കേൾക്കാത്ത ശബ്ദങ്ങൾ
![]() |
| Photo: Internet |
"കൊറോണകാലത്തു ദിവസവേതനക്കാർക്ക് ശമ്പളത്തിന്റെ ആവശ്യം എന്താണ്? അവർക്കുള്ള ഭക്ഷണം സർക്കാർ നല്കുന്നുണ്ടല്ലോ." കഷ്ടപ്പെടുന്ന മനുഷ്യരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരമൊരു നിരീക്ഷണം രാജ്യത്തെ സുപ്രധാന നീതിപീഠത്തിൽ നിന്നൊരിക്കലും വരാൻ പാടില്ലായിരുന്നു.
എന്താണ് പലപ്പോഴും നമ്മുടെ നീതിപീഠം യാഥാർഥ്യങ്ങളിൽ നിന്ന്
അകന്നു പോകുന്നത്? ഇന്ത്യയിലെ ഓരോ സുപ്രീം കോടതി ജഡ്ജിക്കും കിട്ടുന്ന ആനുകൂല്യങ്ങൾ നോക്കുക. അവരുടെ ചെറിയ കാര്യങ്ങൾ വരെ നോക്കുന്നതിന് പരിചാരകരെ നിയമിക്കുന്നു. പുറത്തു നടക്കുന്ന കാര്യങ്ങളിൽ അവർക്ക് മാധ്യമ/അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പഠിച്ചല്ലാതെ വിവരം അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? അവരുടെ താരതമ്യേന ഉയർന്ന ജീവിതരീതി മറ്റുള്ളവരുടെ പ്രശ്നങ്ങൾ അറിയാതെ പോകാൻ കാരണമാകുന്നുണ്ടോ? പുതിയ കാലഘട്ടത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു സ്വയം നവീകരണത്തിന് വിധേയരാകുന്നുണ്ടോ?
നീതിബോധവും, ഉത്തരവാദിത്തവും കാത്തുസൂക്ഷിക്കുന്ന ഒരു ജഡ്ജിക്ക് ഈ പറഞ്ഞതൊന്നും ബാധകമല്ലായിരിക്കും. എന്നാൽ, അവർ കേൾക്കാതെ പോകുന്ന ശബ്ദങ്ങൾക്ക് കീഴ്പെട്ടു കുറേയാളുകൾ ദുരിതക്കുഴിയിൽ വീണുപോകുന്നുണ്ടെന്ന് നമ്മളറിയണം.
നിർഭാഗ്യവശാൽ, കഷ്ടപ്പെടുന്നവർക്ക് നേരെ കണ്ണ് പൂട്ടുന്ന പ്രവണത ഇപ്പോളും ഇവിടെ തുടർന്നുപോകുന്നു. ഈയടുത്തു മനസ്സിൽ ഞെട്ടൽ വരുത്തിയ ഒരു സംഭവം വിവരിക്കാം. ഡൽഹിക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് ഇത് നടക്കുന്നത്. പ്രായമായ സ്ത്രീ തന്റെ ഗർഭിണിയായ മകളെ വിട്ടു നഗരത്തിൽ പാർക്കുകയാണ്.
മകളുടെ പ്രസവത്തിനു ആവശ്യമായ പണം കണ്ടെത്താൻ വീട്ടുജോലി ചെയ്‌തു വരികയായിരുന്നു. കൊറോണ സമയത്തു വീട്ടിൽ വരേണ്ട കാര്യമില്ലെന്നു ഉടമസ്ഥർ അറിയിച്ചു. അവർ ചോദിച്ച പണം നൽകാൻ വീട്ടുകാർ വിസമ്മതിച്ചു. ഒടുവിൽ ഇരുനൂറിലധികം കിലോമീറ്ററുകൾ നടന്നാണ് അവർ വീട്ടിലെത്തിയത്. എന്നാൽ അവിടെ അവരെ കാത്തിരുന്നത് മകളുടെ മരണവാർത്തയാണ്. തന്റെ കയ്യിൽ ആകെയുണ്ടായിരുന്ന പത്തു രൂപയും പിടിച്ചു അവർ കരയുന്ന ദൃശ്യം മനസ്സിനെ വല്ലാതെ ഉലച്ചു.
