷും മലയാളവുമൊക്കെ പഠനവിഷയങ്ങളായല്ല, സാഹിത്യലോകവുമായുള്ള സംവേദനമായാണ് അന്ന് അനുഭവപ്പെട്ടത്. ഭാഷയെയും രചനകളെയും വായിച്ചുവിടാതെ കഥകളിലെ രചനാതന്ത്രവും ചരിത്രവും രാഷ്ട്രീയവും പുനർവായനകളും ചർച്ചകളും മനസ്സിലാക്കാൻ മെനക്കെടുമായിരുന്നു.
സാഹിത്യത്തിലെ നവീന ആശയങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തിയ 2009 കാലത്താണ് ബ്ലോഗിങ് എന്ന വാക്ക് ആദ്യമായി ചെവിയിലെത്തുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'ബ്ലോഗന' എന്ന പംക്തിയാണ് അതിന് കാരണമായത്. ബ്ലോഗ് എഴുത്തിനോടും സ്വന്തം പ്രസിദ്ധീകരണമെന്ന ആശയത്തോടും യോജിപ്പ് തോന്നി. ബ്ലോഗ് തുടങ്ങാൻ മാത്രമുള്ള ഇന്റർനെറ്റ് സാങ്കേതികവിദ്യ അന്നെനിക്ക് അപ്രാപ്യമാണ്. കംപ്യൂട്ടർ ഉപയോഗിക്കാൻ ആവട്ടെ വലിയ വശമില്ല. എന്തെങ്കിലും പ്രിന്റ് എടുക്കണമെങ്കിൽ ദൂരെ (ഇപ്പോൾ അടുത്ത്) അമ്പലപ്പുഴയിൽ ഇന്റർനെറ്റ് കേന്ദ്രത്ത് പോയി കടയിലെ ചേട്ടനോ ചേച്ചിയോ വേണം എടുത്തുതരാൻ. പരീക്ഷാഫലം നോക്കുമ്പോഴാണ് ആ ഉപകരണം കൈ കൊണ്ട് തൊടുന്നത്. അങ്ങനെയുള്ള ഞാൻ എങ്ങനെ ബ്ലോഗ് തുടങ്ങും?
പക്ഷെ അവിടെയാണ് ഞാൻ എന്നെ വില കുറച്ചുകണ്ടത്! നമുക്കാവശ്യമായ ചില കാര്യങ്ങൾ നേടിയെടുക്കാൻ നമുക്കെല്ലാം ഉത്സാഹമുണ്ടല്ലോ - അത് സഹായമായി. 2011 കാലത്ത് സൈബറിടത്ത് ആദ്യചലനങ്ങൾ നടത്തിനോക്കി. ഡിഗ്രി പഠനനാളിൽ കമ്പ്യൂട്ടറുമായി ചങ്ങാത്തത്തിലായി. ഡിഗ്രി രണ്ടാം വർഷമായപ്പോൾ ഫെയ്സ്ബുക്കിൽ സജീവമായി. 'ഉണ്ണിമാങ്ങാക്കഥകൾ' എന്ന പേരിൽ ബ്ലോഗുകൾ എഴുതിയ കോളേജ് സഹപാഠിയുമായി എപ്പോഴോ സൗഹൃദത്തിലായി. കോളേജിലെ യുവഎഴുത്തുകാരായ ബിപിനും അമലയും ആതിരയും നവനീതും എഴുതിയ ബ്ലോഗുകൾ/കുറിപ്പുകൾ വായിച്ചു. അവരോട് ചങ്ങാത്തം കൂടി. ഓഫ്‌ലൈൻ എഴുത്തുകാരായ വിപിനും ശിൽപയും ശ്രീക്കുട്ടിയും അഖിലുമായി നടത്തിയ സാഹിത്യചർച്ചകൾ വായനയുടെ പുതിയൊരു ലോകത്തേക്ക് കൊണ്ടുപോയി. എഴുത്തുരീതികൾ, സാങ്കേതികത ഇവയെല്ലാം എനിക്ക് അൽപ്പമൊക്കെ തിരിയുമെന്നായി. ഇവാനിയോസിലെ ബ്ലോഗർമാരെ ചേർത്തൊരു വാർത്തയെഴുതി ഡിപ്പാർട്മെന്റ് പത്രത്തിൽ പ്രസിദ്ധീകരിക്കാമെന്ന് നിർദ്ദേശിച്ചു. ആ വാർത്ത കാമ്പസിൽ അത്യാവശ്യം വായിക്കപ്പെട്ടു.
