താടി വളർത്തുന്നവരോട്!
ഒരു താടിയിൽ ഇത്ര പറയാൻ എന്തിരിക്കുന്നു? നിങ്ങൾക്ക് തോന്നാം. പക്ഷെ, കാര്യങ്ങൾ അത്ര ലളിതമല്ല. താടി വളർത്തുന്നത് ജോലിക്ക് ഭീഷണിയായ സംഭവങ്ങൾ വരെയുണ്ട്. ഇവിടെ തെലങ്കാനയിൽ ബാങ്ക് ഉദ്യോഗസ്ഥർ നീണ്ട താടിയുമായി വന്നാൽ നടപടി ഉറപ്പാണ്. ശബരിമല സീസണിൽ അൽപ്പം ഇളവ് നൽകുമെന്നത് ഒഴിച്ചാൽ മറ്റൊരു തരത്തിലും ഇത് അനുവദനീയമല്ല.
"താടി വളർത്തുന്നതും, ചെറുതാക്കുന്നതും ഒരാളുടെ വ്യക്തിപരമായ ഇഷ്ടമല്ലേ?"
കൂട്ടുകാരൻ നീണ്ട താടിയെ എതിർക്കുന്ന ആളാണ്. "അങ്ങനെ പറയാൻ പറ്റില്ല. നിങ്ങളുടെ ജോലിയിൽ ചില നിയമങ്ങൾ (റൂൾസ്) അനുസരിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്."
"എൻ്റെ മുഖം എങ്ങനെയിരിക്കണമെന്ന് എന്തിന് കമ്പനി തീരുമാനിക്കണം? ഞാൻ ചെയ്യുന്ന ജോലി വിലയിരുത്തലല്ലേ അവർ ചെയ്യേണ്ടത്? വെറും 8 മണിക്കൂർ ഓഫീസിനായി ചിലവിടുന്ന നമ്മൾ മറ്റ് 16 മണിക്കൂറിലെ നമ്മുടെ രൂപം എന്തിനു മാറ്റണം?," ഞാൻ ചോദിച്ചു.
"നിങ്ങൾ ബാങ്കിൽ ജോലിക്ക് ഇടപെടുന്നത് പല തരം കസ്റ്റമേഴ്‌സുമായാണ്. അവർ നിങ്ങളുടെ അപ്പിയറൻസ് നന്നായി ശ്രദ്ധിക്കും. താടി അലസതയുടെ പര്യായമാണ്. ഒരു പ്രൊഫഷണൽ ഒരിക്കലും താടി വെച്ചുകൊണ്ട് ഓഫീസിൽ വരാൻ പാടില്ല. നിങ്ങൾ അങ്ങനെ വന്നാൽ നിങ്ങളെ ആളുകൾ ബഹുമാനിച്ചെന്ന് വരില്ല. എന്തിന്, നിങ്ങളുടെയടുത്ത് പണം നിക്ഷേപിക്കാൻ പോലും ചിലർ മടിക്കും," അയാൾ പറഞ്ഞു.
"എല്ലാ മതത്തിലെ ആളുകളും ഓഫീസിൽ ഇത് അനുസരിക്കുന്നുണ്ട്. അഥവാ എന്തെങ്കിലും കാരണത്താൽ താടി വളർത്തണം എന്നിരിക്കട്ടെ. നിങ്ങൾ ഹെഡ് ഓഫീസിൽ നിന്ന് അനുമതി വാങ്ങണം," കൂട്ടുകാരൻ കൂട്ടിച്ചേർത്തു.
എന്ന് മുതലാണ് താടി ഒരു പ്രശ്നമായി തുടങ്ങിയത്? ഞാൻ ആലോചിച്ചു. താടി വളർത്തുന്നത് ഇപ്പോൾ ഒരു സ്റ്റൈലാണ്. പല സിനിമ-ക്രിക്കറ്റ് താരങ്ങളും താടിയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്നു. നമ്മുടെ കൂട്ടുകാരിൽ ഒട്ടുമിക്കവരും താടിയുള്ളവരാണ്. താടിയെ ഒതുക്കി, സുന്ദരമായി നിർത്താൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. എന്നാൽ നീണ്ട താടി കാണാൻ ഇപ്പോഴും ചിലർക്ക് അസ്വസ്‌ഥതയാണ്. നമ്മുടെ മനസ്സിലെ സുന്ദരവ്യക്തിത്വത്തിൻ്റെ രൂപവുമായി നീണ്ട താടികൾ ചേർന്നുപോവുന്നില്ല.
