ലോക്ക്ഡൗൺ ഡേയ്‌സ്

Photo: PTI

കൊറോണക്കാലത്തു  ഹൈദരാബാദിലെ ഹോസ്റ്റൽ മുറിയിൽ ഇരുന്നു കുറിക്കുന്നത്.

മാർച്ച് 27
എല്ലാ ദിവസവും കൊറോണകേസുകൾ കൂടുന്നത് ആളുകളെ ഭയപ്പെടുത്തുന്നു. മാസ്കിലാതെ നടന്ന ഒരാളെ ചില ആളുകൾ കയ്യേറ്റം ചെയ്തെന്നു ഇവിടെ ചിലർ പറഞ്ഞറിഞ്ഞു.  ഇവിടം തുറന്നു പ്രവർത്തിക്കുന്നതറിഞ്ഞു ഹോസ്റ്റലിൽ പോലീസെത്തിയെങ്കിലും ഹോസ്റ്റൽ മേധാവി അവരെ കാര്യങ്ങൾ  പറഞ്ഞു ബോധ്യപ്പെടുത്തി. കൂട്ടം കൂടി നിൽക്കരുതെന്നും, റൂമിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നും ഞങ്ങളോട് പറഞ്ഞു. ഏതാണ്ട് 25 ആളുകളാണ് ഇവിടെ കഴിയുന്നത്. മറ്റെല്ലാവരും അവരവരുടെ നാടുകളിൽ പോയി. ആന്ധ്രാ- തെലങ്കാന ബോർഡറിലും മറ്റും ചെക്കിങ് കർശനമായിരുന്നു. അവിടെ കുറെ നേരം കുടുങ്ങിക്കിടന്നതിനു ശേഷമാണ് എന്റെ കൂട്ടുകാർക്കു അവരുടെ ഗ്രാമങ്ങളിൽ പ്രവേശിക്കാനായത്.


മാർച്ച് 28 
കുടിവെള്ളത്തിന് അൽപ്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കടകളെല്ലാം അടഞ്ഞു കിടക്കുന്നതിനാൽ പുറത്തു വാങ്ങാനും കിട്ടില്ല. ഓരോ തുള്ളിയും സൂക്ഷിച്ചു ഉപയോഗിക്കാൻ തുടങ്ങി. വൈകുന്നേരത്തോടെ വെള്ളക്ഷാമം പരിഹരിക്കപ്പെട്ടു. ചൂടുകാലം ആയതിനാൽ ദാഹം കൂടും. പുറത്തു വിശന്നിരിക്കുന്നവർക്ക് ഹോസ്റ്റലിൽ ഭക്ഷണം നൽകാൻ തീരുമാനിച്ചു.

മാർച്ച് 29
ലോക്ക്ഡൗൺ തുടങ്ങിയിട്ട് ആദ്യ ഞായറാഴ്ച. സാധാരണ ആളുകൾ വിശ്രമത്തിനു തിരഞ്ഞെടുക്കുന്ന ദിവസമാണ്. ഇപ്പോൾ പുറത്തു പോകാൻ കഴിയാത്തതു കൊണ്ട് ഈ ദിവസത്തിന് വലിയ പ്രത്യേകതകൾ  ഉണ്ടെന്ന് കരുതുന്നില്ല. ചില കടകളിൽ പലവ്യഞ്ജന സാധനങ്ങൾ  ഉയർന്ന വിലയ്ക്കാണ് കൊടുക്കുന്നത്. നാട്ടിൽ കൂടുതൽ പേരും ചൂണ്ടയിട്ട് മീൻ പിടിച്ചാണ് അതാത് ദിവസത്തേക്ക് വേണ്ട കറികൾ തയ്യാറാക്കുന്നത്. ഹോസ്റ്റലിൽ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് ഭക്ഷണം തയ്യാറാക്കുന്നു. എന്നാൽ, മദ്യത്തിന്റെ ലഭ്യത കുറഞ്ഞതാണ് ഇവിടെ പലരെയും അലോസരപ്പെടുത്തിയ പ്രധാന പ്രശ്നം! എത്ര കൂടിയ വിലയ്ക്കും മദ്യം വാങ്ങാൻ ഇവിടെ ആളുണ്ട്. 

Related post: https://ezhuthupetti7.blogspot.com/2020/04/cronavirus-what-we-need-to-know.html


മാർച്ച് 30 
കൊറോണ സുരക്ഷയുടെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. 21 ദിവസം വീട്ടിനുള്ളിൽ കഴിയാനാണ് ഗവൺമെന്റ് നിർദേശം. രാജ്യം ഏതാണ്ട് നിശ്ചലമാണ്. ഇന്ത്യയിൽ കൊറോണ വ്യാപനം തുടങ്ങിയിട്ട് ഒരു മാസമാവുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേസുകളുടെ എണ്ണം കുറവാണ്. പക്ഷെ അതിൽ ആശ്വസിക്കാൻ നേരമില്ല. പല രാജ്യങ്ങളിലും വളരെ പെട്ടെന്ന് കേസുകൾ കൂടുന്നത് നമ്മൾ കണ്ടതാണല്ലോ!

