ജോലിപ്രേമം!
ഒരു ദിവസത്തിന്റെ ഏറിയ പങ്കും ജോലി ചെയ്യാൻ വേണ്ടിയാണ് വിനിയോഗിക്കുന്നത്. ഇഷ്ടപ്പെടുന്നതും
ഇഷ്ടപ്പെടാത്തതും കഷ്ടപ്പെടുന്നതും അല്ലാത്തതുമായ ആയിരമായിരം പണികൾ ഏവരും ചെയ്യുന്നു. അങ്ങനെ ചെയ്തുവരുന്ന എല്ലാ കാര്യങ്ങൾക്കും കണക്കെടുക്കാൻ കഴിയില്ല. എന്താണതിന് കാരണം?
കുന്നുകൂടുന്ന പണികൾക്കിടയിൽ എല്ലാമെല്ലാം പിരിച്ചെടുക്കാനോ പ്രാധാന്യമുള്ളതും ഇല്ലാത്തതുമായ
ജോലികൾ ആവിധം നോക്കിക്കണ്ട് തിരിച്ചുനിർത്താനോ സമയവും ആവതും (energy) ഇല്ലാതെ പോവുന്നു. പലപ്പോഴും ജോലികൾക്കിടയിൽ ഞെരുങ്ങി അങ്ങനെയിങ്ങനെ തള്ളിനീക്കുന്നു.
ജോലിയെന്ന് പരത്തി പറയുമ്പോൾ സ്ത്രീയേയും പുരുഷനെയും വ്യത്യസ്തമായി അടയാളപ്പെടുത്തേണ്ടി വരും. മുറ്റം അടിച്ചു വാരൽ, പാത്രം കഴുകൽ, പാചകം ചെയ്യൽ, മുറി വൃത്തിയാക്കൽ എന്നിങ്ങനെ പോവുന്ന വീട്ടുപണികളും ഓഫിസ്പരമായി ചെയ്തു തീർക്കേണ്ട ചുമതലകളും പിന്നെ വേറെയും നൂറായിരം പണികൾ
സ്ത്രീകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. അവയോരോന്നും ചെയ്യുന്നതിന് മനസ്സ് കൊണ്ട് സമയക്കണക്ക് പണിത് പരാക്രമിച്ചു പണിയെടുക്കുന്നവരുടെ പട്ടികയിൽ ഞാനോ നിങ്ങളോ നമുക്ക് അറിയുന്ന മറ്റുള്ളവരോ ഒക്കെയും ഉൾപ്പെട്ടേക്കാം.
സ്ത്രീകൾ ചെയ്‌തു വന്നിരുന്ന പല ജോലികളും ഇന്ന് ഏറ്റെടുത്തു കൂടെ ചെയ്യാൻ തയ്യാറാകുന്ന പുരുഷസമൂഹം വളർന്നുവരുന്നു. മറുവശത്ത് സ്ത്രീകളുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കുന്ന പുരുഷന്മാരും നിലകൊള്ളുന്നു. ഇത് തിരിച്ചും സംഭവിക്കുന്നു. ഒരു പക്ഷെ സ്ത്രീ-പുരുഷ സംഘർഷങ്ങളുടെ ആകെ കാമ്പിൽ ചിന്തയിലെയും മനോഭാവത്തിലെയും വ്യത്യസ്‌തതകൾ അന്തർലീനമായി അലിഞ്ഞുചേർന്നിരിക്കുന്നു.
ജോലിയാണല്ലോ വിഷയം. അതിലേക്ക് മടങ്ങിവരാം. ചില ജോലികളുടെ സമയ പരിധി നമ്മളോ നമ്മുടെ മേലധികാരികളോ മുൻകൂട്ടി നിശ്ചയിക്കുന്നു. സമയത്തു ചെയ്‌തു കൊടുക്കാത്ത സേവനത്തിന് മിക്കപ്പോഴും പുച്ഛവും പരിഹാസവും ചിലപ്പോൾ നീരസവും വല്ലപ്പോഴും ആശ്വാസവും കേട്ട് കേട്ട് പലരും പണിയെടുക്കുന്നത് തന്നെ വെറുക്കുന്നു, ഒരാൾക്ക് സഹായം ചെയ്‌തു കൊടുക്കാൻ
പോലും മടിക്കുന്നു.
ജോലി കഷ്ടപ്പെടുത്തുമോ?
