പാട്ട്
ഞാനൊരു വലിയ പാട്ടുസ്നേഹിയാണ്. എനിക്ക് എല്ലാത്തരം സംഗീതവും ഇഷ്ടമാണ്. എനിക്ക് നന്നായി പാടാനറിയില്ല, ഞാൻ പാട്ട് അഭ്യസിച്ചിട്ടില്ല. അമ്മ ചൊല്ലിത്തന്ന കീർത്തനങ്ങൾ കുറച്ചൊക്കെ അറിയാം. അമ്മയുടെ താരാട്ട്പാട്ട് കേട്ടാണ് ഞാൻ വളർന്നത്. എന്നെ ഉറക്കാൻ പാടിയ 'ഓമനത്തിങ്കൾക്കിടാവോ', 'അമ്പാടി തന്നിലൊരുണ്ണി' പോലെയുള്ളവ എൻ്റെ മനസ്സിൽ ഒരു നേരിയ ഓർമ്മയായി നിലനിൽക്കുന്നുണ്ട്.
അഞ്ച് വയസ്സുള്ളപ്പോൾ മുതൽ ചിത്രഹാർ, ചിത്രഗീതം പരിപാടികൾക്കായി വെള്ളിയാഴ്ച്ച എത്താൻ കാത്തിരിക്കുമായിരുന്നു. സൂര്യ ടിവിയിൽ ശനിയാഴ്ച്ചകളിൽ 3 മണിക്ക് സംപ്രേക്ഷണം ചെയ്ത യുവർ ചോയിസിൻറെ സ്ഥിരം പ്രേക്ഷകനായിരുന്നു. അന്നാളുകളിൽ അച്ഛന് കാസറ്റ് റെക്കോർഡിങ് ഒരു കമ്പമായിരുന്നു. അങ്ങനെ നാട്ടിലെ ചില നല്ല പാട്ടുകാരുടെ ശബ്ദം വീട്ടിലിരുന്നു കേൾക്കാൻ സാധിക്കുമായിരുന്നു.പുതിയ സിനിമകളിലെ ഗാനങ്ങൾ ഒരു കാസറ്റിൽ സംയോജിപ്പിച്ചു എത്തിക്കുന്ന കാസറ്റുകടകൾ ഞങ്ങളുടെ നാട്ടിൽ അന്ന് സജീവമായിരുന്നു. കഴിഞ്ഞ ദിവസം അതുവഴി നടന്നപ്പോൾ പൂട്ടിക്കിടന്ന കാസറ്റ് കടയും, ചുവരിലെ ചിത്രങ്ങളും, പഴയ എഴുത്തുകുത്തുകളും ശ്രദ്ധയിൽ പെട്ടു.
സ്കൂൾ നാളുകൾ
ആകാശവാണി, എസ് എസ് മ്യൂസിക്ക്, കിരൺ ടിവി, ഏഷ്യാനെറ്റ് പ്ലസ്, എം ടിവി പോലെയുള്ള ചാനലുകൾ സ്ഥിരമായി ഉപയോഗപ്പെടുത്തിയ സ്‌കൂൾ നാളുകൾ. റിയാലിറ്റി ഷോകൾ ചിലതൊക്കെ കാണുമായിരുന്നു. അവയിലെ പ്രകടനം കണ്ടു യൂട്യൂബിൽ ചില കുട്ടികളെ തിരഞ്ഞുപിടിച്ചു അവരുടെ പാട്ടുകൾ ആസ്വദിക്കാറുണ്ട്.
ഒരു പുതിയ ഈണം, പുതിയ സംഗീതോപകരണം, സംഗീത സംഭാഷണങ്ങൾ എനിക്കിതെല്ലാം ഒരു ഹരമാണ്. ഇഷ്ടമുള്ള പാട്ടുകൾ പല ആവർത്തി കേൾക്കും. സംഗീതം, ആലാപനം, വാദ്യോപകരണങ്ങൾ, ഈണം, താളം ---ഇവയെല്ലാം എനിക്ക് പിടികിട്ടുന്ന വിധേന മനസ്സിലാക്കാൻ ശ്രമിക്കും. ഒരു സാധാരണ സംഗീത വിദ്യാർത്ഥിക്ക് ആദ്യ കേഴ്‌വിയിൽ മനസ്സിലാകുന്ന കാര്യങ്ങൾ പോലും ഞാൻ ചിലപ്പോൾ ഏറ്റവും വൈകിയാവും തിരിച്ചറിയുക. എനിക്ക് പാട്ടിനെക്കുറിച്ചു ഒന്നുമറിയില്ല. പക്ഷെ എനിക്ക് പാട്ടിനോട് വല്ലാത്ത അഭിനിവേശമാണ്.
