നടത്തം
സമയത്തെ തോൽപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ് നമ്മൾ! നൂറായിരം കാര്യങ്ങൾ നമ്മുടെ തലയിൽ ഓടിക്കൊണ്ടിരിക്കുകയായിരിക്കും. അതിനിടയിൽ നേരം കളയുന്ന ചില കാര്യങ്ങൾ വേണ്ടെന്ന് വെയ്ക്കുന്നത് നമ്മുടെ ശീലമാണ്.
നമുക്ക് ചുറ്റും സംഭവിക്കുന്ന കാഴ്ചകൾ നാം ശ്രദ്ധിക്കുന്നുണ്ടോ? അഥവാ ഇല്ലെന്നിരിക്കട്ടെ. നമുക്ക് എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ? ആ ദിവസം കാര്യമായി ഒന്നും സംഭവിക്കാതെ കടന്നുപോയെന്ന് വരാം. ഇങ്ങനെ പല ദിവസവും ആവർത്തിക്കുന്നു. അവസാനം ഓർമ്മിക്കാൻ ഒന്നുമൊന്നുമില്ലാതെ പോയാലോ? അങ്ങനെ കഴിയേണ്ടിവരുന്നത് അസ്വസ്‌ഥമായ കാര്യമാണ്. നമ്മുടെ ജീവിതം ഒരോട്ടമത്സരമല്ല. പല കാര്യങ്ങൾക്കും അതിന്റേതായ താളവും, വേഗതയുമുണ്ട്. നടത്തം നമ്മളെ പഠിപ്പിക്കുന്നതും മറ്റൊന്നല്ല.
ചെറുപ്പകാലം മുതൽ ഒരുപാട് നടക്കുന്ന ശീലമുണ്ട്. പത്താമത്തെ വയസ്സിലാണ് ആദ്യമായി സൈക്കിൾ വാങ്ങുന്നത്. അത്രയും നാൾ വരെ സ്‌കൂളിൽ നടന്നാണ് പോയിരുന്നത്. നടന്നുപോകുമ്പോൾ നമ്മൾ സാധാരണഗതിയിൽ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും കൂടുതൽ വ്യക്തമാകുന്നു. നമുക്ക് ചിന്തിക്കാൻ സമയം കിട്ടുന്നു. ശരീരത്തിന് ചെറിയ വ്യായാമവും ലഭിക്കുന്നു. കൂട്ടുകാരുമൊത്തുള്ള നടത്തനാളുകളിൽ ഒപ്പിച്ച വികൃതികൾക്ക് കൈയും കണക്കുമില്ല. എവിടെയെങ്കിലും മറിഞ്ഞുവീണ് യൂണിഫോമാകെ അഴുക്ക് പിടിച്ചുവരുന്ന നമ്മളെ കാണുമ്പോൾ അമ്മമാർ കലി തുള്ളിയില്ലെങ്കിലേ അതിശയപ്പെടാനാവൂ.
ഹൈസ്‌കൂൾ നാളുകളിൽ നടത്തം ഒരു മാനസികവ്യായാമമായിരുന്നു. പഠനത്തിൻ്റെ സമ്മർദം മാറി അൽപ്പം തണുക്കുന്നത് കൂട്ടുകാരുമൊത്ത് ക്ലാസ് കഴിഞ്ഞു നടന്നുവരുമ്പോഴാണ്. പഠനഭാരമോ, വരാനിരിക്കുന്ന പരീക്ഷയോ അപ്പോൾ നമ്മളെ ബാധിക്കില്ല.
ഹയർസെക്കണ്ടറി കാലത്ത് നടത്തത്തെക്കാൾ ഓട്ടമായിരുന്നു എന്നതാണ് സത്യം. വേഗത്തിൽ ബസ് കയറി ഒരു മണിക്കൂറിൽ വീട് പിടിക്കണം എന്ന പ്ലാനോടെയാണ് ദിവസവും അവസാനബെല്ലിനു കാതോർക്കുക. അന്ന് എന്തിനു അങ്ങനെ ചെയ്‌തെന്ന് ഓർക്കുമ്പോൾ കൗതുകകരമായി തോന്നുന്നു. സമയം ലാഭിക്കാൻ തിരക്ക് കൂട്ടുന്ന എന്നെ എനിക്ക് അവിടെ കാണാം.
