കുടജാദ്രി ഡയറീസ്

കുടജാദ്രിയിൽ പോയവർക്കറിയാം, ആ മലനിരകൾക്ക് വല്ലാത്ത ചന്തമാണ്‌. അവിടെ ഒരിക്കൽ പോയവർ വീണ്ടും ചെല്ലാൻ ഇഷ്ടപ്പെടുന്നത് ആ സ്ഥലത്തിൻ്റെ ചാരുത കൊണ്ടാണ്.
 2015 ഒക്ടോബർ മാസമാണ് ഇവിടെ പോകാൻ പ്ലാന് ഉണ്ടെന്ന് കൂട്ടുകാരനായ അജ്‌മൽ പറഞ്ഞത്. യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന സ്ഥലം ആയതിനാൽ പോന്നോട്ടെയെന്നു ചോദിച്ചു. അജ്‌മലിനും, യാത്ര പ്ലാൻ ചെയ്‌ത അനൂപിനും വലിയ സന്തോഷമായിരുന്നു. 
എറണാകുളത്തു നിന്നും രാത്രി ട്രെയിൻ കയറി പിറ്റേന്ന് രാവിലെ ഞങ്ങൾ ബൈണ്ടൂരിലെത്തി. അവിടെ നിന്ന് ഒന്നര മണിക്കൂർ ബസ് യാത്ര. മൂവർക്കും  മൂന്നു ലക്ഷ്യങ്ങളാണ്. ആത്മീയതയെ കൂട്ടുപിടിച്ചാണ് അനൂപിൻ്റെ വരവ്. കാവിയാണ് വേഷം. തപസ്സിരിക്കും എന്നൊക്കെ ഇടയ്‌ക്കിടെ പറയുമായിരുന്നു. അജ്‌മൽ ആവട്ടെ മലനിരകൾ കാണാനും, മൂകാംബിക തൊഴാനും എത്തിയിരിക്കുന്നു. എനിക്ക് ട്രെക്കിങ്ങ് അനുഭവത്തോടാണ് താല്പര്യം. മൂകാംബിക സ്റ്റേഷനിൽ ഇറങ്ങി, ബാഗിലെ ചില സാധനങ്ങൾ റെസ്ററ്  റൂമിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു ഞങ്ങൾ നടന്നു. 

മൂകാംബിക, സൗപർണിക നദി 

ആദ്യം തന്നെ  സൗപർണിക നദിയിലിറങ്ങി വിസ്തരിച്ചൊരു കുളി  പാസാക്കി. മലനിരകളിൽ നിന്ന് ഒഴുകി വന്ന തെളിഞ്ഞ  നീരാണ്. വെള്ളത്തിന് നല്ല കുളിർമയാണ്. കുളി കഴിഞ്ഞയുടൻ മൂകാംബിക അമ്പലത്തിലേക്ക് നടന്നു. ക്ഷേത്ര മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളിലെ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാൻ അമ്പലത്തിലേക്ക് കൂട്ടമായി നടക്കുന്നുണ്ടായിരുന്നു. വഴിയോരകടകളിൽ സാമാന്യം നല്ല തിരക്കാണ്. അമ്പലത്തിൽ പോയി പ്രാർത്ഥിച്ച ശേഷം കുടജാദ്രിയിലേക്ക് തിരിച്ചു. 

ഗുഹയിൽ നിന്നുള്ള കാഴ്ച.  


