എഴുത്തിലെ തിരുത്ത്, തിരുത്തിലെ തുടിപ്പ്
വായനക്കാർക്ക് ആസ്വദിക്കാൻ സാധിക്കണമെന്ന നിർബന്ധബുദ്ധിയോടെയാണ് എഴുതാൻ തുടങ്ങുന്നത്. കുറിപ്പുകൾ തയ്യാറായാൽ ആലോചനയുടെ ഭണ്ടാരവും തുറക്കുന്നു. എഴുത്ത് നന്നായോ? എവിടെയാണ് പിഴവ് പറ്റിയത്? എല്ലാ കാര്യങ്ങളും വിശദീകരിച്ചോ? ചോദ്യങ്ങളുടെ പെരുമഴ അവസാനിക്കാതെ പെയ്യുന്നു. ഉള്ളിൽ ഒരു കുഴി കുഴിച്ചിട്ട് ജീവിതപ്പാച്ചിലിനിടയിൽ എപ്പോഴെങ്കിലും ഉത്തരം തേടാമെന്ന് കരുതുന്നു.
എഴുതാനെടുത്ത പല വിഷയങ്ങളോടും നീതിപുലർത്താൻ സാധിക്കാത്തതിന്റെ വ്യസനം നമ്മളെ കൊളുത്തിവലിക്കും. ചില കുറിപ്പുകൾ പിന്നെയും ഉടച്ചുവാർക്കാൻ തുടങ്ങും. ചിലപ്പോഴൊക്കെ എത്ര എഴുതിയാലും ശരിയാകുന്നില്ലെന്ന് മനസ്സ് പറയും.നമ്മൾ നിരാശ വെടിഞ്ഞു
ക്ഷമയോടെ നിലകൊള്ളുന്നതാണ് നല്ലെഴുത്തിലേക്ക് നയിക്കുന്നത്.
എണ്ണമില്ലാത്തത്ര നേരം രാകിമിനുക്കിയാലാണ് ഒരു കുറിപ്പിന് വായനാക്ഷമത ലഭിക്കുക. പലകുറി പലവരി വെട്ടിത്തിരുത്തി പലയാവർത്തി വായിച്ചു അവയ്ക്ക് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ നല്ലത്. അത് ചെയ്യാൻ നമുക്ക് നമ്മൾ തന്നെയാണ് ഉള്ളത്. എഴുത്തുകാരുടെ ഏകാന്തത വളരെയേറെ എഴുതപ്പെട്ട വിഷയങ്ങളിൽ ഒന്നാണല്ലോ. ആ മനോനിലയെ മനോഹരമായി അടയാളപ്പെടുത്തിയ രചനകളിൽ - കെ.പി അപ്പനും എം.എൻ വിജയനും രൂപകൽപ്പന ചെയ്‌ത ചില ഉപന്യാസങ്ങൾ സ്മരിക്കുന്നു. അവയുടെ സുഖാനുഭൂതി അത് എഴുതുമ്പോൾ അവർ അനുഭവിച്ചിരിക്കുമോ എന്നതൊരു ചോദ്യമാണ്. അവർക്ക് മാത്രം ഉത്തരം പറയാൻ പറ്റുന്ന ഒന്ന്.
ലളിതമായ ഭാഷ
ലളിതമായ എഴുത്ത് എന്നാൽ ആയാസരഹിതമായി എഴുതുന്നതെന്നാവില്ല അർഥമാക്കുന്നത്. നിരവധി എഴുത്തുകാർ പരിശ്രമത്തിലൂടെ ആർജ്ജിച്ച ശേഷിയെ വെറുതെ കൈപ്പിടിയിൽ ഒതുക്കാൻ സാധിക്കില്ലെന്നാണ് വിശ്വാസം. നന്നായി ശ്രമിച്ചാൽ പുരോഗതി കൈവരിക്കാമെന്ന് പ്രതീക്ഷിക്കാം. ലളിതമായ ഭാഷയ്ക്ക് സുഗമമായ ഒരു ഒഴുക്കുണ്ട്. ചിലപ്പോഴൊക്കെ ചില കാര്യങ്ങളെ നിസ്സാരവൽക്കരിക്കുന്നതായി ചിലർക്ക് ധ്വനിക്കുമെങ്കിലും ആശയവിനിമയം സുഗമമാക്കാനുള്ള പ്രത്യേക കഴിവ് അത്തരം ഭാഷയ്ക്ക് സ്വന്തമാണ്.
