ഇഷ് ഡാങ്കെ ഇന്നെൻ സിയാ!

 "പണ്ടാരാണ്ടോ ചവച്ചുകൂട്ടിയ കഥയുടെ കഷ്ണങ്ങൾ 

വാരിക്കൂട്ടി കഥ പറയുന്നൊരു കാഥികനാണ് ഞാൻ"



എന്തെങ്കിലുമൊക്കെ മനസ്സ് തുറന്ന് എഴുതിയിട്ട് മാസങ്ങളായി. അക്ഷരങ്ങളിൽ യാന്ത്രികത കടന്നുകൂടിയപോലെ തോന്നിയപ്പോൾ എഴുത്തിന് അവധി കൊടുത്തു. ചുമ്മാ നൂല് പോയ പട്ടം പോലെ അലസസുന്ദരമായി സഞ്ചരിക്കാൻ സുഖമാണ്. ഭാരങ്ങളോ ഭാണ്ഡങ്ങളോ കെട്ടുപാടുകളോ അലട്ടാതെ ചുമ്മാ അങ് പറന്നുപോവാൻ സായിപ്പിന്റെ ഭാഷ കടമെടുത്താൽ  "ത്രില്ലാണ് ". 




തമാശയല്ലാത്ത സത്യം എന്തെന്നാൽ എഴുത്തിന്റെ കാമ്പും കലർപ്പും എത്രമേൽ നന്നാക്കിയെടുക്കാമോ അത്രമേൽ സുന്ദരമാക്കിയെടുക്കാൻ കിണഞ്ഞുപരിശ്രമിക്കുന്ന ഒരാളാണ് ഈ കുറിപ്പിന്റെ പിന്നാലെ പായുന്ന ആൾ. ആളുകളെ മടുപ്പിക്കാതെ, ആദ്യവരി മുതൽ അവസാനവാചകം വരെ ഒപ്പം നടത്തിയാലാണ് രസച്ചരട് മുറിക്കാതെ ചിന്തയെ നീതീകരിക്കാൻ ആവുക. ഏതെങ്കിലും വരികളിൽ ഉടക്കി നിന്നാൽ എഴുത്തിന്റെ ഒഴുക്കിനെ ബാധിക്കും. 


ഇനി എഴുതാനിരിക്കുന്ന വാക്കുകളാണ് ഇതിലും മെച്ചപ്പെടുത്താവുന്നത് എന്ന വിശ്വാസഗതി കൂടെ കൂട്ടുന്നയാളാണ് ഇതെഴുതുന്നത്. പഴയ കുറിപ്പുകൾ ഇടയ്ക്കിടെ വീണ്ടും വീണ്ടും വായിച്ചു വെട്ടിതിരുത്തുക ചെയ്യാറുണ്ട്. പബ്ലിഷ് ചെയ്യാനുള്ള ആവേശത്തിളപ്പിൽ പിശകുകൾ കണ്ണിൽ പെടാതെ പോവുന്നതാണ് കാരണം. പുനർവായന പ്രിയപ്പെട്ട ഹോബിയാണ് എന്നതും ഒരു വസ്തുതയാണ്.


എന്താണ് എഴുതാനുള്ള കാരണം? ഭാഷയോട് മൂത്ത പ്രേമമാണ്.

 അതിന്റെ വൈവിധ്യം തൊട്ടുതലോടുമ്പോൾ  സുഖം ലഭിക്കുന്നു.  മൂർത്തമായും ചിലപ്പോൾ അമൂർത്തമായുമൊക്കെ ചിതറി പുറത്തുവരുന്നു. ഇപ്പോൾ നിങ്ങൾ വായിക്കുന്നത് അത്തരമൊരു സാധാരണ എഴുത്താണ്. 


