ജൂൺ 1: പ്രവേശനോത്സവം

ജൂൺ മാസത്തെ ആദ്യ തിങ്കളാഴ്ച നമ്മുടെയെല്ലാം ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭവത്തിൻ്റെ ഓർമ്മദിവസമാണ്. അന്നാണ് ആദ്യമായി നമ്മൾ സ്‌കൂളിൽ പോകുന്നത്. പുത്തൻ വസ്ത്രവും, പുതിയ ബാഗും, കുടയും, ചെരിപ്പുമിട്ട് നടക്കാൻ കിട്ടുന്ന അവസരമല്ലേ! ആദ്യദിനം വലിയ കരച്ചിൽ ഇല്ലാതെ പോയെന്നാണ് വിദൂരമായ ഓർമ്മ. 
അന്നേദിവസം സ്‌കൂളുകളിൽ ഒരുത്സവമാണ്. നമ്മളെ സ്വാഗതം ചെയ്യാൻ അസംബ്ലി വിളിച്ചുചേർക്കും. ടീച്ചർമാർ/ സാറന്മാർ ഞങ്ങളോട് തമാശകൾ പറയും, അൽപ്പം ഉപദേശിക്കും. പിന്നെ എല്ലാവർക്കും മിട്ടായി വിതരണം ചെയ്യും. 
ഉച്ചയോടെ സ്‌കൂൾ കഴിഞ്ഞു വീട്ടിലെത്താം. ആദ്യദിനം തന്നെ നമ്മൾ കൂട്ടുകാരെ കണ്ടെത്തിയിരിക്കും. അടുത്ത ദിവസം എന്ത് കളിക്കണം എന്നെല്ലാം പ്ലാൻ ചെയ്തുകഴിഞ്ഞിട്ടാണ് വീട്ടിൽ പോയിരുന്നത്. സ്‌കൂൾ പഠനത്തിന് മുൻപ് ആശാൻകളരി എന്ന 'വീട്ടിലെ സ്‌കൂളിൽ' ഒന്ന്-രണ്ടു കൊല്ലം പോയിരുന്നു. ലീലാമണി സാറും, ലീലസാറുമാണ് ആദ്യാക്ഷരങ്ങൾ പറഞ്ഞുതന്നത്. വൈകുന്നേരമായാൽ പടിഞ്ഞാറ് നിന്നും കാറ്റ് വീശും. പറമ്പിൽ തറപ്പായയിട്ട് ബഹളം വെയ്ക്കാതെ കളിച്ചുകൊള്ളാൻ സമ്മതിക്കും. കള്ളനും പോലീസും, സാറ്റ്, കുട്ടീം കോളും, കഞ്ഞി കറി , കുളം കര - ആകെമൊത്തം കളിചിരിയുടെ നാളുകൾ. സ്‌കൂളിൽ ചേർന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ കരച്ചിലോട് കരച്ചിൽ. വീട്ടിൽ നിൽക്കാനുള്ള പിടിവാശിയാണ്. കൂട്ടുകാർ ഉണ്ടെങ്കിലും വീട്ടിലിരുന്ന് കാർട്ടൂൺ കാണാനോ, കളിക്കാനോ പറ്റില്ലല്ലോ! അമ്മയാണ് സ്‌കൂൾ വരെ കൂടെ നടന്നിരുന്നത്. എഴുപറ കഴിയുമ്പോൾ അടവ് തുടങ്ങും. "ഞാൻ വീട്ടിലിരുന്ന് പഠിച്ചോളാം, എന്നെ എന്തിനാ സ്‌കൂളിൽ വിടുന്നെ?"