പലതരം ബിസിനസുകൾ പരീക്ഷിക്കുന്ന കച്ചവടക്കാരനെ പോലെയായിരുന്നു ആദ്യകാലങ്ങളിലെ ബ്ലോഗ് എഴുത്ത്. 2011 മുതൽ 2016 വരെ പല പേരുകളിൽ പല ബ്ലോഗുകൾ തുടങ്ങിയെങ്കിലും ഒന്നിലും ഉറച്ചുനിന്നില്ല. ഓഫീസ് ജോലിയുടെ തിരക്കുകൾ കഴിഞ്ഞ് മറ്റൊന്നിനും സമയം തികഞ്ഞില്ല. രണ്ട് കൊല്ലം കടന്നുപോയി. ഫെയ്‌സ്ബുക്കിൽ ചില കുറിപ്പുകൾ പങ്കുവെച്ചു. നമ്മളെ വല്ലാതെ കൊള്ളിച്ച ചിന്തകളും അനുഭവങ്ങളും എഴുതിയിടുന്നതിൽ ആനന്ദം കണ്ടെത്തി. മനസ്സിലെ തോന്നലുകളെ അതേരുചിയോടെ പകർത്താൻ എനിക്ക് കഴിയുമോ എന്നത് മറ്റൊരു ചോദ്യമാണ്.
ഹൈദരാബാദിലെ ഹോസ്റ്റൽ മുറിയിൽ ഒരു കെട്ട് പുസ്തകങ്ങൾ വിലയ്ക്ക് കൊടുത്തതിന്റെ മനസ്താപവുമായി ഇരുന്ന ദിനമാണ് 'എഴുത്തുപെട്ടി' സംഭവിക്കുന്നത്. പുസ്തകവായന കുറഞ്ഞ നാളുകളിൽ റൂമിലെ ഭാണ്ഡം കുറയ്ക്കാൻ ഞാൻ കണ്ടെത്തിയ എളുപ്പമാർഗം വല്ലാത്തൊരു മാനസിക പ്രശ്നത്തിൽ എന്നെയെത്തിച്ചു. അന്നത്തെ ദുർഘടാവസ്ഥയെ എഴുത്തുരൂപത്തിൽ കുറിച്ചിടണമെന്ന് തോന്നി. അതിനൊരു ബ്ലോഗ് തുടങ്ങാൻ തീരുമാനിച്ചു. അതിന് എഴുത്തുപെട്ടി എന്ന പേരും കൊടുത്തു. ആകാശവാണിയുടെ സ്വാധീനമാണോ എഴുത്തുപെട്ടി എന്ന പേരിന് പിന്നിലെന്ന് എനിക്കറിയില്ല. അങ്ങനെ പേരിടുമ്പോഴാണ് ബ്ലോഗിന് ചേർച്ചയുള്ളതെന്ന് തോന്നി. പുസ്തകം നഷ്ടമായ വിഷമം നികത്താൻ പിറവിയെടുത്ത സന്തതിയാണ് എഴുത്തുപെട്ടി. ആദ്യ കുറിപ്പിന് നൽകിയ തലക്കെട്ട് 'വിൽക്കാനുണ്ട് പുസ്തകങ്ങൾ'.
