അൻപ് അല തല്ലുന്ന പുഴ
അമ്പലപ്പുഴ എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരിക പ്രസിദ്ധമായ അമ്പലപ്പുഴ പായസത്തിൻ്റെ രുചിയാണ്. പല നാടുകളിൽ നിന്നും ഭക്‌തർ എത്തുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ് തൃക്കൈവെണ്ണയും, പാൽപ്പായസവും. എന്താണ് ആ രുചിയുടെ രഹസ്യം? അമ്പലത്തിലെ മണിക്കിണറിലെ വെള്ളമെന്ന് ചിലർ പറയുന്നു, രഹസ്യമായ പാചകരീതിയെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. എന്ത് തന്നെയായാലും പായസത്തിന് പെരുത്ത് ആരാധകരുണ്ട്. പായസം തയ്യാറാക്കാൻ ദിവസവും വേണ്ട പാലെത്തിക്കുന്നത് അവിടെ അടുത്ത് താമസിക്കുന്ന ക്ഷീരകർഷകരാണ്. രാവിലെ പതിനൊന്ന് മണി കഴിഞ്ഞാണ് പാൽപ്പായസവിതരണം. അതിമധുരമാണ് പായസത്തിനെ വേറിട്ട് നിർത്തുന്നത്. ചെമ്പാവരി അരിയുടെ തവിട്ട് കലർന്ന നിറമാണ്. ഒരു ഗ്ലാസ് കുടിച്ചാൽ തന്നെ തൃപ്തി തോന്നും. മധുരം കൊണ്ടുള്ള മാസ്മരവിദ്യയാണ്.
പായസം പോലെ പ്രിയപ്പെട്ടതാണ് അമ്പലത്തിലെ ശാന്തത നിറഞ്ഞ അന്തരീക്ഷം. കളത്തട്ടിൽ വെറുതെ ഇരിക്കാൻ തന്നെ ഒരു സുഖമാണ്. ഒരിക്കൽ അമ്പലത്തിലെ എല്ലാ മുറികളും ചുറ്റിക്കാണാൻ ഇടയായി. ചെമ്പകശ്ശേരി രാജകുടുംബം/ അതിഥികൾ ഒരു കാലത്ത് തങ്ങിയിരുന്ന മുറികൾ, കൊട്ടാരത്തിലെ കുളപ്പടവുകൾ, ചുവർചിത്രങ്ങൾ അന്നാണ് ആദ്യമായി കാണുന്നത്. അമ്പലത്തിലെ കളഭം നെറ്റിയിൽ തൊടുമ്പോൾ സുഖകരമായ കുളിർമ്മയാണ്. കാക്കാഴം ജുമാ മസ്ജിദ്, പുറക്കാട് പള്ളി, എടത്വ പള്ളി എന്നിവ അമ്പലപ്പുഴയിലോ അൽപ്പം ദൂരെ മാറിയോ സ്ഥിതി ചെയ്യുന്നു.
പ്രാദേശിക ചരിത്രരചനാ മത്സരത്തിന് പങ്കെടുക്കുമ്പോൾ അമ്പലപ്പുഴയുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങൾ മനസ്സിലാക്കാൻ അവസരം കിട്ടിയിരുന്നു. പല സമുദായത്തിൽ ജനിച്ച ആളുകൾ സമാധാനത്തോടെ ജീവിച്ച നാടാണെന്നും, മതമൈത്രി പുലർത്തുന്ന പ്രദേശമായിരുന്നെന്നും ചരിത്രകാരന്മാർ പറയുന്നു. ഉദാഹരണത്തിന് അമ്പലപ്പുഴ അമ്പലത്തിലെ ഉത്സവഘോഷയാത്രയ്ക്ക് കാക്കാഴം ജുമാമസ്ജിദുമായി ബന്ധപ്പെട്ട ഒരു ചടങ്ങുണ്ട്. അതുപോലെ, ചമ്പക്കുളം കല്ലൂർക്കാട് പള്ളിയിൽ നിന്ന് അമ്പലപ്പുഴ കൃഷ്ണവിഗ്രഹം കൊണ്ടുവന്നതിൻ്റെ സ്മരണയ്ക്കാണ് പ്രസിദ്ധമായ ചമ്പക്കുളം- മൂലം വള്ളംകളി നടത്തുന്നത്. എന്നാൽ സാധാരണ ജനങ്ങൾ, അവരുടെ ജീവിതം എങ്ങനെയെന്ന് ചൂണ്ടിക്കാട്ടുന്ന ചരിത്രപുസ്തകങ്ങൾ കുറവാണ്. തകഴി, കുഞ്ചൻ നമ്പ്യാർ പോലെയുള്ള സാഹിത്യകാരുടെ രചനകളാണ് അതറിയാൻ ഒരാശ്രയം. ഇവിടുത്തെ ചരിത്രം പ്രധാനമായും ക്ഷേത്രത്തോട് ചേർന്നുനിന്നാണ് പറഞ്ഞുപോയിട്ടുള്ളത്. ജാതി വ്യവസ്ഥയോട് കൂറ് പുലർത്തിയ പ്രദേശമായിരുന്നു എന്ന വിവരം മുതിർന്ന ആളുകളോട് സംസാരിച്ചപ്പോൾ മനസ്സിലായി.