എഴുത്തിന്റെ ഊട്ടുപുര


എഴുത്തിന്റെ രസച്ചരട് പൊട്ടിക്കാതെ കൊണ്ടുപോവാൻ ഗ്യാസടുപ്പിൽ തീ കൂട്ടുന്ന സൂക്ഷ്മത വേണം. കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്. അതുകൊണ്ട്, കൃത്യമായ പാകത്തിൽ പരുവപ്പെടുത്തി എടുക്കണം. ഇങ്ങനെ വിചാരിച്ചുകൊണ്ടാണ് എപ്പോഴും എഴുതാൻ ഇരിക്കുന്നത്.


എത്രയെണ്ണം നന്നായി, ഏതെല്ലാം കുളമായി എന്നൊന്നും നോക്കാതെ കൂളായി, ഹോട്ടായി, ചിൽ ആയി എഴുതുന്നു എന്ന് ഭംഗിവാക്കായി ഒഴുക്കിവിടാനാണ് ആദ്യം തോന്നിയത്. 


സത്യം എന്തെന്നാൽ കേട്ടതും വായിച്ചതും എഴുതുന്നതുമായ എല്ലാ വാക്കുകൾക്കും  സ്വാധീന ശക്തിയുണ്ട്. പറഞ്ഞ വാക്കുകൾ പോലെ പറയാതെ പോയ വാക്കുകൾക്ക് പിന്നിലും നൂറായിരം ഒളിക്കഥകൾ മറഞ്ഞിരിക്കുകയും ചെയ്യുന്നുണ്ട്. 


എഴുത്തിനെ അളക്കുന്നവരാണല്ലോ വായനക്കാർ. അവർക്ക് ബന്ധപ്പെടുത്താൻ (റിലേറ്റ് ചെയ്യാൻ) പറ്റുന്ന ഉള്ളടക്കം (കണ്ടന്റ്) എന്നതിനാണ് പ്രസക്തി ഏറുന്നത്. അവിടെ സ്വന്തം വാക്കുകൾക്ക് എവിടെയാണ് സ്‌ഥാനം എന്ന് അന്വേഷിക്കുകയാണ്. 


ഏറ്റവുമവസാനം ബ്ലോഗ് ലിങ്ക് മൂന്ന് പേർക്കാണ് അയച്ചത്. അയച്ചതിന് ഇടയിൽ 6 മാസം ഇടവേള വന്നു. ആ മൂന്ന് പേബ്ലോഗ് സന്ദർശിച്ചോ, പോസ്റ്റുകൾ വായിച്ചോ എന്ന് തീർച്ചയില്ല. ആ ബ്ലോഗിനെ കുറിച്ച് പിന്നീട് സംസാരിക്കുകയോ ചോദിക്കുകയോ ചെയ്തിട്ടില്ല. ആളുകളുടെ തിരക്കിനെ, താൽപ്പര്യങ്ങളെ സ്നേഹപൂർവ്വം മാനിക്കുന്നു. 


 ആളുകൾ അയയ്ക്കുന്ന പരമാവധി ലിങ്കുകൾ വായിക്കാറുണ്ട്. ചിലവ രസം പിടിപ്പിക്കാറുണ്ട്. ലിങ്ക് അയയ്ക്കുന്ന ആളുടെ പ്രവൃത്തിയെ മാനിക്കണം എന്നുകരുതിയാണ് അങ്ങനെ ചെയ്യുന്നത്. ചിലപ്പോൾ മനസ്സിലാവാതെ പോകുന്ന  സംശയങ്ങൾ ദുരീകരിക്കാൻ ശ്രമിക്കാറുണ്ട്. ചോദ്യങ്ങൾ ചോദിച്ച് അലോസരപ്പെടുത്താറുമുണ്ട്, അവ്യക്തമായ ഉത്തരങ്ങൾ കൊടുത്ത് ആലോചിപ്പിക്കാറുമുണ്ട്.