മാർച്ച് 31 
പതിവ്‌സമയം തന്നെ എഴുന്നേറ്റു കുളി കഴിഞ്ഞു പത്രം പരതിനോക്കി. കൊറോണകാലത്തെ വാർത്തകൾ പലതും ഞെട്ടിപ്പിക്കുന്നതാണ്. ലോക്ക്ഡൗൺ  പ്രഖ്യാപനത്തിനു ശേഷം വലിയ നഗരങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികൾ പലരും കിലോമീറ്ററുകൾ താണ്ടി വീടുകളിലേക്ക് നടക്കുകയാണ്. കട-കമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. പുറത്തിറങ്ങുന്ന ആളുകളെ പോലീസ് ലാത്തി കാട്ടി ഓടിക്കുന്നു. സൂപ്പർമാർക്കറ്റുകളിൽ  സാധനങ്ങൾ വാങ്ങാൻ ആളുകളുടെ തിരക്കാണ്. പലരും ക്യൂ നിയമങ്ങൾ പാലിക്കാൻ  മിനക്കെടുന്നില്ല. വൈകിട്ട് ആറിന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താസമ്മേളനം കാണണം. കേരളത്തിൽ ഒട്ടുമിക്ക ജില്ലകളിലും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും, ഈ ദുരിതനാളുകൾ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. 



Photo: PTI
ഏപ്രിൽ 1
രാവിലെ 11 മുതൽ 8 വരെയാണ് ജോലിസമയം. ഇടയ്ക്ക് മെസ്സിലെ ഭക്ഷണം കഴിക്കാൻ മാത്രം പുറത്തിറങ്ങും. ആവശ്യസാധനങ്ങൾ തീരാറായാൽ അൻപത് മീറ്റർ മാറിയുള്ള കിരാണാ സ്റ്റോറിൽ പോവും. റോഡ് ഏതാണ്ട് വിജനമെന്നു തന്നെ പറയാം. സാധനങ്ങൾ വാങ്ങിച്ചുകൂട്ടാൻ വാഹനമെടുത്തു പുറത്തുവരുന്ന ചിലയാളുകളെ മാത്രം  കാണാം.   

ഏപ്രിൽ 2 
മറന്നെന്നു കരുതിയ കുറെ ആളുകളുമായി ബന്ധം പുതുക്കാൻ ഈ നാളുകളിൽ സാധിച്ചു. സുഹൃത്തുക്കളുമായി കൂടുതൽ നേരം സംസാരിച്ചു. ചില ഇഷ്ടസിനിമകൾ കാണാൻ സമയം മാറ്റിവെച്ചു. ബ്ലോഗ് പോസ്റ്റുകൾ വീണ്ടും എഴുതാൻ തുടങ്ങി. ഈ നാളുകളിൽ വീട്ടിനകത്തു കഴിയലാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. പുറത്തു വീടില്ലാതെ, അരക്ഷിതാവസ്ഥയിൽ കഴിയുന്ന ആളുകളുണ്ട്. അവരുടെ കാര്യമാണ് കഷ്ടം. സാധനങ്ങൾ വാങ്ങാൻ വരുമാനം പോലുമില്ലല്ലോ.. ഹൈദരാബാദിൽ അന്നപൂർണ കാന്റീനുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. അവിടെ ദൂരം പാലിച്ചു അന്നത്തിനു കാത്തുനിൽക്കുന്നവരുണ്ട്. ഇപ്പോൾ ഭക്ഷണം സൗജന്യമാണ്.   

ഏപ്രിൽ 3
റോഡിൽ ആളുകൾ വാഹനവുമെടുത്തു പുറത്തിറങ്ങാൻ തുടങ്ങിയിരിക്കുന്നു. മാസ്കുകൾ ധരിച്ചാണ് അവർ യാത്ര ചെയ്യുന്നത്. ഒരു ടൂവീലറിൽ തന്നെ മൂന്നും, നാലുമാളുകൾ കയറുന്ന പ്രവണത വീണ്ടും തുടങ്ങിയിരിക്കുന്നു. ഡൽഹിയിലെ ഒരു പരിപാടിയിൽ സംബന്ധിച്ച ആറ് തെലുങ്കാന സ്വദേശികൾ മരിച്ചതും, ആയിരങ്ങൾക്ക് കൊറോണ  സ്ഥിരീകരിച്ചതും ഇവർ അറിയുന്നില്ല എന്നുണ്ടോ? ചോദ്യം ചെയ്യാൻ ചെന്ന പോലീസുകാരനെ ഒരാൾ തട്ടിമാറ്റിയത് ടെറസിൽ നിൽക്കുമ്പോൾ കാണാനിടയായി. തെരുവുനായ്ക്കൾ പട്ടിണിയിലാണ്. ഹോസ്റ്റലിലെ വേസ്റ്റ് കൂട്ടിയിടുന്ന ബക്കറ്റിനു ചുറ്റും അവരുടെ തിരക്കാണ്.
കൊറോണയിൽ നിന്ന് രക്ഷപെടാൻ ലോകമൊന്നാകെ പരിശ്രമിക്കുന്നു। അതിനു നേതൃത്വം കൊടുക്കുന്ന ആരോഗ്യപ്രവർത്തകരിൽ പലരും കോവിഡ് ബാധിച്ചു ചികിത്സയിലുമാണ്. ഈ കടുത്ത നാളുകളിൽ ഒരല്പം കരുതലോടെ മുന്നോട്ട് നീങ്ങാൻ നമ്മൾ പഠിക്കണം. കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മടിക്കരുത്.



Photo: PTI










Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