എനിക്ക് ചെറിയ താടിയാണ്. അൽപ്പമൊന്ന് വളർന്നാൽ പോലും താടി മുറിക്കുന്നില്ലേ എന്ന് ചിലയാളുകൾ ചോദിച്ചുതുടങ്ങും. നീണ്ട താടി എനിക്ക് വളരെ ഇഷ്ടമാണ്. ഇടയ്ക്ക് ഫ്രഞ്ച് കട്ട് പരീക്ഷിക്കുമ്പോൾ ഒരു പ്രത്യേക മതവുമായി ചേർത്ത് കളിയാക്കലുകൾ കേൾക്കാറുണ്ട്. അത്തരം അഭിപ്രായങ്ങൾ വകവെയ്ക്കാറില്ല. നീണ്ട താടിയുമായി കളിച്ചിരുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഹഷീം അംലയെ പ്രശസ്ത commentator ഡീൻ ജോൺസ് ഒരിക്കൽ ടെററിസ്റ്റ് എന്ന് വിശേഷിപ്പിച്ചു. അതിന് പിന്നീട് അയാൾക്ക് മാപ്പ് പറയേണ്ടി വന്നു.
അൽവാറിൽ 2018ൽ ഒരു ഐ ടി പ്രൊഫഷണൽ നേരിട്ട ദുരനുഭവം പറയാം. യൂകെയിൽ ജോലിയുള്ള അയാൾ അവധിക്കാലത്ത് യാത്ര ചെയ്യാൻ എത്തിയതാണ്. യാത്രയ്ക്കിടയിൽ കുറച്ചു കുട്ടികൾക്ക് അയാൾ മിഠായി നൽകി. ഇത് കണ്ട ഗ്രാമവാസികൾ അയാളെ വളഞ്ഞു. തലങ്ങും വിലങ്ങും പ്രഹരിച്ചു. പോലീസെത്തിയപ്പോഴാണ് അവർ ആക്രമണം അവസാനിപ്പിച്ചത്. അയാൾ ഒരു കുട്ടികളെ കടത്തുകാരൻ ആണെന്ന് കരുതിയാണ് അവർ പ്രഹരിച്ചത്. "അയാളുടെ നീണ്ട താടി കണ്ടില്ലേ? അയാളുടെ മുഖം ഒരു തീവ്രവാദിയുടെ പോലെയാണ്. അതാണ് ഞങ്ങൾക്ക് സംശയം തോന്നിയത്," ഇതാണ് അക്രമികളിലൊരാൾ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം.
ആളുകളെ അവരുടെ രൂപത്തിലും, വേഷവിധാനത്തിലും വിലയിരുത്തുന്ന രീതി പണ്ട് മുതലേയുള്ളതാണ്. നീണ്ട മുടി, കഴുത്തു വരെയുള്ള മുടി, മൂക്കുത്തി, ചുരുണ്ട മുടി - ഓരോ വേഷക്കാരും ഓരോ തരം ആളുകൾ എന്നൊരു വിചാരം നമ്മൾ പലരുടെയും മനസ്സിൽ കൂടിയിട്ടുണ്ട്. താടിയുടെ കാര്യവും വ്യത്യസ്തമല്ല. നീണ്ട താടിയെ നിരാശയുടെ, അച്ചടക്കമില്ലായ്മയുടെ മുഖമുദ്രയായി കാണുന്നത് നമ്മുടെ കാഴ്ചപ്പാടിൻ്റെ മാത്രം പ്രശ്‌നമാണ്. ഒരാളുടെ രൂപമല്ല, ചെയ്യുന്ന പ്രവൃത്തിയാണ് അയാളെ അടയാളപ്പെടുത്തുന്നത്. ഇത് മനസ്സിലാക്കാൻ വൈകും തോറും പഴയ സൗന്ദര്യ സങ്കൽപ്പങ്ങളെ പുണർന്ന് നമ്മൾ ഇവിടെ കഴിഞ്ഞുകൂടും.
Comments
Post a Comment