നമുക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യുമ്പോൾ അതൊരു ക്ഷീണിപ്പിക്കുന്ന ജോലിയായി പലയാൾക്കാർക്കും തോന്നാതെ അതിനെ ഉല്ലാസപരമായി സന്തോഷകരമായി നോക്കിക്കണ്ട്
ചെയ്യുന്നു. അങ്ങനെ ചെയ്യുന്ന കാര്യങ്ങൾ മനസ്സിന് സന്തോഷവും സമാധാനവും പുഞ്ചിരിയും പകർന്നു നൽകുന്നു. അത്തരം പണികൾ ചെയ്യുന്നത് അധ്വാനമായി മറ്റാളുകൾക്ക് തോന്നിയാലും ചിലയാളുകൾ അവയിൽ മുഴുകി ജോലി തുടരും. ആ പ്രവൃത്തി ചെയ്യുമ്പോൾ അവർക്ക് ലഭിക്കുന്ന മനസമാധാനമാണ് അവരെക്കൊണ്ട് ആ പണി തുടരാൻ തോന്നിപ്പിക്കുന്നത്.
നമ്മൾ ഇഷ്ടപ്പെട്ടു ചെയ്യുന്ന ജോലികൾ ചെയ്യുമ്പോൾ അവയിൽ ഏതാണ്ടൊരു പൂർണത വരുത്തിയെടുക്കാൻ പണി ചെയ്യുന്നവർ ആത്മാർഥമായി ശ്രമിക്കാറുള്ളതായി കാണാനാവും. അതുകൊണ്ട് ഔട്ട്പുട്ടും അത്തരത്തിൽ മികച്ചുനിൽക്കാൻ സാധ്യത ഏറെയാണ്.
കഷ്ടപ്പെട്ട് ചെയ്യുന്ന ജോലികൾ പലതിനും കടമയുടെ പിൻകഥകളാണ് പലപ്പോഴും പറയാൻ ഉണ്ടാവുക. സ്കൂളിൽ പോവാൻ വേണ്ടി സമയത്തിന് കുട്ടികളെ ഒരുക്കുന്നതും ഭക്ഷണം തയ്യാറാക്കുന്നതും വീട്ടിലെ അംഗങ്ങൾക്കു ചായയും ഭക്ഷണവും തയ്യാറാക്കുന്നതും എല്ലാം അതിൽ ഉൾപ്പെടുന്നു. ഇത്തരം ജോലികൾ പലതും തിരക്ക് കൂടുമ്പോൾ അൽപ്പമൊക്കെ കുറയ്ക്കാനാവുന്നവയാണ്.
ജോലികൾ ചെയ്യാത്ത മനുഷ്യർ
ചിലയാൾക്കാർക്ക് എന്തെങ്കിലുമൊരു ജോലി ചെയ്യാനായി പെരുത്ത് മടിയാണ്. ആ പണി എങ്ങനെ നീട്ടിക്കിട്ടാമെന്ന് ആലോചിക്കും. അവസാനം സമയമടുത്തെത്തുമ്പോൾ ഒരു വെപ്രാളപ്പാച്ചിലിൽ പണി ചെയ്തു തീർക്കും. അതിന് അവരെ കുറ്റം പറയാനും പറ്റില്ല. എന്തെന്നാൽ അവരങ്ങനെ ചെയ്യുന്നതിന് പിന്നിൽ അവർക്കുമുണ്ട് കുറെ കാരണങ്ങൾ. ഉദാഹരണത്തിന് പല പണികളും അവസാന നിമിഷത്തേക്ക് നീക്കി വയ്ക്കുന്ന കാര്യം തന്നെ എടുക്കാം. അവസാന നിമിഷത്തെ ആ ഓട്ടപ്പാച്ചിലിൽ മാത്രമാവും പലർക്കും ആ പണി പൂർത്തിയാക്കാൻ സാധിക്കുക എന്നത് എന്തുകൊണ്ടാണെന്നാൽ അതിന് മുൻപ് ആ പണി ചെയ്യാൻ ആവശ്യമായ ഊർജം അവർക്ക് കിട്ടാതെ വരുന്നു. ഒരു കാരണവുമില്ലാതെ അലസത മൂടിപ്പുതച്ച് ഇരിക്കുന്നവരെ ഒന്നുമല്ല ഉദ്ദേശിച്ചത്. എല്ലാവർക്കും അവരവർക്ക് ഇഷ്ടമായ രീതിയിൽ ജോലി ചെയ്യാൻ പറ്റുന്ന കാലമാണ് സ്വപ്നം കാണുന്ന കിനാശ്ശേരി.
