ചിൽഡ്രൻസ് ഹോം

എം എ  പഠനകാലത്ത് ഒരു വിദ്യാഭ്യാസ കൂട്ടായ്മയുടെ ഭാഗമായിരുന്നു. കുട്ടികളെ ചേർക്കാൻ ഹൈദരാബാദിലെ ചില ഓർഫണേജുകൾ, ഷെൽട്ടർ ഹോമുകൾ തോറും ഇടയ്ക്കിടെ  പോകേണ്ടതായി വരുമായിരുന്നു. വലിയ സ്വപ്നങ്ങളും, നിറയെ പ്രതീക്ഷകളും പേറുന്ന പല കുരുന്നുകളെയും അവിടെയാണ് കണ്ടുമുട്ടിയത്.
2015ൽ  സ്വപ്നയും, മഞ്ജുളയും ചേർന്ന കാച്ചിഗുഡ ഗവൺമെന്റ് സ്‌കൂളാണ് ആദ്യം ഓർമ്മയിൽ വരുന്നത്. നഗരത്തിരക്കുകളിൽ നിന്നല്പം മാറിയാണ് സ്‌കൂൾകെട്ടിടം. അത്യാവശ്യം വലുതെന്ന് തോന്നിക്കുന്ന ക്ലാസ്സ്മുറികൾ. ഓടിച്ചാടി നടക്കുന്ന കുട്ടികൾ ഞങ്ങളെ ഇവർ ആരാണെന്ന ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് അവരോടൊപ്പമിരുന്നാണ് രുചികരമായ ഭക്ഷണം കഴിച്ചത്. കുട്ടികളുമായി അൽപ്പനേരം കളിച്ചു. അവരോടൊപ്പം നിൽക്കുന്ന കുറച്ചു ഫോട്ടോസ് എടുത്തതിനു ശേഷം മടങ്ങിപ്പോയി.
പിന്നീടൊരിക്കൽ ലിംഗംപള്ളിയിൽ ഉള്ള ഓർഫണേജിൽ പോയപ്പോൾ ഒരു സുഖകരമല്ലാത്ത അനുഭവം ഉണ്ടായി. അവിടെ കുട്ടികളെ കൊണ്ട് ഞങ്ങളെ  സൽക്കരിക്കാൻ പഴങ്ങളും, കുടിക്കാൻ ചായയും നൽകി. അവരുടെ ക്ഷീണമുള്ള കണ്ണുകൾ കണ്ടപ്പോൾ ഏതാണ്ട് ഒരു രൂപം കിട്ടിയിരുന്നു. പിന്നെ കുട്ടികൾ അടക്കം പറയുന്നതും കേട്ടു. അവിടെ കുട്ടികൾക്ക് കൂടുതൽ സൗകര്യങ്ങൾ ആവശ്യമുണ്ടെന്നു ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്ന ടീച്ചറിനോട് പറയണമെന്ന് തോന്നി. പക്ഷെ, ഒന്നും മിണ്ടാതെ ഞങ്ങൾക്ക് 
തിരിച്ചിറങ്ങേണ്ടി  വന്നു.   
ഫലക്നമയിലെ റെയിൻബോ ഹോംസിൽ ഒരുപാട് തവണ പോവേണ്ടി വന്നിട്ടുണ്ട്. ഏറ്റവുമധികം കുട്ടികളുമായി കൂട്ടുകൂടുന്നതും ഇവിടെ നിന്നാണ്. ഉമ, അഞ്ജലി, അസ്രീൻ, മീനാക്ഷി അങ്ങനെ കുറെ കുഞ്ഞനിയത്തിമാരെ അവിടെ നിന്ന് കിട്ടി. പരിമിതമായ സൗകര്യങ്ങൾക്കിടയിലാണ് അവർ അവിടെ കഴിയുന്നത്. അടുത്തുള്ള ഗവൺമെന്റ് സ്‌കൂളിലാണ് പഠനം. ഹോമിലെ ദൈനംദിന കാര്യങ്ങൾ നോക്കാൻ നാല് സ്ത്രീകളെ ചുമതലപ്പെടുത്തിയിരുന്നു. ഫാത്തിമ മാം, മമത മാം, വീരമണി മാം ഇവരാണ് പ്രധാന മേൽനോട്ടം നടത്തിയിരുന്നത്.    
അടുക്കള കാര്യങ്ങളിൽ  കുട്ടികൾ സഹായിക്കുന്നത് കാണാറുണ്ട്. മഴവില്ല് പോലെ മനോഹരമായ, തെളിഞ്ഞ മനസ്സുള്ള, ചുറുചുറുക്കുള്ള കുഞ്ഞുങ്ങൾ.
ഒരു സുഹൃത്തിന്റെ ജന്മദിനം ആഘോഷിച്ചതും, മറ്റൊരിക്കൽ കുട്ടികൾ റിഹേഴ്സൽ ചെയ്ത ഡാൻസ് കളിച്ചുതന്നതും, നാട്ടിലെ രണ്ട് 
അനിയത്തിക്കുട്ടികളുടെ കൂടെ ഇവിടെ വന്നതും മറക്കാൻ പറ്റാത്ത ഓർമ്മകളാണ്. 

കുട്ടികൾ, കളിചിരികൾ    
പല കുട്ടികളും, അടുത്തു കഴിഞ്ഞാൽ വീട്ടിൽ സംസാരിക്കാൻ ഫോണാണ് ആവശ്യപ്പെടുന്നത്. പിന്നെ ചിലർ ഗെയിം കളിക്കണം എന്ന് പറഞ്ഞു ഓടിവരും. മറ്റുചില കുട്ടികൾ അവർക്കിടയിലെ പിണക്കങ്ങൾ തീർത്തുകൊടുക്കാൻ അടുത്ത് കൂടും.
യൂണിവേഴ്സിറ്റിയിലെ പല സുഹൃത്തുക്കളും ഇവിടെ വരാൻ ഇഷ്ടപ്പെട്ടിരുന്നു. വന്നു കഴിയുമ്പോൾ അവരിൽ പലരും അവരുടെ ഒളിച്ചിരിക്കുന്ന കഴിവുകൾ  പുറത്തെടുത്തു ഞങ്ങളെ അതിശയിപ്പിച്ചിരുന്നു. ഞങ്ങൾ അവർക്ക് മധുരം നൽകും.
അവിടെ നിന്ന് തിരികെ പോകുമ്പോൾ, റെയിൽവേ സ്റ്റേഷൻ വരെ ഞങ്ങളെ യാത്രയാക്കാൻ ചില കുട്ടികൾ വരുമായിരുന്നു. യാത്ര ചോദിക്കും മുൻപ് അവർക്ക് അറിയേണ്ടിയിരുന്നത് ഒരു കാര്യമായിരുന്നു. ഞങ്ങൾ എന്നാണു ഇനി കാണാൻ വരുന്നത്?  
   
   

കാച്ചിഗുഡയിലെ കസ്തുർബാ വിദ്യാലയത്തിലെ കുട്ടികൾ.   



             

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