നിധി
ആമുഖം
നിധിക്ക് കാവലിരുന്ന, നിധി തേടിയ രണ്ട് ജീവിതങ്ങളെ നിങ്ങൾക്ക് ഇവിടെ വായിക്കാം.
നിധി കാത്ത രണ്ടു മനുഷ്യർ
ആദ്യത്തെയാൾ വെറുമൊരു ശുദ്ധനായിരുന്നു. അയാളെ പാഴ്ജന്മമെന്ന് പഴിച്ചവരായിരുന്നു കൂടുതൽ ആളുകൾ. അയാളിലെ ശുദ്ധത അയാൾക്ക് വിനയായി. അയാളിലെ വിനയം ഒരു വിലങ്ങുതടിയായി. അയാൾ അയാളെ മാത്രം അറിയാതെ പോയി. പക്ഷെ അയാൾക്കായി ഒരാൾ ക്ഷമയോടെ കാത്തിരുന്നു. അയാളുടെ മനസ്സ് വായിച്ച നിധിസൂക്ഷിപ്പുകാരിയാണ് ആ വിശിഷ്ട വ്യക്തി. അവർക്കത് അയാളെ ഏൽപ്പിക്കാനാണ് തോന്നിയത്.
നിധി സൂക്ഷിക്കാൻ അയാളെ നിയോഗിച്ച വിവരമറിഞ്ഞ അയാൾ പകച്ചുപോയി. അയാൾ സമ്മതം മൂളി. നിധിയുടെ ഉറവിടം വരെ എത്താൻ കുറെ അലഞ്ഞു. അയാൾക്ക് കിട്ടിയ സൂചനകളെ അവഗണിക്കാതിരുന്നത് ഗുണം ചെയ്തു. അയാൾ നിധി കണ്ടെത്തുക തന്നെ ചെയ്തു. അത്രയും നാൾ നിധി കൈമോശം വരാതെ സൂക്ഷിച്ച പെരിയനിധിസൂക്ഷിപ്പുകാരിയുടെ നിശബ്ദവും, നിർമ്മലവുമായ കരുതൽ അയാളെ വളരെയധികം സഹായിച്ചു.
നിധി കണ്ടപ്പോൾ അയാൾക്ക് ആദ്യം ഒന്നും തോന്നിയില്ല. പിന്നെ, നിധിയുടെ ആഴവും പരപ്പും കണ്ടു വിസ്മയിച്ച അയാൾ എന്തൊക്കെയോ വിളിച്ചുകൂവി. അന്ന് അയാളെ അധികമാരും മുഖവിലയ്ക്കെടുത്തില്ല.
അയാൾ തളർന്നിരുന്നില്ല. സമയവിനിയോഗത്തിൽ സാമർഥ്യമുള്ള അയാൾ നിധിയുടെ കണക്കെടുക്കാൻ ആരംഭിച്ചു. കണക്കിൽ കള്ളമില്ലെന്ന കാര്യത്തിൽ അയാൾക്ക് സംശയമുണ്ടായിരുന്നില്ല.
നിധിയുടെ യഥാർത്ഥ മൂല്യം അറിഞ്ഞ നിമിഷം അയാൾ ഉന്മാദനും, അസ്വസ്ഥനുമായി. നിധി ഒരു സ്വകാര്യ സ്വത്തല്ല. നിധിയുടെ മൂല്യവും, വ്യാപ്തിയും സകലർക്കും സമാസമം കിട്ടുക പരസ്പരം പങ്കിടുമ്പോളാണെന്ന് അയാൾക്ക് ബുദ്ധിയുദിച്ചു. തുടർന്ന് പെരിയനിധിസൂക്ഷിപ്പുകാരിയുമായി കൂടിയാലോചിച്ചു മനസ്സാ സമ്മതം വാങ്ങി. അയാളെ മറ്റാരും എതിർത്തില്ല. അയാളുടെ ഉദ്ദേശശുദ്ധിയെ അവർ മനസ്സാ അംഗീകരിച്ചു.
വലിയ ചിന്തകൾ ചെറിയ വാക്കുകളിൽ പറഞ്ഞു നടന്ന അയാളെ എല്ലാവർക്കും ബോധിച്ചു. ചിലരുടെ വിമർശങ്ങൾ അയാളെ ചിന്തിപ്പിച്ചു. തനിക്ക് ശരിയെന്നു തോന്നിയ ഉത്തരങ്ങൾ അയാൾ കൊടുത്തു. അവർക്കറിയുന്നത് അവരും പറഞ്ഞു.