പല തരം പണിക്കാർ
മുൻപ് ജോലി ചെയ്‌ത സ്ഥാപനത്തിൽ ഡെവലപ് ചെയ്‌ത ആപ്പിന് ഉള്ളടക്കം തയ്യാറാക്കാൻ നമുക്ക് ചുറ്റുമുള്ള ജോലികളുടെ ലിസ്‌റ്റ് എടുക്കാൻ ശ്രമിച്ചു. ആദ്യമൊന്ന് ഞെട്ടി. എത്രയായിരം ജോലികളാണ് നമുക്ക് ചുറ്റും ഇങ്ങനെ പരന്നുകിടക്കുന്നത്. എത്രയെത്ര മികച്ച പണിക്കാരാണ് അണിയറയിൽ ഇരുന്ന് ആറാടുന്നത്. അതിലും എത്രയോ പണി കൊടുപ്പുകാരാണ് ഇവിടെ നമുക്ക് ചുറ്റും നിറഞ്ഞുനിൽക്കുന്നത്.
പണിയും പണിക്കാരും എല്ലാം പല വിധമാണ്. മറ്റുള്ളവരെ കൊണ്ട് ജോലികൾ ചെയ്യിക്കുന്ന, എന്നാൽ സ്വന്തമായി ഒരു കാര്യം ചെയ്യാൻ മടി പിടിക്കുന്ന നൂറായിരം ആൾക്കാരെ നമുക്ക് ചുറ്റും നോക്കിയാൽ കണ്ടെത്താം.
ജോലികൾ കിട്ടാതെ കാത്തിരിക്കുന്ന ആളുകളെയും നിരാകരിക്കാൻ ആവില്ല. പണി ചെയ്ത് ജീവിക്കുന്ന ആളുകളെ പോലെ ആവാൻ അവർ ആഗ്രഹിക്കുന്നു. ചിലർ കഷ്ടപ്പെടുന്നു, നല്ലൊരു നാളെക്കായി കാത്തിരിക്കുന്നു, ചിലർ വിധിയെ പഴിച്ചു സമയം പാഴാക്കുന്നു. ഇതെഴുതുമ്പോൾ 1936ൽ റിലീസായ ചാർളി ചാപ്ലിന്റെ മോഡേൺ ടൈംസ് എന്ന സിനിമയാണ് ഓർമ്മ വരുന്നത്. 'പണിയെടുത്ത് പണ്ടാരമടങ്ങുന്ന അടിമ ' - അതാണ് ഈ ചിത്രത്തിലെ ചാപ്ലിൻ.
ജോലിയും വിശ്രമവും
ജോലി ചെയ്യുന്നത് പോലെ പരമ പ്രധാനമാണ് വിശ്രമം കണ്ടെത്തുന്ന സമയം. ഇടതടവില്ലാതെ ജോലികൾ ചെയ്തുപോയാൽ ശരീരവും മനസ്സും ക്ഷീണിക്കാൻ ഇടവന്നേക്കും. അവയ്ക്ക് വെറുതെ ഇരിക്കാൻ സമയം കൊടുക്കുമ്പോഴാണല്ലോ അവയ്ക്ക് കാര്യക്ഷമത കൈവരിക്കാൻ ആവുക. വിശ്രമവും സന്തോഷവും ഒക്കെ
ഔട്ട്പുട്ട്, പ്രൊഡക്റ്റിവിറ്റി എന്നിവ ഉയർത്താൻ സഹായിക്കും എന്ന് മാനേജ്‌മെന്റ് വിദഗ്ധർ പോലും അടിവരയിടും. അടുത്ത കാലത്ത് പല കമ്പനികളും ഉച്ചയ്ക്ക് ഉറങ്ങാൻ സമയം നൽകുന്നുവെന്ന വാർത്ത കാണാൻ ഇടയായിരുന്നു.
അധിക സമയം ജോലി ചെയ്യാൻ ആളുകൾ തയ്യാറാവുന്നത് ഇന്നൊരു സാധാരണ കാര്യമാണ്. ജോലി ജീവിതവും വ്യക്തിജീവിതവും ഒരുമിച്ച്, ബുദ്ധിമുട്ടില്ലാതെ കൊണ്ടുപോവാൻ നിറയെ ആളുകൾ ശ്രമിക്കുന്നു. ചിലരൊക്കെ അതിൽ വിജയിക്കുന്നു. 5 മണി കഴിഞ്ഞു വരുന്ന മെയിലുകൾക്ക് മറുപടി നൽകാതെയോ ഓവർടൈം പണിക്ക് കിട്ടുന്ന പേരും പ്രശസ്‌തിയും വേണ്ടെന്ന് വയ്ക്കാൻ തയ്യാറായുമൊക്കെ നമ്മൾ ജീവിക്കുന്നു.