2018ൽ പ്രസിദ്ധീകരണമാരംഭിച്ചു. ഫോണിലും ലാപ്ടോപിലും സ്വസ്ഥമായി ഇരുന്ന് എഴുതുന്നു. ആദ്യനാളുകളിൽ മലയാളം കുറിപ്പുകൾ മാത്രമാണ് ബ്ലോഗിൽ ചേർത്തത്. പിന്നീട് ഗൂഗിൾ മലയാളം എഴുത്ത് ഉപകരണത്തിലേക്ക് കൂടുമാറി. ഇന്ന് മംഗ്ളീഷ് കീബോർഡിലും ടൈപ്പ് ചെയ്യുന്നു. ബ്ലോഗ് പേജിൽ ഒന്നിടവിട്ട ഇടവേളയിൽ ഇംഗ്ലീഷും മലയാളവും എഴുതുന്ന ശൈലി സ്വീകരിച്ചു. നമിത, നീതു, റോസ്, ശ്രീക്കുട്ടി, ശിൽപ്പ, ഗോപിക, ദീപക്, അഖിൽ, മുരളി, ഉണ്ണിമായ, അനിത, ഷഹ്‌ന, ശാലിനി, മനു, ശബരീഷ്, ഗോകുൽ, ലക്ഷ്‌മി, അരുണ എന്നിങ്ങനെ നീളുന്ന ചെറിയ വായനാസംഘം. പത്ത് കുറിപ്പുകൾ എഴുതുമ്പോൾ ഒരു നല്ല സൃഷ്ടി പിറക്കുന്നു. നല്ലതെന്ന് വിശ്വസിക്കുന്ന കുറിപ്പുകൾ ഇരുപതിൽ താഴെയേ വരൂ. ഇനിയുള്ള സാഹസയാത്രയിൽ എഴുത്തുനിലവാരം മെച്ചപ്പെടുത്തണമെന്നും എല്ലാ രചനയും സാമാന്യനിലവാരം പുലർത്തണമെന്നുമാണ് ആഗ്രഹം. വായനക്കാരെ വിളിച്ചുവരുത്തിയിട്ട് ഇവിടെ ഊണില്ലെന്ന പതിവ് ഇനിയെങ്കിലും ആവർത്തിക്കരുത്. ഇവിടെ ഭക്ഷണത്തിന് എത്തുന്നവർക്ക് വയറ് നിറയ്ക്കാനുള്ള മരുന്ന് എഴുത്തിൽ ഉണ്ടാവണം.
ഫെയ്സ്ബുക്കിനെ അപേക്ഷിച്ചു ജനപങ്കാളിത്തമില്ലാത്ത സമൂഹമാധ്യമമാണ് ബ്ലോഗുകൾ. പക്ഷെ ഇടതടവില്ലാതെ ഒഴുക്കോടെ എഴുതാമെന്ന സൗകര്യമുണ്ട്. 2020 മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയതോടെ ബ്ലോഗിൽ സ്ഥിരക്കാരനായി. കോവിഡ് കാലത്ത് കൂടുതൽ സമയം മുറികളിൽ ചിലവഴിച്ചതോടെ ബ്ലോഗെഴുത്ത് തുടരാനായി. പ്രിയപ്പെട്ട ആൻ ഫ്രാങ്കിന് കോവിഡ് വിശേഷങ്ങൾ കൈമാറിയ കത്താണ് ലോക്ഡൗൺ കാലത്തെ ആദ്യകുറിപ്പ്. ആൻ ഫ്രാങ്കിൽ തുടങ്ങി എഴുത്തുപെട്ടിയുടെ കഥയിൽ എത്തിനിൽക്കുമ്പോൾ ഒരു നാഴികക്കല്ല് പിന്നിടുന്നതിന്റെ ആഹ്ളാദമോ സംതൃപ്തിയോയല്ല; വെറുതെയിരുന്ന് ജീർണ്ണിക്കുമായിരുന്ന ചില വികാരവിചാരങ്ങൾ കുറിപ്പുകളായതിന്റെ സന്തോഷമാണുള്ളത്.
അവ്യക്തമായ എഴുത്തും ആശയവും മനുഷ്യർക്ക് വലിയ തലവേദനയാണ്. വെറുതെ ധൃതിപ്പെട്ട് എഴുതുന്നതിനോട് വിട ചൊല്ലുകയാണ്. വിളയാത്ത അക്ഷരങ്ങളെ കൂട് തുറന്നു പുറത്തുവിടുന്നത് അപകടമാണ്. പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങളെ ഉയർത്തിവിട്ടാൽ വിശാലമായ ആകാശത്തിൽ തളർന്നുവീഴും. എന്റെ എഴുത്തുകുത്തുകൾ മരിച്ചുവീഴുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കാനോ ആയുസ്സ് നീട്ടിക്കിട്ടാൻ തുടർചികിത്സ ചെയ്യാനോ മുതിരാതെ അവ വിളയുന്നതുവരെ വെള്ളവും വളവും കൊടുത്ത് പുഷ്ടിപ്പെടുത്താനാണ് തീരുമാനം. ബ്ലോഗ് എഴുതാൻ കണ്ടെത്തുന്ന വിഷയങ്ങൾ എന്നെ ഉത്സാഹവാനാക്കുന്നു. പുതിയ പല കാര്യങ്ങളും തിരിച്ചറിയുന്നതിൽ ആനന്ദം കണ്ടെത്തുന്നു.