നിധി സൂക്ഷിക്കാൻ വേണ്ടുന്ന മാനസികവും, ശാരീരികവുമായ കരുത്ത് ആർജ്ജിക്കാൻ പ്രയത്നിച്ചു. പരിശ്രമിച്ചു പരിശ്രമിച്ചു അയാൾ ബലവാനായി. ശരീരം ഉറച്ചു, മനസ്സ് തെളിഞ്ഞു. ഒരു വേള തൻ്റെ ശ്രമം ഒരു സാധനയായി അയാൾക്ക് അനുഭവപ്പെട്ടു. അയാളുടെ പരിശ്രമങ്ങൾ വിഫലമായില്ല. അയാൾ എത്തേണ്ടിടത്തു എത്തിച്ചേർന്നു. അയാളുടെ ജീവിതം അല്ലലും, കഷ്ടതകളുമില്ലാതെ മുന്നോട്ടുപോയി.
നിധിയിലെ കാവ്യനീതി
നിധി നാടിന്റെ പൊതുസ്വത്താണ്. അതിനു നാട്ടുകാരുടെ വിയർപ്പിന്റെ മൂല്യമാണ്. ഇസങ്ങൾക്കുമപ്പുറമുള്ള പൊതുയാഥാർഥ്യമാണ്..
നിധി സൂക്ഷിക്കാൻ വലിയ കാര്യശേഷി ആവശ്യമാണ്. അതയാളിൽ ജനിപ്പിച്ച ഉത്തരവാദിത്തബോധം അയാളെ മുന്നോട്ട് നയിച്ചു. അയാളിലെ വേഗത വിവേകമായി പരിണമിച്ചു.
കാലം കഴിഞ്ഞു. അയാളിലെ ഭ്രാന്തമായ വന്യത മനുഷ്യമനസ്സുകളിലേക്കുള്ള തൂക്കുപാലമാണെന്ന് സമൂഹത്തിന് ബോധ്യമായി. കാലാകാലങ്ങളായി അവർ അറിയാനാഗ്രഹിച്ച പല കാര്യങ്ങൾക്കും വ്യക്തത കിട്ടാൻ അയാളുടെ വാക്കുകൾ ഒരു കാരണമായി. എല്ലാവർക്കും, എല്ലാം കൊടുത്തുകഴിഞ്ഞു, കാൽപ്പാദത്തിൽ പറ്റിയ മണൽത്തരിയും തുടച്ച ശേഷം നിധിസൂക്ഷിക്കാൻ പറ്റിയൊരാളെ താക്കോൽ ഏൽപ്പിച്ചു അയാൾ പടിയിറങ്ങി. വിജയവാന്റെ ആർപ്പുവിളികളാണ് അയാളെ എതിരേറ്റത്. ആ മുഖത്ത് പ്രസന്നത കളിയാടി. അയാൾ മടങ്ങി. സ്നേഹമാകുന്ന പ്രപഞ്ചത്തിൽ അയാളുടെ രൂപം ഒരു നക്ഷത്രമായി മിന്നിത്തിളങ്ങി. അയാൾ ധന്യനായി. അയാളെ എല്ലാവരും ഓർത്തു. "അയാൾ ഓർമകളിൽ ജീവിതം കണ്ടെത്തിയയാളാണ്, മനുഷ്യസ്നേഹിയാണ്, മാന്യത മുഖമുദ്രയായി കൊണ്ടുനടന്നയാളാണ്, " അവർ പറഞ്ഞു. അത് കേട്ട അയാൾ മുഖമുയർത്തി പുഞ്ചിരിച്ചു. ആ ചിരിയുടെ നിഗൂഢാർത്ഥം അയാളിൽ മാത്രം ഒതുങ്ങട്ടെ. അങ്ങനെ അയാൾ ചരിത്രത്തിന്റെ പുറംതാളുകളിൽ ഇടം പിടിച്ചു.

സ്നേഹമാകുന്ന പ്രപഞ്ചത്തിൽ അയാളുടെ രൂപം ഒരു നക്ഷത്രമായി മിന്നിത്തിളങ്ങി. അയാൾ ധന്യനായി. അയാളെ എല്ലാവരും ഓർത്തു. "അയാൾ ഓർമകളിൽ ജീവിതം കണ്ടെത്തിയയാളാണ്, മനുഷ്യസ്നേഹിയാണ്, മാന്യത മുഖമുദ്രയായി കൊണ്ടുനടക്കുന്നയാളാണ്, "അവർ പറഞ്ഞു. അത് കേട്ട അയാൾ മുഖമുയർത്തി ഒന്ന് ചെറുതായി പുഞ്ചിരിച്ചു. ആ ചിരിയുടെ നിഗൂഢാർത്ഥം അയാളിൽ മാത്രം ഒതുങ്ങട്ടെ.
ReplyDeleteഅങ്ങനെ അയാൾ ചരിത്രത്തിന്റെ പുറംതാളുകളിൽ ഇടം പിടിച്ചു.