കല്യാണാലോചന: ചില ചിന്തകൾ
![]() |
| Credit: Istock images |
മനുഷ്യജീവിതത്തിലെ നിർണ്ണായക വഴിത്തിരിവുകളിൽ ഒന്നായ വിവാഹം ഒരിക്കലും തിടുക്കം പിടിച്ചു നടത്തേണ്ട സാഹസമല്ല. പെട്ടെന്ന് ജോലിയൊഴിവാക്കുന്ന പോലെ കാട്ടിക്കൂട്ടുന്ന ചടങ്ങായി കല്യാണങ്ങൾ മാറരുത്. നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ സന്തോഷവും സങ്കടവും അനുഭവങ്ങളും പങ്കിടാൻ തുണയൊരാൾ ആവശ്യമെന്ന് വരുമ്പോഴാണ് കല്യാണം ആലോചിക്കേണ്ടത്. ജീവിതത്തിൽ ഒറ്റയ്ക്ക് കഴിയാൻ ആഗ്രഹിക്കുന്നയാളുകളെ സമ്മർദം ചെലുത്തി കല്യാണത്തിന് വിധേയരാക്കുന്നത് ആർക്കും ഗുണമാവില്ല. കല്യാണം പോലുള്ള വിഷയങ്ങളിൽ പൊതുസമൂഹം ഇനിയും വളരാനുണ്ട് എന്നതിന് തെളിവാണ് നാട്ടിൽ വിവാഹത്തിന്റെ പേരിൽ അരങ്ങേറുന്ന ചില കാഴ്‌ചകൾ.
പങ്കാളിയുടെ വിദ്യാഭ്യാസമോ ജോലിയോ സമൂഹനിലയോ കുടുംബമഹിമയോ പോലെയുള്ള യോഗ്യതകൾ നോക്കി യോജിച്ചവ കണ്ടെത്തുന്ന പരസ്പര ഉടമ്പടികരാർ പോലെയാണ് പല വിവാഹങ്ങളെയും നോക്കിക്കാണുന്നത്. അതിനെ ന്യായീകരിക്കാൻ അനവധി കാരണങ്ങൾ ഉണ്ടാകും.നമ്മൾ ഉടമ്പടിക്കരാർ എന്ന് കരുതുന്ന വിവാഹബന്ധത്തിൽ അവർ കാണുക സുരക്ഷിതമായ ബന്ധത്തിന്റെ ഉറപ്പാണ്. അതിനവരെ മുൻപ് ചൂണ്ടിക്കാട്ടിയ യോഗ്യതകൾ സഹായിക്കുന്നു. ചില കുടുംബങ്ങൾക്ക് അങ്ങനെയുള്ള വാണിജ്യപരമായ ബന്ധങ്ങളാണ് താല്പര്യമെങ്കിൽ അതിനെ വിമർശനബുദ്ധിയോടെ നോക്കാമെന്നല്ലാതെ നഖശിഖാന്തം എതിർക്കാൻ പ്രയോഗികജീവിതത്തിൽ നമുക്ക് പറ്റില്ല. അവർ നമ്മുടെ ചിന്തയുടെ കാതൽ ഒടിച്ചുമടക്കി നമ്മുടെ കൈയ്യിൽ തരും.
വ്യക്തിയുടെയും കുടുംബത്തിന്റെയും താൽപ്പര്യങ്ങൾ ഇടചേരുന്ന വേദിയാണ് വിവാഹാലോചനകൾ. നമ്മുടെ ഇഷ്‌ടവും അനിഷ്ടവും കൃത്യമായി പ്രകടമാക്കേണ്ട
ഇടത്ത് വരുന്നവർക്കും പോകുന്നവർക്കും പ്രിയപ്പെട്ടവർക്കും ബന്ധുക്കൾക്കും വിളയാടാമെങ്കിലും അന്തിമതീരുമാനങ്ങൾ നമ്മുടെ തന്നെയായിരിക്കണെമെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ കൂടെ ആവശ്യമാണ്.