കോളേജ് ദിനങ്ങളിലെ നടത്തം കുറെ കൂട്ടുകാരെ സമ്മാനിച്ചു. പ്ലാസ്റ്റർ ഇട്ട കാല് വക വെയ്ക്കാതെ കൂട്ടുകാരിയുമൊപ്പം 7/ 8 കിലോമീറ്റർ വെറുതെ നടന്നുപോയത് ഓർക്കുന്നു. ആരെങ്കിലും കൂടെയുണ്ടായാൽ നടത്തം എളുപ്പമാണ്. രണ്ട്/ മൂന്ന് പേർ ചേർന്നുള്ള നടത്തത്തിന് രസം കൂടുതലാണ്. അന്നേരമാണ് അവരെ കൂടുതൽ അറിയാൻ സാധിക്കുന്നത്. തിരുവന്തപുരത്തെ പല വഴികളും എനിക്ക് നല്ല ഓർമ്മകളാവാൻ ഒരു കാരണം എനിക്കൊപ്പം അവിടെ നടന്ന ആളുകളാണ്.
ഹൈദരാബാദിലെ വിശാലമായ കാമ്പസിൽ പിജി പഠനത്തോടൊപ്പം കാര്യമായി തന്നെ കുറെ ദൂരം താണ്ടി. ഒരു വനാന്തരീക്ഷം തോന്നുന്ന കാമ്പസിലെ ഉൾമേഖലകളിൽ നടക്കുന്നത് ഒരു സാഹസിക അനുഭവമായിരുന്നു. ചുറ്റും കാണുന്ന മരങ്ങളിൽ വലിഞ്ഞുകയറിയും, ചില മൃഗങ്ങളെ നിരീക്ഷിച്ചുമെല്ലാം സമയം ചിലവഴിച്ച രസകരമായ നാളുകൾ. രാത്രിയിൽ peacock ലേക്കിനരികെ പോയിരുന്നതാണ് ഏറ്റവും ഇഷ്ടപ്പെട്ട ഓർമ്മ. അവിടെ കിടന്ന് നക്ഷത്രങ്ങൾ നോക്കും. ഇടയ്ക്ക് മയിലിൻ്റെ ശബ്ദം കേൾക്കാം.
പഠനം തീർന്ന് ജോലിയിൽ ചേർന്നപ്പോൾ നാല് കിലോമീറ്റർ നടത്തം പതിവായിരുന്നു. രാത്രി പന്ത്രണ്ടോടെയാണ് ഓഫീസ് കഴിയുക. ബസ് സ്റ്റോപ്പ് വരെ നടന്നുപോകും. രണ്ട് കിലോമീറ്റർ ദൂരമുണ്ട്. ചിലപ്പോൾ ഏതെങ്കിലും പാട്ട് കേൾക്കും. ഇടയ്ക്ക് കാര്യമായ ആലോചന എന്തെങ്കിലും മനസ്സിൽ വരും. അല്ലെങ്കിൽ, ഫോണിൽ ഫേസ്‌ബുക്ക് നോക്കി നടക്കും. ഏകദേശം രണ്ട് കൊല്ലത്തോളം ഇങ്ങനെ പോയി.
ഇപ്പോൾ രാവിലെ നടക്കാറുണ്ട്. താമസിക്കുന്ന സ്ഥലത്തിന് അടുത്തുകൂടെ വീട്ടുകാരെ ഫോൺ ചെയ്യുന്നതിനൊപ്പമാണ് നടത്തം. സ്ഥിരം കണ്ടുമുട്ടുന്ന ആളുകളുടെ മുഖം മനസ്സിലുണ്ട്. നിറയെ രോമമുള്ള പട്ടിക്കുട്ടിയെ നടത്താൻ കൊണ്ടുവരുന്ന പെൺകുട്ടി, റോഡിൽ പച്ചക്കറി വിൽക്കാനിരിക്കുന്നവർ, ശുചീകരണത്തൊഴിലാളികൾ, ചെറിയ വ്യായാമമുറകൾ ചെയ്യുന്ന പ്രായമായ മനുഷ്യർ. ഇവരെ കണ്ടാണ് ദിവസവും കുറച്ചുദൂരം തള്ളുന്നത്.
കൊറോണക്കാലത്ത് ആയിരം കിലോമീറ്ററുകൾ നടന്ന് വീട്ടിലെത്തിയവർക്ക് ഇതൊരു കളിയല്ല. അതിജീവനത്തിൻ്റെ വഴിയാണ്. ചില നടത്തം ഒരോർമ്മപ്പെടുത്തലാണ്. പിന്നിട്ട വഴികളെ അപ്പോൾ ഓർക്കും. ഒന്ന് വിശ്രമിക്കും. പിന്നെ യാത്ര തുടരും.

Comments
Post a Comment