ഒരു കാലത്ത് കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉപയോഗിച്ചിരുന്നു. എന്താണ് കവി ഉദ്ദേശിച്ചത് എന്ന് തോന്നിപ്പിക്കുന്ന ചില എഴുത്തുകൾ. വാക്കുകൾ ഉപയോഗിക്കുന്നതിലെ അറിവില്ലായ്‌മയാണ് അന്നത്തെ പിഴവിന് പ്രധാനകാരണം. പിന്നീട് അവ വിട്ടെറിഞ്ഞു ലളിതമായ എഴുത്തുകളുടെ പിന്നാലെ കൂടി. ആ മാറ്റം വായനയിലും പ്രകടമായി. ബഷീറും, ആർ. കെ നാരായണും, എംടി വാസുദേവൻ നായരും എഴുതിയത് വായിക്കുമ്പോൾ തോന്നുന്ന സ്വാഭാവികതയും ഒഴുക്കും തുടർച്ചയും വായനാക്ഷമതയും ഗഹനമായ എഴുത്തുകൾക്ക് ലഭിക്കാതെ പോയി. ഇത് എന്റെ മാത്രം അനുഭവമാകാം.
പക്ഷെ ലളിതമല്ലാത്ത എഴുത്തുകൾ മോശമെന്ന് അർഥമില്ല. മനസ്സിലെ ആശയങ്ങൾ എങ്ങനെ പ്രകടിപ്പിക്കണം എന്നത് എഴുത്തുകാരുടെ വ്യക്തിപരമായ
തീരുമാനമാണ്. അവ വായിച്ചു ആശയം ഗ്രഹിക്കാൻ സ്വന്തം വായന ഇനിയും വളരേണ്ടിയിരിക്കുന്നു എന്നത് വ്യക്തിനിഷ്‌ടമായ തിരിച്ചറിവാണ്.
മനസ്സിലെ ചെറിയ ഭാരങ്ങൾ ഇറക്കാനും സ്വന്തം ഭാഷ അൽപ്പം മെച്ചപ്പെടുത്താനുമാണ് പേനയെടുക്കുന്നത്. എത്ര ആവർത്തി മാറ്റിയെഴുതിയാലും മടുക്കാതെ പണി തുടരാൻ ചിലപ്പോൾ സാധിക്കും. എഴുത്ത് പൂർത്തിയാവും വരെ അത് നമ്മുടേത് മാത്രമാണ്. ജോലി കഴിഞ്ഞാൽ മറ്റുള്ളവരുടെ കൂടെ സ്വന്തവുമാകുന്നു.
എഴുത്തുകാരനും വായനക്കാരനും ഒരാൾ
ആവുന്നത് ഒരു ഘട്ടം വരെ മാത്രമുള്ള പ്രക്രിയയാണ്. എഴുതി പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ ഇതിന് മാറ്റം വരുന്നു. എഴുത്തിന്റെ പാതി അവകാശം വായനക്കാർക്ക് കിട്ടുന്നു. വായിക്കാനെടുക്കുന്ന മനസ്സും സമയവുമാണ് നിക്ഷേപം. ആൾക്കാരുടെ മനം മടുപ്പിക്കാതെ എഴുതാൻ കഷ്ടപ്പാടാണ്. അതിന് എപ്പോഴുമൊന്നും സാധിക്കാറില്ല. പക്ഷെ അപ്പോഴൊന്നും മനസ്സ് മടുക്കാതെ എഴുത്ത് തുടർന്നാൽ ഒരുനാൾ എഴുത്ത് മെച്ചപ്പെടുന്നതായി നമുക്കും അനുഭവപ്പെടും. എഴുത്തിന്റെ യഥാർഥ അവകാശികൾ ആരാണ്? എഴുത്തുകാരോ വായനക്കാരോ? എഴുത്തിന്റെ അടിസ്ഥാനം ഭാഷയാണെങ്കിൽ എഴുത്തിന്റെ അധിപനും അതു തന്നെ അല്ലേയെന്ന് ചിന്തിക്കുന്നതിൽ ഔചിത്യമുണ്ട്.
എന്തിനാണ് എഴുതുന്നത്?