കടലും, പമ്പ നദിയാലും ചുറ്റപ്പെട്ട സ്ഥലമാണ് അമ്പലപ്പുഴ. കരുമാടി/എടത്വ ഭാഗത്തേക്ക് യാത്ര ചെയ്താൽ ഇരുവശത്തും സുന്ദരമായ പാടശേഖരങ്ങളുടെ കാഴ്ച കാണാം. പുറക്കാട് ഭാഗത്തു പോയാലോ? കടൽത്തീരത്തു കാൽ നനയ്ക്കാം. ഇവിടം ഇപ്പോഴും ശാന്തസുന്ദരമാണെന്ന് ധരിക്കരുത്! മഴക്കാലത്ത് കടൽക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ ഇവിടെ ആളുകൾ ഭീതിയിൽ കഴിയുന്നു. പല വർഷങ്ങളായി സ്വരുക്കൂട്ടിയ സമ്പാദ്യം കടലെടുത്തുപോകുന്നത് എത്ര വേദനാജനകമാണ്.
ഫോട്ടോ: പ്രശാന്ത് വിജയ്
തുള്ളൽ പ്രസ്ഥാനത്തിൻ്റെ അമരക്കാരൻ കുഞ്ചൻ നമ്പ്യാർ, സാഹിത്യ പഞ്ചാനനൻ പി കെ നാരായണപിള്ള, കുട്ടനാടിൻ്റെ കഥാകാരൻ തകഴി ശിവശങ്കരപ്പിള്ള, സ്വതന്ത്ര്യ സമരസേനാനി കെ കെ കുഞ്ചുപിള്ള, ചരിത്രകാരൻ അമ്പലപ്പുഴ ഗോപകുമാർ, സംഗീതസംവിധായകൻ എം ജി രാധാകൃഷ്ണൻ, ഗായകൻ എം ജി ശ്രീകുമാർ, സംവിധായകൻ പ്രിയദർശൻ - അമ്പലപ്പുഴയിലെ ചില പ്രമുഖരുടെ പേരുകളാണ്. അമ്പലപ്പുഴയ്ക്ക് അടുത്ത് പുറക്കാട്, നീർക്കുന്നം പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ആധാരമാക്കിയാണ് തകഴി വിശ്വപ്രസിദ്ധമായ ചെമ്മീൻ രചിച്ചത്. ഏകദേശം അൻപതിലധികം ഭാഷകളിൽ ഈ നോവൽ വിവർത്തനം ചെയ്യപ്പെട്ടു. കേരളത്തിലെ ആദ്യ രജിസ്റ്റേർഡ് വായനശാല പി കെ മെമ്മോറിയൽ വായനശാല അമ്പലപ്പുഴ അമ്പലത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പഴയ കെട്ടിടമാണ്. വൈകുന്നേരങ്ങളിലാണ് പത്രം വായിക്കാൻ ആളുകൾ എത്തുക. കൂടുതൽ പേരും മുതിർന്നവരാണ്. പുസ്തകവിതരണം കാര്യക്ഷമമായി നടക്കുന്നു. അമ്പലപ്പുഴ ഗവൺമെന്റ് സ്‌കൂളിലെ കുട്ടികളാണ് കൂടുതലും അംഗങ്ങൾ.