പാരസൈറ്റ് എന്ന കൊറിയൻ സിനിമയിൽ ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു രംഗമുണ്ട്. കാറിൽ ഇരുന്ന് മഴയുടെ ഭംഗി ആസ്വദിക്കുന്ന പണക്കാരിയായ വീട്ടമ്മ അതേക്കുറിച്ചു ഡ്രൈവറോട് ഭംഗിയായി വിവരിക്കുകയാണ്. തലേദിവസം പെയ്ത മഴയിൽ വീടാകെ നാശമായതിന്റെ വേവലാതിയിൽ ആണയാൾ ഡ്രൈവ് ചെയ്യുന്നത്. പക്ഷെ, അയാൾക്ക് തന്റെ പ്രശ്നങ്ങൾ വീട്ടമ്മയോട് പറയാനാകുന്നില്ല. തന്റെ മുഷിഞ്ഞു നാറിയ ഷർട്ടിനു കാരണം ചേരിയിലെ കുടുസ്സുമുറിയിലെ താമസമാണെന്നു അയാൾക്ക് അറിയാം. ആ വിവരം പുറത്തായാൽ തന്റെ ജോലി പോകുമെന്നതാണ് അയാളെ ഭയപ്പെടുത്തുന്നത്.
പണമില്ലാത്തവരുടെ പ്രശ്നങ്ങൾ എന്തുകൊണ്ട് നമ്മുടെയൊക്കെ കണ്ണിൽ പെടാതെ പോകുന്നു എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നമ്മളിൽ പല ആളുകളും അവരുടെ പ്രശ്നങ്ങൾക്ക് വലിയ വില കൊടുക്കുന്നില്ല. നമ്മുടെ കാര്യങ്ങൾ നടത്തിക്കിട്ടാനുള്ള ഒരുപാധി മാത്രമായി അവരെ കാണുന്നു. മറ്റൊരു വ്യക്തിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ നിൽക്കാതെ നമ്മുടെ സുഖപരതയിൽ നിന്നുകൊണ്ട് അവർക്ക് ഉപദേശങ്ങൾ നൽകുന്നു. വിശന്നിരിക്കുന്നയാളോട് തത്വം പറഞ്ഞാൽ പ്രശ്നം തീരുമോ?
പണമില്ലാത്തവരുടെ പ്രശ്നങ്ങൾ എന്തുകൊണ്ട് നമ്മുടെയൊക്കെ കണ്ണിൽ പെടാതെ പോകുന്നു എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നമ്മളിൽ പല ആളുകളും അവരുടെ പ്രശ്നങ്ങൾക്ക് വലിയ വില കൊടുക്കുന്നില്ല. നമ്മുടെ കാര്യങ്ങൾ നടത്തിക്കിട്ടാനുള്ള ഒരുപാധി മാത്രമായി അവരെ കാണുന്നു. മറ്റൊരു വ്യക്തിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ നിൽക്കാതെ നമ്മുടെ സുഖപരതയിൽ നിന്നുകൊണ്ട് അവർക്ക് ഉപദേശങ്ങൾ നൽകുന്നു. വിശന്നിരിക്കുന്നയാളോട് തത്വം പറഞ്ഞാൽ പ്രശ്നം തീരുമോ?
ചില സന്ദർഭങ്ങളിൽ ഒന്നും ചെയ്യാൻ പറ്റാതെ, അന്യന്റെ സഹായത്തിനു കൈ നീട്ടേണ്ടി വരുമ്പോൾ (അങ്ങനെ വരാതിരിക്കട്ടെ) നമുക്ക് അവരെ മനസിലാക്കാൻ കഴിഞ്ഞേക്കാം. അത് വരെ അവർ നമുക്ക് അന്യരായി തോന്നിയേക്കാം.

Comments
Post a Comment