ചില ചോദ്യങ്ങൾ രൂപപ്പെടുത്തി എടുക്കുമ്പോൾ വിഷയത്തിൽ നിന്ന് മാറിപ്പോയതിനാലോ റിലേറ്റബിൾ ആയി അവതരിപ്പിക്കാൻ കഴിയാത്തതോ മൂലം ആൾക്കാർക്ക് മനസ്സിലാകാതെ പോവാറുണ്ട്. കമ്മ്യൂണിക്കബിൾ ആയ ലോകത്ത് അൺകമ്മ്യൂണിക്കബിൾ ആയി ജീവിക്കുന്ന റൈറ്റർ നേരിടുന്ന ജീവിതപ്രശ്നങ്ങളാണ് ഇവയെല്ലാം. 


"ഈച്ച് വേർഡ് ഓഫ് യൂ ഈസ് എ ട്രെഷർ ടു കീപ്പ്," എന്ന് ഒരാൾ പറഞ്ഞു. 11 വർഷങ്ങളായി കൂട്ടുള്ള, സാഹിത്യം പഠിക്കുന്ന, ഇരുത്തം വന്ന ആ ആളുടെ നിർമ്മലമായ വാക്കുകളെ നിർവ്യാജമായി വിശ്വസിച്ചു മുന്നോട്ട് പോവാനാണ് ആഗ്രഹം. അവരുടെ വാക്കുകൾ വെറുമൊരു പ്രശംസയല്ല എന്ന് ബോധ്യമുണ്ട്. അന്ന് വായിച്ച കുറിപ്പ് (ടൈറ്റിൽ ഞങ്ങൾക്കിടയിലെ രഹസ്യം) അവർക്ക് പെരുത്തിഷ്ടമായി എന്ന് ഓർക്കുമ്പോൾ ഉറപ്പ് തോന്നുന്നു. എഴുതിയെഴുതിയെഴുതി ഒരു നാൾ ഉറച്ചുനിൽക്കുമെന്ന് ലോകത്തോട് പതിയെ, മൃദുവായി വിളിച്ചുപറയാൻ തോന്നുന്നു. 


"എഴുത്തിന്റെ പൊടിവിദ്യ ഇവിടെയും ചെറുതായി വഴങ്ങുന്നുണ്ട് കേട്ടോ," എന്നാണ് ആദ്യം എഴുതിയത്. "വാക്കുകൾ തേച്ചുമിനുക്കി ഇവിടെ നിലനിൽക്കും" എന്ന് ഇപ്പോൾ കൂട്ടിച്ചേർത്തു.


എഴുത്തും ജോലിയും


ചിന്തകളിലെ സൂക്ഷ്മാംശങ്ങൾ വാക്കുകളായി പകർന്നെടുക്കാൻ ശ്രദ്ധ കൊടുക്കാൻ പറ്റാതെ പോവുമ്പോഴാണ് വാക്കുകൾ കൂട്ടിക്കെട്ടിയ രസച്ചരട് മുറിയുന്നത്.


മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരിലൊരാളായ അജയ് പി മങ്ങാട്ടിന്റെ എഴുത്തുമേശ എന്ന ഓൺലൈൻ പംക്തിയുണ്ട്. ഏഴ് മാസം മുൻപുവരെ ലേഖനങ്ങൾ ആർത്തിയോടെ വായിച്ചിരുന്നു. ലിറ്ററേച്ചർ സെക്ഷനിൽ ജോലി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അതിനുതക്ക മിടുക്ക് ഇനിയും കൈവന്നില്ലായെന്ന കാര്യം മറക്കാനും പാടില്ലല്ലോ!


സ്പോർട്സും സാഹിത്യവും സിനിമയുമാണ് ജേർണലിസത്തിൽ ചെയ്യാൻ ഇഷ്ടമുള്ള വർക്കുകൾ. രാഷ്ട്രീയം,  സാമ്പത്തികം, വിദേശം, സയൻസ്, ചിൽഡ്രൻസ് ലിറ്ററേച്ചർ, ഇന്റർവ്യൂ, റിപ്പോർട്ടിങ് - ഇതെല്ലാം ചെയ്തിരുന്നു.

