കഞ്ഞിപ്പാടത്തെ കാണാക്കാഴ്ചകൾ

ഫോട്ടോ: നിതിൻ ശ്യാം 

"അവന് കഞ്ഞിപ്പാടം എന്ന് പറഞ്ഞാൽ നൂറ് നാവാണ്." പണ്ടൊക്കെ ഒരു മൂലയ്ക്ക് ഒന്നും മിണ്ടാതെ ഇരുന്ന എന്നെ ഉഷാറാക്കാൻ കൂട്ടുകാർ കണ്ടെത്തിയ വഴിയാണ് കഞ്ഞിപ്പാടം ചർച്ചകൾ. പ്ലസ് ടു  കഴിയും വരെ കഞ്ഞിപ്പാടം വിട്ട് മറ്റെങ്ങും താമസം മാറി നിന്നിട്ടില്ല. അത് കഴിഞ്ഞാണ് പഠന/ ജോലി ആവശ്യങ്ങൾക്ക് മറ്റ് നഗരങ്ങളിൽ കഴിയേണ്ടി വന്നത്.
ആലപ്പുഴ ജില്ലയിൽ അപ്പർകുട്ടനാട് മേഖലയിലാണ് ഞങ്ങളുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അൽപ്പം ശാന്തമായ ഗ്രാമാന്തരീക്ഷം ആസ്വദിക്കാൻ ഇഷ്ടമുള്ളവർക്ക് ഇവിടം അനുയോജ്യമാണ്.

ഫോട്ടോ: നിതിൻ ശ്യാം 
                                               
ഗ്രാമത്തിന് ചുറ്റും വിശാലമായ പാടശേഖരങ്ങൾ. അവിടെ വിരുന്നിനെത്തുന്ന ദേശാടനക്കിളികൾ. നാട്ടിലെ ഒരു ചേച്ചി ഒരിക്കൽ ചോദിച്ചത് ഓർക്കുന്നു. "സൂര്യാസ്തമയം കാണാൻ എന്തിന് കന്യാകുമാരി വരെ പോകണം?" ശരിയാണ്. വൈകുന്നേരമായാൽ പടിഞ്ഞാറൻ ചക്രവാളത്തിന് ഒരു വാൻഗോഗ് പെയിന്റിങ്ങിൻ്റെ ചാരുതയാണ്. ഒരു ചുവന്ന പൊട്ട് പോലെ മറയുന്ന സൂര്യനെ, കാറ്റിൽ തെന്നിനീങ്ങുന്നതായി തോന്നിക്കുന്ന മേഘങ്ങളെ ഇവിടെ നിന്നാൽ വ്യക്തമായി കാണാം! പാടശേഖരങ്ങളുടെ ഇടയിൽകൂടെ ഇത് കാണുന്നത് സുന്ദരമായ ഒരനുഭവമാണ്. നാട്ടുകാരനായിട്ടും, ദിവസവും കണ്ടിട്ടും ഈ കാഴ്ചയുടെ സൗന്ദര്യം ഇപ്പോഴും പ്രിയപ്പെട്ടതാണ്. 


അൽപ്പം കൂടെ നടന്നാൽ പൂക്കൈത ആറിലെത്താം. പമ്പാ നദിയുടെ കൈവഴിയാണ് പൂക്കൈതയാറ്. പണ്ട് വള്ളം തുഴഞ്ഞാണ് അയൽഗ്രാമമായ വൈശ്യംഭാഗത്ത് പോയിരുന്നത്. ഇപ്പോൾ കഞ്ഞിപ്പാടം - വൈശ്യംഭാഗം പാലം യാഥാർഥ്യമായത് യാത്രാക്ലേശം ഒഴിവാക്കി. 
Kanjippadom
(C) ഫേസ്‌ബുക്ക് കഞ്ഞിപ്പാടം
                            
കുട്ടിക്കാലത്ത് വള്ളത്തിൽ കയറാൻ വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ രണ്ടാം പ്രസവം കഴിഞ്ഞിട്ട് വീട്ടിൽ തിരിച്ചുപോകുന്ന സമയം. ആറു കടന്ന് വൈശ്യംഭാഗം തോട്ടിൽ വള്ളം പ്രവേശിച്ചു. നാലാൾക്ക് ഇരിക്കാൻ പറ്റുന്ന ചെറിയ വള്ളമാണ്. മുകളിലേക്ക് ഒന്ന് നോക്കി. പിന്നെ അവിടെനിന്ന് കണ്ണെടുത്തില്ല. തെങ്ങുകൾ നിറയെ കൂ കൂ വിളികളുമായി കുരുവികൾ വട്ടമിട്ടു പറക്കുന്നു. ചിലർ കൂടൊരുക്കുന്ന തിരക്കിലാണ്. മറ്റുചിലർ കളിചിരികളിൽ മുഴുകിയിരിക്കുന്നു. പ്രകൃതിസ്നേഹത്തിൻ്റെ ആദ്യപാഠങ്ങൾ പുസ്തകങ്ങൾ വായിച്ചല്ല, കാഴ്ചകൾ കണ്ടാണ് മനസ്സിൽ പതിഞ്ഞത്. 