എൻ്റെ സംഗീതം
സംഗീതം എനിക്ക് ജന്മസിദ്ധമായി കിട്ടിയ വരമല്ല! പാട്ടുകൾ കേട്ട് കേട്ട് അല്പമൊക്കെ പാടാൻ പറ്റുമെന്ന നിലയിൽ എത്തിയെങ്കിലും പൊതുവേദികളിൽ പാടുന്ന ഒരാളല്ല ഇതെഴുതുന്നത്.
ഹയർസെക്കണ്ടറി-കോളേജ് കാലം മുതൽ ഞാൻ ഒളിച്ചുകളിയിലാണ്. ഞാൻ പൊതുവേദികളിൽ പാടാൻ ഇനിയും നന്നാവാനുണ്ട് എന്ന തോന്നൽ ഇപ്പോഴുമുണ്ട്. എന്നിലെ സംഗീത ആസ്വാദകനെ എനിക്ക് അൽപ്പമെങ്കിലും തൃപ്തിപ്പെടുത്തണം. എന്നിട്ട് മാത്രമേ എന്നിലെ പാടുന്ന ശബ്ദം പുറംവേദിയിൽ മുഴങ്ങിക്കേൾക്കൂ..അഹങ്കാരം നിറഞ്ഞ സ്വരത്തിലല്ല പറയുന്നത്. വെറുതെ ഒരു പാട്ട് പാടി പൊതുമധ്യത്തിൽ വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് നന്നായി പാടണം.. എൻ്റെ പാട്ടിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്ന അനിയത്തിയുടെ നിശബ്ദമായ പിന്തുണ ഞാൻ വളരെയധികം ആസ്വദിക്കുന്നു.
പ്രിയപ്പെട്ട പാട്ടുകാർ
സംഗീതം സ്വാഭാവികമായി പാടൽ ചിലർക്ക് വളരെ വിഷമം പിടിച്ച സംഗതിയാണ്. എനിക്കും അങ്ങനെ തന്നെ..
ആലാപനമാധുര്യത്താൽ മനസ്സിനെ കോരിത്തരിപ്പിച്ച കെ എസ് ചിത്ര, എസ് ജാനകി, കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, ഹരിഹരൻ, എം ജി ശ്രീകുമാർ, സുജാത, ശ്രേയ ഘോഷാൽ പോലെയുള്ള ഗായകർ, പാട്ടിനു ജന്മം നൽകിയ എ ആർ റഹ്‌മാൻ, ഇളയരാജ, വിദ്യാസാഗർ, രവീന്ദ്രൻ, എം ജി രാധാകൃഷ്ണൻ, ജോൺസൺ മാഷ്, ശ്യാം, ഔസേപ്പച്ചൻ പോലെയുള്ള പ്രതിഭകൾ, വാക്കുകളിൽ വിസ്മയം തീർത്ത വയലാർ, ഗിരീഷ് പുത്തഞ്ചേരി, റഫീക്ക് അഹമ്മദ്, ബിച്ചു തിരുമല, അൻവർ അബ്ദുല്ല, വൈരമുത്തു, താമരൈ, ഗുൽസാർ, പ്രസൂൺ ജോഷി-- സിനിമാമേഖലയിൽ പ്രിയമുള്ള സംഗീത- വ്യക്തിത്വങ്ങൾ അനവധിയാണ്. ഇവരെ കൂടാതെ ബാലഭാസ്‌ക്കർ, ബാലമുരളീകൃഷ്ണ, പണ്ഡിറ്റ് രവിശങ്കർ, ഹരിപ്രസാദ് ചൗരസ്യ, സ്റ്റീഫൻ ദേവസി, ശിവമണി -- അങ്ങനെ പേരറിയുന്നതും, അറിയാത്തതും, മറന്നുപോയവരുമായ എത്രയെത്ര സംഗീതപ്രതിഭകളാണ് ഓരോ പാട്ടിലും മിന്നിമറയുന്നത്. എം ജയചന്ദ്രൻ, രാഹുൽ രാജ്, സൂരജ് എസ് കുറുപ്പ്, ദീപക് ദേവ്, ജോത്സ്ന, സിത്താര, ഗോപിസുന്ദർ, സുഷിന് ശ്യാം, ഹരിനാരായണൻ, ജേക്സ് ബിജോയ്, പ്രശാന്ത് പിള്ള. വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, ഹരിചരൻ, മോഹിത് ചൗഹാൻ, ശക്തിശ്രീ, നേഹ, റെക്സ് വിജയൻ - ഇവരുടെ പുതിയ പാട്ടുകൾ ശ്രദ്ധിക്കാറുണ്ട്.