കല്യാണപ്രായം വേണോ?
കല്യാണം കഴിക്കാൻ പ്രത്യേക പ്രായപരിധി വേണമെന്ന് പറയുന്നില്ലെങ്കിലും ചെറിയ പ്രായത്തിൽ വിവാഹങ്ങൾ നടക്കുന്നത് വളരെ നിരുത്സാഹപ്പെടുത്തേണ്ട പ്രവണതയാണ്. മറ്റൊരു വ്യക്തിയുമായി ജീവിതം പങ്കിടാൻ തുണിയും മുൻപ് നമ്മൾ മാനസികമായി പക്വത കൈവരിക്കേണ്ടതുണ്ട്. മറ്റൊരാളെ ശാന്തമായി കേൾക്കാനും അവരുമൊത്ത് ജീവിതം സമാധാനമായി കെട്ടിപ്പടുക്കാനും പാകത വരാതെ കല്യാണത്തിന് തല കൊടുക്കുന്നത് ജീവിതത്തോട് പോലും ചെയ്യുന്ന ക്രൂരതയാണ്.
അതുപോലെ ഇത്ര പ്രായമായിട്ടും നിങ്ങൾ കല്യാണം കഴിച്ചില്ലേയെന്ന 'സഹതാപം കലർന്ന' ചോദ്യത്തിന് നമ്മൾ വിട കൊടുക്കേണ്ട സമയം വല്ലാതെ അതിക്രമിച്ചിട്ടുണ്ട്. കല്യാണമില്ലാതെ ജീവിതം പൂർണ്ണമല്ലെന്ന ചിന്തയിൽ നിന്ന് നമ്മൾ പുറത്തുവരികയാണ് വേണ്ടത്. അപൂർണ്ണമായ നമ്മുടെ ജീവിതത്തിൽ അൽപ്പമെങ്കിലും സ്വച്ഛത കൈവരിക്കുക നമ്മൾ സന്തോഷവാനാകുമ്പോഴാണ്. ജീവിതത്തിന് താളവും ബോധവും കൈവരാൻ കല്യാണം കഴിച്ചേ തീരൂ എന്ന് കരുതുന്നത് ശുദ്ധമായ അബദ്ധധാരണയാണ്.
നമ്മുടെ സന്തോഷത്തിന് വിഘാതമാണ് കല്യാണമെങ്കിൽ അതിൽ പങ്കുചേരാൻ നമ്മൾ തുനിയരുത്. വേറൊരാളുടെ ജീവിതം കൂടെ ബുദ്ധിമുട്ടിലാക്കുന്ന കെണിയാണ് ഇഷ്ടമില്ലാതെയുള്ള കല്യാണം. മനസ്സിന് ബോധ്യം വരുന്ന വ്യക്തിയെ കാണുന്നത് വരെ ക്ഷമ വിടാതെ ശാന്തമായിരിക്കാൻ പഠിക്കണം. വിവാഹം ചെയ്യാൻ ഒരാളെ തിരഞ്ഞെടുക്കും മുൻപ് എന്തുകൊണ്ട് അയാൾ നമുക്ക് ഉചിതമാണെന്ന് നമുക്ക് നമ്മുടെ മനസ്സിനെ തൃപ്തിപ്പെടുത്താൻ പറ്റണം. കല്യാണത്തിന് ശേഷം ഇരുവർക്കുമിടയിൽ പല വിട്ടുവീഴ്ചകൾ വരുമെന്ന് അംഗീകരിക്കുമ്പോഴും അതിനെ തൃപ്തിപ്പെടുത്താൻ അവർക്കുമിടയിൽ മാനസിക ഐക്യം എന്ന ഘടകമെങ്കിലും ഉണ്ടായിരിക്കണം.

Comments
Post a Comment