                                                          ഫോട്ടോ: നിതിൻ ശ്യാം 

നാലുപാടം, കടവ് , കാട്ടുകോണം - മൂന്ന് പാടശേഖരങ്ങളാണ് ഞങ്ങൾ താമസിക്കുന്നതിന് സമീപമുള്ളത്. പ്രളയം വന്നതോടെ വർഷം 3 കൃഷി ഇറക്കിയാലേ കർഷകർക്ക് ലാഭം കൊയ്യാനാകൂ എന്ന അവസ്ഥ വന്നു. 
വീഡിയോ: നിതിൻ ശ്യാം 

 മറ്റു ജോലികളുമായി തട്ടിച്ചുനോക്കിയാൽ അധ്വാനക്കൂടുതലുള്ള, ലാഭം കുറവുള്ള വ്യവസായമാണ് കൃഷി. ഒരു കർഷകൻ്റെ മനസ്സിൽ എപ്പോഴും തീയാണ്. മടവീഴ്ച്ച മുതൽ നെല്ല് സംഭരണം വൈകുന്നത് വരെ ഇവരെ നേരിട്ട് ബാധിക്കും. എന്നാൽ ആ വ്യാകുലതകളൊന്നും ഇവരുടെ മുഖത്ത് നിങ്ങൾ കണ്ടില്ലെന്നു വരാം. കുട്ടനാടിൻ്റെ കരളുറപ്പ് എന്ന് കേട്ടിട്ടുണ്ടോ? ലോകമവസാനിക്കും എന്ന് പറഞ്ഞാലും കുലുങ്ങാത്ത മനുഷ്യരെ കാണണമെങ്കിൽ ഇവിടെ വരാം. പണ്ട് കാലം മുതൽ ദുരിതങ്ങൾ കണ്ടു ശീലിച്ചത് കൊണ്ടായിരിക്കും ഞങ്ങൾ ഇങ്ങനെ ആയത്. എല്ലാ ഗ്രാമങ്ങളിലും പോയാൽ കാണുന്ന ചില പതിവ് ദൃശ്യങ്ങൾ മനസ്സിൽ വരുന്നുണ്ടോ? സിനിമകളിലും മറ്റും കണ്ടുശീലിച്ച ആ ഗ്രാമഭംഗി ഇവിടെ വന്നാലും കാണാം. ചെറിയ പാലങ്ങൾ, ഇടുങ്ങിയ വഴികൾ, ആമ്പൽക്കുളങ്ങൾ, വിരുന്നിനെത്തുന്ന പക്ഷികൾ, പൂക്കൈതയാറിൻ്റെ സുന്ദരമായ ഒഴുക്ക്, ചെറിയ പെട്ടിക്കടകൾ അങ്ങനെ പോകുന്നു.  

ഫോട്ടോ: നിതിൻ ശ്യാം 

ഇതെല്ലാം കേട്ട് ഞങ്ങൾ സ്വർഗ്ഗതുല്യമായ ജീവിതം നയിക്കുന്നു എന്നാരും തെറ്റിദ്ധരിക്കരുത്. ഉൾവഴികളിൽ പോയാൽ റോഡുകളുടെ അവസ്‌ഥ പരിതാപകരമാണ്. ഇവിടെ വീഴാതെ വണ്ടി ഓടിക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് ലൈസൻസ് കൊടുക്കണമെന്നാണ് ഞങ്ങളുടെ പൊതു അഭിപ്രായം.
Kanjippadom 
ഫോട്ടോ: രാധേഷ് കുമാർ 

വെള്ളത്താൽ ചുറ്റപ്പെട്ട, ജലക്ഷാമം നേരിടുന്ന കുട്ടനാട്! കേൾക്കുന്നവർക്ക് അത്ഭുതം തോന്നുമെങ്കിലും സത്യം അതാണ്. പുതിയ കുടിവെള്ള പദ്ധതി  തുടങ്ങാൻ സർക്കാർ പദ്ധതിയിടുന്നു.വേനൽക്കാലത്തു നാട്ടിൽ പല ഭാഗത്തും ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കേണ്ട അവസ്ഥയാണ്. എന്നാൽ ഈ നാടിനെ ഞങ്ങൾ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ പ്രശ്നങ്ങൾ അധികാരികൾ അനുഭാവപൂർണ്ണം പരിഗണിക്കുമെന്ന് പ്രതീക്ഷ പുലർത്തുന്നു. 

ഫോട്ടോ: നിതിൻ ശ്യാം 
     
ജനിച്ച നാട്ടിൽ ഒരതിഥിയെപ്പോലെ വല്ലപ്പോഴുമൊരിക്കൽ ചെല്ലുക വലിയ സുഖമുള്ള ഒരനുഭവമല്ല. വർഷം 20 ദിവസം പോലും ഇവിടെ കഴിയാൻ എനിക്കിപ്പോൾ പറ്റുന്നില്ല. വിഷമം പറയുന്നതായി ധരിക്കരുത്. യാഥാർഥ്യം ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഫേസ്‌ബുക്കിൽ കഞ്ഞിപ്പാടം പേജിൽ നല്ല നല്ല ഫോട്ടോകൾ, പോസ്റ്റുകൾ ഇടയ്ക്ക് വരും. അത് നോക്കും. ഒക്ടോബർ മാസം ഇവിടെ എത്തുന്ന സഞ്ചാരികളായ ദേശാടനക്കിളികളെപ്പോലെ കുറച്ചുകാലം തങ്ങിയ ശേഷം വീണ്ടും യാത്ര തുടരുന്നു. തിരികെ വരുമെന്ന വാർത്ത കേൾക്കാൻ ഗ്രാമം കൊതിക്കുന്നുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. അവിടെ ജീവിക്കുന്ന അനേകരിൽ ഒരുവൻ മാത്രമാണല്ലോ ഇതെഴുതുന്ന ഈ ഞാൻ! ഒന്ന് മാത്രം അറിയാം. ഈ നാടിനെ എനിക്ക് ആവശ്യമുണ്ട്.

കൂടുതൽ ചിത്രങ്ങൾ (നിതിൻ ശ്യാം) 

                       
                                         



  
 


                                              

  



  



        

Comments

  1. സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം
    https://www.facebook.com/Kanjippadom/

    ReplyDelete

Post a Comment

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