എഴുത്തിന്റെ പരിമിതികൾക്കും ബാലാരിശതകൾക്കിടയിൽ എഴുത്തുപെട്ടി നോക്കി നേരം ചിലവഴിക്കുന്നു. പഴയ കുറിപ്പുകൾ വായിച്ചുനോക്കുന്നു. പുതിയവ എഴുതിവെയ്ക്കുന്നു. മറ്റ് ബ്ലോഗുകളിലൂടെ കണ്ണോടിക്കുന്നു. എഴുത്ത് വളർത്താൻ ആഗ്രഹിക്കുന്നവർക്ക് എഴുത്തുപെട്ടി പോലെയുള്ള ഇടങ്ങൾ ഗുണകരമാണ്. ദീർഘമായ എഴുത്തുകളോ സ്വകാര്യഅനുഭവങ്ങളോ കുറിച്ചിടാൻ അവ ഉപകരിക്കും. നമ്മളെ പുസ്തകമായി സങ്കൽപ്പിച്ചാൽ എഴുത്തുകൾ നമ്മുടെ ലിപിയാണ്. നമ്മുളെഴുതിയ പുസ്തകം സ്വയം വായിക്കുന്നപോലെയാണ് ബ്ലോഗിലെ വായനാനുഭവം. വ്യക്‌തിപരമായി നോക്കിയാൽ, എനിക്ക് എന്നെ അൽപ്പം വിശദമായി, മറയില്ലാതെ അടുത്ത് പരിചയപ്പെടാൻ സഹായിച്ച മാധ്യമമാണ് എഴുത്തുപെട്ടി.
എന്റെ സ്വകാര്യയിടമാണ് എഴുത്തുപെട്ടി. അവിടെ രഹസ്യങ്ങൾ സൂക്ഷിക്കേണ്ട ബാധ്യതയോ മറ്റൊരാളായി അഭിനയിക്കേണ്ട കാര്യമോ എനിക്കില്ല. എന്റെ എഴുത്തിന്റെ, ചിന്തയുടെ, അനുഭവത്തിന്റെ, മനസ്സിന്റെ പ്രതിഫലനമാണ് എഴുത്തുപെട്ടി. എഴുത്തുപെട്ടിയിൽ എന്റെ മനസ്സും ശരീരവും ചിന്തയും പറ്റിയിരിക്കുന്നു. അവിടെ നിങ്ങളുടെ ഇടനേരങ്ങൾ ചിലവിടാം, നിങ്ങളുടെ ആശയങ്ങൾ പങ്കുവെയ്ക്കാം, നിങ്ങൾക്ക് എന്നെയും നിങ്ങളുടെ നേരമ്പോക്കുകളെയും കണ്ടെത്താം.
എഴുതുന്നതിലെ കഷ്ടപ്പാടുകൾ ഉള്ളിൽനിന്ന് ഇല്ലാതാവാൻ നമ്മുടെ വാചകങ്ങളിലൂടെ വീണ്ടുമൊന്ന് കണ്ണോടിക്കാം. ആ വാചകങ്ങൾ നമ്മോട് സല്ലപിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കാം. എഴുത്ത് എന്ന അധ്വാനത്തിലെ അവശത വിട്ടുമാറാൻ ചിലപ്പോളത് ഗുണം ചെയ്യും.
ഒന്നുറപ്പാണ് - എഴുത്ത് നന്നാവാൻ എഴുത്ത് തുടരണം. തലപുകഞ്ഞാലും തളർച്ചയില്ലാതെ എഴുതണം. എഴുത്തിലെ കുരുക്കുകൾ ഓരോന്നായി അഴിച്ചുവിടണം. കുറിപ്പുകളെ കത്തിച്ചുകളയാതെ സ്വതന്ത്രമായി പറത്തിവിടണം. എഴുതിയെഴുതിയെഴുതി നമ്മൾ ഒരു നാൾ കരപിടിക്കും.

എഴുത്തിന്റെ വഴികൾ നന്നായി അവതരിപ്പിച്ചു .
ReplyDelete'എഴുത്ത് നന്നാവാൻ എഴുത്ത് തുടരണം. തലപുകഞ്ഞാലും തളർച്ചയില്ലാതെ എഴുതണം. എഴുത്തിലെ കുരുക്കുകൾ ഓരോന്നായി അഴിച്ചുവിടണം. കുറിപ്പുകളെ കത്തിച്ചുകളയാതെ സ്വതന്ത്രമായി പറത്തിവിടണം. എഴുതിയെഴുതിയെഴുതി നമ്മൾ ഒരു നാൾ കരപിടിക്കും.'
ഇതാണ് ഇതിലെ അടിവരയിടേണ്ട സംഗതി
നന്ദി..
ReplyDelete