നാടിൻ്റെ നേതാക്കൾ

ഒരു നാട് കൈവരിച്ച പുരോഗതിയെ മനസ്സിലാക്കാൻ അവിടെയുള്ള നേതാക്കളെ നോക്കിയാൽ മതിയാകും. കാര്യക്ഷമതയുള്ള നേതാക്കളാണ് കരുത്തുറ്റ നാടിന് വഴിയൊരുക്കുന്നത്.
ജസിൻഡാ ആർഡൻ
അവരുടെ ചിന്തകളും, ദീർഘവീക്ഷണവുമാണ് വികസനം കൊണ്ടുവരുന്നത്. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷ നിറയ്ക്കുന്നത്. എന്തിനെയും നേരിടാമെന്ന ആത്മവിശ്വാസം നൽകുന്നത്. കോവിഡ് കാലത്ത്  നമ്മൾ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് നമ്മുടെ നേതാക്കളെയാണല്ലോ. കോവിഡിനെ നേരിടുന്നതിൽ വിജയിച്ച സംസ്ഥാനം എന്ന നിലയ്ക്ക് കേരളം അന്താരാഷ്‌ട്ര ശ്രദ്ധ നേടി.  ഇതിന് പിന്നിൽ ചിട്ടയായി പ്രവർത്തിക്കുന്ന ഒരു ടീമിൻ്റെ സാന്നിധ്യം കാണാൻ സാധിക്കും. അതിനെ എണ്ണയിട്ട  യന്ത്രം പോലെ ചലിപ്പിക്കുന്ന നേതാവാണ്  മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ, പ്രളയം, പേമാരി, ഓഖി ചുഴലിക്കാറ്റ്, കോവിഡ് - ദുരന്തങ്ങൾ ഒന്നൊന്നായി നാടിനെ വിഴുങ്ങുമ്പോളും ഒട്ടും പതറാതെ, പരസ്പരം ചെളി വാരിയെറിയാതെ നാടിനെ രക്ഷിക്കുന്നതിൽ ശ്രദ്ധിച്ച മുഖ്യമന്ത്രി വലിയ കയ്യടി അർഹിക്കുന്നു. ഈ നാടിന് ഒരു മുഖ്യമന്ത്രിയുണ്ടെന്ന് വിളിച്ചു പറയാൻ തോന്നുന്നു.
കോവിഡ് പ്രതിരോധത്തിൽ  വനിതാനേതാക്കളുമുണ്ട്. അവരിൽ,    ജസിൻഡാ ആർഡൻ എന്ന 39കാരിയെ ഇന്ന് ലോകം ഉറ്റുനോക്കുന്നു. കേരളത്തിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണാൻ തിരക്ക് കൂട്ടുന്നത് പോലെ ന്യൂസിലാന്റ്‌ പ്രധാനമന്ത്രിയുടെ വാക്കുകൾ ജനത്തിന് വലിയ ആശ്വാസമാകുന്നു.

ലോകത്ത് ഏറ്റവുമാദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് കിവീസ്. ജനങ്ങൾക്ക് ആവശ്യസഹായം എത്തിക്കുന്നതിലും, അവരുടെ ആവശ്യങ്ങൾ ഓരോന്നും അനുഭാവപൂർവം പരിഗണിച്ചു നടത്തിയെടുക്കുന്നതിലും മികവ് തെളിയിച്ച ഭരണകൂടം. കഴിഞ്ഞ വർഷം നടന്ന ഷൂട്ടിങ് കലാപനാളുകളിലും, ജസിൻഡാ യുടെ നിലപാടുകൾ, നയങ്ങൾ വലിയ ജനപിന്തുണ നേടിയിരുന്നു. ലോകത്ത്‌ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് ന്യൂസിലാന്റ് എന്നത് ഒരു ചെറിയ നേട്ടമല്ല. 

മോശം മാതൃകകൾ 
ഒരു മോശം നേതാവ് എങ്ങനെയാണ് ജനങ്ങളെ കഷ്ടപ്പെടുത്തുക എന്ന് നോക്കാം.  കോവിഡിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുകയും, കീടനാശിനി  ശരീരത്തിൽ പ്രയോഗിച്ചു വൈറസിനെ തുരത്താം എന്ന് പ്രസ്‌താവിച്ചു സ്വയം  അപഹാസ്യനായ  യുഎസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്, രോഗബാധിതരെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ട ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ എന്നിവർ സ്വന്തം പദവിയെ എങ്ങനെ ഉപയോഗിക്കരുത് എന്നതിൽ ഗവേഷണം നടത്തുന്നു. എതിർ സ്വരങ്ങളോട് അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ഇവർ  ഈ കാലത്തെ കെട്ട ഓർമ്മകളാണ്. ഇവരെ പിന്തുണയ്ക്കുന്ന വലിയ ആൾക്കൂട്ടമുണ്ടെന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത.

നല്ല നേതാവ് 
ഒരു നല്ല നേതാവിന് തൻ്റെ കൂടെ നിൽക്കുന്നവരുടെ മനോവീര്യം ഉയർത്താൻ സാധിക്കും. പരിപാടികൾ വെടിപ്പായി നടത്തിക്കൊണ്ടുപോകാൻ അവർക്ക് പ്രത്യേക കഴിവുണ്ട്. കാമ്പസ് നാളുകളിൽ ചില പരിപാടികൾക്ക് നേതൃത്വം നൽകാൻ കൂടിയിട്ടുണ്ട്. ആദ്യമൊക്കെ വലിയ കുഴപ്പങ്ങൾ ഇല്ലാതെ മുന്നോട്ട് പോയിരുന്നു. പക്ഷെ, അതിൽ നിന്ന് പുറത്തുവന്നപ്പോൾ അൽപ്പം കൂടെ ആർജവത്തോടെ നിന്നിരുന്നെങ്കിൽ ഇനിയും പലതും ചെയ്യാമായിരുന്നു എന്ന് തോന്നി. മനസാന്നിധ്യമാണ് ഒരു നേതാവിന് അത്യാവശ്യം വേണ്ട കാര്യം. ലോകം തന്നെ എതിരെ നിന്നാലും നമുക്കത് നേടാം എന്ന ആത്മവിശ്വാസം ടീമിൽ ഉണ്ടാകണം. അതിന് വേണ്ടത് ചുണയുള്ള
 ഒരു നേതാവിനെയാണ്. ലക്‌ഷ്യം നേടിയെടുക്കുമ്പോൾ ടീമിനൊപ്പം നിന്ന്, ലക്‌ഷ്യം നേടുമ്പോൾ അതിൻ്റെ വിജയം എല്ലാവരുമൊത്ത്   പങ്കിടുന്നയാളാണ് നല്ല നേതാവ്. ടീമംഗങ്ങളെ നന്നായി അറിയാൻ അയാൾക്ക് കഴിയണം.  അയാളുടെ വാക്കുകൾക്ക് ആളുകൾ വില കൊടുക്കും, നടപടികൾക്ക്  ജനപങ്കാളിത്തം കൂടും, ജനങ്ങളുടെ ഹൃദയങ്ങളിൽ അയാൾ ജീവിക്കും. 

  

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