ഭക്ഷണപ്രിയരുടെ നാട് കൂടെയാണ് അമ്പലപ്പുഴ. ഇവിടുത്തെ മീൻ വിഭവങ്ങൾ രുചികരമാണ്. അമ്പലപ്പുഴയിൽ എപ്പോൾ പോയാലും മുടങ്ങാതെ ചെയ്യുന്ന രണ്ട് കാര്യങ്ങൾ പറയാം. ഗവൺമെന്റ് മോഡൽ സ്‌കൂളിന് അടുത്തുള്ള പെട്ടിക്കടയിലെ നാരങ്ങാവെള്ളം വളരെ പ്രശസ്തമാണ്. മറ്റ് കടകളിൽ സ്പടികഗ്ലാസ്സിലാണല്ലോ കുടിക്കാൻ നൽകുന്നത്. ഇവിടെ സ്റ്റീൽ ഗ്ലാസ്സാണ് ഉപയോഗിക്കുന്നത്. എല്ലാ കടകളിലും വില കൂടിയിട്ടും ഇവിടെ മാത്രം പഴയ വില തുടർന്നുപോരുന്നു. നാരങ്ങാവെള്ളത്തിന് നല്ല രുചിയായത് കൊണ്ടും, വില കുറവുള്ളത് കൊണ്ടും തിരക്കിന് കുറവില്ല.
അമ്പലപ്പുഴ അമ്പലത്തിൽ കയറുന്നതിന് തൊട്ടുമുൻപ് ഒരു കടയുണ്ട്. അവിടെ പ്രായം ചെന്ന ഒരു അപ്പൂപ്പനാണ് ഇരിക്കുന്നത്. ഓരോ ഗ്ളാസ് സംഭാരം ചോദിക്കും. അപ്പൂപ്പൻ കൂനിക്കൂനി ഫ്രിഡ്ജിന് സമീപത്തേക്ക് നടക്കും. അതിനുള്ളിൽ വെച്ചിട്ടുള്ള വെള്ളക്കുപ്പി തുറക്കും. അൽപ്പം ഇഞ്ചിയും, മോരും, പച്ചമുളകും ചേർക്കും.
അപ്പൂപ്പൻ്റെ സംഭാരത്തിന് ഗംഭീര രുചിയാണ്. വേനൽക്കാലത്ത് ഇവിടെ വരുന്നവർ ഇവിടെ കയറാതെ പോയാൽ വലിയ നഷ്ടമാണ്.
സുനാമിക്കാലത്ത് ഇവിടെ നടത്തിയ സഹായപ്രവർത്തനങ്ങൾ,
പ്രളയനാളുകളിൽ നമുക്ക് രക്ഷകരായവരിൽ അമ്പലപ്പുഴയിലെ മൽസ്യത്തൊഴിലാളികളും ഉൾപ്പെടും. അവർ ഇല്ലായിരുന്നെങ്കിൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടക്കുക പ്രയാസകരമായിത്തീർന്നേനെ. ചരിത്രമുറങ്ങുന്ന ഈ നാടും, ഇവിടുത്തെ ശാന്തതയും ആരെയും ആകർഷിക്കത്തക്ക സുന്ദരമാണ്. അമ്പലപ്പുഴ റെയിൽവേ സ്റേറഷനിൽ നിന്ന് ഒരു കിലോമീറ്റർ നടന്നാൽ അമ്പലത്തിലെത്താം. തിരുവനന്തപുരം/കൊല്ലം/എറണാകുളം ഭാഗത്തു നിന്ന് കെഎസ്ആർട്ടിസിയിൽ വരുന്നവർ കച്ചേരിമുക്ക് ജങ്ക്ഷനിൽ ഇറങ്ങാം. അമ്പലപ്പുഴക്കാരുടെ അന്പും. പാൽപ്പായസത്തിൻ്റെ മധുരവും രുചിച്ചു തിരികെപ്പോകാം.



Comments
Post a Comment