മായാലോകം

1




എഴുതാതെ, പറയാതെ, ചോദിക്കാതെ നഷ്ടമായ അവസരങ്ങൾ..നിരാശയുടെ പടുകുഴി തോണ്ടിയ അനുഭവങ്ങൾ.. വേദന... ലഹരി പിടിപ്പിച്ച വേദന..ഇരുട്ട്...
നെഞ്ചു നീറിയപ്പോൾ മനംമാറ്റം ആവശ്യമാണെന്ന് തോന്നി. അപ്പോൾ 
കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി..

പ്രപഞ്ചത്തിന്റെ മാന്ത്രികതയിൽ പുളകം കൊണ്ട ബാല്യം.ആ ജീവിതം എന്താണ് സമ്മാനിച്ചത്?
ഓർമ്മയുടെ വസന്തം മാത്രമല്ലെന്ന്
ഭൂതകാലത്തിന്റെ വേലിയിറക്കത്തിന് ശേഷം മനസ്സിൽ തെളിഞ്ഞു.
വേലിയേറ്റം കഴിഞ്ഞു, തിര മാഞ്ഞു.  വളർച്ചയില്ലാത്ത 
വാക്കുകളും വരണ്ടുപോയ ചിന്തകളും ചുറ്റും ചിതറി കിടക്കുന്നു.
സമീപം ഒരു കല്ലറ നിലകൊള്ളുന്നത് കണ്ടു. 

 
ഓർമ്മയുടെ ചിതലരിച്ച കല്ലറയുടെ സമീപത്തേക്ക് നടന്നു. 

 'പ്രായം കൊണ്ട് മുതിർന്നെങ്കിലും മനസ്സ് വ്യക്തിത്വം തേടുന്ന കൊച്ചുകുട്ടിക്ക് സമാനമാണ്' എന്ന് മനസ്സിലോർത്തു. ആരും കാണുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം ഒരു 
വിഡ്ഢി ചിരി പാസാക്കി.സ്വതസിദ്ധമായ ആ ചിരി അയാൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.  ആളുകൾക്ക് ആരോചകമായി തോന്നുന്ന ആ ചിരിയിൽ കൂടെക്കൂട്ടിയത് കനലെരിഞ്ഞ ഓർമ്മകളുടെ കൂമ്പാരമാണെന്ന് ആരറിഞ്ഞു?

സമയം ഏറെയായി ഇരിപ്പ് തുടങ്ങിയിട്ട്. മുന്നോട്ട് നീങ്ങണോ എന്ന് നിശ്ചയമില്ല. ആശയക്കുഴപ്പം നേരിടുകയാണ്. മനസ്സിൽ വല്ലാത്ത പ്രതിസന്ധി. അതിൽ നിന്ന് മോചനം നേടണം. ചെറിയ കല്ലറ കുഴിച്ചു അതിനുള്ളിൽ ഒതുങ്ങിക്കൂടണോ എന്നാണ് ആലോചിച്ചത്. 

ഭൂതകാലത്തിന്റെ കുളിർക്കാറ്റേറ്റ് കോരിത്തരിച്ച കാലത്തിന്റെ ആത്മാവ് ഗതിക്കിട്ടാപ്രേതം പോൽ അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞു നടന്നു. 
ജീവിത യാഥാർഥ്യങ്ങളിലേക്ക്  തിരിഞ്ഞുനോക്കാൻ 
നിലയില്ലാക്കയങ്ങളിൽ കാൽ തെറ്റി വീഴുക അനിവാര്യമാകും.

2.
കല്ലറയിലെ കഥയെഴുത്ത് 

ഒരൊന്നാന്തരം കദനകഥയെഴുതണം. പൊട്ടത്തരത്തിനു കൈയ്യും കാലും വച്ച, ദസ്‌തയേവസ്കി രചിച്ച ദി ഇഡിയറ്റിലെ കേന്ദ്ര കഥാപാത്രത്തോട് അൽപ്പമൊക്കെ ചേർന്ന് നിൽക്കുന്ന ബുദ്ധിമാനായ വിഢി - അതാണയാൾ. 

