റഹ്മാനിയ

ഉയരങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും എളിമ വിടാതെ സൂക്ഷിക്കുന്ന, ഓരോ ചുവടുവെയ്പ്പിലും നമ്മളെ അത്ഭുതപ്പെടുത്തുന്ന ചില മനുഷ്യരുണ്ട്. എ ആർ റഹ്‌മാൻ എന്ന സംഗീതജ്ഞൻ കൈവെയ്ക്കാത്ത മേഖലകൾ ഇല്ല എന്നുതന്നെ പറയാം. മൂന്ന് പതിറ്റാണ്ട് കാലമായി തുടർന്നുപോകുന്ന സിനിമാസംഗീതജീവിതത്തിൽ  അദ്ദേഹത്തിനെത്തേടി ദേശീയ/രാജ്യാന്തര അംഗീകാരങ്ങൾ പലതും വന്നു. അവയെ സ്നേഹത്തോടെ സ്വീകരിച്ചശേഷം റഹ്‌മാൻ തൻ്റെ പ്രിയപ്പെട്ട തൊഴിൽ തുടർന്നുകൊണ്ടിരുന്നു. നേട്ടങ്ങളിൽ മതിമറക്കുന്ന റഹ്‌മാനെ ഒരിക്കലും കാണാൻ കഴിയില്ല. 


സ്വതവേ മിതഭാഷിയായ ഒരു വ്യക്തിയാണ് അദ്ദേഹം. പ്രശസ്ത interviewer കരൺ താപ്പർ ഒരിക്കൽ പറഞ്ഞു "റഹ്‌മാനെ  ഇന്റർവ്യൂ ചെയ്യാനാണ് ഏറ്റവും പ്രയാസം. ഒരു മൂളലിനപ്പുറം പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടാറില്ല. ധാരാളം റീടേക്കുകൾ പോകേണ്ടിവന്നിട്ടുണ്ട്. എൻ്റെ ചോദ്യങ്ങൾക്ക് അദ്ദേഹം എന്തുത്തരമാണ് നൽകിയത് എന്ന് മനസിലാകാതെ ഇരുന്നിട്ടുണ്ട്." പൊതുവെ പറഞ്ഞാൽ ബഹിർമുഖരുടെ ലോകമാണ് മീഡിയ, എന്റർറ്റെയിന്മെന്റ് വ്യവസായങ്ങൾ. പുതിയ ബന്ധങ്ങൾ  സ്ഥാപിക്കുന്നവരുടെ, തൻ്റെ നേട്ടങ്ങൾ ഇരട്ടിയായി അവതരിപ്പിക്കുന്നവരുടെ ഒരു പ്രപഞ്ചം. അവിടെ ചുരുങ്ങിയ വാക്കുകളിൽ കാര്യം അവതരിപ്പിക്കുന്ന ഒരാൾ വിജയിക്കുന്നത് വലിയ കാര്യമാണ്. തൻ്റെ സംഗീതത്തിലൂടെ അദ്ദേഹം ആളുകളോട് സംവദിച്ചു. ഓസ്കാർ കിട്ടിയതിന് ശേഷം റഹ്‌മാന്‌ വന്ന വലിയ മാറ്റം എന്നത് മാധ്യമങ്ങൾക്ക് കൂടുതൽ അനായാസതയോടെ മറുപടി കൊടുക്കാൻ തുടങ്ങി എന്നതാണ്. റഹ്‌മാൻ്റെ കൂടെ രണ്ട് പതിറ്റാണ്ടിന് ശേഷം വർക്ക് ചെയ്ത സംവിധായകൻ രാജീവ് മേനോൻ്റെ നിരീക്ഷണം കേൾക്കുക - "ഓസ്കാർ കിട്ടിയത് കൊണ്ട് റഹ്‌മാനിൽ വലിയ മാറ്റം വന്നതായി തോന്നിയിട്ടില്ല. പക്ഷെ, ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ പറയാൻ അദ്ദേഹത്തിന് 
കഴിയുന്നുണ്ട്. മുൻപ് അങ്ങനെയായിരുന്നില്ല."
ഒരു കാര്യത്തിന് വേണ്ടി നമ്മൾ രാവും പകലും കഷ്ടപ്പെടുന്നു. അതിനായി ജീവിതം സമർപ്പിക്കുന്നു. അങ്ങനെയിരിക്കുമ്പോൾ നമ്മളെതേടി ചില മറക്കാൻ പറ്റാത്ത നിമിഷങ്ങൾ വരും. റഹ്‌മാൻ്റെ ഏറ്റവും മികച്ച ഗാനങ്ങൾക്കാണോ ഓസ്‌ക്കാർ കിട്ടിയത് എന്ന് ചിലർ ചോദിച്ചേക്കാം. പക്ഷെ എന്തുകൊണ്ട് ഓസ്‌കാർ കൊടുത്തെന്ന് ആരും ചോദിക്കാൻ ഇടയില്ല. 