സ്പോർട്സിൽ ക്രിക്കറ്റ് കമ്പം മുന്നിട്ടുനിൽക്കുന്നു. മറ്റു രണ്ടു മേഖലകൾക്ക് ഉള്ളിലും ചില ഇഷ്ടങ്ങൾ പ്രത്യേകമായി ഉണ്ടെങ്കിലും അവയ്ക്കൊന്നും ക്രിക്കറ്റിന്റെയത്ര സമയം  കൊടുത്തില്ല. ക്രിക്കറ്റ് ജേർണലിസത്തിലേക്ക് തിരിച്ചുച്ചെല്ലുക തന്നെ ചെയ്യും, ഇപ്പോഴല്ല എന്നുമാത്രം. അറിയാവുന്ന കാര്യങ്ങൾ സാധാരണ രീതിയിൽ എഴുതാൻ ഇഷ്ടമാണ്. അങ്ങനെ ചില കുറിപ്പുകൾ ബ്ലോഗിൽ കാണാൻ പറ്റും.

 

ആരാണ് പ്രിയപ്പെട്ട ക്രിക്കറ്റർ? അങ്ങനെ പ്രിയപ്പെട്ടത് എന്നൊന്നുണ്ടോ? പ്രേമം ഗെയിമിനോടാണ്. ബ്രയാൻ ലാറ, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, എംഎസ് ധോണി, രാഹുൽ ദ്രാവിഡ്, കെയിൻ വില്യംസൺ, ഗ്ലെൻ മഗ്രാത്ത്, ബെൻ സ്റ്റോക്‌സ്, ശിവനരെയ്‌ൻ ചന്ദർപോൾ, വിവ് റിച്ചാർഡ്‌സ്, അനിൽ കുംബ്ലെ, മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ എന്നിങ്ങനെ അനവധി പേരെ ഇഷ്ടമാണ്. ക്രിക്കറ്റ് കളിക്കുന്ന എല്ലാ കളിക്കാരെയും ഇഷ്ടമാണ്. ഇയാളെ, അല്ലെങ്കിൽ ഈ ടീമിനെ വെറുക്കുന്നു എന്ന് പറയാൻ പാടാണ്. തമാശയ്ക്ക് ചില ഫാൻ ഫൈറ്റുകൾക്ക് ഒത്തുകൂടും. ഏത് ടീം ജയിച്ചാലും കൂടെ ചിരിക്കാനും ഏത് ടീം തോറ്റാലും കൂടെ കരയാനും പറ്റുന്ന കളിപ്രേമിയുടെ നിസ്സീമ മനസ്സാണ് കിട്ടിയത്.

ഈയടുത്ത് എഴുത്തുകളിൽ ഓട്ടോബയോഗ്രഫിക്കൽ എലമെന്റ് കൂടുന്നത് ശ്രദ്ധിച്ചു. മുൻപ് വിഷയകേന്ദ്രീകൃതമായി എഴുതിയിരുന്നു. അവയിൽ തെറിച്ചു നിന്നിരുന്നത് ചിന്തകളും ബോധ്യങ്ങളും കുറെ കണക്കുകളും വസ്തുതകളും അനുഭവങ്ങളും ഒക്കെ ആയിരുന്നു. ഇപ്പോൾ അത്തരം വിഷയങ്ങൾ അല്ല എഴുത്തിനായി തിരഞ്ഞെടുക്കുന്നത്. ഉള്ളെഴുത്ത് എന്നൊക്കെ വിളിക്കാവുന്ന എന്റെ തന്നെ ഇരുത്തമില്ലാത്ത, വളർന്നുവരുന്ന ചിന്തകൾ എന്ന് ഇതിനെ വിശേഷിപ്പിക്കുന്നു. അവ ശരിയാണെന്നു വാദിക്കാനല്ല, അവ എന്താണെന്ന് മനസിലാക്കാൻ വേണ്ടിയാണ് എഴുതി ഇടുന്നത്. 