 കദനകഥയ്ക്ക് 'പൊട്ടക്കഥ' എന്ന് പേരിടാനായി തോന്നിയെങ്കിലും പേരിലെ ഔചിത്യമില്ലായ്‌മ മനസ്സിലാക്കി മുളയിലേ നുള്ളി.പൊട്ടി ദ്രവിച്ച വാക്കുകൾ കൂട്ടിയാൽ ഉദ്ദേശിച്ച ആശയം പകർത്താൻ തികയില്ല.
 നാല് വാക്കുകൾ എഴുതി തുടക്കമിട്ടു. 'സ്നേഹം, സാഹോദര്യം, സമത്വം, സംതൃപ്തി'. കല്ലറയുടെ സമീപത്ത് ഇരുന്നു 
കഥ എഴുതി. 


'തനിമ ചോരാത്ത വാക്കുകളും തെളിമ കലർന്ന ചിന്തകളും അപൂർവമാണ്. കുട്ടിത്തം കളങ്കമല്ലെന്ന കാര്യം ആർക്കാണ് അറിയാൻ പാടില്ലാത്തത്?പക്ഷേ 
വളർന്നു വലുതാവുമ്പോൾ കല്ലുകടിയായി തോന്നിയേക്കാവുന്ന ചില സ്വഭാവസവിശേഷതകൾ ഇടചേർന്ന സ്വഭാവരീതിയാണ്. അതിനെ ആൾക്കാരാരും ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ല.' അങ്ങനെയൊക്കെ എഴുതിക്കൂട്ടി.

 പുനർവായനയിൽ കഥയിൽ കാര്യമായ 'കഥയുണ്ടോ' എന്നു ചിന്തിച്ചപ്പോഴാണ് ആ എഴുത്തുകൾക്ക്  ജീവനും ജീവിതവുമില്ല എന്നും മുഞ്ചാസൻ കഥകളുടെ രൂപഭാവമാണ് ഉള്ളതെന്നും തോന്നിയത്.

തള്ളിമറിക്കലിന്റെ 
ഉസ്താദാണ് ആ ചങ്ങാതി. മുഞ്ചാസന്റെ രൂപമാണ് തന്റെ കഥകളിൽ 
വന്നുചേർന്നിരിക്കുന്നത് എന്നു ഓർത്തപ്പോൾ ചങ്ക് പിടഞ്ഞു. കഥകളിൽ തള്ള് കൂടിയത് എങ്ങനെ എന്നയാൾ ചിന്തിക്കാൻ തുടങ്ങി. ഇങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേർന്നു. 

'ഭാവനയും അതിശയോക്തിയും ഇട കലർന്നൊരു മായാലോകം മനസ്സിനുള്ളിൽ നെയ്തു. ആ ലോകത്തിന്റെ സ്വകാര്യതയിൽ മുഴുകി ജീവിച്ചു. ചില യാഥാർഥ്യങ്ങൾ മറന്നു. കാലം കടന്നുപോയതറിയാതെ, ഓർമ്മകൾ പഴകുന്നത് കാണാതെ നടന്നു. ജീവിതയാത്രയിൽ ഒറ്റപ്പെട്ടതും കഥകൾ ആരെയും സ്പർശിക്കാത്തതും കാണാൻ വൈകി. വീണ്ടുമൊരു തിരിച്ചുവരവിന് ശ്രമം കുറിച്ചു. 

