പ്രകാശം പരക്കട്ടെ, ഭക്ഷണം ജയിക്കട്ടെ!

വീട്ടിലെ രുചിയോട് എല്ലാവർക്കുമെന്നപോലെ എനിക്കുമുണ്ട് പ്രത്യേകമായ താൽപ്പര്യം. അടുപ്പമുള്ളവരോട് ഒപ്പമിരുന്ന് അന്നമുണ്ണുമ്പോൾ വയറു പോലെ മനസ്സും തൃപ്തിയണയുന്നു. തീൻമേശയെ സ്വാദിഷ്ഠമാക്കുന്നത് വ്യത്യസ്തമായ വിഭവങ്ങൾ മാത്രമല്ല, അവ പങ്കിടുന്ന ആളുകൾ കൂടെയാണെന്ന് പലപ്പോഴും തോന്നാറുണ്ട്.  ഭക്ഷണം കഴിക്കുമ്പോൾ ഉപ്പോ എരിവോ പുളിയോ കൂടിയോ കുറഞ്ഞോ പോയാലും പരാതി പറയാതെ അവിടെയിരുന്ന് കഴിച്ചു തീർക്കുന്നതിന് കാരണം അത് തന്നെയാണ്. കിട്ടുന്ന ഭക്ഷണം ശാപ്പിട്ട് മുന്നോട്ട് പോകുന്നു. 




കുട്ടിക്കാലത്ത് രുചിയുടെ പേരിൽ അമ്മൂമ്മയെ ഒന്നുരണ്ടു തവണ ബുദ്ധിമുട്ടിക്കേണ്ടതായി വന്നിട്ടുണ്ട്. ചുരുങ്ങിയ ചിലവിൽ ഒതുങ്ങി ജീവിക്കുന്ന പ്രകൃതമായത് കൊണ്ടാവാം  പൊതുവെ എല്ലാ ഭക്ഷണത്തോടും ഇണങ്ങിനിൽക്കാൻ സാധിക്കുന്നത്. 

സസ്യാഹാരം ശീലിച്ചത് എന്‍റെ സ്വന്തം തീരുമാനമായിരുന്നു. 2010 ഫെബ്രുവരി 26. അന്നാണ് മുഴുവൻ-സമയ സസ്യാഹാരിയായി മാറിയത്. പണ്ട് എല്ലാവരെയും പോലെ ചിക്കൻ ഫ്രെയും ബീഫും കക്കായിറച്ചിയും ഒക്കെകഴിക്കുമായിരുന്നു. ഒമ്ലെട്ടും മീറ്റ് റോളും ബുൾസൈയും രുചിച്ചാണ് സ്കൂൾ കാലം ആഘോഷിച്ചത്.  ആദ്യമായി കഴിച്ച ചില്ലി ചിക്കൻ ഇന്നും ഓർമ്മയിൽ തുടിക്കുന്നു.  

അന്നൊക്കെ മാസത്തിൽ ഒന്നോ രണ്ടോ തവണ കിട്ടുന്ന ലോട്ടറിയാണ്  മാംസാഹാരം. വീട്ടിൽ നിന്ന് അമ്മയോട് ചോദിച്ചോ ഓണത്തിനോ വിഷുവിനോ കിട്ടുന്ന പൈസ മിച്ചം പിടിച്ചോ ഒക്കെയാണ് ഹോട്ടലിൽ പോയി അവ ഭക്ഷിച്ചിരുന്നത്. അന്ന് അങ്ങനെ കഴിക്കുന്ന ഭക്ഷണത്തിൻ്റെ   
സ്മരണ മനസ്സിൽ സൂഷിക്കുകയും ചെയ്തിരുന്നു. അടുത്ത അവസരം ലഭിക്കുന്നത് വരെ ഓർക്കാൻ എന്തെങ്കിലും വേണമല്ലോ.

വല്ലപ്പോഴും ചില ഞായറാഴ്ചകളിൽ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന് രുചി പകരാൻ കോഴി ഇറച്ചിയുണ്ടാവും. നല്ല കുമുകുമാ എന്നിരിക്കുന്ന അസ്സൽ കോഴിക്കറി. അച്ഛനും അമ്മയും ചേർന്ന് തയ്യാറാക്കുന്ന കോഴിയിറച്ചി.  അങ്ങനെ ഉച്ചയ്ക്ക് കോഴിക്കാൽ കടിച്ചുപറിച്ചു തിന്നിരുന്ന ഞായറാഴ്ചകൾ. 