ലോകോത്തരമായ വലിയ ചിന്തകൾ പകർത്താൻ വേണ്ടിയല്ല, മനസ്സിൽ മുളയ്ക്കുന്ന ആശയങ്ങളെ അടുക്കിവെയ്ക്കാനാണ് എഴുതുന്നത്. അവ പല ആവർത്തി വായിക്കാനും തിരുത്തലുകൾക്കും പ്രത്യേകം സമയം കണ്ടെത്തുന്നു. എഴുത്ത് നന്നാവാൻ പരിശ്രമം നടത്തുമ്പോഴും വായനയുടെ അഭാവം നമ്മളിൽ സൃഷ്ടിച്ച പ്രശ്‌നങ്ങൾ കാണാതിരിക്കുന്നില്ല..
നെടുനീളൻ ആഖ്യാനങ്ങൾ വായിക്കാത്തതിന്റെ പരിമിതികൾ വാചകഘടനയിലും എഴുത്തിലും പ്രതിഫലിക്കുന്നു. ചെറുകഥയിലും കവിതയിലും അനുഭവകുറിപ്പിലും തട്ടി മുന്നോട്ട് കുതിക്കാതെ, കിതച്ചുനിൽക്കുന്ന വായനയുടെ പരിമിതി സ്വന്തം കുറിപ്പുകളിൽ തെളിഞ്ഞുനിൽക്കുന്നു.
അലസമായാണ് വായനയും കടന്നുപോവുന്നത്. ഒരു പുസ്തകം കയ്യിലെടുക്കുമ്പോൾ വല്ലാത്ത ശ്രമപ്പാട് അനുഭവപ്പെടുന്നു. ചില മികച്ച കൃതികൾ വായിക്കുന്നത് പാതിവഴിയിൽ അവസാനിപ്പിച്ചു. ഒരു വാചകത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങാൻ നീണ്ട ഇടവേളകൾ ഉണ്ടാവുന്നത് എങ്ങനെ മറികടക്കുമെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. അശ്രദ്ധമായ വായനയുടെ പരിണിതഫലമാണോ എഴുതിയതിൽ പോരായ്‌മകളായി പ്രതിഫലിച്ചത്? മാർഗതടസ്സങ്ങൾ മറികടന്ന് വായന തുടർന്ന കാലം പഴങ്കഥ പോലെ അനുഭവപ്പെടുന്നു. ഒരുകാര്യവും ശാശ്വതമല്ലാത്ത സാഹചര്യത്തിൽ ഇതും കടന്നുപോകുമെന്ന് പ്രതീക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നത്.
ഏഴുതുന്ന ഒരു വാചകമോ ആശയമോ വെട്ടിക്കളയാൻ മടിയാണോ? ഓർമ്മയിൽ എംടി വാസുദേവൻ നായർ രചിച്ച പുസ്തകത്തിലെ അധ്യായമാണ് തെളിയുന്നത്. ഒരു പുസ്തകത്തിൽ അദ്ദേഹം പശ്ചാത്യ സാഹിത്യ രചയിതാവ് ടോണി മോറിസന്റെ ചിന്തയെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ഈ അവസ്ഥയെ വിവരിക്കാൻ അനുയോജ്യമാണെന്ന് കരുതുന്നു. 'എന്റെ എഴുത്തുകൾ ആറോ-ഏഴോ തവണ മാറ്റിയെഴുതാറുണ്ട്. രചനയിൽ തിരുത്തുകൾ കുന്നുകൂടുമ്പോൾ നിർദാക്ഷിണ്യം തള്ളിക്കളയാറുണ്ട്. അതിൽ വിഷമം തോന്നാറൊന്നുമില്ല. വായിക്കുമ്പോൾ വ്യക്തത കുറവെന്ന് തോന്നുന്ന ഭാഗങ്ങൾ മാറ്റിയെഴുതുകയും തൃപ്തി ലഭിക്കും വരെ വെട്ടിതിരുത്ത് തുടരുകയും ചെയ്യുന്നു,' ടോണി മൊറിസന്റെ വാക്കുകൾ. 'Beloved' എന്ന വിഖ്യാതരചനയുടെ സ്രഷ്ടാവായ മോറിസൺ നേർവാചകം നേടും വരെ എഴുത്ത് തുടരുന്ന സാഹിത്യകാരിയാണ്.