ട്രെക്കിങ്ങ് 
കാൽനടയായി കുടജാദ്രി കയറാൻ ആദ്യമേ തീരുമാനിച്ചുറപ്പിച്ചതാണ്. ഒരു ചെക്കിങ് പോയിന്റിനരികെ ബസിറങ്ങി. സമയം ഏതാണ്ട് നാല് മണി ആയിട്ടുണ്ടാകും. ഞങ്ങൾ നടത്തം ആരംഭിച്ചു. കൂട്ടത്തിൽ അനൂപിനാണ് ഏറെ ആവേശം. അടുത്ത നിമിഷം എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല. കാട്ടുചോലകളിലെ വെള്ളം കുടിച്ചു ദാഹമടക്കി. മൂന്നു ചെറിയ തോൾസഞ്ചികളാണ്  ഞങ്ങൾ കൊണ്ടുപോയത്. കുറെ നടന്നതിന് ശേഷം, പ്രശസ്തമായ  തങ്കപ്പൻ ചേട്ടൻ്റെ കടയിൽ കയറി പുട്ടും, കടലയും കഴിച്ചു. പിന്നെയും കുറെ നടന്നു. രാത്രിയായി. കയ്യിൽ ടോർച്ചൊന്നുമില്ല. ഒന്ന് കാൽ  തെറ്റിയാൽ പിന്നെ രക്ഷയില്ല.ചെറിയ ഇടവഴിയാണ്. ആകാശക്കാഴ്ചകൾ അതിസുന്ദരമാണ്. ചിലപ്പോഴൊക്കെ നടത്തം നിർത്തി ഓരോന്ന്  നോക്കിനിന്നുപോകും. അത്ര  രസമാണ്.   
രാത്രിയോടെ മുകളിലെത്തി. ഗവൺമെന്റ് ഗസ്റ്റ്ഹൗസിൽ വലിയ ചിലവാണ്.
 അനൂപിന്റെ ഗുരു താമസിച്ച ചിത്രമൂല ഗുഹയിൽ താമസിക്കാൻ പ്ലാൻ ഉണ്ടായിരുന്നെങ്കിലും, വന്യമൃഗങ്ങൾ  വന്നാലോയെന്ന ഭീതിയിൽ  സമ്മതിച്ചില്ല. അമ്പലത്തിലെ പൂജാരികൾ താമസിക്കുന്ന അഗ്രഹാരത്തിൽ അന്നത്തെ രാത്രി കഴിയാൻ  ഏർപ്പാടുണ്ടാക്കി. രാത്രിയിൽ അവർ തയ്യാറാക്കിയ ഉപ്പുമാവ് കഴിച്ചു കിടന്നു. 



കുടജാദ്രിമലയിൽ 
രാവിലെ കുളിച്ചു ഗണപതിഗുഹയിലേക്ക് നടത്തം ആരംഭിച്ചു. നല്ല ചൂടാണ്. ഇടയ്ക്ക് വെള്ളരിക്ക കുറച്ചു വാങ്ങി കഴിച്ചു. ഗണപതിഗുഹയിലെ ഇരുണ്ട, ഇടുങ്ങിയ വഴിയിൽ നടക്കുമ്പോൾ ഇടയ്ക്ക് ബാറ്റ്മാൻ സീരീസ് ഓർമ്മകൾ മനസ്സിൽ വന്നു!
പിന്നെ, സർവജ്ഞപീഠം ലക്‌ഷ്യം വെച്ച് നടന്നു. ശ്രീശങ്കരാചാര്യർ തപസ്സിരുന്നതായി പറയപ്പെടുന്ന പോയിന്റാണ്. അവിടെ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു അമ്പലം പോലൊന്ന്  പണിഞ്ഞിട്ടുണ്ട്. അതിനു അടുത്തു മലനിരകളുടെ 360 ഡിഗ്രീ കാഴ്ച്ച കിട്ടുന്ന ചില പോയിന്റുകളുണ്ട്. അവിടെ ഏറെ നേരം സമയം ചിലവഴിച്ചു.     
തുടർന്ന് ചിത്രമൂല ഗുഹയിലേക്ക് നടന്നു. മൂന്നാൾക്ക് കഷ്ടിച്ച് ഇരിക്കാനുള്ള സ്ഥലമുണ്ട്. ഞങ്ങൾ വേറൊന്നും ആലോചിച്ചില്ല. അവിടെ തങ്ങൽ
ആരംഭിച്ചു. വൈകിട്ടുള്ള സൂര്യാസ്തമയം, മൂകാംബികയിലെ ദീപാരാധന എല്ലാം അവിടെ ഇരുന്നാൽ ഭംഗിയായി കാണാം. പോരാത്തതിന്, അടുത്ത് തന്നെ മലനിരകളിൽ നിന്ന് ഒലിച്ചുവരുന്ന തെളിനീർ. രാത്രി സുഖമായുറങ്ങി. ഇടയ്‌ക്കെഴുന്നേറ്റ് ആകാശക്കാഴ്ചകൾ നോക്കിയിരുന്നു. എപ്പോഴുമൊന്നും ഇങ്ങനെയൊരു അനുഭവം കിട്ടിയെന്നു വരില്ലല്ലോ?
രാവിലെ, വെള്ളരിക്ക കഴിച്ചു വിശപ്പടക്കി. സർവജ്ഞപീഠം കാണാൻ വീണ്ടും പോയി. അവിടെയിരുന്ന് അജ്മലും, അനൂപും ചിത്രങ്ങൾ പകർത്തി. ഞാൻ കാഴ്ചകൾ കാണുന്ന തിരക്കിലുമായിരുന്നു. 
വൈകുന്നേരം ഗുഹയിൽ തിരിച്ചെത്തി.  സമീപഭാഗം മുഴുവൻ വൃത്തിയാക്കി. ഓരോരോ വിശേഷങ്ങൾ പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ ചിലയാളുകൾ ഗുഹ ദർശിക്കാൻ വന്നു. പല  സന്യാസികൾ തങ്ങുന്ന  ഇടമാണ്. കാവി വേഷധാരിയും, ദേഹം മുഴുവൻ ഭസ്മം പൂശുകയും ചെയ്ത അനൂപിനെ കണ്ടാൽ സ്വാമിയാണെന്നു പലരും തെറ്റിദ്ധരിച്ചുപോകും.  അങ്ങനെ വന്ന ചിലയാളുകൾക്ക് അനൂപിന്റെ ദർശനം ലഭിച്ചു! അജ്‌മലും, ഞാനും സമീപത്തിരുന്ന് ചിരിയടക്കാൻ പാടുപെടുകയായിരുന്നു