രുചിയിൽ ഇറച്ചിയുടെ കുഞ്ഞനിയനാണ് ഇടിച്ചക്ക തോരൻ.  അമ്മവീട്ടിൽ പോവുമ്പോൾ അമ്മുമ്മ ഉണ്ടാക്കിയിരുന്ന തോരൻ വായിൽ വയ്ക്കുമ്പോൾ തന്നെ നാവിൽ കപ്പലോടിക്കാനുള്ള കൊതി ആയിട്ടുണ്ടായിരിക്കും  


എങ്ങനെ സസ്യാഹാരിയായി.... 


നമ്മുടെ വിശപ്പകറ്റാൻ മൃഗങ്ങളെ കൊന്ന് ഭക്ഷണമാക്കുന്നതിൽ വിരക്തി തോന്നിത്തുടങ്ങിയിരുന്നു. കുട്ടിക്കാലം മുതൽക്കേ മനസ്സിലുള്ളതാണ്  മൃഗങ്ങളോടുള്ള സ്നേഹം.സസ്യാഹാരം പൂർണ്ണമായി സ്വീകരിച്ചതോടെ മൃഗസ്നേഹത്തിൻ്റെ അടുത്ത തലത്തിൽ കയറി പറ്റി. മഹാത്മാഗാന്ധിയുടെ പുസ്തകങ്ങൾ വായിച്ചാണ് ആദ്യമായി സസ്യാഹാര ജീവിതരീതിയോട് പരിചയപ്പെടുന്നത്. 

എനിക്ക് മാംസാഹാര രീതികളോട് അറപ്പോ എതിർപ്പോ ഇല്ല. മറ്റാളുകൾ എന്ത് കഴിക്കുന്നുവെന്നത് അവരുടെ ഇഷ്‌ടം. ഞാൻ ചെയ്യുന്നത് എൻ്റെ ഇഷ്‌ടം. ഭക്ഷണത്തിനായി മൃഗത്തെ കൊല്ലുന്നത് ക്രൂരതയല്ല. ഇതാണ് എൻ്റെ അഭിപ്രായം. മൃഗസ്‌നേഹികൾ എന്നോട് പൊറുക്കുക. മനുഷ്യത്വമാണ് എനിക്ക് വലുത്, മനുഷ്യൻ്റെ ഇഷ്‌ടങ്ങളാണ് എനിക്ക് വലുത്.  
 
 അനേകായിരം മനുഷ്യരുടെ ജീവിതമാർഗമാണ് മത്സ്യ-മാംസ വിപണി. പണ്ട് കക്കായിറച്ചി വിൽക്കാൻ വീട്ടിൽ വന്നിരുന്ന ചേച്ചിയെ ഓർക്കുന്നു. എല്ലാവരും സസ്യഭുക്കായാൽ മാംസ ഭക്ഷണം വിറ്റ് ജീവിക്കുന്നവർ എന്ത് ചെയ്യും? എല്ലാവരും സസ്യഭുക്കാവുന്ന ഒരു കാലം എന്നത് വെറും അർത്ഥമില്ലാത്ത വ്യാമോഹം ആയാണ് ഞാൻ നോക്കിക്കാണുന്നത്.       
 

