പ്രതീക്ഷ
"ഏറ്റവും മനോഹരമായ വാക്ക്," പ്രതീക്ഷയെ ഇങ്ങനെയാണ് ഒരു സുഹൃത്ത്
നിർവചിച്ചത്. പലർക്കും പല പ്രതീക്ഷകളാണ്. ക്വാറണ്ടൈൻ കഴിഞ്ഞു വീട്ടുകാരെ കാണാമെന്ന പ്രതീക്ഷ, സമൂഹവ്യാപനം നടക്കില്ലെന്ന പ്രതീക്ഷ, കോവിഡ് ഫലം നെഗറ്റീവ് ആകുമെന്ന പ്രതീക്ഷ, സമയത്തു ശമ്പളം കിട്ടുമെന്ന പ്രതീക്ഷ, തന്റെ കുടുംബം കര കയറുമെന്ന പ്രതീക്ഷ, ദൂരെയുള്ള പ്രിയപ്പെട്ടവർ സുരക്ഷിതരെന്ന പ്രതീക്ഷ, തനിക്ക് രോഗം പിടിക്കില്ലെന്ന പ്രതീക്ഷ, ഈ കാലവും കടന്നുപോകുമെന്ന പ്രതീക്ഷ...
ഇപ്പോൾ കടന്നുപോവുന്ന കാലം പരീക്ഷണങ്ങൾ നിറഞ്ഞതാണ്. ആരെ എന്താണ് കാത്തിരിക്കുന്നത് എന്നറിയാത്ത വിഷമം പിടിപ്പിക്കുന്ന ഒരവസ്ഥ.
മനസമാധാനം എന്തെന്ന് അറിഞ്ഞിട്ട് പലർക്കും ദിവസങ്ങൾ ആയിരിക്കും. ഇങ്ങനെയുള്ള നാളുകളിൽ ആരോട് എന്തുപറയാനാണ്! പക്ഷെ ആരോടും ഒന്നും പറയാതെ ഓരോ തുരുത്തിൽ ഒറ്റപ്പെട്ടിരിക്കാൻ നമ്മൾ മനുഷ്യർക്ക് സാധിക്കില്ലല്ലോ. നിലവിലെ കഷ്ടതകൾക്ക് ഒരവസാനം ഉണ്ടെന്നും, ഇത് താൽക്കാലികമായ തിരിച്ചടിയാണെന്നും കരുതാൻ എല്ലാവരെക്കൊണ്ടും സാധിക്കില്ല.
ദിവസവരുമാനക്കാരുടെ കാര്യമെടുക്കാം. പലർക്കും കൂലി കിട്ടിയിട്ടില്ല.വീട്ടിൽ നിറയെ രോഗികളാണ്. കോവിഡ് പ്രതിസന്ധി കഴിയാതെ ജീവിതം സാധാരണഗതിയിൽ വരില്ല. അങ്ങനെ എത്രയെത്ര മനുഷ്യർ, എത്രയെത്ര ജീവിതങ്ങൾ, എത്രയെത്ര ദുരിതങ്ങൾ. എല്ലാവരുടെയും പ്രശ്നങ്ങൾക്ക് എന്ന് അവസാനം ഉണ്ടാകുമെന്ന് പറയാൻ പറ്റാത്ത സ്‌ഥിതിവിശേഷമാണ്. ഒരാളുടെ പ്രശ്നം മറ്റെയാളിൽ നിന്ന് വലുത് എന്നൊന്നും തരം തിരിക്കാൻ സാധിക്കില്ല.
ഈ നാളുകളിൽ എന്താണ് പ്രതീക്ഷയുടെ പ്രസക്തി? പ്രതീക്ഷ ഒരു തിരിച്ചറിവ് പോലെയാണ്. ഒരു കാര്യം ഇതേപടി സംഭവിച്ചാൽ ഗുണകരമാവുമെന്ന് നമ്മൾ
മനസ്സിലാക്കുകയാണ്. അങ്ങനെ നടക്കാതിരിക്കാനും സാധ്യത ഉണ്ടെന്ന് നമ്മൾ അറിയുന്നു. പക്ഷെ, അങ്ങനെ നടന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. ഒരേ സമയം പോസിറ്റീവ്, നെഗറ്റീവ് അർത്ഥങ്ങൾ നിറഞ്ഞ ഒരു വാക്ക് - അതാണ് പ്രതീക്ഷ. നമ്മുടെ ഈ നാളുകളിലെ എല്ലാ വിചാരങ്ങളെയും ഉൾക്കൊള്ളുന്ന ഒരു പ്രതീതി നല്കാൻ ഈ വാക്കിനു സാധിക്കുന്നുണ്ട്.
ആ വാക്കിൽ നിറയുന്നത് നാളെയെ സ്വീകരിക്കാനുള്ള മനസ്സാണ്. ഇന്നിനെ മറന്ന് നാളെയെ പുണരാൻ നമുക്ക് ഈ നാളുകളിൽ സാധിച്ചെന്നു വരില്ല! അത്രയ്ക്ക് ബുദ്ധിമുട്ട് നിറഞ്ഞ ദിനങ്ങളാണ് നമ്മൾ തള്ളിനീക്കുന്നത്. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ല. അതാണ് പ്രതീക്ഷയുടെ പ്രസക്തി ഏറിവരുന്നത്. ഈ കാലവും നമ്മൾ അതിജീവിക്കും എന്ന് കേൾക്കുമ്പോൾ ചിലർക്ക് അതൊരാശ്വാസമാണ്.
മനുഷ്യൻ പല നൂറ്റാണ്ടുകളിൽ പല മഹാമാരികളെ അതിജീവിച്ച കഥകൾ ചരിത്രം പറയുന്നുണ്ട്. ഒരു നാൾ കോവിഡ് നമ്മളെ വിട്ടുപോകുക തന്നെ ചെയ്യും. അത് വരെ നമ്മുടെ ചില ദുഃഖങ്ങൾ നമ്മൾ പിടിച്ചുനിർത്തുക തന്നെ വേണം. പേരോ, ദേശമോ, ഭാഷയോ അറിയാത്ത ഒത്തിരി മനുഷ്യർ നമ്മളെപ്പോലെ, അല്ലെങ്കിൽ അതിലും കഷ്ടതകളോടെ കഴിയുകയാണ്. ജീവിതം ജീവിച്ചല്ലേ പറ്റൂ എന്ന യാഥാർഥ്യബോധമാവാം പലരെയും മുന്നോട്ട് നയിക്കുന്നത്. ഒരുകാര്യം ഉറപ്പ് പറയാം, നിസ്സഹായരായിരിക്കുന്നതിലും നല്ലത് പ്രതീക്ഷയോടെയിരിക്കുന്നതാണ്.

Comments
Post a Comment