മടക്കം 
അനൂപിന് നാട്ടിൽ എത്തിയിട്ട് ഒരു സ്വാമിയെ കാണാനുണ്ട്. ഞങ്ങൾക്കും ചില പരിപാടികളുണ്ട്. അങ്ങനെ ഗുഹയിലെ താമസം അവസാനിപ്പിച്ച് തിരിച്ചുനടക്കാൻ തുടങ്ങി. അനൂപിന് കാര്യമായ വിശപ്പുണ്ട്. മലനിരയിൽ അധികം  കടകളില്ല. അവസാനം, ഒരു അഗ്രഹാരത്തിന് അടുത്തുള്ള കടയിൽ നിന്ന് ചൂടുദോശയും പഞ്ചസാരയും വാങ്ങിക്കഴിച്ചു.
തിരിച്ചിറക്കം അത്ര കഠിനമായിരുന്നില്ല. നടക്കുമ്പോൾ തെന്നാതിരിക്കാൻ ഊന്നുവടികൾ കയ്യിലുണ്ട്. മൂന്നരമണിക്കൂർ നടന്നു. മൂകാംബികയിൽ തിരിച്ചെത്തി. അമ്പലത്തിൽ പോയി. ഉച്ചയ്ക്ക് അവിടെയുള്ള പ്രസാദമൂട്ട് കഴിച്ചു. ചമ്രം പടയാതെ ഇരുന്ന് കഴിക്കുന്നത് കണ്ടിട്ട് ആദ്യം ഭക്ഷണം വിളമ്പാൻ അവരൊന്നും മടിച്ചു. കാൽ വഴങ്ങില്ല എന്ന് പറഞ്ഞപ്പോൾ കൂടുതലൊന്നും പറയാതെ ഭക്ഷണം വിളമ്പിപ്പോയി. 
പിന്നെ, സാധനങ്ങൾ എടുത്തതിനു ശേഷം സ്റ്റേഷനിലേക്ക് ബസ് പിടിച്ചു. വഴിയോരക്കാഴ്ചകൾ ഒന്നും തന്നെ വിട്ടില്ല. അന്ന് വൈകുന്നേരമുള്ള ട്രെയിനിൽ കയറി പിറ്റേന്ന് രാവിലെ പാലക്കാട് ഇറങ്ങി. തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ സംസാരിച്ചത് കുടജാദ്രിയെക്കുറിച്ചു മാത്രമാണ്. 

യാത്രാനുഭവം 
പ്രകൃതിയെ അറിഞ്ഞു, ചിലവ് ചുരുക്കിയുള്ള, അൽപ്പം സാഹസികത നിറഞ്ഞ യാത്രയായിരുന്നു. ജീപ്പ് സൗകര്യം ഉപയോഗിക്കാതെ മലകയറിയതും, ഗുഹയിലെ താമസവും, വേറിട്ട ഭക്ഷണരീതിയും, അരുവിയിലെ കുളിയും ഒത്തിരി ആസ്വദിച്ചു. യാത്രയുടെ ഓരോ ഘട്ടവും നന്നായി രസിച്ചു. സുഹൃത്തുക്കൾ തമ്മിലുള്ള അടുപ്പം കൂടി. മനസ്സിനെ, ശരീരത്തിനെ അൽപ്പംകൂടെ ആഴത്തിൽ അറിയാൻ പറ്റി എന്നാണു  അജ്‌മൽ ഈ യാത്രയെ വിശേഷിപ്പിച്ചത്. തിരക്കുള്ള ജീവിതത്തിൽ നിന്ന് കുറച്ചു ദിവസങ്ങൾ നമ്മൾ നമുക്കായി ചെലവിടുന്നത് എത്ര പ്രധാനമാണെന്ന് ഈ യാത്രയിൽ ഞാൻ അനുഭവിച്ചറിഞ്ഞു. 


  



        



              

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