മറ്റൊരു വ്യക്തിക്ക് തിരുത്താനോ കൂട്ടിച്ചേർക്കാനോ വ്യക്തമാക്കാനോ പറ്റുന്നതിലും സങ്കീർണ്ണമാവാം നമ്മുടെ ചിന്തകൾ. അവയെ മറ്റൊരാളെ ഏൽപ്പിച്ചു കയ്യൊഴിയാൻ എളുപ്പമാണ്. എന്നാൽ തിരുത്തേണ്ടവ തിരുത്തി, ചേർക്കേണ്ടവ ചേർത്ത്, വെട്ടേണ്ടവ വെട്ടിമാറ്റുന്നതിൽ ഒരുതരം സംതൃപ്‌തി അലിഞ്ഞിരിക്കുന്നു. അതിന് ചിലപ്പോൾ നീണ്ട ഇടവേളകൾ ആവശ്യമെന്ന് വരും. അതിനെ പ്രശ്നമായി സമീപിക്കേണ്ടതില്ല. എഴുത്തിലെ തിരുത്ത് പ്രശ്‌നമല്ല, പരിഹാരപ്രക്രിയയാണ്!
തിരുത്തനുഭവം
എഴുത്തുപരീക്ഷ എന്ന ഉദ്യമത്തിന്റെ അടുത്ത ഘട്ടമാണ് തിരുത്തുപരീക്ഷ. ചേരാത്ത വാക്കുകൾ, സന്ദർഭങ്ങൾ, കഥകൾ, ആശയങ്ങൾ, പ്രയോഗങ്ങൾ എന്നിവ മുറിച്ചുമാറ്റി വായനാക്ഷമത ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാണ് തിരുത്തുകൾ ഉണ്ടാവുന്നത്. പതിയെ പതിയെ അവയുടെ സ്വാധീനത്തിൽ നിന്ന് മോചിതരാവുന്നു. തെറ്റുകൾ
നീക്കം ചെയ്യുമ്പോൾ എഴുത്ത് മെച്ചമാവുന്നു.
വായനയെ മടുപ്പിക്കുന്ന ഘടകങ്ങൾ ഓരോന്നായി വെട്ടിമാറ്റി എഴുത്തിന് സ്വന്തമായ രൂപം കൊടുക്കാനാണ് ഔചിത്യത്തിന്റെ കണ്ണടയിലൂടെ പുനർവായന നടത്തുന്നത്. ആശയങ്ങൾ പകർത്തിവയ്ക്കുന്നത് മാത്രമാണ് എഴുത്ത് എന്ന് കരുതുന്നത് വായനാക്ഷമതയെ ചിലപ്പോൾ ബാധിക്കാനിട കാണുന്നു. അനുഭവം എത്ര ആഴത്തിലുള്ളതായാലും വായനക്കാരോട് സംവദിക്കാതായാൽ വായന വിരസമായിത്തീരാനാണ് സാധ്യത.
പൂർണ്ണത തേടുന്ന അപൂർണ്ണബിന്ദുക്കളാണ് നമ്മൾ. എഴുത്തിന്റെ ആധാരം അപൂർണ്ണതയാണ്. എല്ലാ എഴുത്തുകളും അപൂർണ്ണതയുടെ ബാക്കിപത്രമാവുന്നു.
എഴുത്ത് അവസാനിച്ച നിമിഷത്തിൽ അനുഭവപ്പെടുന്ന 'പൂർണ്ണതയാവില്ല' ആത്യന്തികമായി ഒരു കൃതിയുടേത്.
ഏറ്റവും മെച്ചപ്പെട്ട എഴുത്ത് എന്നൊന്ന് ചിലപ്പോൾ ഉണ്ടാവില്ല...എഴുത്ത് മെച്ചപ്പെട്ട രൂപത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാവാം യാഥാർഥ്യം.


ക്ഷമയുടെ ജാലവിദ്യയാണ് എഴുത്ത്. ചിലപ്പോൾ എണ്ണമില്ലാത്തത്ര നേരം രാകിമിനുക്കിയാലാണ് ഒരു കുറിപ്പിന് വായനാക്ഷമത ലഭിക്കുക. പലകുറി പലവരി വെട്ടിത്തിരുത്തി എഴുതാനും, അവ പലയാവർത്തി വായിച്ചു, അവയ്ക്ക് വേണ്ട കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുത്താനും നമുക്ക് നമ്മൾ തന്നെയാണ് ഉള്ളത്. എഴുത്തുകാരന്റെ ഏകാന്തതയെ മനോഹരമായി അടയാളപ്പെടുത്തിയ നിരവധി കൃതികളിൽ - കെ.പി അപ്പനും എം.എൻ വിജയനും ചിന്തിച്ചു രൂപകൽപ്പന ചെയ്‌ത ചില ഉപന്യാസങ്ങളാണ് മനസ്സിൽ തങ്ങിനിൽക്കുന്നത്.
ReplyDelete✨️
ReplyDelete