3
ചിറകുകൾ

മനുഷ്യമനസ്സിനെ സ്പർശിക്കുന്ന യാതൊന്നും ചെയ്തില്ലെന്ന 
 ചിന്ത മനസ്സിനെ കുലുക്കി. പണ്ടെങ്ങോ അറ്റു പോയ ചിറകുകൾ തുന്നിച്ചേർത്തു.
 ചില സങ്കൽപ്പങ്ങൾ നെയ്തുകൂട്ടാൻ തുടങ്ങി.
ആത്മവിശ്വാസത്തിന്റെ ഒറ്റച്ചിറക്  ശരീരത്തോട് ചേർത്തുവച്ചു. ചിറക് ഒന്നേയുണ്ടാവൂ. ഒറ്റച്ചിറക് കൊണ്ട് എങ്ങനെ പറന്നുനടക്കും എന്നൊന്നുമറിയില്ല. എന്തായാലും ചുറ്റുമൊന്ന് നോക്കി ആരും കാണുന്നില്ലെന്നു ഉറപ്പുവരുത്തിയശേഷം പറക്കാൻ തുടങ്ങി. ഒറ്റചിറകിൽ എത്ര ദൂരം പോകാമെന്നു ആലോചിച്ചു തിരക്ക് കൂട്ടാതെ, വെറുതെ 
പറന്നു...അപ്പൂപ്പൻതാടിയുടെ ശാന്തസുന്ദരസൗരഭമായ പറക്കൽ. കാറ്റിന്റെ കുളിരും, സൂര്യന്റെ വെയിലും, മരങ്ങളുടെ തണലും അനുഭവിച്ചായിരുന്നു പറക്കൽ. 


നീറുന്ന നന്മ

കഥാകാരന്റെ മനസ്സ് കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി. കഥയെഴുത്ത് നിർത്തി ഡയറിയിൽ ഇങ്ങനെ കുറിച്ചു.

'കുട്ടിക്കാലത്തെ കോലാഹലങ്ങൾ ഓർത്തപ്പോൾ ഓർമയും നന്മയും ചെപ്പിലടച്ചു പൂട്ടി വയ്ക്കാനാണ്
തോന്നിയത്. നിഷ്കളങ്കതയെ മുതലെടുത്തത് പ്രശ്നമായി തോന്നി.
കുട്ടികളെ പോലെയാണോ എന്ന
പരിഹാസം കലർന്ന ചോദ്യം ഉള്ളം തളർത്തി.

ചലിക്കുന്ന കളിപ്പാവയായി മാറുന്നുവെന്ന ഓർമ്മപ്പെടുത്തൽ മുറിവായി. ആർക്കും ഒന്നിനും പണയം വയ്ക്കേണ്ടതല്ല വ്യക്തിത്വം. 'സ്വതന്ത്രമായി നിലകൊള്ളുക' - കഥാകാരൻ ഓർത്തു. 

നന്മയും നിഷ്‌ക്കളങ്കതയും ചവച്ചുതുപ്പി ചമ്മന്തി വയ്ക്കുന്ന കാലത്ത് തന്റെ അക്ഷരങ്ങൾ സംസാരിക്കുമോ? ഈയൊരു ചോദ്യത്തിൽ നീറിപ്പുകഞ്ഞു. കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം  കടലാസും പേനയും താഴെവച്ചു. വേഷം മാറി....അതുവരെ ചിരിക്കാത്ത ചിരി ഒറ്റയ്ക്ക് ചിരിച്ചു. ബാഗിൽ 
അത്യാവശ്യ സാധനങ്ങൾ എടുത്തു യാത്ര പോവാനിറങ്ങി. ഭിത്തിയിൽ ഇങ്ങനെ കുറിച്ചു..

എഴുതാനേറെയുണ്ടെന്നാലും
എഴുതാതിരിക്കാൻ പെരുത്തിഷ്ടം
എഴുതി നോവിക്കാൻ ആവതില്ലേ
എഴുതി നന്നാക്കാൻ തോന്നലില്ലേ 
എഴുത്തു തുടരാൻ മോഹമുണ്ടേ 
എഴുതി തിമിർക്കാൻ ആശയുണ്ടേ
കഥകൾ കേൾക്കാൻ ആൾക്കാരുണ്ടേ
എഴുത്ത് വായിക്കാൻ ഞാനുമുണ്ടേ..

യാത്ര തുടരുന്നു....

 

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