ഇടയ്ക്കിടെ രസമുള്ള (അറ്റ്ലീസ്റ്റ് എനിക്ക്!) ടോപ്പിക്കുകൾ ഓർമ്മയിൽ വരും, പക്ഷെ തിരക്കും സമയക്കുറവും കാരണം എല്ലാമൊന്നും പേപ്പറിലോ വെബ്സൈറ്റിലോ പകർത്തി വെയ്ക്കാൻ സാധിക്കാറില്ല. ഇപ്പോൾ അവ ഗൂഗിൾ നോട്ടായി പകർത്താറുണ്ട്. 


കടൽ പോലെ പരന്നതാണല്ലോ (കടല പോലെയല്ല) അറിവ്. കുറെയേറെ അറിയാനും ചെയ്യാനും കാണാനും കേൾക്കാനും തോന്നാനും ഒക്കെയുണ്ട്. അവ ഉള്ളിലേക്ക് കടത്തിവിട്ട് കുറെ മനസ്സിലാക്കി വെയ്ക്കുമ്പോഴാണ് എഴുത്തിന് ആഴവും വ്യക്തതയും കൈവരിക്കാനാവുക. അറിവിന്റെ കാര്യത്തിൽ ശിശുവാണ്! (പക്ഷെ പശുവല്ല!)


ചില കുറിപ്പുകൾ പുനർവായിക്കുമ്പോൾ ഇത് ഞാൻ തന്നെ എഴുതിയതാണല്ലേ എന്ന് ഉന്മാദപരമായും അല്ലാതെയും തോന്നാറുണ്ട്. ചിലവ വായിക്കുമ്പോൾ ഇതെന്താണ് എഴുതി വച്ചിരിക്കുന്നത് എന്ന് തോന്നാറുണ്ട്. മനസ്സമാധാനത്തോടെ, തിടുക്കമേ ഇല്ലാതെ, ശാന്തമായി എഴുതുമ്പോഴാണ് വാക്കുകൾക്ക് (എന്റെ) സൗന്ദര്യം ഉണ്ടാവാറുള്ളത്. തിടുക്കത്തിൽ എഴുതി വയ്ക്കുന്നവ പുനർവായിക്കുമ്പോൾ മാനസികമായി ഒരടുപ്പവും നൽകാതെ കടന്നുപോവുന്നു. അത്തരം എഴുത്തുകളല്ല, ഇത്തരം ചിതറിയ ചിന്തകളാണ്  എഴുതാനും വായിക്കാനും സുഖം തരുന്നത്. 


വലിയ ചോദ്യങ്ങൾക്ക് ചെറിയ ഉത്തരം നൽകാനേ അറിയൂ! ഒറ്റ ചോദ്യം കൂടെ ചോദിച്ചു നിർത്താം. 


ലോകം മുഴുവൻ സുഖം പകരുമോ?


പല്ലുതുറന്ന പുഞ്ചിരിയാണ് തെളിഞ്ഞത്....!  


നിർത്തുന്നു, സലാം!   




പോസ്റ്റ്സ്ക്രിപ്റ്റ്സ്  -  

1. മൂന്നാമത്തെ എഡിറ്റിന് ശേഷം ആനന്ദത്തിന്റെ അശ്രുകണങ്ങൾ തുള്ളികളായി പെയ്തോ? മൂന്നാമത്തേതിൽ
മൂന്ന് തുള്ളി പെയ്തു. നാലാമത്തേതിൽ പെയ്തില്ല. 


2. പ്ലീസ് റീഡ് ബ്ലോഗ് ഇഫ് ടൈം പെർമിറ്റ്സ് എന്ന നാടകത്തിന് ശേഷം കമ്പനി അവതരിപ്പിക്കുന്ന ക്ഷണാഭ്യർത്ഥനയുടെ പേര് - "ഇനീം വായോ"! 

3. ഫോർമലായ അഭ്യർത്ഥന ഇഷ്ടപ്പെടുന്നവർക്ക് "നന്ദി, വീണ്ടും വരിക" എന്നും വായിക്കാം.

ശുഭം!
-----------------------------------------------

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