സിനിമയിലെ പാട്ട്
മനോഹരമായതോ അല്ലെങ്കിൽ സന്ദർഭത്തിന് യോജിച്ചതോ ആയ ദൃശ്യങ്ങൾ കൂടിച്ചേരുമ്പോഴാണ് സിനിമാസംഗീതം പൂര്ണമാവുക. മികച്ച ചിത്രീകരണമെങ്കിൽ ആ പാട്ട് പല ആവർത്തി കാണാൻ നമുക്ക് തോന്നും. അങ്ങനെ കണ്ടുകൊണ്ടിരിക്കുന്ന എത്രയെത്ര പാട്ടുകളാണ് നമ്മുടെ സ്വകാര്യ ശേഖരത്തിൽ ഉള്ളത്?
പലപ്പോഴും സംഗീതസംവിധായകരോട് ചെറുതല്ലാത്ത ഇഷ്ടക്കൂടുതൽ തോന്നാറുണ്ട്. അവരുടെ ഈണങ്ങൾക്ക് അധ്വാനത്തിൻ്റെ വിയർപ്പ് കലരുമ്പോൾ വല്ലാത്ത സൗന്ദര്യമാണ്. അങ്ങനെ വിസ്മയം തോന്നിയ ചില പാട്ടുകൾ ഇവിടെ കുറിച്ചുവെയ്ക്കാം.
1) ആകാശത്താമര പോലെ (അയാൾ കഥയെഴുതുകയാണ്)
2). ലുക്കാ ചുപ്പി (രംഗ് ദേ ബസന്തി)
3). കനത്തിൽ മുത്തമിട്ടാൽ
4) മാലേയം മാറോടണഞ്ഞു
5). പഴം തമിഴ് പാട്ടിഴയും
6). സുന്ദരീ (ദളപതി)
7). ഉയിരേ
8). മധുരം ജീവാമൃതബിന്ദു
9). ആയിരം കണ്ണുമായ്
10.) വരമഞ്ഞളാടിയ
ചില വികാരങ്ങൾ ഉറഞ്ഞുതുള്ളാതെ ശമിപ്പിക്കാൻ ഞാൻ പാട്ടുകളെ ആശ്രയിക്കാറുണ്ട്. കോളജ്, യൂണിവേഴ്സിറ്റി നാളുകളിൽ പാട്ട് പാടുന്ന കൂട്ടുകാരുടെ സാമിപ്യം എനിക്ക് വല്ലാത്ത സന്തോഷം നൽകിയിരുന്നു. പല തരത്തിലുള്ള തിരക്കുകൾ പിടിച്ചുനിർത്തുമ്പോഴും, പാട്ടിനെ കൈവിടാതെയിരിക്കാൻ ശ്രമിക്കുന്നു. പാട്ടുകളില്ലാത്ത ജീവിതം എനിക്ക് ചേരില്ല. പാട്ടിനെ അറിഞ്ഞു, പാട്ടിൽ അലിഞ്ഞു ഒരു പാട്ട് പോലെ ജീവിതം തുടരാൻ എനിക്ക് കഴിയുമോ? കാത്തിരുന്ന് കാണാം :)

Comments
Post a Comment