രുചിയിലെ വ്യത്യസ്തത

വിവിധ നാടുകളിലെ വിവിധ തരത്തിൽ പെട്ട ഭക്ഷണങ്ങളോട് എന്നും ഇഷ്ടവും കൗതുകവും തോന്നിയിട്ടുണ്ട്. അതിൽ ആളുകൾ വീടുകളിൽ തയ്യാറാക്കുന്ന സാധാരണ ഭക്ഷണയിനങ്ങളോടാണ് പ്രിയവും രുചിയും 
കൂടുതല്‍ തോന്നിയിട്ടുള്ളത്.. തമിഴ്നാട്ടിലെ ഇഡഡലിയും ദോശയും പോലെ, തെലങ്കാനയിലെ പപ്പു അന്നവും പുലിഹോരയും തക്കാളി ചോറും പോലെ, വിജയവാഡയിലെ ആവക്കായ (മാങ്ങ) അച്ചാറും വംകായ (വഴുതന) കറിയും പോലെ, പലഹാരങ്ങളായ പഴം പൊരി, ഉണ്ണിയപ്പം, അച്ചപ്പം, അവലോസുണ്ട, മുറുക്ക്, അരിസേലു, വട, മുളക് ബജി, പകോടി, മോമോസ്, അങ്ങനെ രുചിയുടെ പെരുമഴ പെയ്യിച്ച എത്രയെത്ര പലഹാരങ്ങൾ. രസിച്ചു ഭക്ഷിച്ച എത്രയെത്ര ഓർമ്മകൾ..      . 

ഭക്ഷണത്തിന് ഒരു മതമുണ്ടെങ്കിൽ അത് വിശപ്പാണ്. നന്നായി വിശന്നിരിക്കുമ്പോൾ എന്ത് കിട്ടിയാലും അതിന് പെരുത്ത് രുചിയാണ് എന്ന്  കേട്ടിട്ടില്ലേ? ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറിയാൽ അവിടെ ഭക്ഷണം തയ്യാറാക്കുന്ന ആളിന്റെ ജാതിയോ മതമോ നോക്കിയല്ല ബഹുഭൂരിഭാഗം ആളുകളും ആഹാരം കഴിക്കുന്നത്. ആ ഇടത്തിന് നൽകാനാവുന്ന സുവിശേഷമായ രുചിയാണ് അവിടേക്ക് മനുഷ്യരെ അടുപ്പിക്കുന്നത്. 


നാട്ടുരുചി

ചില രുചികൾ ഒരു നാടിന്റെ സംസ്കാരത്തിന്റെയും ഓർമ്മകളുടെയും ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ഉദാഹരണത്തിന് നമ്മുടെ കഞ്ഞിയും പുഴുക്കും, ചമ്മന്തിയും, പപ്പടവും ഒക്കെ പോലെ.  കഴിക്കുന്ന അളവ് കുറഞ്ഞാലും കഴിക്കുന്നതത്രയും ആസ്വദിച്ച് കഴിക്കാറാണ് പതിവ്. സ്വന്തമായി പാചകം ചെയ്യാനും പഠിച്ചുവരുന്നു.  


ഭക്ഷണമെടുത്ത് വായിൽ വയ്ക്കും മുൻപ്  ഒരു കാര്യം സ്മരിക്കും. അനേകം പേർ അന്നത്തിനു വേണ്ടി മല്ലിടുന്ന നേരത്താണ് പ്ളേറ്റിൽ ഭക്ഷണമെത്തുന്നത്. ഭക്ഷണം മിച്ചം കളയാതിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് ഭക്ഷണം വേണമെന്ന് എന്നോട് പറഞ്ഞിരുന്ന ആ മുഖങ്ങളാണ്. ഭക്ഷണം വേണമെന്ന് എന്നോട് ഒരാള്‍ പറഞ്ഞാല്‍ ഞാന്‍ അത് വാങ്ങിക്കൊടുക്കും. അതിന് കൂട്ടുകാര്‍ എപ്പോഴും വഴക്ക് പറയാറുമുണ്ട്.  ചില ഇഷ്ടങ്ങള്‍ ചിലരുടെ യുക്തിക്ക് പിടിക്കുകയില്ല എന്നാണെങ്കിലും അത് നമ്മുടെ യുക്തിക്ക് പിടിക്കുന്നത്ര കാലം നമ്മള്‍ അത് ചെയ്യുന്നത് നമുക്ക് തെറ്റല്ല.അതുകൊണ്ട്, പ്രകാശം പരക്കട്ടെ, ഭക്ഷണം ജയിക്കട്ടെ! 

Comments

  1. ഏതാഹാരമായാലും ആനന്ദിച്ചുതന്നെ കഴിക്കണം

    ReplyDelete
    Replies
    1. തീർച്ചയായും.. പക്ഷെ നമുക്ക് അതിന് കഴിയാറുണ്ടോ? അറിയില്ല :)

      Delete

Post a Comment