പക്ഷെ, അമ്മ നടത്തത്തിന് വേഗം കൂട്ടും. ഹരിദാസ സാറിൻ്റെ വീട് കഴിഞ്ഞാൽ എൻ്റെ കണ്ണ് നിറഞ്ഞുതുടങ്ങും. അമ്മയെ ദയനീയമായി നോക്കും. ആര് വക വെയ്ക്കാൻ! സ്‌കൂളിൻ്റെ  ഗേറ്റ് പടിക്കൽ എത്തുമ്പോൾ ഉച്ചത്തിൽ കരയും. എന്നെ പിടിച്ചുവലിച്ചു അകത്തു കയറ്റി  ബിന്ദുടീച്ചറിന് കൈമാറും. "പോകല്ലേ അമ്മെ, എന്നെയും കൊണ്ടുപോ," എന്നെല്ലാം പറഞ്ഞാലും അത് 
കേൾക്കാത്ത ഭാവത്തിൽ 'അമ്മ തിരിച്ചുപോകും. 
ഏതാണ്ട് എല്ലാ കൂട്ടുകാരും കരഞ്ഞുകൊണ്ടാണ് ക്ലാസ്സിൽ വന്നിരുന്നത്. അഞ്ചിത്ത്, ഗോകുൽ, അനുപമ, ദേവിക - എല്ലാവരുമായി നല്ല കൂട്ടായിരുന്നു. മൈസൂരിൽ നിന്ന് നാട്ടിൽ വന്ന സുബിതയാണ് വൈകുന്നേരം തിരിച്ചു നടക്കാൻ ഉണ്ടായിരുന്നത്. രണ്ടുപേരും കാർട്ടൂൺപ്രിയരാണ്. ഞങ്ങൾ ഓരോന്ന് സംസാരിച്ചുനടക്കും. എഴുപറയിലെ പട്ടിയും, പേത്തയും ഞങ്ങളെ ഒരുപാട് ഓടിച്ചിട്ടുണ്ട്. 
അവിടം കഴിഞ്ഞു അൽപ്പം മുന്നോട്ട് നടന്നാൽ വിശാഖിൻ്റെ വീടാണ്. അതിനടുത്ത്‌ കക്ക നീറ്റുന്ന സ്ഥലമുണ്ട്. അവിടെ പോയി കക്കത്തോടുകൾ വാരിയെടുക്കും. വീട്ടിലെ കുഞ്ഞുപെട്ടിയിൽ ഇട്ട് സൂക്ഷിച്ചുവെയ്ക്കാനാണ്! ഗോവിന്ദവിലാസം കഴിഞ്ഞാൽ രണ്ടുപേർക്കും രണ്ട് വഴിയാണ് പോകാനുള്ളത്. സുബിതയോട് ടാറ്റാ പറഞ്ഞു നടക്കും. ചിലപ്പോഴൊക്കെ തങ്കപ്പൻ ചേട്ടൻ്റെ കടയിൽ നിന്ന് 50 പൈസയുടെ മിട്ടായി വാങ്ങും. കടയിൽ സ്ഥിരമായി സാധനം വാങ്ങാൻ പോകുന്നതിന് വീട്ടുകാരോട് ചോദിച്ചുവാങ്ങിക്കുന്ന കമ്മീഷൻ തുകയാണ്. കൂടുതൽ പൈസ (2 രൂപ 😆) കിട്ടുന്ന പക്ഷം കൂട്ടുകാർക്ക് കൊടുക്കാൻ വാങ്ങിക്കും. 
ഞങ്ങൾ പഠിച്ച സ്‌കൂളിൽ ആകെ 28 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. എല്ലാവരും ഉച്ചയ്ക്ക് ഒരുമിച്ചിരുന്ന് ഊണ് കഴിക്കും. മേൽനോട്ടത്തിന് ഒരു ടീച്ചർ കാണും.  അത് കഴിഞ്ഞാൽ കളിക്കാൻ പോകും. ബിന്ദു ടീച്ചർ, പ്രിൻസിപ്പാൾ രാജു സാർ, ഷൈനി ടീച്ചർ, ഷേർളി ടീച്ചർ ഒക്കെയാണ് ക്ലാസ്സുകൾ എടുത്തിരുന്നത്. 
ഷേർളി ടീച്ചറിനെ മാത്രം വലിയ  പേടിയായിരുന്നു. എ പ്പോഴും കയ്യിൽ ഒരു ചൂരൽ വടി കാണും. ഞങ്ങൾ ബഹളമെടുത്താൽ വടി കൊണ്ട് ഡെസ്ക്കിൽ കൊട്ടും. പിന്നെ ക്ലാസ്സിൽ നിശബ്ദതയാണ്.  നമ്മളെ മിണ്ടാതെ ഇരുത്തുന്നതിന് മറ്റൊരു കാരണമുണ്ട്. തടി ബോർഡുകൾ കൊണ്ട് നാലായി തിരിച്ചാണ് ഞങ്ങളുടെ ക്ലാസ്സ്മുറികൾ ഒരുക്കിയിട്ടുള്ളത്. ചെറിയ ശംബ്ദം പോലും മറ്റാളുകൾക്ക് ബുദ്ധിമുട്ടാകും. NSS കരയോഗത്തിൻ്റെ കെട്ടിടം വാടകയ്ക്ക് എടുത്താണ്  സ്‌കൂൾ പ്രവർത്തിക്കുന്നത്.
ഒത്തിരി കളിച്ചും, അൽപ്പം പഠിച്ചും കടന്നുപോയ ആദ്യ അധ്യയനവർഷം ഇപ്പോൾ ഓർക്കാൻ കാരണം മറ്റൊരു സ്‌കൂൾ വർഷം ഇന്നലെ തുടങ്ങിയതാണ്. കോവിഡ് കാലമാണ്. സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പറ്റുന്ന സാഹചര്യമല്ല. കുറച്ചുനാൾ വീട്ടിലിരുന്നുള്ള ഓൺലൈൻ പഠനമാണ്. അതിനുള്ള സൗകര്യം ഇല്ലാത്തവർക്ക് രണ്ടാഴ്ചയ്ക്കകം അയൽപക്ക പഠന കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. ആദ്യദിവസത്തെ ക്ലാസ് സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും നൽകിയത് പതിനായിരക്കണക്കിന് കുട്ടികൾ അവരുടെ വീട്ടിലെ ടിവിയിൽ കണ്ടു.  ഒന്നാം ക്ലാസ്സ് കുട്ടികൾക്കായി പൂച്ചയുടെ കഥ പറഞ്ഞ സായി ടീച്ചറിൻ്റെ ക്ലാസ്സ് യൂട്യൂബിൽ കേട്ടപ്പോൾ പണ്ട് ഞങ്ങളെ  മലയാളം പഠിപ്പിച്ച ബിന്ദു ടീച്ചറിനെ ഓർമ്മ വന്നു. പിന്നെ തിരിച്ചുകിട്ടാത്ത 
പഴയ സ്‌കൂൾനാളുകളും.  



   


   
             


Comments

  1. തിരിച്ചുകിട്ടാത്ത പഴയ സ്‌കൂൾനാളുകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് ..

    ReplyDelete

Post a Comment

Popular posts from this blog

From Darjeeling to Gangtok and to Subecha's home

Maimoona and Shakeela

എഴുത്തിനെ സ്നേഹിച്ച ഒരാൾ