നിശബ്ദനായ കലാകാരൻ 
വാക്കുകൾ പുറത്തേക്ക് വരാതെ കഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും റഹ്‌മാൻ ഇന്റർവ്യൂകൾ കാണണം. അദ്ദേഹത്തിൻ്റെ സംഗീതം പോലെ മനോഹരമാണ് ആ വാക്കുകൾ. റഹ്‌മാൻ്റെ പഴയതും, പുതിയതും ആയ ഇന്റർവ്യൂകൾ കാണുമ്പോൾ ഈ വ്യക്തി എത്രത്തോളം മാറിയെന്ന് നമ്മൾ ചിന്തിക്കും. അന്തർമുഖതയിൽ നിന്ന് ബഹിർമുഖതയിലേക്ക് അദ്ദേഹം ചുവടുമാറിയെന്നതല്ല വാസ്തവം. അങ്ങനെ ഒരാൾക്ക് മാറാൻ സാധിക്കുമോയെന്ന കാര്യം സംശയമാണ്.  നിൽക്കുന്നയിടത്തു നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമായി കാണാൻ ഇപ്പോൾ  അദ്ദേഹത്തിന് കഴിയുന്നുണ്ട്. അത് സംഗീതപ്രേമികൾക്ക് ഒരനുഗ്രഹമാണ്.
ലോകപ്രശസ്തരായ പല വ്യക്തികളും എന്തുകൊണ്ട് അന്തർമുഖരാകുന്നു? തെളിമയോടെ ചിന്തിക്കാൻ അവർക്ക് അൽപ്പം ഒറ്റപ്പെടൽ ആവശ്യമാണ്. അവരുടെ പല മികച്ച സൃഷ്ടികൾക്കും പിന്നിൽ ഉൾവലിയലിൻ്റെ കഥകൾ കാണാൻ കഴിയും. മറ്റുള്ളവരുടെ താളത്തിന് പോകാതെ, സ്വന്തം വ്യക്തിത്വം പണയം വെയ്ക്കാതെ മുന്നോട്ട്  പോകാൻ ആഗ്രഹിക്കുന്നു എങ്കിൽ എ.ആറിനെ കൂടുതലറിയുന്നത് പ്രചോദനം ലഭിക്കാൻ സഹായിക്കും. 
അന്തർമുഖത അംഗീകരിച്ചുകൊടുക്കാത്ത ഒരു സമൂഹത്തിലാണ് നാം കഴിയുന്നത്. എന്തും നാലാൾ അറിഞ്ഞില്ലെങ്കിൽ എന്തോ കുറവാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. അവർക്കിടയിൽ സ്വന്തം സന്തോഷമാണ് മറ്റെന്തിലും വലുത് എന്ന് പ്രവൃത്തികളിലൂടെ തെളിയിക്കുന്ന 
റഹ്‌മാനെപ്പോലെയുള്ള മനുഷ്യർ വലിയ പ്രതീക്ഷ നൽകുന്നു.




സാമൂഹിക/ രാഷ്ട്രീയ നിലപാടുകൾ   
സാമൂഹികവിഷയങ്ങളിൽ പ്രതികരിക്കുന്ന ഒരു പ്രവണത അദ്ദേഹം ഒരിക്കലും പുലർത്തിയിരുന്നില്ല. ഒരു ഇന്റർവ്യൂവിൽ ഇതേപ്പറ്റി ചോദ്യം ഉയർന്നപ്പോൾ അദ്ദേഹം പറഞ്ഞത് തനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും പാട്ടുകളിൽ ചേർക്കുന്നുണ്ട് എന്നാണ്. വിവാദങ്ങൾ ഒഴിവാക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചിട്ടുള്ളത്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കൺസേർട്ടിൽ ഹിന്ദി ഗാനങ്ങൾ അധികം പാടിയില്ല എന്ന് പറഞ്ഞു കാണികൾ വേദി വിട്ടപ്പോഴോ, 
അതേച്ചൊല്ലി ട്വിറ്റർ വിവാദം ഉണ്ടായപ്പോഴോ, മകളുടെ ഹിജാബ് വസ്ത്രധാരണ വിവാദം വന്നപ്പോഴോ നില വിട്ട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. 
മീ ടൂ വിവാദത്തിൽ തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ശബ്ദമുയർത്തിയ ചിന്മയിയെ പല തമിഴ് സംഗീതസംവിധായകരും ഒഴിവാക്കിയപ്പോൾ അദ്ദേഹം അവസരങ്ങൾ നിഷേധിച്ചില്ല. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഇന്ത്യയാണ് എന്നൊരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ഈ അടുത്ത് 'മസാക്കലി' എന്ന കോമ്പോസിഷന് വികലമായ  റീമിക്‌സ് വേർഷൻ വന്നപ്പോൾ ആ പാട്ട് ചെയ്‌തതിന്‌ പിന്നിലെ പ്രയത്നത്തെപ്പറ്റി ട്വിറ്ററിൽ കുറിച്ചിരുന്നു.  
കോവിഡ് കാലത്ത്‌ രാജ്യമൊന്നാകെ പോരാടുന്നത് മുൻനിർത്തി ഒരാൽബം പുറത്തിറക്കിയ റഹ്‌മാൻ തൻ്റെ ഫൗണ്ടേഷൻ വഴിയും അല്ലാതെയും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് സഹായമെത്തിക്കുന്നുണ്ട്. അയാളിലെ സംഗീതജ്ഞനെപ്പോലെ ആരാധിക്കപ്പെടേണ്ട വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. വിനയത്തോടെയുള്ള ഇടപെടലുകൾ, അഭിനയമില്ലാതെയുള്ള സംസാരം, വാക്കുകളിലെ വിവേകം - ഇനിയും മനസ്സ് മടുക്കാത്ത പാട്ടുകളുമായി അയാൾ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും.    

 




         
 


 






  






 



 

 





  




എന്താണ് ഈ പ്രതിഭ സംഗീതലോകത്തിന് നൽകിയ സംഭാവന?  

Comments

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