കയ്യിലൊരു ജോലിയും തോളിൽ അൽപ്പം ചുമതലയും ഉണ്ടായാൽ ജീവിതത്തിൽ സ്വൽപ്പം കരുത്തും കാര്യക്ഷമതയും കൈവരുന്നതായി ചിലയാളുകൾക്ക് തുടക്കത്തിൽ തോന്നാം. ഇതെല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് മടുക്കുമ്പോൾ പലർക്കും തോന്നാം. സ്ഥിരത പോലെ സുന്ദരമായ വരം വേറെ എന്താണുള്ളത്? എന്നുമെന്നും ഒരേ ജോലി മടുക്കാതെ ചിരിച്ചോണ്ട് ചെയ്യാൻ പറ്റുക എന്ത് വലിയ കാര്യമാണ്. എഴുപത്തിയൊന്നിലും ഓടിനടന്ന് അഭിനയിക്കുന്ന മമ്മൂക്കയിൽ നിന്നൊക്കെ പല വലിയ പാഠങ്ങളും പഠിക്കാൻ പറ്റും.
ജോലി ചെയ്തും ജീവിക്കാം, ചെയ്യാതെയും ജീവിക്കാം. വിട്ടുവീഴ്ചകൾ ചെയ്തും അവയ്ക്ക് വഴങ്ങാതെയും മുന്നോട്ട് പോകാം. അതെല്ലാം ഓരോ വ്യക്തികൾ എടുക്കുന്ന തീരുമാനങ്ങളാണ്. ഇത്ര മാത്രം ശ്രദ്ധിച്ചാൽ
വലിയ പരുക്കില്ലാതെ കഴിഞ്ഞു കൂടാം- ജോലി ജീവിതാസ്വാദനത്തിന് തടസ്സം നിൽക്കാതെ അങ്ങനെ അങ്ങ് ഒഴുകിപ്പോകട്ടെ.
ജോലി: അൽപ്പം ഗൗരവ ചിന്തകൾ
പുതിയൊരു ജോലി ലഭിച്ചിട്ട് അവിടേക്ക് നീങ്ങുന്നവരും ജോലി മടുത്തു അവിടെ നിന്ന് ഇറങ്ങിവരുന്നവരും പല കാരണങ്ങളാൽ തൊഴിലിൽ നിന്ന് പറഞ്ഞു വിടുന്നവരും അങ്ങനെ പല ആളുകളും തൊഴിൽ വിടുന്നു, എന്നിട്ട് പുതിയ അവസരങ്ങൾ തേടുന്നു. വളരെ മാനസിക സംയമനവും ക്ഷമയും ആവശ്യമായ സംഗതിയാണ് പുതിയ തൊഴിൽ അന്വേഷണം. നിറയെ നൂലാമാലകൾ കടന്നാലാണ് അനുയോജ്യമെന്ന് തോന്നിക്കുന്ന ഒരു തൊഴിൽ നമ്മൾ കണ്ടെത്തിയെന്ന് വരിക. അങ്ങനെ ചെയ്യുന്നവരോട് 'ജോലിയൊന്നും ആയില്ലേ' എന്നൊക്കെ ചോദിച്ചു കുശലം നടത്തുമ്പോൾ പതറിപ്പോവുന്ന ആയിരം കണ്ണുകളിൽ നമ്മളും ഉൾപ്പെടാറുണ്ട്.
ഏതൊരു ജോലിക്കും അർഹമായ പരിഗണന നൽകി ബഹുമാനിക്കാൻ പൊതുസമൂഹത്തിന് സാധിക്കേണ്ടത് ആ തൊഴിൽ ചെയ്യുന്ന ആളുകളുടെ ന്യായമായ അവകാശമാണ്. കഴിഞ്ഞ ദിവസം റോഡിലൂടെ നടക്കുകയായിരുന്നു. റോഡരികത്ത് ഓല കീറി ഈർക്കിൽ ചൂരൽ ഉണ്ടാക്കുന്ന ഒരു അമ്മൂമ്മയെ കാണാൻ ഇടവന്നു. പ്രായത്തിന്റെ അസ്വസ്ഥത ആ മുഖത്ത് തെളിഞ്ഞു കാണാം. വെയിലേറ്റ് വാടിയ ഒട്ടിയ കവിളുകളും കാണാം. എന്നാൽ താൻ ചെയ്യുന്ന ജോലിയിൽ അവർ വ്യാപൃതയായിരുന്നു. എന്തായിരിക്കും അവർക്ക് ആ ജോലി ചെയ്യുമ്പോൾ കിട്ടിയ പ്രതിഫലം?
Comments
Post a Comment